Showing posts with label വരകൾ. Show all posts
Showing posts with label വരകൾ. Show all posts

Wednesday, March 12, 2014

ഷുമായി

മാധ്യമ സുഹൃത്തുക്കളുടെ പുതിയ കൂട്ടായിമ ആയ 'വാര്‍ത്താ കേരളം' എന്ന മാസികയുടെ ആദ്യ പ്രതി വനിതാ ദിനത്തില്‍ ഇറങ്ങി. അതില്‍ വന്ന എന്‍റെ കഥ ഇവിടെ ...

"ഷുമായി "
--------------------
അല്ലെങ്കിലും ഇവള്ക്കൊരു പേര് പ്രസക്തമാണോ ? കാരണം ദശാബ്ദങ്ങളിലൂടെ ,ചരിത്രഘട്ടങ്ങളിലൂടെ എത്രയോ പേരുകളില്‍ കടന്നു പോയിരിക്കുന്നു .! പ്രായമോ പേരോ പരിധിയില്ലാത്തവളാണിവള്‍ .ഉച്ചരിക്കാന്‍ എളുപ്പവും അല്ലാത്തതുമായ പേരുകളില്‍ ഭൂഗോളമെങ്ങും വിന്യസിക്കപ്പെട്ടു കിടക്കുന്നവള്‍ .ഇന്നത്തെ വീര ചരിതത്തില്‍ അവള്‍ക്കു വെറും പത്തു വയസ്സ്. അയല്‍ വീട്ടില്‍ നിന്നും കടം വാങ്ങിയ കരികഷ്ണങ്ങള്‍ തീപ്പൊരി ചിതറുന്ന ചൂളഅടുപ്പിനരുകില്‍ മുനിഞ്ഞിരിക്കുന്നു. വിശക്കുന്നുണ്ട്,പക്ഷെ പുറത്തു പോയ അബ്ബിയും ജ്യേഷ്ഠനും വരണം.പിന്നെ ഇഴഞ്ഞു നടക്കുന്ന കുഞ്ഞനുജനും കൂടി കഴിച്ചു കഴിഞ്ഞാലേ അവളുടെ ഊഴം വരൂ. ഷുമായി യുടെ അമ്മിക്ക് അവളും ജ്യേഷ്ഠനുമായിരുന്നു മക്കള്‍ .വീണ്ടും വീണ്ടും കുഞ്ഞുങ്ങളെ ചാപിള്ളകളായി പ്രസവിച്ചു ഒരു നാള്‍ അമ്മി അവസാന ശ്വാസം വലിച്ചു. പിന്നീടാണ് അവളുടെ പിതാവ് വീണ്ടും ജ്യേഷ്ഠനെക്കാളും പ്രായം കുറഞ്ഞ തുമ്മോയെ വിവാഹം ചെയ്തത് .ഷുമായി യെക്കാളും ഏഴു വയസ്സ് മൂത്തവള്‍ ആണ് തുമ്മോ. നഷ്ട്ടപെട്ട കൗമാരത്തിന്റെ പക മുഴുവന്‍ അവള്‍ ഷുമായിയുടെ ഉടലില്‍ കരി പുരട്ടിയും ചെളി തേച്ചും പുകയുന്ന ബിര്‍ച്ച് മരക്കൊമ്പ് കൊണ്ട് അടിച്ചും തീര്‍ത്തു.എന്നും നോമ്പ് നോക്കുന്നവളായിട്ടാണ് ഷുമായി ആ കൂരയില്‍ കഴിയുന്നത്. റോഡിലെ പൊടി പടലങ്ങളെക്കാള്‍ ഇരുണ്ട മഞ്ഞു മൂടിയ രാത്രികളില്‍ അവളുടെ പിഞ്ചു ശരീരം വിറക്കുവാന്‍ പോലും മറന്നു പണി ചെയ്തു തളര്‍ന്നു മയങ്ങുന്നു. പുറം കാലുകൊണ്ട് തട്ടി എഴുന്നെല്‍പ്പിക്കുന്ന പാതി കൂമ്പിയ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ മരവിച്ച റൊട്ടിയും ഒഴുകുന്ന പരിപ്പ് കറിയും ,അല്ലെങ്കില്‍ കുറച്ചു ഗോതമ്പ് വിരകിയതില്‍ അല്‍പ്പം പാലും പഞ്ചസാരയും തൂകിയതുമാകും. എല്ലാവരും ഉറക്കമാകുമ്പോള്‍ ഷുമായി ആരോ വിളിചിട്ടെന്നപോലെ എഴുന്നെല്‍ക്കാറുണ്ട്. അപ്പോഴെല്ലാം അവള്‍ ആ കുഞ്ഞു വീട്ടിലെ ഒരേ ഒരു ആര്‍ഭാടമായ നിറം മങ്ങിയ പേര്‍ഷ്യന്‍ പരവതാനിയില്‍ ചവിട്ടാതെ മൃദുവായി പാദങ്ങള്‍ വെച്ച് വാതില്‍ തുറന്നു പിന്നിലെ അടച്ചു കെട്ടിയ മുറ്റത്തേക്കിറങ്ങി . മഞ്ഞുകാലമായതിനാല്‍ ആരുമുറങ്ങാത്ത ചൂടികട്ടിലില്‍ ഇരുന്നു എവിടുന്നോ അരിച്ചു വീഴുന്ന വെളിച്ചത്തില്‍ കുത്തുകള്‍ അഴിഞ്ഞു തുടങ്ങിയ നോട്ടുബുക്ക്‌ പുറത്തേക്കെടുത്തു . അമ്മി ഉണ്ടായിരുന്നെകില്‍ ഷുമായിയും സ്കൂളില്‍ പോകുമായിരുന്നു.പക്ഷെ സ്കൂളുകള്‍ പലതും പൂട്ടി ഇടുകയോ ഷെല്ലുകള്‍ വീണു തകരുകയോ ചെയ്തു എന്ന് ജ്യേഷ്ഠന്‍ പറയുന്നത് കേട്ടു. ഷുമായി അവളുടെ കൊച്ചു ക്ലാസ്സ്‌ മുറിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഓര്‍ത്തപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മഷി തീരാറായപേന കൊണ്ട് അവള്‍ അക്ഷരങ്ങള്‍ ഓര്‍മ്മയില്‍ നിന്നും പെറുക്കി എഴുതിത്തുടങ്ങി . പേരുകള്‍ ..പൂക്കളുടെ ,മരങ്ങളുടെ,മലകളുടെ,ഗ്രാമങ്ങളുടെ,വഴികളുടെ...... എഴുതി എഴുതി ഉറക്കത്തിലേക്ക് വഴുതി വീണു.

