Sunday, October 19, 2014

സമയ സ്പന്ദനങ്ങൾ



കേരളഭൂഷണം വാരാന്ത്യ പതിപ്പില്‍ വന്ന HMT വാച്ചിനെക്കുറിച്ച്  എഴുതിയ കുറിപ്പ് .



കുഞ്ഞി പറയുകയാണ് .........

പതിനാലാം പിറന്നാളിന് അഷ്ട ദ്രവ്യങ്ങൾ കണികണ്ടുണരുമ്പോൾ തലയിണച്ചുവട്ടിലോ പുതപ്പിനരുകിലോ കണ്ടേയ്ക്കാവുന്ന ഒരു സമ്മാനപ്പൊതിക്കുവേണ്ടി കുഞ്ഞി തിരഞ്ഞു . ഒന്നുമില്ല ! എവിടെ എന്റെ പിറന്നാൾ സമ്മാനം ? കണ്ണുകൾ നിറഞ്ഞുതുടങ്ങി . ആ നേരം കുഞ്ഞിയുടെ അച്ഛൻ ഒരു ഗൂഡസ്മിതത്തോടെ കിടക്കക്ക് അരുകിലേക്ക്‌ വന്നു .
'' മോൾ കയ്യ് നീട്ടു , എന്നിട്ട് കണ്ണടച്ചോളൂട്ടോ ..''
നീട്ടിയ വലതുകയ്യുടെ മണിബന്ധത്തിൽ ചെറുതണുപ്പോടെ ഒരു തുടിപ്പ് വലയം ചെയ്തു. ആവേശത്തോടെ കുഞ്ഞി കണ്ണ് തുറന്നു .'' ഹായ് എന്റെ പുത്തൻ വാച്ച് !'' സ്വർണ്ണ വർണ്ണത്തിൽ പൊതിഞ്ഞ് വെട്ടിത്തിളങ്ങുന്ന , ബ്രൌണ്‍ ലെതർ സ്ട്രാപ്പുള്ള വാച്ച് അവളുടെ കയ്യിൽ മനോഹരമായി ചേർന്നുകിടന്നു . ചുവന്ന വെൽവെറ്റ് വിരിച്ച പെട്ടിയിൽ ആണത് കൊണ്ടുവന്നത് കുഞ്ഞി സൂക്ഷിച്ച് അതിന്റെ ഡയൽ നോക്കി . സുവർണ്ണ ലിപികളിൽ അതിൽ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ .... എച് . എം . ടി ...!!
'' ദ് നോക്ക്യെമ്മാ .. എന്റെ വാച്ച് . അതും എച് എം ടി വാച്ച് !!'' അവൾ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചുമ്മ വെച്ചു . കുഞ്ഞി കാണാതെ ആ രഹസ്യ സമ്മാനത്തിന്റെ സന്തോഷം അമ്മയും അച്ഛനും ഒരു കുസൃതിചിരിയിൽ പങ്കിട്ടു ......

എണ്‍പത് , തൊണ്ണൂറു കാലഘട്ടങ്ങളിൽ എത്രയോ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം സമ്മാനിച്ചത്‌ ഒരു വേള എച് എം ടി വാച്ച് ആയിരിക്കണം . അത് ആദ്യമായി കൈയ്യിൽ കെട്ടി പത്രാസു കാട്ടി സ്കൂളിലേക്കോ കോളെജിലേക്കോ ഉള്ള യാത്ര . പത്താം ക്ളാസ്സിന്റെ നിർണ്ണായക വലിയ പരീക്ഷയ്ക്ക് ഒന്നാം ബെല്ലടിക്കുമ്പോൾ മുന്കൂറായി 5 മിനുറ്റു മുൻപോട്ടാക്കി വെച്ച വാച്ച് അഴിച്ചു ഡെസ്കിന്റെ പുറത്തു വെച്ച് ഇടയ്ക്കിടെ അതുനോക്കി ഉപന്യാസങ്ങൾക്കും ചെറു ചോദ്യങ്ങൾക്കും സമയം പകുത്തു വെച്ചുള്ള എഴുത്ത്....

കുഞ്ഞി ആണെങ്കിൽ എച് എം ടി വാച്ച് കയ്യിലണിഞ്ഞു ഗമ കാട്ടുക മാത്രമല്ല ചെയ്തത് . അച്ഛന്റെ വലിയ എച് എം ടി വാച്ച് തുറന്നു കാണുകയും ചെയ്തു ! അതിന്റെ മിടിക്കുന്ന ഹൃദയം അവളെ എത്രമാത്രമാണ്‌ അത്ഭുതപ്പെടുത്തിയത് ! പുറകിലെ സ്റ്റീൽ അടപ്പ് തുറക്കുമ്പോൾ ഉള്ളിൽ കാണുന്ന മൊട്ടുസൂചിതലപ്പിന്റെയത്ര വലുപ്പത്തിൽ മിന്നുന്ന രത്നങ്ങൾ . ടിക് ടിക്ക് ടിക് ടിക്ക് എന്ന് നിരന്തരം ചലിക്കുന്ന ഇത്തിരികുഞ്ഞന്മാരായ പൽ ചക്രങ്ങൾ !അവരത്രെ സമയത്തെ മുൻപിലേക്ക് പിച്ച വെയ്പ്പിക്കുന്നത് !. ദിവസേന കാലത്ത് തന്നെ കീ മുറുക്കുക എന്നത് ശ്രദ്ധാപൂർവ്വം ചെയ്യേണ്ടുന്ന പ്രവര്ത്തി ആണെന്ന് അച്ഛൻ പറഞ്ഞു. സ്പ്രിംഗ് മുറുകിയ വാച്ച് ചെവിയോട് ചേർത്തു വെച്ചു അതിന്റെ മൃദുല സ്പന്ദനം കേൾക്കുന്നത് കുഞ്ഞിക്ക് ഇഷ്ടമായിരുന്നു.

അതെല്ലാം വർഷങ്ങൾക്കു മുൻപ് . ഇന്ന് ഹിന്ദുസ്ഥാൻ മെഷിൻ ടൂൾസ് അതിന്റെ ഗതകാല പ്രതാപത്തിന്റെ ഭാരം പേറുന്ന ജീർണിച്ച ഒരു കമ്പനി മാത്രം . അതിന്റെ എല്ലാ കാമ്പസുകളും നിർജീവമായിക്കൊണ്ടിരിക്കുന്നു . എന്നാൽ ഒട്ടേറെ ഓർമ്മകളുടെ സ്നേഹ സ്പന്ദനവുമായി കുഞ്ഞിയുടെ കയ്യിൽ ഇപ്പോഴും താളത്തിൽ മിടിക്കുന്നുണ്ട് അന്നത്തെ എച് എം ടി വാച്ച് ! മറ്റനേകം ഉന്നത കുല ജാതരായ വാച്ചുകൾ വരുകയും കളമൊഴിഞ്ഞുപോവുകയും ചെയ്തിട്ടും , നിതാന്തജാഗ്രതയോടെ ഇപ്പോഴുമത് കുഞ്ഞിയുടെ സമയത്തിന് കാവൽ നിൽക്കുന്നു . നിരവധി വാച്ച് കടക്കാരുടെ പ്രലോഭനം അതിജീവിച്ചുകൊണ്ട് തലമുറകൾ കൈ മാറാൻ തയ്യാറെടുക്കുന്നു ആ വാച്ച് .

കുഞ്ഞി തുടരുകയാണ് ...
'' ഇന്നെന്റെ മോൾ അതു കെട്ടീട്ടാ സ്കൂളിൽ പോയത് . പരീക്ഷയ്ക്ക് അതു കയ്യിൽ കെട്ടിയാൽ ചോദ്യങ്ങൾ ഏറ്റവും എളുപ്പമത്രേ !'' തലമുറയിൽ നിന്നും തലമുറയിലേക്ക് പകരുന്ന ഊഷ്മളമായ ഒരു വിശ്വാസം !!

എച് എം ടി വാച്ചുകൾ കേവലം സമയം അറിയാനുള്ള ഉപാധി മാത്രമായിരുന്നില്ലല്ലോ . ജനതതി നെഞ്ചിലേറ്റിയ , ഇപ്പോഴും താലോലിക്കുന്ന ഒരു വികാരതുടിപ്പാണ് . അതും പറഞ്ഞ് എഴുന്നേറ്റുപോകുമ്പോൾ നിറയുന്ന കണ്ണുകൾ തുളുമ്പാതെ ഒരു കൌമാരക്കാരിപെണ്‍കുട്ടിയെപ്പോലെ കുഞ്ഞി ചിരിച്ചു .





Facebook Link Here 

Sunday, July 27, 2014

വിളക്കേന്തിയ വനിത

റെഡ് ചെറി ബുക്ക്സിനു വേണ്ടി വീണാദേവി മീനാക്ഷി എഴുതിയ രണ്ടാമത്തെ പുസ്തകം -
''വിളക്കേന്തിയ വനിത'' 



*ലോക പ്രശസ്തയായ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജീവചരിത്രം.

പേജിലേക്കുള്ള വഴി ഇവിടെ :)
ബുക്ക് ഇവിടെ നിന്നും വാങ്ങാം 

Thursday, July 24, 2014

നന്മയുടെ കഥകള്‍

സുഹൃത്തുക്കളെ, കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ പുനരാഖ്യാനം ചെയിത ''നന്മയുടെ കഥകള്‍'' റെഡ് ചെറി പബ്ലിക്കേഷന്‍സ് പ്രസാധനം ചെയിതിരിക്കുന്നു. ഈ കഥകള്‍ പുസ്തകമാക്കുവാന്‍ വേണ്ടി എന്നോട് ആവശ്യപെട്ട പ്രസാധകന്‍ ഷാനവാസ് കൊനാരത്തിനും റെഡ് ചെറി പബ്ലിക്കേഷന്‍സിനും നന്ദി സമര്‍പ്പിച്ചു കൊണ്ട്..... 

