Sunday, May 12, 2013

കൂണുകള്‍ പറിക്കാന്‍ പോയപ്പോള്‍

[ കഥയുടെ മാന്ത്രിക ലോകത്തേക്ക് എന്നെ കൈ പിടിച്ചു നടത്തിയ എന്റെ അമ്മക്ക് .... ]

തണുത്ത ഇല ചില്ലകളെയുരുമ്മി, നേരിയ കിതപ്പാറ്റി, ഇരുട്ടും മുമ്പ് വീടെത്താന്‍ തിരക്ക് പിടിച്ചോടുമ്പോള്‍ ഇടയ്ക്കിടെ വായുവില്‍ വേവുന്ന ഉരുളക്കിഴങ്ങിന്‍റെ മണം, കാറ്റിന് ഇളം ചൂട് ...'' പാമ്പുമാരാ ...''! വേഗം പോവ്വാ . ഓ വേഗം പോവാം . റബ്ബര്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു . മുട്ടിറക്കമുള്ള നിറയെ ചുരുക്കുള്ള പാവാട ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു , വിയര്‍ത്ത നെറ്റി ബ്ലൌസിന്‍റെ പഫ് കയ്യില്‍ തുടച്ചു ഓട്ടത്തിന് ആക്കം കൂട്ടി . അതാ മഴയും വന്നു . പന്തലിച്ചു നില്‍ക്കുന്ന മരങ്ങളിക്കിടയിലൂടെ ഇടിമിന്നല്‍ പാളി വന്നു .

''ഹായ് കൂണ് മുളച്ചിട്ടുണ്ടാവും! കാലത്ത് വന്നു നോക്കാം ."

നനഞ്ഞ ഉടുപ്പ് മാറ്റി നിലവിളക്കിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറയെ അരി ക്കൂണുകള്‍ അവ മരച്ചുവട്ടിലെ കറുകറുത്ത മണ്ണിനു മീതെ മുളച്ചു പൊന്തുന്നു .. പക്ഷെ രാത്രി ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളില്‍ ഏതിലോ അവ അലിഞ്ഞു ചേര്‍ന്നു. പിറ്റേന്ന് വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം നെല്ലിക്ക തിന്നു, ആട്ടങ്ങകള്‍ കൊണ്ട് അമ്മാനമാടുമ്പോള്‍ പെട്ടെന്ന് അരിക്കൂണുകള്‍ ഓര്‍മ വന്നു .
'' അതേയ് , ഞാന്‍ പൂവ്വാ''
'' ഇത്രേം നേരത്തെയോ ? ഞങ്ങളും വരുന്നു .''
''വേണ്ട''
പെറ്റിക്കോട്ടിനു മീതെ ഒരു മഞ്ഞ സ്വെറ്റെര്‍ എടുത്തിട്ട് കുഞ്ഞി കുട്ടയുമായി ഊടുവഴി താണ്ടി . മരച്ചുവടുകള്‍ പരതി. അരിക്കൂണുകള്‍ ഒന്നു പോലും മുളച്ചിട്ടില്ല. വഴിയിറങ്ങുമ്പോള്‍ ചെടി തുമ്പില്‍ നിന്നും പൊട്ടി വീണ നാലഞ്ച് പഴുത്ത കൊങ്ങിണി കായകള്‍ കുട്ടയില്‍ നിശ്ശബ്ദം ഉരുണ്ടുകൊണ്ടിരുന്നു. സങ്കടം കൊണ്ട് ചുണ്ടുകള്‍ വിറച്ചു . പോയ ആഴ്ചയിലെ പേമാരിയിലും കൊടുങ്കാറ്റിലും മറിഞ്ഞു വീണ കൂറ്റന്‍ റെഡ്ഗം മരത്തിന്‍റെ തായ്‌ തടിയില്‍ കയറിയിരുന്നു . നഗ്നമായ തുടയില്‍ മരത്തിന്‍റെ പൂപ്പല്‍ മൂടിയ സ്പോഞ്ചു പോലെയുള്ള തൊലിയില്‍ നിന്ന് നനവ്‌ പടര്‍ന്നു . വിരല് കൊണ്ട് മരത്തൊലി അമര്‍ത്തിയപ്പോള്‍ മഴവെള്ളം ഇളം ചുവപ്പ് നിറത്തില്‍ ഊറി വന്നു . അരികത്തു വച്ച കുഞ്ഞി കൊട്ട കാറ്റടിച്ചു പുറകിലേക്ക് വീണു . കാലുകള്‍ ഇരുവശത്തെക്കുമിട്ടു കമിഴ്ന്നു താഴേക്ക്‌ കുനിഞ്ഞു . അതാ ''! മരത്തിനു കീഴെ ഓരം ചേര്‍ന്നു ഒളിച്ചിരിക്കുന്ന അരിക്കൂണുകള്‍ !! നൂറു കണക്കിന് അരിക്കൂണുകള്‍ ....!!
വെളുത്ത പൂച്ചക്കുട്ടിയെ മാറോടു ചേര്‍ത്ത് പിടിച്ചു , അമ്മ അരിക്കൂണുകള്‍ തിരഞ്ഞെടുത്ത് മഞ്ഞള്‍ വെള്ളത്തില്‍ ഇടുന്നതും തേങ്ങയും മുളകും വറുത്തെടുത്തു കല്ലില്‍ അരക്കുന്നതും ഒക്കെ നോക്കി പുറകില്‍ പറ്റി നിന്നു. അടുപ്പില്‍ വിറക് കത്തുന്ന സുഗന്ധം ....

'' പാവം, " അമ്മ ഉറങ്ങുന്ന പെണ്‍കുട്ടിയെ വാരിഎടുത്ത് നിലത്ത് പലകയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അച്ഛന്‍റെ ഇടതു തുടയില്‍ ഇരുത്തി . അച്ഛന്‍റെ തോളില്‍ ചാരി കണ്ണുകള്‍ തുറന്നു . നിലവിളക്കി ന്‍റെ വെളിച്ചത്തില്‍ ഇരുന്നു കൂണ്‍ കറിയില്‍ കുഴച്ചുരുട്ടിയ ഒരു ഉരുള അച്ഛന്‍ വാത്സല്യത്തോടെ കുട്ടിയുടെ വായില്‍ വച്ച് കൊടുത്തു . എന്നിട്ട് പറഞ്ഞു .
'' അസമയത്ത് കാറ്റില്‍ ഒറ്റയ്ക്ക് പോവാന്‍ പാടില്യ കേട്ടോ .''?
കുട്ടി തല കുലുക്കി ചിരിച്ചുകൊണ്ട് അടുത്ത ഉരുളക്കായി വായ തുറന്നു .

5 comments:

  1. വരയും നന്നായല്ലോ

    ReplyDelete
  2. കൊള്ളാം ... കഥയും വരയും :)

    ReplyDelete
  3. വീണ്ടും പെയ്തൊഴിയാത്ത ആ മഴക്കാല സന്ധ്യകളിലേക്ക് ഓര്‍മ്മകള്‍ .... ഭംഗിയായി സൂക്ഷ്മമാമായ് അവതരിപ്പിച്ചിരിക്കുന്നു ഒന്നും വിട്ടുപോകാത് ... സ്വപ്നങ്ങളുടെയും കൌതുകങ്ങളുടെയും കുട്ടികാലം വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി ...

    ReplyDelete
  4. കഥയും വരയും ഇഷ്ടമായി.

    ReplyDelete
  5. അമ്പട പുളുസൂ…. സംഗതി സിമ്പിള്‍ ആയിരുന്നില്ല

    ReplyDelete

Fire Flower