"പോയി ചൂള കത്തിക്ക് കുട്ടി ചെകുത്താനെ " എന്ന അലര്‍ച്ച കേട്ടാണ് ഷുമായി എഴുന്നേറ്റത്‌ . തുമ്മോയുടെ കൂടെ ഉറക്കമെഴുന്നേറ്റു വന്ന കുഞ്ഞു നിലത്ത് വീണ്കിടന്ന ഷുമായി യുടെ പുസ്തകത്തിന്‍ മേല്‍ മൂത്രമൊഴിച്ചു. മഷിപ്പാടുകള്‍ ചാലിട്ടൊഴുകി താളുകള്‍ കുതിര്‍ന്നു . ഷുമായി അത് വാരി എടുത്തു കുപ്പായത്തിന്‍റെ ഞൊറിവിനിടയില്‍ ഒളിപ്പിച്ചു.
സ്വപ്നങ്ങളില്‍ എപ്പോഴോ ഓടിമറഞ്ഞ പേരറിയാത്തൊരു പൂമരം അതിരിട്ട പാതകള്‍ ഓര്‍ത്തുകൊണ്ട് അവളുടെ കുഞ്ഞുവിരലുകള്‍ കരിക്കഷണങ്ങള്‍ അടുപ്പില്‍ നിറക്കാന്‍ തുടങ്ങി . അവളുടെ മനസ്സിലപ്പോള്‍ വലിയ ദ്വാരം നിറഞ്ഞ അരിപ്പ പോലെയുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ മൃതമായ തെരുവാണ്. സ്വാത്തില്‍ നിന്നും മടങ്ങിവന്ന ജ്യേഷ്ടന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നു .
'' എന്റെ കണ്മണി , ഷുമി നിന്റെ എല്ലാ ദു:ഖങ്ങളും വലിയവനായ ദൈവം മാറ്റും .''
അതെങ്ങനെ ആണെന്നാണ് ഷുമായിക്ക് മനസ്സിലാകാത്തത് . തുമ്മോ അവളെ സ്നേഹിക്കുമോ ? അവളുടെ പ്രിയപ്പെട്ടതെല്ലാം പിച്ചിക്കീറുകയും കളിപ്പാട്ടമാക്കുകയും ചെയ്യുന്ന പ്രവൃത്തി അനുജന്‍ നിര്‍ത്തുമോ ? പടച്ചവനെ , എന്റെ ലോകത് എവിടെയാണ് സന്തോഷം ഇരിക്കുന്നത് ? ചിലപ്പോള്‍ ഒരു നേരമെന്കിലും വയര്‍ നിറയെ ഉണ്ണുന്നതാണ് സന്തോഷം ; ചിലപ്പോള്‍ തെരുവ് മുഴുവന്‍ ഉറങ്ങുമ്പോള്‍ എഴുതാന്‍ ഇനിയും ബാക്കിയുള്ള താളുകള്‍ സൂക്ഷ്മമായി നിറക്കുന്നത് ; ചിലപ്പോള്‍ കൊടുംതണുപ്പില്‍ അടുപ്പില്‍ വേഗം തീ പൂട്ടാന്‍ പറ്റുന്നത് ; അടിയോ ചവിട്ടോ കിട്ടുമ്പോള്‍ നോവാതിരിക്കാന്‍ ഒരു മന്ത്രചരടു കിനാവ് കാണുന്നത് ... അങ്ങനെ ... ഷുമായി വ്യാമോഹങ്ങളാല്‍ തളര്‍ന്നു പോവുന്നു . വെയിലില്‍ ഉണങ്ങി ലേശം മങ്ങിയ പുസ്തകത്താളുകളില്‍ കളിയാടുന്ന അവളുടെ കൂട്ടുകാരോട് ഒന്നിച്ചു ചേരുന്ന രാവുകള്‍ക്കായി അവള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്തു .
'' ഓ ..ഷുമായീ '' തുമ്മോ അടുക്കളവാതിലില്‍ വന്നു ഉറക്കെ വിളിച്ചു . കഠിനമായ ജീവിതം കൊണ്ട് ഒരു മധ്യവയസ്കയുടെ പാരുഷ്യം നിറഞ്ഞ ശബ്ദമാണ് തുമ്മോയുടെത് . അവളുടെ അടിവയര്‍ വീണ്ടും ഘനം വെച്ച് തുടങ്ങിയിട്ടുണ്ട് .
ഷുമായി തിരികല്ലില്‍ ചോളം പൊടിക്കുന്നത് നിര്‍ത്തി ചാടി എണീറ്റു . രണ്ടാനമ്മയുടെ മുഖം എന്താണിത്ര തെളിയാന്‍ ? ഷുമായിക്ക് ഉത്സാഹം തോന്നി . പുരക്കകത്തു നിന്ന് ജ്യെഷ്ടന്റെയും അബ്ബിയുടെയും സംസാരം കേട്ടു . അടുക്കളയില്‍ ഒരു പാത്രം നിറയെ ചോരയിറ്റുന്ന പുത്തന്‍ ആട്ടിറച്ചിയുണ്ടായിരുന്നു. ഒരു കൂടയില്‍ ഈന്തപ്പഴവും, പലവ്യഞ്ജനങ്ങളും മറ്റും. ഇന്നെന്താണാവോ വിശേഷം ? പെരുന്നാളിന് ഇനിയും മാസങ്ങള്‍ ഉണ്ടല്ലോ ? ഷുമായി അങ്ങനെ ഓര്‍ത്തു എങ്കിലും അവളുടെ കുഞ്ഞുമുഖം തിളങ്ങി. വായില്‍ വെള്ളമൂറുകയും ചെയ്തു . ഉത്സാഹത്തോടെ മസാലക്കൂട്ടുകള്‍ ശരിപ്പെടുത്താനും അടുപ്പില്‍ തീയാളിക്കാനും ഒക്കെ തുമ്മോയെ സഹായിക്കുമ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായില്ല . എന്നാല്‍ ഇടയ്ക്കു ജ്യേഷ്ടന്‍ വാതില്‍ മറ മാറ്റി ഷുമായിയെ സ്നേഹപൂര്‍വ്വം നോക്കിയിട്ട് പിന്‍വാങ്ങുമ്പോള്‍ അവള്‍ക്കു എന്തോ ഒരു മനസമാധാനം തോന്നി .
റൊട്ടിയും ഇറച്ചിക്കറിയും മധുരവും എല്ലാം തയ്യാറാകുന്നതിന്റെ സുഗന്ധം നിറഞ്ഞ വീട് മരിച്ചുപോയ അമ്മിയെപ്പോലെ അവളെ പൊതിഞ്ഞുപിടിച്ചു.
പരവതാനിയില്‍ വിഭവങ്ങള്‍ നിരത്തിവച്ച് എല്ലാവരും അതിനു ചുറ്റുമിരുന്ന് കഴിച്ചു. അബ്ബിയുടെ കണ്ണില്‍ സന്തോഷതിളക്കം ഉണ്ടായിരുന്നു . അയാള്‍ നിറഞ്ഞ കണ്ണുകളോടെ ഇടയ്ക്കിടയ്ക്ക് മൂത്ത മകനെ ചരിഞ്ഞു നോക്കി . ഇവന്‍ തനിക്ക് ഭാഗ്യം കൊണ്ടുവന്നല്ലോ . ഷുമായി രക്ഷപ്പെടട്ടെ ആദ്യം . തന്റെ മകള്‍ വീട്ടില്‍ ഒരു അടിമയെപ്പോലെ പെടാപ്പാട് പെടുന്നത് അയാള്‍ അറിയാഞ്ഞിട്ടൊന്നുമല്ല. ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഒരു കൂട്ടം നിസ്സഹായരായ മനുഷ്യജീവികള്‍ ആണവര്‍ . വെടിമരുന്നു കലര്‍ന്ന ഒന്നും മുളക്കാത്ത മണ്ണില്‍ ചോര നനച്ചു നട്ടു വളര്‍ത്തുന്ന , വെറുതെ ജീവിക്കാന്‍ മാത്രം മോഹിക്കുന്ന ചില ജീവിതങ്ങള്‍ . എന്നാല്‍ ഇന്നത്തെ ദിവസം ആയാലും ഏറെ മോഹിച്ചുപോകുന്നു . ഇടയ്ക്കിടെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ കഴിഞ്ഞെത്തുന്ന മകന്‍ ഇത്തവണ പുതിയ ശുഭവാര്‍ത്തകളുമായാണ് വന്നത് . കൂടെ പണവും സമ്മാനങ്ങളും . ആഗ്രഹങ്ങള്‍ മന്ഭിത്തികള്‍ക്കപ്പുറം വളരുകയാണ് ; പങ്കു കച്ചവടം ആണത്രേ അവന്‍ ചെയ്യുന്നത് . ഓരോ വരവിലും അവന്‍ കൂടുതല്‍ ദൃഡഗാത്രന്‍ ആവുന്നത് ദൈവം കടാക്ഷിച്ചു തുടങ്ങി എന്നതിനു ദൃഷ്ടാന്തമായി അബ്ബിക്ക് തോന്നി . തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രം തന്റെ പുത്രന്‍ വളര്‍ന്നു . ഉള്ളം കയ്യിലെ ചോരച്ച പാടുകളും , കൈവിരലിലും പള്ളയിലും കാണുന്ന മുട്ടി തഴമ്പുകള്‍ കഠിനമായ അദ്ധ്വാനതിന്റെത് അല്ലായെന്ന് അവന്‍ അബ്ബിയോടു പറയുകയില്ല.

"അബ്ബി,ഷൂമി ക്ക് അവിടെ നിന്ന് പഠിക്കാന്‍ സൗകര്യമുണ്ട് .അവളിനി ഒരല്ലലുമറിയില്ല." അത്ര മാത്രമേ ഉറച്ച സ്വരത്തില്‍ അവന്‍ പിതാവിനോട് പറഞ്ഞുള്ളൂ.അതൊരു അന്തിമവും എതിര്‍ക്കാനാകാത്തതുമായ തീരുമാനമായാണ് അയാള്‍ക്ക് തോന്നിയത്.കാരണം അതിന്റെ പങ്കു അയാളുടെ വിശക്കുന്ന വയര്‍ നിറച്ചിരുന്നു;ഉടുപ്പിന്റെ പോക്കറ്റില്‍ ചുരുളുകളായി വിശ്രമിച്ചു കൊണ്ട് അയാളെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു ; തുമ്മോയുടെ കണ്ണുകളില്‍ അതുവരെ കാണാത്ത ഭാവങ്ങളില്‍ അയാളെ ഉണര്ത്തുന്നുണ്ടായിരുന്നു.! ഷുമായി മാത്രം അമ്പരപ്പ് നിറഞ്ഞ കണ്ണുകള്‍ ദ്രുതമായി ചലിപ്പിച്ചു കൊണ്ട് അബ്ബിയെയും ജ്യെഷ്ട്ടനെയും മാറി മാറി നോക്കി കൊണ്ടിരുന്നു .