(NB: എല്ലാവരും കുട്ടികള്‍ക്ക് വേണ്ടി ഈ പുസ്തകം വാങ്ങുമെന്ന് കരുതട്ടെ  )'നന്മയുടെ കഥകള്‍' ഇവിടെ നിന്നും വാങ്ങുവാന്‍ കഴിയും

Monday, May 19, 2014

ഇല്ലാതായ ശബ്ദങ്ങള്‍



മിട്ടായി റോസ് നിറത്തില്‍ വയലറ്റ് പൂക്കള്‍ നിറഞ്ഞ മങ്ങിത്തുടങ്ങിയ നൈലെക്സ് സാരി പുറകില്‍ ചുരുക്കുകള്‍ ഇട്ട്ഉടുത്തിട്ടുണ്ട് . സാരിത്തലപ്പ് ഒരു മാറാപ്പ് പോലെ മുറുക്കിക്കെട്ടിയതില്‍ ഒരോമന കറുപ്പഴക് വിടര്‍ന്ന കണ്ണുകളോടെ പിന്‍വാങ്ങുന്ന നിരത്തു നോക്കിയിരിക്കുന്നു . ആണ്കുഞ്ഞോ പെണ്കുഞ്ഞോ ആവാം . നിറുകയില്‍ മുടി നീല റിബ്ബന്‍ കൊണ്ട് മുറുക്കിക്കെട്ടിയിട്ടുണ്ട് . കാതില്‍ കുഞ്ഞിക്കടുക്കനും ഉണ്ട് . അവളുടെ തലയില്‍ ആണെങ്കിലോ അമ്മിയും ആട്ടുകല്ലും കൊത്താനുള്ള ഉളിയും ചുറ്റികയും വട്ടക്കല്ലുമാണ് .
'' അം ......................മ്മി കൊത്താനുണ്ടോകല്ല്‌ കൊത്താനുണ്ടോ .....ആ ...ട്ടുകല്ലു കൊത്താ ......നുണ്ടോ....യ്....''
കാലത്തേ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പഠിപ്പു തുടങ്ങിയ ശേഷമാണ് ആ ഈണം നാട്ടുവഴിയിലൂടെ വരിക ചടുലമായ പാദങ്ങളോടെഇരുണ്ടുറച്ച മേനിയില്‍ സ്വേദകണങ്ങള്‍ മുത്തുപോല്‍ മിന്നിച്ചുകൊണ്ട് ...
- ' 
ഇവിടെ ചെലപ്പോ അമ്മിക്കല്ല് കൊത്താനുണ്ടാവുമായിരിക്കും .. ഒരുറുപ്പികയുംഒത്താല്‍ ഇത്തിരി വെള്ളം കുടിക്കാനും ചോദിക്കാം ..!'
അവള്‍ കടമ്പ കടന്ന് മുറ്റത്തെത്തി .
'' 
അമ്മാ കല്ല്‌ കൊത്താനുണ്ടോ അമ്മിക്കല്ല് കൊത്താനുണ്ടോ ?''
അവിടത്തെ അമ്മ ഉമ്മറപ്പടിയില്‍ ഇരുന്നു മുറത്തില്‍ നിരത്തിയിട്ട ചെറുപയറില്‍ നിന്നും കല്ലും കരടും മാറ്റി വൃത്തിയാക്കുകയാണ് . അമ്മ അവളെ ചുഴിഞ്ഞു നോക്കി . -ഇന്ന് ഒന്നും തരായ മട്ടില്ല . ആകെ പരവശയായ ഒരു തമിഴത്തി . അവളുടെ മാറാപ്പിലെ കുഞ്ഞ് അമ്മയെ നോക്കി എന്തോ അവ്യക്തമായി ശബ്ദിച്ചു .
'' 
പുറകിലോട്ടു വാ .'' അമ്മ എഴുന്നേറ്റ് അകത്തേക്കുപോയി. അവള്‍ മുറ്റത്തിന്റെ വശം ചേര്‍ന്നു നടന്നു പിന്നാമ്പുറത്ത് എത്തി .അടുക്കളയുടെ പുറം വരാന്തയില്‍ അമ്മിയും കല്ലും വിശ്രമിക്കുന്നുണ്ട് . തലയിലെ തിരികട വച്ച തോര്‍ത്ത്‌ അഴിച്ചു നിലത്തു വിരിച്ചു കുട്ടിയെ അതില്‍ കിടത്തി അവള്‍ അമ്മി കൊത്താന്‍ തുടങ്ങി .
മണി മുഴങ്ങുന്നതുപോലെ ഈണത്തില്‍ അമ്മികൊത്തല്‍ പുരോഗമിച്ചു .
അമ്മ അകത്തുപോയി തന്റെ ഇളയ മകന്‍ കളി കഴിഞ്ഞുപേക്ഷിച്ച ഒരു കിലുക്കിട്ടം തപ്പിയെടുത്തു തമിഴത്തിയുടെ കുഞ്ഞിന്റെ കയ്യില്‍ പിടിപ്പിച്ചു . അതിലെ ഒരു കുമിളക്കുള്ളില്‍ മാത്രമേ മണികള്‍ ഉണ്ടായിരുന്നുള്ളു എങ്കിലും കുഞ്ഞ് അതിന്റെ നേരിയ കിലുക്കത്തില്‍ ഇളകിചിരിക്കുവാന്‍ തുടങ്ങി .
അമ്മിക്കല്ലിന്റെ മദ്ധ്യത്തില്‍ സൂര്യന്‍റെ ആകൃതിയില്‍ ഒരു ചിത്രം കൊത്തി മെനഞ്ഞു അവള്‍ . പിന്നീട് വശങ്ങളില്‍ അലുക്കുകള്‍ പോലെയും കൊത്തി. അവസാനം അമ്മിക്കുഴവിയും കൊത്തി . അത് ഞാറു നട്ടതുപോലെയുണ്ടായിരുന്നു . പണി തീര്‍ന്നപ്പോള്‍ ചെമ്പ് കുടത്തില്‍ നിന്നും ജലം പകര്‍ന്നു കല്ലും കയ്യും കഴുകി .
''
അമ്മാ ആദ്യം കൊഞ്ചം അരിശി അരച്ചു കളഞ്ഞിടുങ്കോനാന്‍ നല്ലാ സെന്ജിരുക്ക് .''
അമ്മ അവള്‍ക്ക് ഒരുറുപിക കൊടുത്തു . ആ കൂലിക്കുവേണ്ടി പിശകാന്‍ അമ്മക്ക് തോന്നിയില്ല .
'' 
അമ്മാ..... കൊഞ്ചം തണ്ണി .......'' അവള്‍ സംശയിച്ചു സംശയിച്ചു ചോദിച്ചു . അവള്‍ക്കു കിട്ടി ആഗ്രഹിച്ചതിലും കൂടുതല്‍ . ഒരു കവടികിണ്ണം നിറയെ കഞ്ഞി ....! അവള്‍ ആര്‍ത്തിയോടെ കഞ്ഞി കുടിച്ചു . പാത്രവും മുഖവും കഴുകി കണ്ണുകള്‍ തുടച്ചു . കാളുന്ന വിശപ്പടങ്ങിയപ്പോള്‍ അവളുടെ മുലകള്‍ നിറഞ്ഞു വിങ്ങിതുടങ്ങി .
'' 
വാടാ കണ്ണാ ,എന്‍ ചെല്ലകുട്ടി ....!'' അവള്‍ കുഞ്ഞിനെ വാരി മടിയില്‍ എടുത്തുവെച്ച് മുലയൂട്ടാന്‍ തുടങ്ങി .
നിരത്തിനപ്പുറത്തെ സ്കൂളില്‍ കുട്ടികള്‍ കളിയ്ക്കാന്‍ ഇറങ്ങിയതിന്റെ ആരവങ്ങള്‍ കേട്ടൂ. മണി പതിനൊന്നായി കാണും . അവള്‍ക്കു തോന്നി .
'' അമ്മാ നാന്‍ പോയി വറെന്‍ ..''
അവളുംകുഞ്ഞും ഈണത്തിലുള്ള '' കല്ല്‌ കൊത്താനുണ്ടോ '' വിളിയും പടി കടന്നു നിരത്ത് കടന്നു വീടുകളും തെരുവുകളും കടന്നു ചരിത്രത്തിലേക്ക് പോയി ..
https://www.facebook.com/Mantrikaveena


Wednesday, March 12, 2014

ഷുമായി

മാധ്യമ സുഹൃത്തുക്കളുടെ പുതിയ കൂട്ടായിമ ആയ 'വാര്‍ത്താ കേരളം' എന്ന മാസികയുടെ ആദ്യ പ്രതി വനിതാ ദിനത്തില്‍ ഇറങ്ങി. അതില്‍ വന്ന എന്‍റെ കഥ ഇവിടെ ...

"ഷുമായി "
--------------------
അല്ലെങ്കിലും ഇവള്ക്കൊരു പേര് പ്രസക്തമാണോ ? കാരണം ദശാബ്ദങ്ങളിലൂടെ ,ചരിത്രഘട്ടങ്ങളിലൂടെ എത്രയോ പേരുകളില്‍ കടന്നു പോയിരിക്കുന്നു .! പ്രായമോ പേരോ പരിധിയില്ലാത്തവളാണിവള്‍ .ഉച്ചരിക്കാന്‍ എളുപ്പവും അല്ലാത്തതുമായ പേരുകളില്‍ ഭൂഗോളമെങ്ങും വിന്യസിക്കപ്പെട്ടു കിടക്കുന്നവള്‍ .ഇന്നത്തെ വീര ചരിതത്തില്‍ അവള്‍ക്കു വെറും പത്തു വയസ്സ്. അയല്‍ വീട്ടില്‍ നിന്നും കടം വാങ്ങിയ കരികഷ്ണങ്ങള്‍ തീപ്പൊരി ചിതറുന്ന ചൂളഅടുപ്പിനരുകില്‍ മുനിഞ്ഞിരിക്കുന്നു. വിശക്കുന്നുണ്ട്,പക്ഷെ പുറത്തു പോയ അബ്ബിയും ജ്യേഷ്ഠനും വരണം.പിന്നെ ഇഴഞ്ഞു നടക്കുന്ന കുഞ്ഞനുജനും കൂടി കഴിച്ചു കഴിഞ്ഞാലേ അവളുടെ ഊഴം വരൂ. ഷുമായി യുടെ അമ്മിക്ക് അവളും ജ്യേഷ്ഠനുമായിരുന്നു മക്കള്‍ .വീണ്ടും വീണ്ടും കുഞ്ഞുങ്ങളെ ചാപിള്ളകളായി പ്രസവിച്ചു ഒരു നാള്‍ അമ്മി അവസാന ശ്വാസം വലിച്ചു. പിന്നീടാണ് അവളുടെ പിതാവ് വീണ്ടും ജ്യേഷ്ഠനെക്കാളും പ്രായം കുറഞ്ഞ തുമ്മോയെ വിവാഹം ചെയ്തത് .ഷുമായി യെക്കാളും ഏഴു വയസ്സ് മൂത്തവള്‍ ആണ് തുമ്മോ. നഷ്ട്ടപെട്ട കൗമാരത്തിന്റെ പക മുഴുവന്‍ അവള്‍ ഷുമായിയുടെ ഉടലില്‍ കരി പുരട്ടിയും ചെളി തേച്ചും പുകയുന്ന ബിര്‍ച്ച് മരക്കൊമ്പ് കൊണ്ട് അടിച്ചും തീര്‍ത്തു.എന്നും നോമ്പ് നോക്കുന്നവളായിട്ടാണ് ഷുമായി ആ കൂരയില്‍ കഴിയുന്നത്. റോഡിലെ പൊടി പടലങ്ങളെക്കാള്‍ ഇരുണ്ട മഞ്ഞു മൂടിയ രാത്രികളില്‍ അവളുടെ പിഞ്ചു ശരീരം വിറക്കുവാന്‍ പോലും മറന്നു പണി ചെയ്തു തളര്‍ന്നു മയങ്ങുന്നു. പുറം കാലുകൊണ്ട് തട്ടി എഴുന്നെല്‍പ്പിക്കുന്ന പാതി കൂമ്പിയ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ മരവിച്ച റൊട്ടിയും ഒഴുകുന്ന പരിപ്പ് കറിയും ,അല്ലെങ്കില്‍ കുറച്ചു ഗോതമ്പ് വിരകിയതില്‍ അല്‍പ്പം പാലും പഞ്ചസാരയും തൂകിയതുമാകും. എല്ലാവരും ഉറക്കമാകുമ്പോള്‍ ഷുമായി ആരോ വിളിചിട്ടെന്നപോലെ എഴുന്നെല്‍ക്കാറുണ്ട്. അപ്പോഴെല്ലാം അവള്‍ ആ കുഞ്ഞു വീട്ടിലെ ഒരേ ഒരു ആര്‍ഭാടമായ നിറം മങ്ങിയ പേര്‍ഷ്യന്‍ പരവതാനിയില്‍ ചവിട്ടാതെ മൃദുവായി പാദങ്ങള്‍ വെച്ച് വാതില്‍ തുറന്നു പിന്നിലെ അടച്ചു കെട്ടിയ മുറ്റത്തേക്കിറങ്ങി . മഞ്ഞുകാലമായതിനാല്‍ ആരുമുറങ്ങാത്ത ചൂടികട്ടിലില്‍ ഇരുന്നു എവിടുന്നോ അരിച്ചു വീഴുന്ന വെളിച്ചത്തില്‍ കുത്തുകള്‍ അഴിഞ്ഞു തുടങ്ങിയ നോട്ടുബുക്ക്‌ പുറത്തേക്കെടുത്തു . അമ്മി ഉണ്ടായിരുന്നെകില്‍ ഷുമായിയും സ്കൂളില്‍ പോകുമായിരുന്നു.പക്ഷെ സ്കൂളുകള്‍ പലതും പൂട്ടി ഇടുകയോ ഷെല്ലുകള്‍ വീണു തകരുകയോ ചെയ്തു എന്ന് ജ്യേഷ്ഠന്‍ പറയുന്നത് കേട്ടു. ഷുമായി അവളുടെ കൊച്ചു ക്ലാസ്സ്‌ മുറിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഓര്‍ത്തപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മഷി തീരാറായപേന കൊണ്ട് അവള്‍ അക്ഷരങ്ങള്‍ ഓര്‍മ്മയില്‍ നിന്നും പെറുക്കി എഴുതിത്തുടങ്ങി . പേരുകള്‍ ..പൂക്കളുടെ ,മരങ്ങളുടെ,മലകളുടെ,ഗ്രാമങ്ങളുടെ,വഴികളുടെ...... എഴുതി എഴുതി ഉറക്കത്തിലേക്ക് വഴുതി വീണു.