"കരളേ നീ ഭയ്യാ പറഞ്ഞത് കേട്ടോ,എന്റെ മകള്‍ക്ക് നല്ല കാലം വന്നിരിക്കുന്നു" ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ മകന്‍ കൊണ്ട് വന്ന ചുരുട്ട് ഒരെണ്ണം എടുത്തു ശ്രദ്ധാപൂര്‍വം തീ പിടിപ്പിച്ചു ആസ്വദിച്ചു പുക വലിച്ചെടുത്തു. മേല്‍ത്തരം പുകയിലയുടെ ഗന്ധം നാസികയിലും നെഞ്ചിലും നിറഞ്ഞു അയാളെ സ്വപ്നങ്ങളില്‍ മാത്രമുള്ള ഗൃഹാതുരതയിലേക്ക് കൊണ്ട് പോയി.

ഷുമായിയുടെ കൊച്ചു മെലിഞ്ഞ ശരീരത്തിന് രണ്ടു വര്ഷം മുന്‍പുള്ള പെരുന്നാളിന് വാങ്ങിയ ഉടുപ്പ് അപ്പോഴും പാകം തന്നെ ആയിരുന്നു. "ഒന്നും എടുക്കേണ്ട,എല്ലാം പുതിയത് വാങ്ങാം " ജ്യെഷ്ട്ടന്‍ പറഞ്ഞു, തലേന്ന് ഉണ്ടാക്കിയ റൊട്ടിയും കറിയും ഷുമായിയുടെ ചളുങ്ങിയ അലൂമിനിയം പാത്രത്തില്‍ നിറച്ചു തുമ്മോ കൊടുത്തു.എന്നിട്ട് അവളുടെ ചെമ്പന്‍ മുടിയിഴകള്‍ തടവി ഒതുക്കി .ഒരിക്കല്‍ പോലും തന്നെ പോലെ ഒരു പെന്കുട്ടിയാണിവളും എന്ന് കരുതിയില്ലല്ലോ എന്ന പിടച്ചില്‍ അവളുടെ അടിവയറില്‍ അപ്പോള്‍ തോന്നി .വൃത്തിയായ വേഷം ധരിച്ചു ഷുമായി അബ്ബിയുടെ മുന്‍പില്‍ യാത്ര പറയുവാന്‍ നിന്നു.അവളുടെ കയ്യില്‍ ഭക്ഷണ പൊതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ആരും കാണാതെ തന്‍റെ കൊച്ചുബുക്ക്‌ അവള്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ചിരുന്നു .പുതിയ സ്കൂളില്‍ ചേരുമ്പോള്‍ അവിടുത്തെ കൂട്ടുകാരികള്‍ക്ക് അഭിമാനപൂര്‍വ്വം അതവള്‍ കാണിച്ചു കൊടുക്കും ! 'പഷ്തൂണ്കളുടെ അഭിമാനം ആകും നീ.' ജ്യെഷ്ട്ടന്‍ മനസ്സില്‍ പറഞ്ഞു.

സന്ധ്യ മയങ്ങിയിരുന്നു യാത്ര അവസാനിക്കുമ്പോള്‍.സഹയാത്രികരായി കുറച്ചു സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഷുമായിയോട് സംസാരിച്ചില്ല. തന്നെയുമല്ല പുരുഷന്മാര്‍ അവള്‍ക്കു പരിചിതമല്ലാത്ത ഭാഷയായിരുന്നു സംസാരിച്ചത്‌.അതെന്തായാലും പഷ്തൂണ്‍ അല്ല. അവളോര്‍ത്തു.തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പൊടിയും നിറഞ്ഞ തവിട്ടു നിറമുള്ള മണ്ണിലൂടെയുള്ള യാത്ര അവളുടെ ശരീരം തളര്‍ത്തികളഞ്ഞിരുന്നു .ഉയര്‍ന്ന മതിലുകളാല്‍ മറച്ച ഒരു വീട്ടിലേക്കു അവര്‍ ചെന്ന് കയറുമ്പോള്‍ നേരം ഏറെ രാചെന്നിരുന്നു .

"എപ്പോഴാ ഞാന്‍ സ്കൂളില്‍ ചേരുക ?" വെണ്ണ ചേര്‍ത്ത ചപ്പാത്തിയും മാംസ കറിയും കഴിച്ചു ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഷുമായി മുറിയുടെ വാതില്‍ക്കല്‍ മിന്നായം പോലെ കണ്ട ജ്യെഷ്ട്ടനോട് തിരക്കി . 'നാളെ തന്നെ,'നാളെ തന്നെ,... അയാള്‍ പറഞ്ഞു .

കാലത്ത് എഴുന്നേറ്റപ്പോള്‍ അവള്‍ക്കായി പുതു വസ്ത്രങ്ങളും മേല്‍കുപ്പായവും തയ്യാറായിരുന്നു. തന്‍റെ പുസ്തകം മാറോട് ചേര്‍ത്തു പിടിച്ചു ഷുമായിയും പുറത്തേക്ക് വന്നു. താനൊരു രാജകുമാരി ആണെന്ന് അവള്‍ക്കു തോന്നി .അവള്‍ കടന്നു പോകവേ ഇടനാഴിയില്‍ സംസാരം നിലച്ചു. ശിരസ്സുകള്‍ ബഹുമാനപൂര്‍വ്വം കുനിഞ്ഞു ആരാധനയുടെ തിളക്കമുള്ള കറുത്ത മിഴികള്‍ മൂട്പടങ്ങളില്‍ നിന്നു നീണ്ടു.അവര്‍ കയറിയ വണ്ടി ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ നിന്നു.ഇത്രയും വലിയ സ്കൂളോ !!! ഷുമായി അത്ഭുതപരതന്ത്രയായി ! ജ്യെഷ്ട്ടന്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു.എന്നിട്ട് മേല്‍ക്കുപ്പായം ഉയര്‍ത്തി നെഞ്ചിനു താഴെയായി ഒരു കറുത്ത ബെല്റ്റ് കുറുകെ ധരിപ്പിച്ചു.മുന്‍പില്‍ ചുവന്ന ബട്ടനുള്ള ഭംഗിയുള്ള ,കനമുള്ള ബെല്റ്റ് .
"പൊന്നെ ,നീ മുന്‍പില്‍ നടക്കു.ഞാന്‍ പുറകെ ഉണ്ട്. സ്കൂളിനുള്ളില്‍ ചെന്ന് ഈ ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ഭയ്യാ ഓടി വരാം കേട്ടോ " ജ്യെഷ്ട്ടന്‍ അവളോട്‌ മൃദുവായി പറഞ്ഞു.ഇതൊരു രസകരമായ കളിയാണല്ലോ ,അവള്‍ക്കു ചിരിവന്നു .പക്ഷെ അയാളുടെ കണ്ണുകളിലെ രൂക്ഷമായ തിളക്കം ഷുമായിയെ അമ്പരപ്പിച്ചു.ശരി ,അവള്‍ തലയാട്ടി .ഷുമായിക്ക് പുറകില്‍ വണ്ടിയുടെ വാതില്‍ ശബ്ദമില്ലാതെ അടഞ്ഞു.
ഷുമായി പൂന്തോപ്പിനു നടുക്കുള്ള വഴി കടന്നു പ്രധാന വാതിലിനു നേര്‍ക്ക്‌ പ്രസരിപ്പോടെ നടക്കുകയാണ്.വാതില്‍പ്പടി കടക്കുന്നതിനു മുന്‍പ് അവളോര്‍ത്തു,അകത്ത് കയറിയാലുടന്‍ ജ്യെഷ്ട്ടനെ വിളിക്കണമെന്നല്ലേ പറഞ്ഞത്.വലംകയ്യില്‍ നോട്ട്ബുക് ചേര്‍ത്തു പിടിച്ചു അവള്‍ ഇടം കയ്യാല്‍ ഉടുപ്പിനുള്ളിലെ ചുവന്ന ബട്ടണ്‍ അമര്‍ത്തി........