"പോയി ചൂള കത്തിക്ക് കുട്ടി ചെകുത്താനെ " എന്ന അലര്‍ച്ച കേട്ടാണ് ഷുമായി എഴുന്നേറ്റത്‌ . തുമ്മോയുടെ കൂടെ ഉറക്കമെഴുന്നേറ്റു വന്ന കുഞ്ഞു നിലത്ത് വീണ്കിടന്ന ഷുമായി യുടെ പുസ്തകത്തിന്‍ മേല്‍ മൂത്രമൊഴിച്ചു. മഷിപ്പാടുകള്‍ ചാലിട്ടൊഴുകി താളുകള്‍ കുതിര്‍ന്നു . ഷുമായി അത് വാരി എടുത്തു കുപ്പായത്തിന്‍റെ ഞൊറിവിനിടയില്‍ ഒളിപ്പിച്ചു.
സ്വപ്നങ്ങളില്‍ എപ്പോഴോ ഓടിമറഞ്ഞ പേരറിയാത്തൊരു പൂമരം അതിരിട്ട പാതകള്‍ ഓര്‍ത്തുകൊണ്ട് അവളുടെ കുഞ്ഞുവിരലുകള്‍ കരിക്കഷണങ്ങള്‍ അടുപ്പില്‍ നിറക്കാന്‍ തുടങ്ങി . അവളുടെ മനസ്സിലപ്പോള്‍ വലിയ ദ്വാരം നിറഞ്ഞ അരിപ്പ പോലെയുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ മൃതമായ തെരുവാണ്. സ്വാത്തില്‍ നിന്നും മടങ്ങിവന്ന ജ്യേഷ്ടന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നു .
'' എന്റെ കണ്മണി , ഷുമി നിന്റെ എല്ലാ ദു:ഖങ്ങളും വലിയവനായ ദൈവം മാറ്റും .''
അതെങ്ങനെ ആണെന്നാണ് ഷുമായിക്ക് മനസ്സിലാകാത്തത് . തുമ്മോ അവളെ സ്നേഹിക്കുമോ ? അവളുടെ പ്രിയപ്പെട്ടതെല്ലാം പിച്ചിക്കീറുകയും കളിപ്പാട്ടമാക്കുകയും ചെയ്യുന്ന പ്രവൃത്തി അനുജന്‍ നിര്‍ത്തുമോ ? പടച്ചവനെ , എന്റെ ലോകത് എവിടെയാണ് സന്തോഷം ഇരിക്കുന്നത് ? ചിലപ്പോള്‍ ഒരു നേരമെന്കിലും വയര്‍ നിറയെ ഉണ്ണുന്നതാണ് സന്തോഷം ; ചിലപ്പോള്‍ തെരുവ് മുഴുവന്‍ ഉറങ്ങുമ്പോള്‍ എഴുതാന്‍ ഇനിയും ബാക്കിയുള്ള താളുകള്‍ സൂക്ഷ്മമായി നിറക്കുന്നത് ; ചിലപ്പോള്‍ കൊടുംതണുപ്പില്‍ അടുപ്പില്‍ വേഗം തീ പൂട്ടാന്‍ പറ്റുന്നത് ; അടിയോ ചവിട്ടോ കിട്ടുമ്പോള്‍ നോവാതിരിക്കാന്‍ ഒരു മന്ത്രചരടു കിനാവ് കാണുന്നത് ... അങ്ങനെ ... ഷുമായി വ്യാമോഹങ്ങളാല്‍ തളര്‍ന്നു പോവുന്നു . വെയിലില്‍ ഉണങ്ങി ലേശം മങ്ങിയ പുസ്തകത്താളുകളില്‍ കളിയാടുന്ന അവളുടെ കൂട്ടുകാരോട് ഒന്നിച്ചു ചേരുന്ന രാവുകള്‍ക്കായി അവള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്തു .
'' ഓ ..ഷുമായീ '' തുമ്മോ അടുക്കളവാതിലില്‍ വന്നു ഉറക്കെ വിളിച്ചു . കഠിനമായ ജീവിതം കൊണ്ട് ഒരു മധ്യവയസ്കയുടെ പാരുഷ്യം നിറഞ്ഞ ശബ്ദമാണ് തുമ്മോയുടെത് . അവളുടെ അടിവയര്‍ വീണ്ടും ഘനം വെച്ച് തുടങ്ങിയിട്ടുണ്ട് .
ഷുമായി തിരികല്ലില്‍ ചോളം പൊടിക്കുന്നത് നിര്‍ത്തി ചാടി എണീറ്റു . രണ്ടാനമ്മയുടെ മുഖം എന്താണിത്ര തെളിയാന്‍ ? ഷുമായിക്ക് ഉത്സാഹം തോന്നി . പുരക്കകത്തു നിന്ന് ജ്യെഷ്ടന്റെയും അബ്ബിയുടെയും സംസാരം കേട്ടു . അടുക്കളയില്‍ ഒരു പാത്രം നിറയെ ചോരയിറ്റുന്ന പുത്തന്‍ ആട്ടിറച്ചിയുണ്ടായിരുന്നു. ഒരു കൂടയില്‍ ഈന്തപ്പഴവും, പലവ്യഞ്ജനങ്ങളും മറ്റും. ഇന്നെന്താണാവോ വിശേഷം ? പെരുന്നാളിന് ഇനിയും മാസങ്ങള്‍ ഉണ്ടല്ലോ ? ഷുമായി അങ്ങനെ ഓര്‍ത്തു എങ്കിലും അവളുടെ കുഞ്ഞുമുഖം തിളങ്ങി. വായില്‍ വെള്ളമൂറുകയും ചെയ്തു . ഉത്സാഹത്തോടെ മസാലക്കൂട്ടുകള്‍ ശരിപ്പെടുത്താനും അടുപ്പില്‍ തീയാളിക്കാനും ഒക്കെ തുമ്മോയെ സഹായിക്കുമ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായില്ല . എന്നാല്‍ ഇടയ്ക്കു ജ്യേഷ്ടന്‍ വാതില്‍ മറ മാറ്റി ഷുമായിയെ സ്നേഹപൂര്‍വ്വം നോക്കിയിട്ട് പിന്‍വാങ്ങുമ്പോള്‍ അവള്‍ക്കു എന്തോ ഒരു മനസമാധാനം തോന്നി .
റൊട്ടിയും ഇറച്ചിക്കറിയും മധുരവും എല്ലാം തയ്യാറാകുന്നതിന്റെ സുഗന്ധം നിറഞ്ഞ വീട് മരിച്ചുപോയ അമ്മിയെപ്പോലെ അവളെ പൊതിഞ്ഞുപിടിച്ചു.
പരവതാനിയില്‍ വിഭവങ്ങള്‍ നിരത്തിവച്ച് എല്ലാവരും അതിനു ചുറ്റുമിരുന്ന് കഴിച്ചു. അബ്ബിയുടെ കണ്ണില്‍ സന്തോഷതിളക്കം ഉണ്ടായിരുന്നു . അയാള്‍ നിറഞ്ഞ കണ്ണുകളോടെ ഇടയ്ക്കിടയ്ക്ക് മൂത്ത മകനെ ചരിഞ്ഞു നോക്കി . ഇവന്‍ തനിക്ക് ഭാഗ്യം കൊണ്ടുവന്നല്ലോ . ഷുമായി രക്ഷപ്പെടട്ടെ ആദ്യം . തന്റെ മകള്‍ വീട്ടില്‍ ഒരു അടിമയെപ്പോലെ പെടാപ്പാട് പെടുന്നത് അയാള്‍ അറിയാഞ്ഞിട്ടൊന്നുമല്ല. ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഒരു കൂട്ടം നിസ്സഹായരായ മനുഷ്യജീവികള്‍ ആണവര്‍ . വെടിമരുന്നു കലര്‍ന്ന ഒന്നും മുളക്കാത്ത മണ്ണില്‍ ചോര നനച്ചു നട്ടു വളര്‍ത്തുന്ന , വെറുതെ ജീവിക്കാന്‍ മാത്രം മോഹിക്കുന്ന ചില ജീവിതങ്ങള്‍ . എന്നാല്‍ ഇന്നത്തെ ദിവസം ആയാലും ഏറെ മോഹിച്ചുപോകുന്നു . ഇടയ്ക്കിടെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ കഴിഞ്ഞെത്തുന്ന മകന്‍ ഇത്തവണ പുതിയ ശുഭവാര്‍ത്തകളുമായാണ് വന്നത് . കൂടെ പണവും സമ്മാനങ്ങളും . ആഗ്രഹങ്ങള്‍ മന്ഭിത്തികള്‍ക്കപ്പുറം വളരുകയാണ് ; പങ്കു കച്ചവടം ആണത്രേ അവന്‍ ചെയ്യുന്നത് . ഓരോ വരവിലും അവന്‍ കൂടുതല്‍ ദൃഡഗാത്രന്‍ ആവുന്നത് ദൈവം കടാക്ഷിച്ചു തുടങ്ങി എന്നതിനു ദൃഷ്ടാന്തമായി അബ്ബിക്ക് തോന്നി . തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രം തന്റെ പുത്രന്‍ വളര്‍ന്നു . ഉള്ളം കയ്യിലെ ചോരച്ച പാടുകളും , കൈവിരലിലും പള്ളയിലും കാണുന്ന മുട്ടി തഴമ്പുകള്‍ കഠിനമായ അദ്ധ്വാനതിന്റെത് അല്ലായെന്ന് അവന്‍ അബ്ബിയോടു പറയുകയില്ല.