ഒരു ഘോര സ്ഫോടനത്തിലും പൊലിയാത്ത ജീവനുമായി ഒരു പുസ്തകകടലാസ് --ചോരയുംമാംസവും എല്ലുകളും ചിതറിയ ഭൂമിയില്‍ ത്രസിച്ചു കൊണ്ട് പറക്കുന്നു .അതില്‍ വടിവൊത്ത അക്ഷരങ്ങളില്‍ പേരുകള്‍,പൂക്കളുടെ ,നദികളുടെ ,മരങ്ങളുടെ,പര്‍വ്വതങ്ങളുടെ .............


* © വീണാദേവി മീനാക്ഷി Veenadevi Meenakshy 

Friday, October 18, 2013

പിങ്കുളുവും പുക്ലാണ്ടിയും പിന്നെ കുമാറും .( ഒരു കുഞ്ഞി കഥ )

കുറച്ചു ദിവസങ്ങളായി പെയ്തു കൊണ്ടിരുന്ന മഴ പാതിരാത്രിയോടെ ശമിച്ചു. വീശുന്ന കാറ്റിലെ മരപെയ് ത്തും പുലര്‍ച്ചയോടെ തോര്‍ന്നു.തെളിമയാര്‍ന്ന സൂര്യന്‍ ഭൂതലം മുഴുവനും നവരത്ന തിളക്കം വാരി വിതറുമ്പോളാണ് ,റോഡിന്റെ ഓരം പറ്റി ചന്തക്കു പോയ പിങ്കുളുവും പുക്ക്ലാണ്ടിയും തിരിച്ചു വന്നത്. ഇരുവരുടെയും കയ്യില്‍ പുതിയതായി വറുത്തെടുത്ത കപ്പലണ്ടി നിറച്ച കടലാസ കുമ്പിളുകള്‍ . വഴിയിലോരോ മരവും പൂച്ചെടിയും തൊട്ടു നോക്കി ,ഇലയും,പൂവും,കായും,ഇനവും തരവും പറഞ്ഞ് കപ്പലണ്ടിയും ഇടയ്ക്കു കൊറി ച്ചാണ് യാത്ര !

പിങ്കുളുവിന്റെ കയ്യില്‍ പനിനീര്‍ പൂവ്‌ കുത്തിപ്പിടിച്പ്പിച്ച കൈതയോല കൊണ്ട് മെനഞ്ഞ വട്ടിയുണ്ട്. അതിനുള്ളില്‍ വയ്ക്കോല്‍ നാരുകള്‍ക്കിടയില്‍ ശ്രദ്ധയോടെ പൊതിഞ്ഞു വെച്ച ഒരു ഇളം ചുവപ്പ് മുട്ട വിശ്രമിച്ചു.ശരിക്കും പറഞ്ഞാല്‍ എന്തിനായിരുന്നു രണ്ടാളും മാനം വെളുക്കും മുന്‍പേ ഗ്രാമ ചന്തയില്‍ പോയത്? എന്തിനാണെന്നോ ? - മുട്ട വാങ്ങാന്‍ ! അതും ആടിന്റെ മുട്ട വാങ്ങാന്‍ ആണ് അവര്‍ ചന്തക്കു പോയത്.!!! അനേകം മുട്ടകള്‍ക്കിടയില്‍ നിന്ന് വലിയൊരു മുട്ട തിരഞ്ഞെടുത്തു.'വിരിയുമ്പോള്‍ ഒരു തുടുത്ത കുഞ്ഞാടായിക്കോട്ടെ' ...അങ്ങിനെയാനവര്‍ ചിന്തിച്ചത് ! മുട്ടക്കു വിലയായി കൂടെ കൊണ്ട് പോന്നിരുന്ന ഒരു ചാക്ക് തിനയരി കൊടുക്കേണ്ടി വന്നു. തിനയരിചാക്ക് കണ്ടു അകമ്പടിയായി ചന്ത വരെ കൂടെ പോയ പ്രാവുകള്‍ക്ക് എന്തായാലും ഓരോ പിടി തിനയരി കിട്ടി എന്ന് മാത്രം പറയാം .അവര്‍ക്കും സന്തോഷമായി.
എല്ലാം കണ്ടും കേട്ടും പറഞ്ഞും പന്തീരടി കഴിഞ്ഞപ്പോഴേക്കും പിങ്കുളുവും പുക്ക്ലാണ്ടിയും വീട്ടിലെത്തി. വീട്ടില്‍ വന്നപാടെ പുക്ക്ലാണ്ടി വട്ടിയില്‍ നിന്നും മുട്ട പുറത്തെടുത്ത് ഒരു വെളുത്ത തൂവാലയില്‍ പൊതിഞ്ഞ് കറുത്ത തുണിപെട്ടിയില്‍ സൂക്ഷിച്ചു വെച്ചു. "അങ്ങിനെ തണുപ്പ് തട്ടാതെ ഇരുന്നാലെ വേഗം വിരിഞ്ഞു നമുക്ക് നല്ല കുഞ്ഞാടിനെ കിട്ടൂ " പിങ്കുളു അഭിപ്രായപ്പെട്ടു. അവര്‍ പെട്ടിയുടെ മൂടി പാതി അടച്ചുവെച്ചു.എന്നിട്ട് അത്താഴം കഴിക്കാന്‍ പോയി.കുഞ്ഞാടിനെപറ്റി ഓരോരോ മനോരാജ്യങ്ങളില്‍ മുഴുകി പിങ്കുളുവും പുക്ക്ലാണ്ടിയുംഒരേ നാക്കിലയുടെ ഇരുവശത്തുമായി ചമ്രം പടിഞ്ഞിരുന്ന് ഊണ് കഴിച്ചു.ഊണിനു മുന്‍പായി നെയ്യും പപ്പടവും ചേര്‍ത്ത് ചെറിയ ഉരുളകള്‍ ഉരുട്ടി വെച്ചിരുന്നു. പുക്ക്ലാണ്ടി അതെല്ലാം എടുത്തു അടുക്കള പ്പടിക്ക് പുറത്തു നിരത്തിവെച്ച് വാതിലടച്ചു.രാത്രി വിശന്നിരിക്കുന്ന ചെറു ജീവികള്‍ക്ക് ഉള്ളതാണത് . ഉറങ്ങുന്നതിനു മുന്‍പായി ഇരുവരും പോയി പെട്ടി തുറന്നു മുട്ടക്കു ശുഭരാത്രി നേര്‍ന്നു . " കുഞ്ഞാടെ,വേഗം വിരിയണോട്ടോ " പിങ്കുളുപറഞ്ഞു. അപ്പോള്‍ മുട്ട ചെറുതായി ഒന്ന് വിറച്ചു.പുക്ക്ലാണ്ടി ചിരിച്ചു.എത്ര സന്തോഷത്തോടെയാണെന്നോ അന്നവര്‍ ഉറങ്ങാന്‍ പോയത് ! അവരുടെ കുഞ്ഞുവീടിന്റെ മീതെയുള്ള ആകാശം നക്ഷത്രങ്ങളാല്‍ മനോഹരമായിരുന്നു.
പിങ്കുളു രാവിലെ കണ്ണ് മിഴിച്ചതും പുക്ലാണ്ടിയെപ്പോലും നോക്കാതെ നേരെ കറുത്ത പെട്ടിയുടെ അടുത്തേക്ക് പോയി . എന്നാല്‍ നല്ലൊരു സ്വപ്നം കണ്ടു പുലരിതണുപ്പില്‍ സുഖ നിദ്രയില്‍ ആയിരുന്ന പുക്ലാണ്ടി ഞെട്ടി എഴുന്നെല്‍ക്കേണ്ടി വന്നു !!
പിന്കുളുവിന്റെ ആശ്ചര്യം നിറഞ്ഞ വിളിയാണ് അവനെ ഉണര്‍ത്തിയത്‌ .
'' ഇദ് നോക്യേ ... ഓടി വാ ...!!"
ഇരുവരും കറുത്ത പെട്ടിയുടെ അടുത്ത അദ്ഭുതസ്തബ്ധരായി നിന്നു . പെട്ടിയുടെ ഒരു മൂലക്ക് മുട്ട പിളര്‍ന്നു കഷണങ്ങളായി കിടന്നിരുന്നു . അടുത്ത അതി സുന്ദരനായ ഒരു പൂച്ചക്കുട്ടി !!
പഞ്ഞിക്കെട്ടുപോലെ വെളുത്ത പൂച്ചക്കുട്ടിക്ക്‌ വാലിലും മൂക്കിന്‍റെ വശത്തും കറുത്ത പുള്ളി ഉണ്ടായിരുന്നു . പിന്കുളുവിന്‍റെയും പുക്ലാണ്ടിയുടെയും ശബ്ദം കേട്ട് അത് എണീറ്റ്‌ വന്നു പെട്ടിയുടെ വശങ്ങളില്‍ പിടിച്ചു എഴുന്നേറ്റു നിന്നു . ഭംഗിയുള്ള നീല കണ്ണുകള്‍ വിടര്‍ത്തി അവരെ നോക്കി .
'' അപ്പൊ .. നമക്ക് കിട്ടീത്‌ ആട്ടിന്‍കുഞ്ഞിന്‍റെ മുട്ട അല്ലായിരുന്നു .. പൂച്ചക്കുട്ടിയുടെ മുട്ട ആയിരുന്നു ..!!'' പുക്ലാണ്ടി വിഷമം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു . അപ്പോഴേക്കും ബഹളം ഒക്കെ കേട്ട് മുറ്റത്ത്‌ കൊത്തി പെറുക്കിയിരുന്ന കിളികള്‍ ജനാലക്കരുകില്‍ വന്നു നോക്കി .
''ഹും !" പിങ്കുളു കുനിഞ്ഞു പൂച്ചക്കുഞ്ഞിനെ സൂക്ഷിച്ചു നോക്കി . കാണാന്‍ നല്ല ഭംഗിയുണ്ട് .
'' ഇനീപ്പോ എന്ത് ചെയ്യാനാ ? ഒരു കാര്യം ചെയ്യാം . നമുക്ക് ഇതിനെ തിരിച്ചു ചന്തയില്‍ കൊണ്ടുപോയി കൊടുത്ത് പകരം ആട്ടിന്‍ കുഞ്ഞിന്‍റെ മുട്ട ചോദിക്കാം .''
പൂച്ചക്കുട്ടിയുടെ നീലക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . അത് ദയനീയമായി അവരെ നോക്കി .
'' എന്തിനാ നീ കരേണത് ?" പിങ്കുളു ചോദിച്ചു .
പിങ്കുളുവും പുക്ലാണ്ടിയും വാതിലിനു നേരെ നടന്നു . കാലത്ത്‌ എഴുന്നേറ്റിട്ട് ഒന്നും ചെയ്തിട്ടില്ല . ഏറെ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് .