"അബ്ബി,ഷൂമി ക്ക് അവിടെ നിന്ന് പഠിക്കാന്‍ സൗകര്യമുണ്ട് .അവളിനി ഒരല്ലലുമറിയില്ല." അത്ര മാത്രമേ ഉറച്ച സ്വരത്തില്‍ അവന്‍ പിതാവിനോട് പറഞ്ഞുള്ളൂ.അതൊരു അന്തിമവും എതിര്‍ക്കാനാകാത്തതുമായ തീരുമാനമായാണ് അയാള്‍ക്ക് തോന്നിയത്.കാരണം അതിന്റെ പങ്കു അയാളുടെ വിശക്കുന്ന വയര്‍ നിറച്ചിരുന്നു;ഉടുപ്പിന്റെ പോക്കറ്റില്‍ ചുരുളുകളായി വിശ്രമിച്ചു കൊണ്ട് അയാളെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു ; തുമ്മോയുടെ കണ്ണുകളില്‍ അതുവരെ കാണാത്ത ഭാവങ്ങളില്‍ അയാളെ ഉണര്ത്തുന്നുണ്ടായിരുന്നു.! ഷുമായി മാത്രം അമ്പരപ്പ് നിറഞ്ഞ കണ്ണുകള്‍ ദ്രുതമായി ചലിപ്പിച്ചു കൊണ്ട് അബ്ബിയെയും ജ്യെഷ്ട്ടനെയും മാറി മാറി നോക്കി കൊണ്ടിരുന്നു .

"കരളേ നീ ഭയ്യാ പറഞ്ഞത് കേട്ടോ,എന്റെ മകള്‍ക്ക് നല്ല കാലം വന്നിരിക്കുന്നു" ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ മകന്‍ കൊണ്ട് വന്ന ചുരുട്ട് ഒരെണ്ണം എടുത്തു ശ്രദ്ധാപൂര്‍വം തീ പിടിപ്പിച്ചു ആസ്വദിച്ചു പുക വലിച്ചെടുത്തു. മേല്‍ത്തരം പുകയിലയുടെ ഗന്ധം നാസികയിലും നെഞ്ചിലും നിറഞ്ഞു അയാളെ സ്വപ്നങ്ങളില്‍ മാത്രമുള്ള ഗൃഹാതുരതയിലേക്ക് കൊണ്ട് പോയി.

ഷുമായിയുടെ കൊച്ചു മെലിഞ്ഞ ശരീരത്തിന് രണ്ടു വര്ഷം മുന്‍പുള്ള പെരുന്നാളിന് വാങ്ങിയ ഉടുപ്പ് അപ്പോഴും പാകം തന്നെ ആയിരുന്നു. "ഒന്നും എടുക്കേണ്ട,എല്ലാം പുതിയത് വാങ്ങാം " ജ്യെഷ്ട്ടന്‍ പറഞ്ഞു, തലേന്ന് ഉണ്ടാക്കിയ റൊട്ടിയും കറിയും ഷുമായിയുടെ ചളുങ്ങിയ അലൂമിനിയം പാത്രത്തില്‍ നിറച്ചു തുമ്മോ കൊടുത്തു.എന്നിട്ട് അവളുടെ ചെമ്പന്‍ മുടിയിഴകള്‍ തടവി ഒതുക്കി .ഒരിക്കല്‍ പോലും തന്നെ പോലെ ഒരു പെന്കുട്ടിയാണിവളും എന്ന് കരുതിയില്ലല്ലോ എന്ന പിടച്ചില്‍ അവളുടെ അടിവയറില്‍ അപ്പോള്‍ തോന്നി .വൃത്തിയായ വേഷം ധരിച്ചു ഷുമായി അബ്ബിയുടെ മുന്‍പില്‍ യാത്ര പറയുവാന്‍ നിന്നു.അവളുടെ കയ്യില്‍ ഭക്ഷണ പൊതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ആരും കാണാതെ തന്‍റെ കൊച്ചുബുക്ക്‌ അവള്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ചിരുന്നു .പുതിയ സ്കൂളില്‍ ചേരുമ്പോള്‍ അവിടുത്തെ കൂട്ടുകാരികള്‍ക്ക് അഭിമാനപൂര്‍വ്വം അതവള്‍ കാണിച്ചു കൊടുക്കും ! 'പഷ്തൂണ്കളുടെ അഭിമാനം ആകും നീ.' ജ്യെഷ്ട്ടന്‍ മനസ്സില്‍ പറഞ്ഞു.

സന്ധ്യ മയങ്ങിയിരുന്നു യാത്ര അവസാനിക്കുമ്പോള്‍.സഹയാത്രികരായി കുറച്ചു സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഷുമായിയോട് സംസാരിച്ചില്ല. തന്നെയുമല്ല പുരുഷന്മാര്‍ അവള്‍ക്കു പരിചിതമല്ലാത്ത ഭാഷയായിരുന്നു സംസാരിച്ചത്‌.അതെന്തായാലും പഷ്തൂണ്‍ അല്ല. അവളോര്‍ത്തു.തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പൊടിയും നിറഞ്ഞ തവിട്ടു നിറമുള്ള മണ്ണിലൂടെയുള്ള യാത്ര അവളുടെ ശരീരം തളര്‍ത്തികളഞ്ഞിരുന്നു .ഉയര്‍ന്ന മതിലുകളാല്‍ മറച്ച ഒരു വീട്ടിലേക്കു അവര്‍ ചെന്ന് കയറുമ്പോള്‍ നേരം ഏറെ രാചെന്നിരുന്നു .

"എപ്പോഴാ ഞാന്‍ സ്കൂളില്‍ ചേരുക ?" വെണ്ണ ചേര്‍ത്ത ചപ്പാത്തിയും മാംസ കറിയും കഴിച്ചു ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഷുമായി മുറിയുടെ വാതില്‍ക്കല്‍ മിന്നായം പോലെ കണ്ട ജ്യെഷ്ട്ടനോട് തിരക്കി . 'നാളെ തന്നെ,'നാളെ തന്നെ,... അയാള്‍ പറഞ്ഞു .

കാലത്ത് എഴുന്നേറ്റപ്പോള്‍ അവള്‍ക്കായി പുതു വസ്ത്രങ്ങളും മേല്‍കുപ്പായവും തയ്യാറായിരുന്നു. തന്‍റെ പുസ്തകം മാറോട് ചേര്‍ത്തു പിടിച്ചു ഷുമായിയും പുറത്തേക്ക് വന്നു. താനൊരു രാജകുമാരി ആണെന്ന് അവള്‍ക്കു തോന്നി .അവള്‍ കടന്നു പോകവേ ഇടനാഴിയില്‍ സംസാരം നിലച്ചു. ശിരസ്സുകള്‍ ബഹുമാനപൂര്‍വ്വം കുനിഞ്ഞു ആരാധനയുടെ തിളക്കമുള്ള കറുത്ത മിഴികള്‍ മൂട്പടങ്ങളില്‍ നിന്നു നീണ്ടു.അവര്‍ കയറിയ വണ്ടി ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ നിന്നു.ഇത്രയും വലിയ സ്കൂളോ !!! ഷുമായി അത്ഭുതപരതന്ത്രയായി ! ജ്യെഷ്ട്ടന്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു.എന്നിട്ട് മേല്‍ക്കുപ്പായം ഉയര്‍ത്തി നെഞ്ചിനു താഴെയായി ഒരു കറുത്ത ബെല്റ്റ് കുറുകെ ധരിപ്പിച്ചു.മുന്‍പില്‍ ചുവന്ന ബട്ടനുള്ള ഭംഗിയുള്ള ,കനമുള്ള ബെല്റ്റ് .
"പൊന്നെ ,നീ മുന്‍പില്‍ നടക്കു.ഞാന്‍ പുറകെ ഉണ്ട്. സ്കൂളിനുള്ളില്‍ ചെന്ന് ഈ ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ഭയ്യാ ഓടി വരാം കേട്ടോ " ജ്യെഷ്ട്ടന്‍ അവളോട്‌ മൃദുവായി പറഞ്ഞു.ഇതൊരു രസകരമായ കളിയാണല്ലോ ,അവള്‍ക്കു ചിരിവന്നു .പക്ഷെ അയാളുടെ കണ്ണുകളിലെ രൂക്ഷമായ തിളക്കം ഷുമായിയെ അമ്പരപ്പിച്ചു.ശരി ,അവള്‍ തലയാട്ടി .ഷുമായിക്ക് പുറകില്‍ വണ്ടിയുടെ വാതില്‍ ശബ്ദമില്ലാതെ അടഞ്ഞു.
ഷുമായി പൂന്തോപ്പിനു നടുക്കുള്ള വഴി കടന്നു പ്രധാന വാതിലിനു നേര്‍ക്ക്‌ പ്രസരിപ്പോടെ നടക്കുകയാണ്.വാതില്‍പ്പടി കടക്കുന്നതിനു മുന്‍പ് അവളോര്‍ത്തു,അകത്ത് കയറിയാലുടന്‍ ജ്യെഷ്ട്ടനെ വിളിക്കണമെന്നല്ലേ പറഞ്ഞത്.വലംകയ്യില്‍ നോട്ട്ബുക് ചേര്‍ത്തു പിടിച്ചു അവള്‍ ഇടം കയ്യാല്‍ ഉടുപ്പിനുള്ളിലെ ചുവന്ന ബട്ടണ്‍ അമര്‍ത്തി........

ഒരു ഘോര സ്ഫോടനത്തിലും പൊലിയാത്ത ജീവനുമായി ഒരു പുസ്തകകടലാസ് --ചോരയുംമാംസവും എല്ലുകളും ചിതറിയ ഭൂമിയില്‍ ത്രസിച്ചു കൊണ്ട് പറക്കുന്നു .അതില്‍ വടിവൊത്ത അക്ഷരങ്ങളില്‍ പേരുകള്‍,പൂക്കളുടെ ,നദികളുടെ ,മരങ്ങളുടെ,പര്‍വ്വതങ്ങളുടെ .............


* © വീണാദേവി മീനാക്ഷി Veenadevi Meenakshy 

Monday, March 10, 2014

ബുധനില , പിന്നെ പപ്പ്സും ..

ബുധനില

'' അമ്മെ ഇത് കണ്ടോ ?'' 
ജ്യേഷ്ടന്റെ കയ്യില്‍ ഒരു വാഴയിലപ്പൊതി . കര്‍ക്കിടകമഴയില്‍ തണുത്തു വിറങ്ങലിച്ച വിറകിന്‍ മുട്ടികളില്‍ തീ പിടിച്ചു വരുന്നെയുണ്ടായിരുന്നുള്ളൂ . പക്ഷെ അവധിയാണല്ലോ . തീയങ്ങനെ കത്തിപ്പിടിക്കട്ടെ. ചൂടു കിട്ടാന്‍ അടുപ്പിനരുകില്‍ പൂച്ചക്കുട്ടിയടക്കം നാലുപേര്‍ ഹാജര്‍ ഉണ്ട് . അമ്മക്ക് തിരക്കാണ് , അതിനിടയില്‍ ആണ് പുതിയ കാഴ്ച .
'' എന്താത്?''
ജ്യേഷ്ടന്‍ തലേന്ന് രാത്രി ദൂരെയുള്ള കോളേജ് പൂട്ടി അവധിക്കു വന്നതാണ്‌ . അപ്പോള്‍ കൊണ്ടുവന്നതാണ് ഈ വിശേഷപ്പെട്ട പൊതി . 
വാഴയില വിടര്തിയപ്പോള്‍ അതിന്റെ നടുക്ക് പച്ചനിറം കെടാത്ത ഒരു പിടി ഇലകള്‍ ഉണ്ടായിരുന്നു . ഒരു പ്രത്യേക ഗന്ധം അവിടെ നിറഞ്ഞു ..
?
'' ഇതിന്റെ പേരാണ് ബുധനില..!''
അതെന്താത് ? ഇലയ്ക്ക് ആഴ്ചയുടെ പേരാ ..? 
അതെനിക്കറിയില്ല . ഇതിന്‍റെ പേര്‍ അങ്ങനെയാ. ജ്യേഷ്ടന്‍ പ്രഖ്യാപിച്ചു .
'' ഹും ...ഉം..'' അമ്മ ഇലകള്‍ സൂക്ഷ്മമായി പരിശോധിച്ചു .
'' അമ്മെ  ജ്യേഷ്ടന്‍ തുടര്‍ന്ന് പറഞ്ഞു , ഇതെന്താ ചെയ്യന്നറിയ്യോ? ഇതൊണ്ട് ഒന്നാന്തരം ചമ്മന്തിയുണ്ടാക്കാം . ഈ വീട്ടില്‍ എല്ലാവരും ചമ്മന്തി പ്രണയികള്‍ ആണ് , പക്ഷെ ഇന്നുവരെ ഈ ചമ്മന്തി കേട്ടിട്ടുമില്ല കഴിച്ചിട്ടുമില്ല .!
'' അപ്പൊ .. എങ്ങനെയാ ഉണ്ടാക്കുക ?'' 
അതൊക്കെ ഞാന്‍ പഠിച്ചു .. 
ആ നേരം അടുപ്പില്‍ കഞ്ഞി തിളച്ചു തുടങ്ങിയിരുന്നു . ഇലകള്‍ കഴുകി കലത്തിന്റെ അടപ്പിന് മുകളില്‍ വാട്ടിയെടുക്കാന്‍ വെച്ച്  ജ്യേഷ്ടന്‍ പറഞ്ഞു , '' ഇങ്ങനെയേ ഇത് വാട്ടാന്‍ പാടുള്ളൂത്രേ .''
ഒപ്പം അടുപ്പില്‍ കനലിന്റെ ഇടയില്‍ മൂത്ത തേങ്ങ തുണ്ട് ചുടുവാനും വെച്ചു. അതൊരു വല്ലാത്ത അവസ്ഥ തന്നെയാണേ... കൊതി പിടിപ്പിക്കുന്ന മണം ആണതിന്. 
ഇന്ന് കാലത്ത് ഞാന്‍ കഞ്ഞിയാ കുടിക്കുക .! ഞാന്‍ തീരുമാനിച്ചു . നെയ്യിട്ട കഞ്ഞി . ഈ ചമ്മന്തി മോശമാവാന്‍ ഇടയില്ല .
പിന്നീട് മുളക് , ഉള്ളി ഇവയും കനലില്‍ പൊരിഞ്ഞു പുറത്തേക്കു വന്നു . 
ലേശം പുളി കൂട്ടിക്കോളു അമ്മെ .. ജ്യേഷ്ടന്‍ നിര്‍ദ്ദേശിച്ചു. 
വാട്ടിയ ബുധന്‍ ഇല , ചുട്ട തേങ്ങ , മുളക് , ഉള്ളി , കല്ലുപ്പ്, വേപ്പില , പുളി ഇവയെല്ലാം ചേര്‍ന്നു അമ്മിയില്‍ അരഞ്ഞു തുടങ്ങി . കഞ്ഞി വെന്തു പാകമായി . 
ഇളം ചുവപ്പില്‍ പച്ച ചേര്‍ന്ന ഒരു റബ്ബര്‍ പന്ത് പോലെ അമ്മ ചമ്മന്തിയുടെ ഉണ്ട വാഴയിലയില്‍ പകര്‍ന്നു .. നല്ല രസമുണ്ടായിരുന്നു അത് കാണാന്‍ ...  പുറത്ത് കര്‍ക്കിടക മഴ നൂലിഴയിട്ടു പെയ്യുണ്ടായിരുന്നു . കുഞ്ഞിപ്പലകകളില്‍ സ്ഥാനം പിടിച്ച ഞങ്ങളുടെ മുന്‍പില്‍ ചൂടു കഞ്ഞിയും ബുധനില ചമ്മന്തിയും തുള്ളിച്ചാടി ...

... 
കാലം വീണ്ടും പിന്നിട്ടപ്പോള്‍ ഒന്ന് മനസ്സിലായി . ഈ ബുധന്‍ ഇലക്ക് പേര് പുതിനയില എന്നാണ് . അത്രക്കങ്ങട്  സംസ്കൃതമായി പറയേണ്ടതില്ല .... !!
പപ്പ്സിന്റെ കഥ പിന്നെ പറയാം ....

**Facebook page here

Friday, January 24, 2014

വര്‍ണ്ണചിത്രക്കുഴല്‍ { കാലിഡോസ്കോപ്പ് }

"...... അവന്റെ കണ്ണുകള്‍ എന്റെ പ്രിയതരമായ വര്‍ണ്ണചിത്രക്കുഴലുകള്‍ . ഓരോ തവണ ഇമ ചിമ്മി വിടര്തുമ്പോഴും കണ്ട അത്ഭുതലോകത്തിലേക്ക് ആലീസിനെപ്പോലെ ഞാന്‍ ആഴ്ന്നിറങ്ങി .
ഓരോ കാഴ്ചയും ഒരിക്കല്‍ മാത്രം .
അങ്ങനെയാവുമ്പോള്‍ എത്ര ധ്യാനനിരതമായ നിമിഷങ്ങള്‍ വേണം എനിക്ക് ഓരോന്നും ആസ്വദിച്ച് അതില്‍ ലയിക്കാന്‍ ? ജന്മങ്ങള്‍ തന്നെ വേണം ...''
 

അമ്പലത്തിലെ ഉത്സവ പറമ്പിലെ ചിന്തിക്കടകള്‍ കയറിയി
റങ്ങി , കുപ്പിവളയും , മുത്തുമാലയും , അരിചാന്തും , പൂവെച്ച പിന്നും ഒക്കെ വാങ്ങി കഴിഞ്ഞു വീട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ ആണ് ജ്യേഷ്ടന്‍ ഒരു സമ്മാനം തന്നത്. റോസ് വര്‍ണ്ണ ക്കടലാസു പൊതിഞ്ഞ് , സ്വര്‍ണ നൂല്‍ കൊണ്ട് മുറുക്കിവരിഞ്ഞ ഒരു കുഴല്‍ .
'' ഇതിന്റെ പേര് കാലിഡോസ്കോപ് എന്നാണ് . കണ്ണില്‍ ചേര്‍ത്ത് പിടിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ ഒരു പാട് ചിത്രങ്ങള്‍ കാണാം ..!'' ഞാനത് തിരിച്ചും മറിച്ചും നോക്കി . ചെവിയോട്‌ ചേര്‍ത്ത് വെച്ചു . ഉള്ളില്‍ അതീവ മൃദുലമായി ചില്ലുകള്‍ കിലുങ്ങുന്ന പോലെ . നേരം ഇരുട്ടിയത് കൊണ്ട് ഉള്ളില്‍ എന്താണെന്നു അറിയുവാന്‍ നിവൃത്തിയില്ല . കുറച്ചുകൂടി നേരത്തെ തരമായിരുന്നില്ലേ ? ഇനിയിപ്പോള്‍ നേരം വെളുക്കണം ..!

പിറ്റേന്ന് കാലത്ത് , മലമുകളിലായി സൂര്യന്‍ ഉദിച്ചുയര്‍ന്നത് നീട്ടിപ്പിടിച്ച ഒരു കുഴലിന് നേര്‍ക്ക് ആയിരുന്നു . എന്തൊരു വിസ്മയകരമായ കാഴ്ചയായിരുന്നു അതിനുള്ളില്‍ ! അനേകം സുന്ദരങ്ങളായ ആകൃതികള്‍ കുഴലിന്റെ ഓരോ ചലനത്തിലും മാറി മാറി വന്നു കൊണ്ടിരുന്നു .

'' ഇങ്ങനെ വായ തുറന്നു വെച്ചാല്‍ ഈച്ച വീഴും ..'' അമ്മ പുറകില്‍ വന്നു കളിയാക്കി . ഒരുപക്ഷെ അമ്മയ്ക്കും അതൊന്നു കയ്യിലാക്കി നോക്കിയാല്‍ കൊള്ളാം എന്നുണ്ടായിരിക്കും . അത് നടക്കില്ലല്ലോ . എന്താവാം ഇതിന്റെ ഉള്ളില്‍ ? ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു നോക്കി .

ഒന്ന്.  ഇതൊരു മാന്ത്രിക ക്കുഴല്‍ ആണ് , സംശയമില്ല
രണ്ട്. ആരോ ഇതില്‍ പൂക്കളും , രത്നക്കല്ലുകളും ഒക്കെ നിറച്ചു വെച്ചിട്ടുണ്ട് . അതാണ് ഉള്ളില്‍ കിലുങ്ങുന്നത് .
മൂന്ന് . കുഴലിന്റെ ഉള്ളില്‍ വേറെ ഒരു ലോകമുണ്ട് . പക്ഷെ അതങ്ങു ദൂരെ കുഴലിന്‍ തുമ്പത്ത് ആണല്ലോ , എന്നോളം വലിപ്പമുള്ള ഒന്നായിരുന്നെന്കില്‍ അടുത്ത് പോയി നോക്കാമായിരുന്നു !.. ഇങ്ങനെ പോയി ഭാവനകള്‍ . ഒരു കാലിഡോസ്കോപ്പിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിയാനുള്ള പ്രായം ആയിരുന്നില്ല. അല്ലെങ്കില്‍ തന്നെ ഭാവനയുടെ ഉജ്വലമായ് ലോകത്ത്‌ അത്തരം അറിവുകള്‍ വേണ്ടായിരുന്നു താനും .

ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അതിന്റെ പുറം കടലാസ് പിഞ്ഞിതുടങ്ങി. നൂലിന്റെ മുറുക്കം കുറഞ്ഞു . എങ്കിലും ഒരിക്കല്‍ പോലും ആവര്‍ത്തനം ഇല്ലാതെ പുതിയ വര്‍ണ്ണ ലോകവുമായി അതെന്നെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്നോ .
അങ്ങിനെ ഒരു ദിനം കാലിഡോ സ്കോപ് , പുറംചട്ടയൂരി അതിന്റെ അന്തിമനാളിലേക്ക് പ്രവേശിച്ചു . അതിങ്ങനെയായിരുന്നു .
ഒരു കുഴല്‍ , അതിന്റെ ഉള്ളില്‍ ത്രികോണമിതിയില്‍ വെച്ച മൂന്ന് ചില്ല് പാളികള്‍ . അറ്റത്ത്‌ ഒരു ഭൂതകണ്ണാടി യും അതിനു പിറകില്‍ വേറെ ഒരു ചില്ല് കണ്ണാടിയും ഇടക്കുള്ളതോ ചില നുണ്ങ്ങു വളപ്പൊട്ടുകള്‍ , മുത്തുകള്‍ ഒക്കെ ...
ഓ .. ഇതായിരുന്നുവോ ആ അത്ഭുത ലോകത്തിന്‍റെ ഉറവിടം . എനിക്ക് നിരാശ തോന്നിയില്ല , പകരം ഒരു പുതിയ ലോകം ഉണ്ടാവുന്നത് കണ്ടെത്തിയ ഉത്സാഹം ഉണ്ടായിരുന്നു . ഞാന്‍ അത് വീണ്ടും പണിപ്പെട്ടു ഒട്ടിച്ചു ശരിയാക്കി , പക്ഷെ അത്യാഗ്രഹം നോക്കണേ , എന്റെ വകയായി ചില പുതിയ വസ്തുക്കള്‍ കൂടി അതില്‍ നിക്ഷേപിച്ചു . എന്നാല്‍ കാണാന്‍ അത്ര നന്നായിരുന്നില്ല . അമിതമായി അതില്‍ നിറച്ചാല്‍ ഒന്നും കാണാന്‍ പറ്റില്ല എന്നും ഞാന്‍ അറിഞ്ഞു .