'' അതേയ് .... എനിക്ക് ...എനിക്ക് സങ്കടം വന്നിട്ടാ ...''!!
''ങേ ....!!''
പിങ്കുളു ഞെട്ടി തിരിഞ്ഞു നോക്കി . എന്തൊരു അത്ഭുതം ! പൂച്ചക്കുട്ടി വര്‍ത്തമാനം പറയുന്നു .! അവള്‍ ഉറക്കെ വിളിച്ചു കൂവി ..
'' പുക്ലാണ്ടി ഓടി വന്നേ ... ദേ ഈ പൂച്ച മിണ്ടുന്നു ..!!"
പുക്ലാണ്ടി ഓടി വന്നു .
'' ശരിക്കും ?''
'' ഉം ശരിക്കും ഈ പൂച്ച നമ്മളെ പോലെ മിണ്ടി .''
അത് പറഞ്ഞതും പൂച്ചക്കുട്ടി വീണ്ടും പറഞ്ഞു ,'' അതേ ... എന്താ ഇഷ്ടായില്ലേ ?"
പിങ്കുളുവും പുക്ലാണ്ടിയും അതിശയിച്ചു നിന്നു .
'' നീയേയ് ... ശരിക്കും പൂച്ചക്കുട്ടി തന്നെയാണോ ?'' പിങ്കുളു ചോദിച്ചു .
'' പിന്നേ ... എന്താ സംശയം ? ഞാനിപ്പം ഈ മുട്ട വിരിഞ്ഞു വന്നത് നിങ്ങള്‍ കണ്ടതല്ലേ ? പിന്നൊരു കാര്യം .. എന്നെ നീ എന്ന് വിളിക്കരുത്‌ . എനിക്കൊരു പേരുണ്ട് .''
'' ഓഹോ . എന്താ പേര് ?' പുക്ലാണ്ടി ചോദിച്ചു
'' എന്റെ പേര് .. കുമാ ....ര്‍ ''! പൂച്ചകുട്ടി ഗൌരവത്തോടെ പറഞ്ഞു . അത് കേട്ട് പിങ്കുളുവും പുക്ലാണ്ടിയും പൊട്ടിച്ചിരിച്ചു . പ്രാവുകള്‍ക്ക് പോലും ചിരി വന്നു.
'' കുമാര്‍ ആണത്രേ കുമാര്‍ !''
പൂച്ചക്കുട്ടി നെറ്റി ചുളുക്കി . പക്ഷെ അതിന്റെ ദേഷ്യം പോലും അതീ മനോഹരം ആയിരുന്നു .
'' ഇപ്പോള്‍ നമുക്ക്‌ സംസാരിക്കുന്ന ഒരു പൂച്ചക്കുട്ടിയെ കിട്ടിയല്ലോ !'' പിങ്കുളുവും പുക്ലാണ്ടിയും അതീവ സന്തുഷ്ടരായി . ഈ ദിവസം ആഘോഷിച്ചേ തീരു . പിങ്കുളു വേഗം ഒരു കുഞ്ഞി കിടക്ക കൊണ്ടുവന്നു . എന്നാല്‍ കുമാര്‍,
'' എനിക്ക് ഈ പെട്ടി മതി . ഞാന്‍ ഇതില്‍ തന്നെ ജീവിക്കും.!'' എന്ന് പ്രഖ്യാപിച്ചു അതിനുള്ളില്‍ തന്നെ വെഞ്ചാമരം പോലെഉള്ള തന്റെ വാല്‍ കൊണ്ട് ഒരു വലയം തീര്‍ത്തു ഉറങ്ങാന്‍ തുടങ്ങി .
'' പാവം കുമാര്‍ . ഇപ്പോള്‍ വിരിഞ്ഞതല്ലേയുള്ളൂ , നല്ല ക്ഷീണം കാണും . ഉറങ്ങട്ടെ ." പുക്ലാണ്ടി പറഞ്ഞു . എന്നിട്ട് അവര്‍ ഇരുവരും ചേര്‍ന്ന് ചെടികള്‍ക്ക് വെള്ളം ഒഴിച്ചു . പിന്നീട് ഗംഭീരമായ ഒരു സദ്യ ഒരുക്കി . പൂക്കള്‍ കൊണ്ട് വീട് മുഴുവന്‍ അലങ്കരിച്ചു . അപ്പോഴേക്കും കുമാര്‍ എന്ന പൂച്ചക്കുട്ടി ഉറക്കം ഉണര്‍ന്നു .

'' ഹായ്‌ എന്തൊരു ഭംഗ്യാ !'' തന്റെ നീല കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി കുറുകി കൊണ്ട് കുമാര്‍ തുള്ളിച്ചാടി . അത് സന്തോഷം കൊണ്ട് വീട് മുഴുവന്‍ ഓടി നടന്നു മണത്തു നോക്കുകയും കവിളുകള്‍ ഉരസുകയും ചെയ്തു . കുളിര്‍മയുള്ള വെളിച്ചവും , കാറ്റും, പൂമണവും എങ്ങും നിറഞ്ഞു നിന്നു . ചിത്ര ശലഭങ്ങള്‍ ജനാലയിലൂടെ അകത്തു വന്നു കുമാറിന്‍റെ കറുത്ത പെട്ടിമേല്‍ ഇരിക്കുകപോലും ചെയ്തു .
എത്ര സ്വാദിഷ്ടവും ഒന്നംതരവും ആയ സദ്യ ആയിരുന്നെന്നോ !
എല്ലാവരും വയര്‍ നിറച്ചും ഉണ്ടു . പക്ഷികളും, ജീവികളും മുതല്‍ ചന്തയില്‍ മുട്ട വില്‍ക്കുന്ന അബ്ദുക്ക വരെ പങ്കെടുത്തു .
'' ഞാന്‍ എത്ര കാലായി ആട്ടിന്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നു ...! ഇതാദ്യമാ ഒരു പൂച്ചക്കുട്ടി മുട്ട വിരിഞ്ഞു വന്നത് ! അതും സംസാരിക്കുന്ന പൂച്ചക്കുട്ടി ..! എനിക്ക് സന്തോഷമായി മക്കളെ .. ഒരുപാടു സന്തോഷമായി ..!" അബ്ദുക്ക നിറഞ്ഞ കുമ്പ തടവിക്കൊണ്ട് പറഞ്ഞു .
'' ഞാന്‍ പൂച്ചക്കുട്ടിയല്ല , കുമാര്‍ ആണ് കുമാ ....ര്‍ ..!" നീലക്കണ്ണ്‍ ഉരുട്ടി വാല്‍ ഉയര്ത്തിപിടിച്ചു കുമാര്‍ അബ്ദുക്കയോട് ഗൌരവത്തോടെ പറഞ്ഞു .
''ഹും!"
അബ്ദുക്ക അത് കേട്ട് ഉറക്കെ ചിരിച്ചു . പിങ്കുളുവും പുക്ലാണ്ടിയും ചിരിച്ചു . പ്രാവുകള്‍ സന്തോഷത്തോടെ ചിറകടിച്ചു പറക്കുകയും , ശലഭങ്ങള്‍ മഴവില്ല് പോലെ പാറുകയും, കിളികള്‍ പാടുകയും ചെയ്തു .
ഇതൊക്കെയാണ് കുമാര്‍ എന്ന പൂച്ചകുട്ടി മുട്ട വിരിഞ്ഞു പുറത്തു വന്ന ദിവസം ഉണ്ടായ വിശേഷങ്ങള്‍ . അങ്ങ് ദൂരെ കാട്ടില്‍ മര പൊത്തില്‍ താമസിക്കുന്ന ചാര കുറുക്കന്‍ പോലും ഇതറിഞ്ഞു അത്ഭുതപ്പെട്ടു അത്രേ .!


Wednesday, September 25, 2013

പത്തു കാളക്കൂറ്റന്മാര്‍

എന്‍റെ പുതിയ ലേഖനവും ചിത്രങ്ങളും പിറവിയുടെ ഒക്ടോബര്‍ ലക്കം ഇറങ്ങുന്നു.അതില്‍ നിന്നും ഒരു പേജ് 

Piravi Magazine (പിറവി മാസിക) പേജിലേക്കുള്ള ലിങ്ക് ഇതോടൊപ്പം



ഫേസ്ബുക്ക് പേജിലേക്ക്‌ പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, September 8, 2013

പൂക്കള്‍ തിന്നുന്ന പെണ്‍കുട്ടി




 പൂവിതളുകള്‍ അവളുടെ ഇഷ്ടപ്പെട്ട ആഹാരങ്ങളില്‍ ഒന്നായിരുന്നു . മുല്ലപ്പൂവിനുള്ള കയ്പ്പും , പനിനീര്‍പ്പൂവിന്റെ ഇളം മധുരം ചേര്‍ന്ന ചവര്‍പ്പും, ചെമ്പരത്തിപ്പൂവിന്റെ പശപ്പും എല്ലാം അവള്‍ യഥേഷ്ടം രുചിച്ചു ആസ്വദിച്ചു . കാട്ടു പൂക്കളും നാട്ടു പൂക്കളും ഇതളുകള്‍ അടര്‍ത്തി ചവച്ചരച്ചു തിന്നു . ഒന്നും ഇല്ലാത്തപ്പോള്‍ പുല്‍ പരപ്പില്‍ ഇരുന്നു വെറുതെ ഒരു പുല്‍ക്കൊടി പറിച്ചു തുമ്പ് കടിച്ചു ആലോചനയില്‍ ആണ്ടു. അപ്പോളാണ് മേഘങ്ങള്‍ക്കിടയില്‍ ഒരു ലോകമുണ്ടെന്ന് കണ്ടെത്തിയത് . പിന്നെ മനോരഥത്തില്‍ കയറി അങ്ങോട്ടേക്ക് യാത്രയായി .
സന്ധ്യ മയങ്ങിയപ്പോള്‍ കുഞ്ഞു തുളസി ചെടിയുടെ നിഴല്‍ പോലും അവളില്‍ ഭയം നിറച്ചു . നദിയുടെ കുതിച്ചു ചാട്ടവും കാറ്റിന്റെ ഇരമ്പവും യക്ഷികളുടെ സീല്‍ക്കാരമായി .
നാവില്‍ പിച്ചകപ്പൂവിന്റെ കടും കയ്പ്പ് ഇറ്റിച്ചു കൊണ്ട് ജ്വരം അവളെ ബാധിച്ചു . പണി കുറയാന്‍ കയ്യില്‍ ജപിച്ചു കെട്ടിയ പിന്നലുകളുള്ള ചുവന്ന ചരട് ഒരു ചിത്രശലഭത്തെ പ്പോലെ അവളുടെ മണിബന്ധത്തില്‍ ചേര്‍ന്നിരുന്നു . പൂജിച്ചു കിട്ടിയ താമരപ്പൂവ് അവള്‍ ഇതളുകള്‍ അടര്‍ത്തി വായില്‍ വച്ചു . ചുണ്ടില്‍ പരാഗ രേണുക്കള്‍ പതിപ്പിച്ചുകൊണ്ട് അതവളുടെ നാവില്‍ പരുക്കനായി ഉരസി .
- താമരപ്പൂക്കള്‍ കാണുവാന്‍ മാത്രം നന്ന് . തിന്നുവാന്‍ തീരെ സ്വാദില്ല ..!
പകരം തുളസിയിലകളും മധുരമുള്ള തെച്ചി പ്പൂക്കളും കടിച്ചു തിന്നു . അവളുടെ വിരല്‍ തുമ്പുകള്‍ അപ്പോള്‍ തെചിപ്പൂക്കളെപ്പോലെ തുടുത്തിരുന്നു .
പനിക്കിടക്ക വിട്ടു എഴുന്നേറ്റു അവള്‍ പുഷ്പഗന്ധം തേടി വീണ്ടും യാത്രയായി . വഴിയില്‍ എവിടെയോ പേരറിയാത്തൊരു കാട്ടു ചെടിയുടെ മുള്ള് തട്ടി ചരട് അഴിഞ്ഞു വീണു . അതൊരു നെല്ലി മരക്കൊമ്പില്‍ പിണഞ്ഞു കിടന്നു . നദീതടത്തില്‍ പൂത്തു നിന്ന ചെമ്പക മരം അവളെ ക്ഷണിച്ചു .
ചെമ്പകപ്പൂക്കള്‍ , നിശാഗന്ധികള്‍ , പാരിജാതങ്ങള്‍ , ഇലഞ്ഞിപ്പൂക്കള്‍ ....
നേരിയ കയ്പ്പില്‍ പൊതിഞ്ഞ ലഹരി പിടിപ്പിക്കുന്ന ഒരു സുഗന്ധം അവളില്‍ നിറയാന്‍ തുടങ്ങി.
കാല്‍ വിരലുകള്‍ മണ്ണില്‍ ഊന്നി വേരുകള്‍ പടര്‍ത്തുകയാണവള്‍..
ഓരോ വിരല്‍ത്തുമ്പിലും ഇതള്‍ വിടരുന്ന പൂക്കള്‍ . രോമ രന്ധ്രങ്ങളില്‍ നിന്നും പൂമ്പൊടി പൊഴിയുന്നു . തേന്‍ തുള്ളികള്‍ ഇറ്റി വീഴുന്ന ഇതളുകള്‍ .
അലൌകിക സൌന്ദര്യത്തോടെ ഒരു പൂമരം സ്വച്ഛമായി ഒഴുകുന്ന നദിയുടെ തീരത്ത് ഇലകളും പൂക്കളും പൊഴിക്കുന്നു. ചുറ്റും തിളങ്ങുന്ന നക്ഷത്രചിറകുള്ള ശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നു ....
ഒരിക്കല്‍ പൂക്കള്‍ തിന്നുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ....


© v. meenakshy

Sunday, May 12, 2013

കൂണുകള്‍ പറിക്കാന്‍ പോയപ്പോള്‍

[ കഥയുടെ മാന്ത്രിക ലോകത്തേക്ക് എന്നെ കൈ പിടിച്ചു നടത്തിയ എന്റെ അമ്മക്ക് .... ]

തണുത്ത ഇല ചില്ലകളെയുരുമ്മി, നേരിയ കിതപ്പാറ്റി, ഇരുട്ടും മുമ്പ് വീടെത്താന്‍ തിരക്ക് പിടിച്ചോടുമ്പോള്‍ ഇടയ്ക്കിടെ വായുവില്‍ വേവുന്ന ഉരുളക്കിഴങ്ങിന്‍റെ മണം, കാറ്റിന് ഇളം ചൂട് ...'' പാമ്പുമാരാ ...''! വേഗം പോവ്വാ . ഓ വേഗം പോവാം . റബ്ബര്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു . മുട്ടിറക്കമുള്ള നിറയെ ചുരുക്കുള്ള പാവാട ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു , വിയര്‍ത്ത നെറ്റി ബ്ലൌസിന്‍റെ പഫ് കയ്യില്‍ തുടച്ചു ഓട്ടത്തിന് ആക്കം കൂട്ടി . അതാ മഴയും വന്നു . പന്തലിച്ചു നില്‍ക്കുന്ന മരങ്ങളിക്കിടയിലൂടെ ഇടിമിന്നല്‍ പാളി വന്നു .