അല്ലെങ്കിലും ഭാവനയുടെ ഉജ്വല ലോകത്തിനും അത് തരുന്ന ആഹ്ലാദത്തിനും , അമിതമായി ഒന്നും ആവശ്യമില്ലല്ലോ . 

ഇപ്പോഴും കാലിഡോസ്കോപ് കൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടോ എന്ന് അറിയില്ല . ഒരു പക്ഷെ , ഇപ്പോള്‍ അവരുടെ ലോകം കുത്തി നിറക്കപ്പെട്ട അനേകം വിനോദങ്ങള്‍ കൊണ്ട് കൌതുകം നഷ്ടപ്പെട്ടതയിരിക്കുന്നു എന്നു തോന്നുന്നുണ്ട് . മനസ്സും ലോകവും എല്ലാം എല്ലാം ഒരു വര്‍ണ്ണ ചിത്ര ക്കുഴല്‍ പോലെ തന്നെ . ഒന്നും മുന്‍പേ പോലെ ആവര്‍ത്തിക്കുന്നില്ല , അതുകൊണ്ട് തന്നെ എല്ലാം വളരെ പ്രത്യേകം , സുന്ദരം , അപൂര്‍വം ..


Friday, November 8, 2013

"ROOMS "- Now Open

ROOMS

She owned a home with several rooms;
All lofty and with small windows,
Everyday she cleaned from wall to wall; door to door;window to window;
Just because she owned this house with several rooms.
She never thought of anything else
Her memories and thoughts filled with dust and cobwebs casting a-
gloomy shadow on the very white wall.
Withered brown leaves strewn by the cold wind,
crushing her dreams into a grey nightmare; but she wiped it clean,
waking up with a stifled cry.
However, she owned this house with its several rooms..

Her hands thinned out cleaning and wiping;
Her feet rooted out walking and staggering;
She lost her breath blowing out the dust and gathering in the fumes;
Her eyes burned out looking for grains of sand..
She was cleaning here and there; now and then.. retreating..


Everything is clean now.
So white.
So clean.
Shadow less and flawless.
At last
She saw the foot prints..
Foot prints of wet, slimy mud all over the very clean and plain space;
Those belonged to her.. 



















- © V. Meenakshy

Tuesday, October 22, 2013

അമ്പിളി അമ്മാവനും ഞാനും



എഴുപതുകളിലും എണ്‍പതുകളിലും 'അമ്പിളി അമ്മാവന്‍ ' എന്ന ചിത്ര മാസിക വായിച്ച ആരും തന്നെ അത് മറക്കുവാന്‍ ഇടയില്ല.ഞാനടക്കം വായനക്കാരായ കുട്ടികളെ ഏറെ സ്വാധീനിച്ച ഒരു ബാല മാസികയാണത്.അമ്പിളി അമ്മാവന്‍ വീട്ടില്‍ വരുത്താന്‍ അനുവാദമുണ്ടായിരുന്ന കുട്ടികളോട് അസൂയ തോന്നിയിരുന്ന കാലം.അച്ഛന്റെ കര്‍ക്കശമായ വായനാ നിലപാടുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെകുറിച്ച് മാത്രമുള്ളതായിരുന്നു.ബാക്കി എല്ലാം വര്‍ജ്യം! കേട്ടുകേള്‍വി പോലുമില്ല!!
മാതൃഭൂമിയിലെ നിലവാരം പുലര്‍ത്തുന്ന കടുകട്ടിയായ സാഹിത്യങ്ങള്‍ വായിച്ചു മനസ്സിലാക്കുക ഒരു ജോലി ആയിരുന്ന കാലത്ത്‌ എപ്പോഴോ ഒരിക്കല്‍ മൂന്നാം നമ്പര്‍ പീടികയില്‍ നിന്ന് ബട്ടന്‍ ബിസ്കെറ്റ്‌ പൊതിഞ്ഞു കൊണ്ട് വന്ന മനോഹര ചിത്രമുള്ള ഒരു പേജ് കൗതുകമുണര്‍ത്തി .ആ ചിത്രം തന്നെ ഒരു കഥ പോലെ വിശദമായിരുന്നു.ആ കഥയുടെ ആദിയുംഅന്തവും അറിയാതെ എന്റെ കൊച്ചു മനസ്സ്‌ എത്രമാത്രം വിങ്ങിയെന്നോ !! പിന്നീട് കുറച്ചു നാളുകള്‍ക്കു ശേഷം എവിടെനിന്നോ കൈ മാറി വന്ന ഒന്ന് കിട്ടി. അതിലെ ഒരോ കഥയും ഓരോ സ്വപ്ന ലോകത്തിലേക്കുള്ള വാതിലുകളായിരുന്നു.എത്രയോ തവണ വായിച്ചു.ഓരോ വാക്കും പെറുക്കി പെറുക്കി ഒരു ചോക്കലേറ്റ്‌ പതിയെ കഴിക്കുന്നത്‌ പോലെ ആസ്വദിച്ചു.ചിത്രങ്ങളില്‍ നോക്കി ഏറെ നേരമിരുന്നു.എന്റെ ഒരു അപരയാഥാര്‍ത്ഥ്യ ലോകമായിരുന്നു അത്. അതിലെ തെരുവുകളിലൂടെ ഞാന്‍ പോയി.കാടും മേടും പൂങ്കാവനവും കണ്ടു.പകിട്ടുകള്‍ ആസ്വദിച്ചു...അങ്ങിനെ അങ്ങിനെ...

ഒരു അമ്പിളി അമ്മാവന്‍ വായിക്കുവാന്‍ ഏതു ശത്രുവിനെയും മിത്രമാക്കുവാനും,ഏതു കളിയിലും തോല്‍വി സമ്മതിക്കുവാനും ഞാന്‍ തയ്യാറായിരുന്നു.ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്നവ,തുടര്‍ച്ചയായ ലക്കങ്ങള്‍ അല്ലായിരുന്നു.അതുകൊണ്ട് അതിലുണ്ടായിരുന്ന അത്ഭുത മാന്ത്രിക കഥയുടെ 'കഥ ഇതുവരെ 'വായിച്ചു തൃപ്തി അടയുകയും ബാക്കി ഉള്ളവ ആവേശപൂര്‍വം മന:പാഠമാക്കുകയും ചെയിതു.രാത്രി സ്വപ്നങ്ങളില്‍ ഒരു മുറിയില്‍ മച്ചുവരെ ഉയരത്തില്‍ അടുക്കിവെച്ച അമ്പിളിഅമ്മാവനുകള്‍ !സ്വപ്നത്തില്‍ അവ വായിക്കുവാന്‍ കഴിയാതെ എപ്പോഴും ഉണര്ന്നിരുന്നത് എന്താണാവോ?

ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് പത്രക്കാരനെ കാണുവാന്‍ തീരുമാനിച്ചു.അക്കാലം മാതൃഭൂമിവായന രസമായി തുടങ്ങിയിരുന്നു.എന്നാല്‍ അതില്‍ കുട്ടിക്കഥകള്‍ മരുന്നിനു പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പത്രക്കാരന്‍ വരുന്ന വഴിയില്‍ കാത്തു നിന്നു.വലിയ പത്രകെട്ടും അതിന്റെ കൂടെ മാസികകളും ചുമന്നു കുന്നു കയറി വരുന്ന പത്രക്കാരന്‍. പത്രത്തിന്റെ ചാരനിറത്തിനു അരികു പറ്റി മാസികകളുടെ വര്‍ണ്ണതാളുകള്‍ .ഇടയ്ക്കു അമ്പിളി അമ്മാവന്‍റെ മൂന്നു നാല് പ്രതികളുമുണ്ടാകും.എന്തൊരു ആഹ്ളാദകരമായ കാഴ്ച !!
"അതേയ് ,ഞങ്ങള്‍ടെ വീട്ടിലും അമ്പിളി അമ്മാവന്‍ ഇട്വ്യോ " ഞാന്‍ പ്രതീക്ഷയോടെ ചോദിച്ചു.
"അതെങ്ങിനെ,കുട്ടിയുടെ അച്ഛന്‍ പറഞ്ഞിട്ടില്ലല്ലോ ? മാതൃഭൂമി പത്രവും ആഴ്ച്പ്പതിപ്പും മാത്രമേ തരാന്‍ പറഞ്ഞിട്ടുള്ളൂ.അത് കൊണ്ട് അമ്പിളി അമ്മാവന്‍ ഒന്നും തരാന്‍ പറ്റില്ല." അയാള്‍ പറഞ്ഞു.
"എന്നാല്‍.....ഇപ്പൊ വായിക്കാന്‍ ഒരണ്ണം തര്യോ ?"
അയാള്‍ എന്നെ ഒരു കീടത്തെപ്പോലെ നോക്കി.
"പറ്റില്ല.അത് വേറെ ആളുകള്‍ക്കുള്ളതാ " പത്രക്കാരന്‍ അമര്‍ത്തി ചവിട്ടി നടന്നു പോയി. 'ഹ്ഹും ..' വല്ലാത്ത സങ്കടവും നിരാശയും തോന്നി.
എന്ത് ചെയ്യാനാണ്.? അന്നത്തെക്കാലത്ത് ഒരു കൊച്ചു കുട്ടി വിചാരിച്ചാല്‍ ഒന്നും നടക്കില്ല. എന്ത് വായിക്കണം,വായിക്കണ്ട എന്നുള്ളതെല്ലാം അച്ഛന്റെ കടുംതീരുമാനങ്ങളത്രേ .എങ്കിലും വല്ലപ്പോഴുമെനിക്ക് ഒരു നിധിപോലെ അമ്പിളി അമ്മാവന്‍ കിട്ടി കൊണ്ടിരുന്നു. അതിലെ കഥകള്‍ ഇഴ ചേര്‍ത്ത ഭാവനയുടെ നൂലില്‍ ഊയലാടി ഞാന്‍ എവിടെയെല്ലാം പോയെന്നോ !
ഞാന്‍ മുതിര്‍ന്ന് ഹൈസ്കൂളില്‍ ആയപ്പോഴേക്കും വീട്ടില്‍ ബാലരമ വരുത്തുന്നുണ്ടായിരുന്നു.എങ്കിലും അമ്പിളി അമ്മാവനോടുള്ള ആകര്‍ഷണം അങ്ങിനെ തന്നെ തുടര്‍ന്നു.ഒടുവില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് മാത്രം അമ്പിളി അമ്മാവന്‍ വരുത്തി തന്നു .കാരണം അടുത്ത വര്ഷം പത്താം ക്ലാസ്‌ പരീക്ഷ എഴുതേണ്ടതുണ്ട് .!! അങ്ങിനെ ജനുവരി കാറ്റിന്‍റെ തണുപ്പിനൊപ്പം ഒരു പ്രഭാതത്തില്‍ അമ്പിളി അമ്മാവന്‍ എന്റെ വീടിന്റെ കോലായില്‍ പ്രത്യക്ഷപെട്ടു !!!   :) :)


**ഓര്‍ത്ത്‌ നോക്കുമ്പോള്‍ കുട്ടിക്കാലത്തിന്റെ ചാരുത ഏറെയും നാടോടി കഥകളും ചിത്ര പുസ്തകങ്ങളും നല്‍കിയ സ്വപ്നങ്ങളാല്‍ നിര്‍മ്മിതമാണ്.ഏതൊരു കുട്ടിക്കും എപ്പോഴും അതങ്ങിനെ തന്നെ ആയിരിക്കട്ടെ.

സ്നേഹപൂര്‍വ്വം
വി.മീനാക്ഷി 

കഥകള്‍ ഇഷ്ട്ടമായെന്കില്‍ ഇവിടെ ഒരു ലൈക്‌ തരാന്‍ മറക്കല്ലേ :)

Saturday, October 19, 2013

Enlightenment


Ripped open soul standing naked amidst clouds of blue flames,
All the elements are merged into a shadow-less being.
At last the beingness in me sprouts its first ever seed of love.
In the beginning I could not open the wings
and take off beyond the barbed fences of memory;
then the gale of grief began to wane,
I tiptoed through the winding path lined by green trees of time.
Now I reached the snowy peak of my true nature,
where beauty is glistening in the cool white light of purity.


Friday, October 18, 2013

പിങ്കുളുവും പുക്ലാണ്ടിയും പിന്നെ കുമാറും .( ഒരു കുഞ്ഞി കഥ )

കുറച്ചു ദിവസങ്ങളായി പെയ്തു കൊണ്ടിരുന്ന മഴ പാതിരാത്രിയോടെ ശമിച്ചു. വീശുന്ന കാറ്റിലെ മരപെയ് ത്തും പുലര്‍ച്ചയോടെ തോര്‍ന്നു.തെളിമയാര്‍ന്ന സൂര്യന്‍ ഭൂതലം മുഴുവനും നവരത്ന തിളക്കം വാരി വിതറുമ്പോളാണ് ,റോഡിന്റെ ഓരം പറ്റി ചന്തക്കു പോയ പിങ്കുളുവും പുക്ക്ലാണ്ടിയും തിരിച്ചു വന്നത്. ഇരുവരുടെയും കയ്യില്‍ പുതിയതായി വറുത്തെടുത്ത കപ്പലണ്ടി നിറച്ച കടലാസ കുമ്പിളുകള്‍ . വഴിയിലോരോ മരവും പൂച്ചെടിയും തൊട്ടു നോക്കി ,ഇലയും,പൂവും,കായും,ഇനവും തരവും പറഞ്ഞ് കപ്പലണ്ടിയും ഇടയ്ക്കു കൊറി ച്ചാണ് യാത്ര !

പിങ്കുളുവിന്റെ കയ്യില്‍ പനിനീര്‍ പൂവ്‌ കുത്തിപ്പിടിച്പ്പിച്ച കൈതയോല കൊണ്ട് മെനഞ്ഞ വട്ടിയുണ്ട്. അതിനുള്ളില്‍ വയ്ക്കോല്‍ നാരുകള്‍ക്കിടയില്‍ ശ്രദ്ധയോടെ പൊതിഞ്ഞു വെച്ച ഒരു ഇളം ചുവപ്പ് മുട്ട വിശ്രമിച്ചു.ശരിക്കും പറഞ്ഞാല്‍ എന്തിനായിരുന്നു രണ്ടാളും മാനം വെളുക്കും മുന്‍പേ ഗ്രാമ ചന്തയില്‍ പോയത്? എന്തിനാണെന്നോ ? - മുട്ട വാങ്ങാന്‍ ! അതും ആടിന്റെ മുട്ട വാങ്ങാന്‍ ആണ് അവര്‍ ചന്തക്കു പോയത്.!!! അനേകം മുട്ടകള്‍ക്കിടയില്‍ നിന്ന് വലിയൊരു മുട്ട തിരഞ്ഞെടുത്തു.'വിരിയുമ്പോള്‍ ഒരു തുടുത്ത കുഞ്ഞാടായിക്കോട്ടെ' ...അങ്ങിനെയാനവര്‍ ചിന്തിച്ചത് ! മുട്ടക്കു വിലയായി കൂടെ കൊണ്ട് പോന്നിരുന്ന ഒരു ചാക്ക് തിനയരി കൊടുക്കേണ്ടി വന്നു. തിനയരിചാക്ക് കണ്ടു അകമ്പടിയായി ചന്ത വരെ കൂടെ പോയ പ്രാവുകള്‍ക്ക് എന്തായാലും ഓരോ പിടി തിനയരി കിട്ടി എന്ന് മാത്രം പറയാം .അവര്‍ക്കും സന്തോഷമായി.
എല്ലാം കണ്ടും കേട്ടും പറഞ്ഞും പന്തീരടി കഴിഞ്ഞപ്പോഴേക്കും പിങ്കുളുവും പുക്ക്ലാണ്ടിയും വീട്ടിലെത്തി. വീട്ടില്‍ വന്നപാടെ പുക്ക്ലാണ്ടി വട്ടിയില്‍ നിന്നും മുട്ട പുറത്തെടുത്ത് ഒരു വെളുത്ത തൂവാലയില്‍ പൊതിഞ്ഞ് കറുത്ത തുണിപെട്ടിയില്‍ സൂക്ഷിച്ചു വെച്ചു. "അങ്ങിനെ തണുപ്പ് തട്ടാതെ ഇരുന്നാലെ വേഗം വിരിഞ്ഞു നമുക്ക് നല്ല കുഞ്ഞാടിനെ കിട്ടൂ " പിങ്കുളു അഭിപ്രായപ്പെട്ടു. അവര്‍ പെട്ടിയുടെ മൂടി പാതി അടച്ചുവെച്ചു.എന്നിട്ട് അത്താഴം കഴിക്കാന്‍ പോയി.കുഞ്ഞാടിനെപറ്റി ഓരോരോ മനോരാജ്യങ്ങളില്‍ മുഴുകി പിങ്കുളുവും പുക്ക്ലാണ്ടിയുംഒരേ നാക്കിലയുടെ ഇരുവശത്തുമായി ചമ്രം പടിഞ്ഞിരുന്ന് ഊണ് കഴിച്ചു.ഊണിനു മുന്‍പായി നെയ്യും പപ്പടവും ചേര്‍ത്ത് ചെറിയ ഉരുളകള്‍ ഉരുട്ടി വെച്ചിരുന്നു. പുക്ക്ലാണ്ടി അതെല്ലാം എടുത്തു അടുക്കള പ്പടിക്ക് പുറത്തു നിരത്തിവെച്ച് വാതിലടച്ചു.രാത്രി വിശന്നിരിക്കുന്ന ചെറു ജീവികള്‍ക്ക് ഉള്ളതാണത് . ഉറങ്ങുന്നതിനു മുന്‍പായി ഇരുവരും പോയി പെട്ടി തുറന്നു മുട്ടക്കു ശുഭരാത്രി നേര്‍ന്നു . " കുഞ്ഞാടെ,വേഗം വിരിയണോട്ടോ " പിങ്കുളുപറഞ്ഞു. അപ്പോള്‍ മുട്ട ചെറുതായി ഒന്ന് വിറച്ചു.പുക്ക്ലാണ്ടി ചിരിച്ചു.എത്ര സന്തോഷത്തോടെയാണെന്നോ അന്നവര്‍ ഉറങ്ങാന്‍ പോയത് ! അവരുടെ കുഞ്ഞുവീടിന്റെ മീതെയുള്ള ആകാശം നക്ഷത്രങ്ങളാല്‍ മനോഹരമായിരുന്നു.
പിങ്കുളു രാവിലെ കണ്ണ് മിഴിച്ചതും പുക്ലാണ്ടിയെപ്പോലും നോക്കാതെ നേരെ കറുത്ത പെട്ടിയുടെ അടുത്തേക്ക് പോയി . എന്നാല്‍ നല്ലൊരു സ്വപ്നം കണ്ടു പുലരിതണുപ്പില്‍ സുഖ നിദ്രയില്‍ ആയിരുന്ന പുക്ലാണ്ടി ഞെട്ടി എഴുന്നെല്‍ക്കേണ്ടി വന്നു !!
പിന്കുളുവിന്റെ ആശ്ചര്യം നിറഞ്ഞ വിളിയാണ് അവനെ ഉണര്‍ത്തിയത്‌ .
'' ഇദ് നോക്യേ ... ഓടി വാ ...!!"
ഇരുവരും കറുത്ത പെട്ടിയുടെ അടുത്ത അദ്ഭുതസ്തബ്ധരായി നിന്നു . പെട്ടിയുടെ ഒരു മൂലക്ക് മുട്ട പിളര്‍ന്നു കഷണങ്ങളായി കിടന്നിരുന്നു . അടുത്ത അതി സുന്ദരനായ ഒരു പൂച്ചക്കുട്ടി !!
പഞ്ഞിക്കെട്ടുപോലെ വെളുത്ത പൂച്ചക്കുട്ടിക്ക്‌ വാലിലും മൂക്കിന്‍റെ വശത്തും കറുത്ത പുള്ളി ഉണ്ടായിരുന്നു . പിന്കുളുവിന്‍റെയും പുക്ലാണ്ടിയുടെയും ശബ്ദം കേട്ട് അത് എണീറ്റ്‌ വന്നു പെട്ടിയുടെ വശങ്ങളില്‍ പിടിച്ചു എഴുന്നേറ്റു നിന്നു . ഭംഗിയുള്ള നീല കണ്ണുകള്‍ വിടര്‍ത്തി അവരെ നോക്കി .
'' അപ്പൊ .. നമക്ക് കിട്ടീത്‌ ആട്ടിന്‍കുഞ്ഞിന്‍റെ മുട്ട അല്ലായിരുന്നു .. പൂച്ചക്കുട്ടിയുടെ മുട്ട ആയിരുന്നു ..!!'' പുക്ലാണ്ടി വിഷമം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു . അപ്പോഴേക്കും ബഹളം ഒക്കെ കേട്ട് മുറ്റത്ത്‌ കൊത്തി പെറുക്കിയിരുന്ന കിളികള്‍ ജനാലക്കരുകില്‍ വന്നു നോക്കി .
''ഹും !" പിങ്കുളു കുനിഞ്ഞു പൂച്ചക്കുഞ്ഞിനെ സൂക്ഷിച്ചു നോക്കി . കാണാന്‍ നല്ല ഭംഗിയുണ്ട് .
'' ഇനീപ്പോ എന്ത് ചെയ്യാനാ ? ഒരു കാര്യം ചെയ്യാം . നമുക്ക് ഇതിനെ തിരിച്ചു ചന്തയില്‍ കൊണ്ടുപോയി കൊടുത്ത് പകരം ആട്ടിന്‍ കുഞ്ഞിന്‍റെ മുട്ട ചോദിക്കാം .''
പൂച്ചക്കുട്ടിയുടെ നീലക്കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . അത് ദയനീയമായി അവരെ നോക്കി .
'' എന്തിനാ നീ കരേണത് ?" പിങ്കുളു ചോദിച്ചു .
പിങ്കുളുവും പുക്ലാണ്ടിയും വാതിലിനു നേരെ നടന്നു . കാലത്ത്‌ എഴുന്നേറ്റിട്ട് ഒന്നും ചെയ്തിട്ടില്ല . ഏറെ ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് .