''ഹായ് കൂണ് മുളച്ചിട്ടുണ്ടാവും! കാലത്ത് വന്നു നോക്കാം ."

നനഞ്ഞ ഉടുപ്പ് മാറ്റി നിലവിളക്കിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറയെ അരി ക്കൂണുകള്‍ അവ മരച്ചുവട്ടിലെ കറുകറുത്ത മണ്ണിനു മീതെ മുളച്ചു പൊന്തുന്നു .. പക്ഷെ രാത്രി ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളില്‍ ഏതിലോ അവ അലിഞ്ഞു ചേര്‍ന്നു. പിറ്റേന്ന് വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം നെല്ലിക്ക തിന്നു, ആട്ടങ്ങകള്‍ കൊണ്ട് അമ്മാനമാടുമ്പോള്‍ പെട്ടെന്ന് അരിക്കൂണുകള്‍ ഓര്‍മ വന്നു .
'' അതേയ് , ഞാന്‍ പൂവ്വാ''
'' ഇത്രേം നേരത്തെയോ ? ഞങ്ങളും വരുന്നു .''
''വേണ്ട''
പെറ്റിക്കോട്ടിനു മീതെ ഒരു മഞ്ഞ സ്വെറ്റെര്‍ എടുത്തിട്ട് കുഞ്ഞി കുട്ടയുമായി ഊടുവഴി താണ്ടി . മരച്ചുവടുകള്‍ പരതി. അരിക്കൂണുകള്‍ ഒന്നു പോലും മുളച്ചിട്ടില്ല. വഴിയിറങ്ങുമ്പോള്‍ ചെടി തുമ്പില്‍ നിന്നും പൊട്ടി വീണ നാലഞ്ച് പഴുത്ത കൊങ്ങിണി കായകള്‍ കുട്ടയില്‍ നിശ്ശബ്ദം ഉരുണ്ടുകൊണ്ടിരുന്നു. സങ്കടം കൊണ്ട് ചുണ്ടുകള്‍ വിറച്ചു . പോയ ആഴ്ചയിലെ പേമാരിയിലും കൊടുങ്കാറ്റിലും മറിഞ്ഞു വീണ കൂറ്റന്‍ റെഡ്ഗം മരത്തിന്‍റെ തായ്‌ തടിയില്‍ കയറിയിരുന്നു . നഗ്നമായ തുടയില്‍ മരത്തിന്‍റെ പൂപ്പല്‍ മൂടിയ സ്പോഞ്ചു പോലെയുള്ള തൊലിയില്‍ നിന്ന് നനവ്‌ പടര്‍ന്നു . വിരല് കൊണ്ട് മരത്തൊലി അമര്‍ത്തിയപ്പോള്‍ മഴവെള്ളം ഇളം ചുവപ്പ് നിറത്തില്‍ ഊറി വന്നു . അരികത്തു വച്ച കുഞ്ഞി കൊട്ട കാറ്റടിച്ചു പുറകിലേക്ക് വീണു . കാലുകള്‍ ഇരുവശത്തെക്കുമിട്ടു കമിഴ്ന്നു താഴേക്ക്‌ കുനിഞ്ഞു . അതാ ''! മരത്തിനു കീഴെ ഓരം ചേര്‍ന്നു ഒളിച്ചിരിക്കുന്ന അരിക്കൂണുകള്‍ !! നൂറു കണക്കിന് അരിക്കൂണുകള്‍ ....!!
വെളുത്ത പൂച്ചക്കുട്ടിയെ മാറോടു ചേര്‍ത്ത് പിടിച്ചു , അമ്മ അരിക്കൂണുകള്‍ തിരഞ്ഞെടുത്ത് മഞ്ഞള്‍ വെള്ളത്തില്‍ ഇടുന്നതും തേങ്ങയും മുളകും വറുത്തെടുത്തു കല്ലില്‍ അരക്കുന്നതും ഒക്കെ നോക്കി പുറകില്‍ പറ്റി നിന്നു. അടുപ്പില്‍ വിറക് കത്തുന്ന സുഗന്ധം ....

'' പാവം, " അമ്മ ഉറങ്ങുന്ന പെണ്‍കുട്ടിയെ വാരിഎടുത്ത് നിലത്ത് പലകയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അച്ഛന്‍റെ ഇടതു തുടയില്‍ ഇരുത്തി . അച്ഛന്‍റെ തോളില്‍ ചാരി കണ്ണുകള്‍ തുറന്നു . നിലവിളക്കി ന്‍റെ വെളിച്ചത്തില്‍ ഇരുന്നു കൂണ്‍ കറിയില്‍ കുഴച്ചുരുട്ടിയ ഒരു ഉരുള അച്ഛന്‍ വാത്സല്യത്തോടെ കുട്ടിയുടെ വായില്‍ വച്ച് കൊടുത്തു . എന്നിട്ട് പറഞ്ഞു .
'' അസമയത്ത് കാറ്റില്‍ ഒറ്റയ്ക്ക് പോവാന്‍ പാടില്യ കേട്ടോ .''?
കുട്ടി തല കുലുക്കി ചിരിച്ചുകൊണ്ട് അടുത്ത ഉരുളക്കായി വായ തുറന്നു .

Wednesday, May 1, 2013

കണ്ണുനീര്‍


മരതകപ്പച്ചയില്‍ കുരുന്നിലകള്‍ തണല്‍ വിരിച്ച നെല്ലിമര ചോട്ടില്‍ ഇരുന്നു വിങ്ങി വിങ്ങി കരയുകയായിരുന്നു അവള്‍ . ചുറ്റും ശിശിരം ഇലകളും പൂക്കളും കൊഴിച്ചു കൊണ്ടിരുന്നു , കണ്ണീര്‍ തുള്ളികള്‍ക്കൊപ്പം അതും പുല്‍ പരപ്പില്‍ വീണു ചിതറി . അത് വഴി വന്ന പൂച്ചക്കുട്ടി ചോദിച്ചു , '' ഏയ്, എന്തിനാ ഇങ്ങനെ നെലോളിക്കണേ , എന്താ ഉണ്ടായേ ?, പൂച്ചക്കുട്ടി ആവുന്നത്ര ഉച്ചത്തില്‍ കുറുകി ക്കൊണ്ട് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു . അപ്പോളോ കരച്ചിലിന് ശക്തി കൂടുകയാനുണ്ടായത് . എങ്കിലും പൂച്ചക്കുട്ടി പിന്മാറിയില്ല . അത് അവളുടെ മടിയില്‍ കയറി ഇരുന്നു തന്റെ മൃദുലമായ ഉടല്‍ അവളുടെ മേനിയോടു ചേര്‍ത്ത് വച്ചു . പക്ഷെ ഇപ്പോള്‍ പൂച്ചകുട്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു . അനിര്‍വചനീയമായ സ്നേഹത്തിന്റെ കണ്ണുനീരാണ് അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകുന്നത് എന്ന് അതിനും മനസ്സിലായി . നിറഞ്ഞ കണ്ണുകളിലൂടെ അത് കണ്ടു , സുന്ദരമായ പച്ചപ്പ്‌, പൂക്കള്‍ , ഇലകള്‍ , തണല്‍ വീശുന്ന മരം ...
അവരങ്ങനെ ഇരുന്നു . അവളും പൂച്ചക്കുട്ടിയും ....


Sunday, March 3, 2013

എന്‍റെ യാത്രികന്‍

ദൂരം താണ്ടി യാത്രികന്‍ വരുന്നു . ചുമലില്‍ ഏറ്റിയ മാറാപ്പില്‍ നീര്‍ത്തിയാലും നീര്‍ത്തിയാലും തീരാത്ത പ്രണയത്തിന്‍റെ നനുത്ത പട്ടു നൂല്‍ ചുരുളുകള്‍ . അത് വാരിയെടുത്ത് ആത്മാവില്‍ അണിയാന്‍ കാത്തുകൊണ്ടേ മേഘ മട്ടുപ്പാവില്‍ സ്വപ്നം പോലെ അവള്‍ ....

Sunday, December 16, 2012

നീല പരവതാനി



ആകാശത്തിന്‍റെ നീല നിറം തന്നെയായിരുന്നു പരവതാനിക്കും. അതിനാല്‍ അത് പറക്കുമ്പോള്‍ വേറെ ആര്‍ക്കും അത് കാണുവാന്‍ കഴിഞ്ഞില്ല . അതില്മേല്‍ ഏറി പറന്നിരുന്ന അവര്‍ ഇരുവര്‍ മാത്രമേ അത് കണ്ടുള്ളൂ . അവരങ്ങനെ പറക്കുകയായിരുന്നു , ഉദയസൂര്യന്റെ സ്വര്‍ണ നൂലുകള്‍ക്കിടയിലൂടെ.. അവനും.. അവളും ..
പരവതാനിയില്‍ പ്രണയത്തിന്റെ വര്‍ണ്ണധൂളികള്‍ അനേകം സുന്ദര ചിത്രങ്ങള്‍ തീര്‍ത്തിരുന്നു . അവ ഇടയ്ക്കിടെ ശരീരത്തില്‍ അണിഞ്ഞുകൊണ്ട് അവര്‍ മേഘതൂവലുകള്‍ തലങ്ങും വിലങ്ങും ഊതി പറപ്പിച്ചു രസിച്ചു പറന്നു. പരവതാനിക്ക്‌ കീഴില്‍ അങ്ങ് താഴെ , പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലും , പൂഴിപ്പരപ്പും , കുന്നും , മലയും , പര്‍വതങ്ങളും അവര്‍ കണ്ടു .
'' അതാ അത് കണ്ടോ , പ്രണയത്തിന്റെ പവിഴപ്പുറ്റുകള്‍ ? ചുംബനം പോലെ ചുവന്നു തുടുത്തവ? അവന്‍ അവള്‍ക്കു കാണിച്ചു കൊടുത്തു? അപ്പോള്‍ അവന്റെ കണ്ണില്‍ ഉറ്റു നോക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു '' ഓ , കണ്ടുല്ലോ , അതി മനോഹരം .!!''
പിന്നെ പൂങ്കാവുകള്‍ കാട്ടി അവള്‍ പറഞ്ഞു , '' എത്ര സുഗന്ധം .. എത്ര നിറങ്ങള്‍ ..!!'' അവന്‍ അപ്പോള്‍ അവളുടെ മുടിയിഴകളില്‍ മുഖം ഒളിപ്പിച്ചിരിക്കുകയായിരുന്നു.
'' അതെ ,ഈ സുഗന്ധം മത്തു പിടിപ്പിക്കും ..'' അവന്‍ പറഞ്ഞു
പരവതാനി വനങ്ങള്‍ക്കു മേലെ ഇലച്ചാര്‍ത്തുകള്‍ ഉരുമ്മിക്കൊണ്ട് മിന്നല്‍ പോലെ തെന്നി പറന്നു.
സ്നേഹത്തിന്റെ പച്ചപ്പ്‌ നിറഞ്ഞ ഉടലുകള്‍ ആ നേരം ശിശിര കാലം പിന്നിട്ടു , ഇളം തളിരുകള്‍ കുതൂഹലത്തോടെ പുതു നാമ്പുകള്‍ നീട്ടി .
നീലപ്പരവതാനി താഴ്ന്നു പറന്നു അപ്പൂപ്പന്‍ താടിയെ പ്പോലെ മൃദുവായി , പൂക്കള്‍ മാത്രം നിറഞ്ഞ താഴ്‌വരയില്‍ പതിയെ നിലം തൊട്ടു . കിളികളുടെ സംഗീതവും , പുല്‍നാമ്പുകളുടെ മര്മരവും , അരുവിയുടെ ഒഴുക്കും മാത്രമുള്ള ഇടം .
പ്രണയത്തിന്റെ സുഗന്ധം.
പ്രണയത്തിന്റെ സംഗീതം.
പ്രണയത്തിന്റെ മര്‍മരം.
പ്രണയത്തിന്റെ ഒഴുക്ക്.
'' ഇതാ, നമ്മുടെ ഇടം എത്തിയിരിക്കുന്നു.'' അവന്‍ പറഞ്ഞു
അവനാകുന്ന സാന്ദ്ര നീലാകാശത്തില്‍ ഒരു പൊന്‍ താരമായി അവള്‍ മിന്നി തിളങ്ങി .
നീലപ്പരവതാനിയും അതിലെ ചിത്ര വര്‍ണ്ണ ധൂളികളും അവര്‍ ഇരുവരിലും നിന്ന് പ്രസരിച്ച പ്രണയ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍ന്നു.



വി. മീനാക്ഷി 

Sunday, December 9, 2012

ചന്ദന വിശറി


ചന്ദന വിശറി.. അത് കടലോരത്തെ മണലില്‍ പുതഞ്ഞുകിടക്കുകയായിരുന്നു. ചെറിയ തിരകള്‍ വന്നു സാവകാശം അതിനുമേല്‍ ഒരു മണല്‍ പുതപ്പു വിരിക്കുകയും , അടുത്ത തവണ അത് നീക്കി കളയുകയും ചെയ്തു . ചിലപ്പോഴൊക്കെ അതിനു ഒരിതള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു . മറ്റു ചിലപ്പോള്‍ അത് ഒരു വെള്ളമയില്‍ പെട്ടെന്ന് പീലി വിടര്തുന്നത്പോലെ  മുഴുവന്‍ വിരിഞ്ഞു . വക്കില്‍ ചെറു ദ്വാരങ്ങള്‍ കൊണ്ട് ചിത്രപ്പണികള്‍ ചെയ്ത , പിടിയില്‍ സ്വര്‍ണ ചായം പൂശിയ ചന്ദന വിശറി . അസ്തമയ സൂര്യന്റെ അവസാന രശ്മികളുടെ പ്രകാശത്തില്‍ ആദ്യം കാല്‍ തുമ്പില്‍ തട്ടി അത് കണ്ണില്‍ പെടുകയായിരുന്നു . പെരുവിരല്‍തുമ്പത്ത് ഒരു തിരയുടെ തള്ളലില്‍ വന്നു മുട്ടുമ്പോള്‍ ഒരു പൌരാണിക സ്പര്‍ശം ഇട്ടപോലെ അവള്‍ വിറച്ചു. ശബ്ദായമാനമായ സന്ധ്യ നിശ്ശബ്ദമായി . ഐസ് ക്രീം വണ്ടിയുടെ മണിയടിയും , കുട്ടികളുടെ ബഹളവും , ബലൂണ്‍ പീപ്പികളും , നിലക്കടല ക്കാരന്‍ വറചട്ടിയില്‍ തട്ടുന്ന ശബ്ദവും എല്ലാം.... ഒരു മാത്ര കടല്‍ തീരത്ത് അവളും ആ വിശറിയും മാത്രമായിരുന്നു . അതിന്റെ ഒരിതള്‍ അവളുടെ നനഞ്ഞ പട്ടു സാരിയുടെ അറ്റത്തു പിടിപ്പിച്ച ഫാളില്‍ കുരുങ്ങി ക്കിടന്നു . കുനിഞ്ഞ്, അവള്‍ അത് വിടുവിച്ചു കയ്യില്‍ എടുത്തു. കടലുപ്പിന്റെ മണത്തെ ജയിച്ചു ഒരു ചന്ദനഗന്ധം അവളിലേക്ക്‌ പാറി എത്തി. ചന്ദന വിശറി .


വി. മീനാക്ഷി { '' ചന്ദന വിശറി '' എന്ന കഥയില്‍ നിന്ന് }

Saturday, July 14, 2012

മാന്ത്രിക വീണ


ഈ ചെറിയ ബ്ലോഗിലേക്ക്  എല്ലാവര്‍ക്കും സ്വാഗതം.... എഴുതാറുണ്ടായിരുന്നെങ്കിലും  മലയാളത്തില്‍  ഒരു ബ്ലോഗ്‌  ഇതുവരെ ഉണ്ടായിരുന്നില്ല ...ഇന്ന് മുതല്‍ ഞാന്‍  ഇവിടെയൊക്കെ എന്റെ കഥകളും കവിതകളുമായി  ഈ വീണ മീട്ടുവാന്‍ എത്തുന്നതായിരിക്കും .....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  വിമര്‍ശനങ്ങളും  പ്രതീക്ഷിക്കുന്നു

എന്റെ ഫേസ്ബുക്ക് പേജ്  ഇവിടെ 


Fire Flower