'' അതേയ് .... എനിക്ക് ...എനിക്ക് സങ്കടം വന്നിട്ടാ ...''!!
''ങേ ....!!''
പിങ്കുളു ഞെട്ടി തിരിഞ്ഞു നോക്കി . എന്തൊരു അത്ഭുതം ! പൂച്ചക്കുട്ടി വര്‍ത്തമാനം പറയുന്നു .! അവള്‍ ഉറക്കെ വിളിച്ചു കൂവി ..
'' പുക്ലാണ്ടി ഓടി വന്നേ ... ദേ ഈ പൂച്ച മിണ്ടുന്നു ..!!"
പുക്ലാണ്ടി ഓടി വന്നു .
'' ശരിക്കും ?''
'' ഉം ശരിക്കും ഈ പൂച്ച നമ്മളെ പോലെ മിണ്ടി .''
അത് പറഞ്ഞതും പൂച്ചക്കുട്ടി വീണ്ടും പറഞ്ഞു ,'' അതേ ... എന്താ ഇഷ്ടായില്ലേ ?"
പിങ്കുളുവും പുക്ലാണ്ടിയും അതിശയിച്ചു നിന്നു .
'' നീയേയ് ... ശരിക്കും പൂച്ചക്കുട്ടി തന്നെയാണോ ?'' പിങ്കുളു ചോദിച്ചു .
'' പിന്നേ ... എന്താ സംശയം ? ഞാനിപ്പം ഈ മുട്ട വിരിഞ്ഞു വന്നത് നിങ്ങള്‍ കണ്ടതല്ലേ ? പിന്നൊരു കാര്യം .. എന്നെ നീ എന്ന് വിളിക്കരുത്‌ . എനിക്കൊരു പേരുണ്ട് .''
'' ഓഹോ . എന്താ പേര് ?' പുക്ലാണ്ടി ചോദിച്ചു
'' എന്റെ പേര് .. കുമാ ....ര്‍ ''! പൂച്ചകുട്ടി ഗൌരവത്തോടെ പറഞ്ഞു . അത് കേട്ട് പിങ്കുളുവും പുക്ലാണ്ടിയും പൊട്ടിച്ചിരിച്ചു . പ്രാവുകള്‍ക്ക് പോലും ചിരി വന്നു.
'' കുമാര്‍ ആണത്രേ കുമാര്‍ !''
പൂച്ചക്കുട്ടി നെറ്റി ചുളുക്കി . പക്ഷെ അതിന്റെ ദേഷ്യം പോലും അതീ മനോഹരം ആയിരുന്നു .
'' ഇപ്പോള്‍ നമുക്ക്‌ സംസാരിക്കുന്ന ഒരു പൂച്ചക്കുട്ടിയെ കിട്ടിയല്ലോ !'' പിങ്കുളുവും പുക്ലാണ്ടിയും അതീവ സന്തുഷ്ടരായി . ഈ ദിവസം ആഘോഷിച്ചേ തീരു . പിങ്കുളു വേഗം ഒരു കുഞ്ഞി കിടക്ക കൊണ്ടുവന്നു . എന്നാല്‍ കുമാര്‍,
'' എനിക്ക് ഈ പെട്ടി മതി . ഞാന്‍ ഇതില്‍ തന്നെ ജീവിക്കും.!'' എന്ന് പ്രഖ്യാപിച്ചു അതിനുള്ളില്‍ തന്നെ വെഞ്ചാമരം പോലെഉള്ള തന്റെ വാല്‍ കൊണ്ട് ഒരു വലയം തീര്‍ത്തു ഉറങ്ങാന്‍ തുടങ്ങി .
'' പാവം കുമാര്‍ . ഇപ്പോള്‍ വിരിഞ്ഞതല്ലേയുള്ളൂ , നല്ല ക്ഷീണം കാണും . ഉറങ്ങട്ടെ ." പുക്ലാണ്ടി പറഞ്ഞു . എന്നിട്ട് അവര്‍ ഇരുവരും ചേര്‍ന്ന് ചെടികള്‍ക്ക് വെള്ളം ഒഴിച്ചു . പിന്നീട് ഗംഭീരമായ ഒരു സദ്യ ഒരുക്കി . പൂക്കള്‍ കൊണ്ട് വീട് മുഴുവന്‍ അലങ്കരിച്ചു . അപ്പോഴേക്കും കുമാര്‍ എന്ന പൂച്ചക്കുട്ടി ഉറക്കം ഉണര്‍ന്നു .

'' ഹായ്‌ എന്തൊരു ഭംഗ്യാ !'' തന്റെ നീല കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി കുറുകി കൊണ്ട് കുമാര്‍ തുള്ളിച്ചാടി . അത് സന്തോഷം കൊണ്ട് വീട് മുഴുവന്‍ ഓടി നടന്നു മണത്തു നോക്കുകയും കവിളുകള്‍ ഉരസുകയും ചെയ്തു . കുളിര്‍മയുള്ള വെളിച്ചവും , കാറ്റും, പൂമണവും എങ്ങും നിറഞ്ഞു നിന്നു . ചിത്ര ശലഭങ്ങള്‍ ജനാലയിലൂടെ അകത്തു വന്നു കുമാറിന്‍റെ കറുത്ത പെട്ടിമേല്‍ ഇരിക്കുകപോലും ചെയ്തു .
എത്ര സ്വാദിഷ്ടവും ഒന്നംതരവും ആയ സദ്യ ആയിരുന്നെന്നോ !
എല്ലാവരും വയര്‍ നിറച്ചും ഉണ്ടു . പക്ഷികളും, ജീവികളും മുതല്‍ ചന്തയില്‍ മുട്ട വില്‍ക്കുന്ന അബ്ദുക്ക വരെ പങ്കെടുത്തു .
'' ഞാന്‍ എത്ര കാലായി ആട്ടിന്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നു ...! ഇതാദ്യമാ ഒരു പൂച്ചക്കുട്ടി മുട്ട വിരിഞ്ഞു വന്നത് ! അതും സംസാരിക്കുന്ന പൂച്ചക്കുട്ടി ..! എനിക്ക് സന്തോഷമായി മക്കളെ .. ഒരുപാടു സന്തോഷമായി ..!" അബ്ദുക്ക നിറഞ്ഞ കുമ്പ തടവിക്കൊണ്ട് പറഞ്ഞു .
'' ഞാന്‍ പൂച്ചക്കുട്ടിയല്ല , കുമാര്‍ ആണ് കുമാ ....ര്‍ ..!" നീലക്കണ്ണ്‍ ഉരുട്ടി വാല്‍ ഉയര്ത്തിപിടിച്ചു കുമാര്‍ അബ്ദുക്കയോട് ഗൌരവത്തോടെ പറഞ്ഞു .
''ഹും!"
അബ്ദുക്ക അത് കേട്ട് ഉറക്കെ ചിരിച്ചു . പിങ്കുളുവും പുക്ലാണ്ടിയും ചിരിച്ചു . പ്രാവുകള്‍ സന്തോഷത്തോടെ ചിറകടിച്ചു പറക്കുകയും , ശലഭങ്ങള്‍ മഴവില്ല് പോലെ പാറുകയും, കിളികള്‍ പാടുകയും ചെയ്തു .
ഇതൊക്കെയാണ് കുമാര്‍ എന്ന പൂച്ചകുട്ടി മുട്ട വിരിഞ്ഞു പുറത്തു വന്ന ദിവസം ഉണ്ടായ വിശേഷങ്ങള്‍ . അങ്ങ് ദൂരെ കാട്ടില്‍ മര പൊത്തില്‍ താമസിക്കുന്ന ചാര കുറുക്കന്‍ പോലും ഇതറിഞ്ഞു അത്ഭുതപ്പെട്ടു അത്രേ .!


Wednesday, September 25, 2013

പത്തു കാളക്കൂറ്റന്മാര്‍

എന്‍റെ പുതിയ ലേഖനവും ചിത്രങ്ങളും പിറവിയുടെ ഒക്ടോബര്‍ ലക്കം ഇറങ്ങുന്നു.അതില്‍ നിന്നും ഒരു പേജ് 

Piravi Magazine (പിറവി മാസിക) പേജിലേക്കുള്ള ലിങ്ക് ഇതോടൊപ്പം



ഫേസ്ബുക്ക് പേജിലേക്ക്‌ പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, September 8, 2013

പൂക്കള്‍ തിന്നുന്ന പെണ്‍കുട്ടി




 പൂവിതളുകള്‍ അവളുടെ ഇഷ്ടപ്പെട്ട ആഹാരങ്ങളില്‍ ഒന്നായിരുന്നു . മുല്ലപ്പൂവിനുള്ള കയ്പ്പും , പനിനീര്‍പ്പൂവിന്റെ ഇളം മധുരം ചേര്‍ന്ന ചവര്‍പ്പും, ചെമ്പരത്തിപ്പൂവിന്റെ പശപ്പും എല്ലാം അവള്‍ യഥേഷ്ടം രുചിച്ചു ആസ്വദിച്ചു . കാട്ടു പൂക്കളും നാട്ടു പൂക്കളും ഇതളുകള്‍ അടര്‍ത്തി ചവച്ചരച്ചു തിന്നു . ഒന്നും ഇല്ലാത്തപ്പോള്‍ പുല്‍ പരപ്പില്‍ ഇരുന്നു വെറുതെ ഒരു പുല്‍ക്കൊടി പറിച്ചു തുമ്പ് കടിച്ചു ആലോചനയില്‍ ആണ്ടു. അപ്പോളാണ് മേഘങ്ങള്‍ക്കിടയില്‍ ഒരു ലോകമുണ്ടെന്ന് കണ്ടെത്തിയത് . പിന്നെ മനോരഥത്തില്‍ കയറി അങ്ങോട്ടേക്ക് യാത്രയായി .
സന്ധ്യ മയങ്ങിയപ്പോള്‍ കുഞ്ഞു തുളസി ചെടിയുടെ നിഴല്‍ പോലും അവളില്‍ ഭയം നിറച്ചു . നദിയുടെ കുതിച്ചു ചാട്ടവും കാറ്റിന്റെ ഇരമ്പവും യക്ഷികളുടെ സീല്‍ക്കാരമായി .
നാവില്‍ പിച്ചകപ്പൂവിന്റെ കടും കയ്പ്പ് ഇറ്റിച്ചു കൊണ്ട് ജ്വരം അവളെ ബാധിച്ചു . പണി കുറയാന്‍ കയ്യില്‍ ജപിച്ചു കെട്ടിയ പിന്നലുകളുള്ള ചുവന്ന ചരട് ഒരു ചിത്രശലഭത്തെ പ്പോലെ അവളുടെ മണിബന്ധത്തില്‍ ചേര്‍ന്നിരുന്നു . പൂജിച്ചു കിട്ടിയ താമരപ്പൂവ് അവള്‍ ഇതളുകള്‍ അടര്‍ത്തി വായില്‍ വച്ചു . ചുണ്ടില്‍ പരാഗ രേണുക്കള്‍ പതിപ്പിച്ചുകൊണ്ട് അതവളുടെ നാവില്‍ പരുക്കനായി ഉരസി .
- താമരപ്പൂക്കള്‍ കാണുവാന്‍ മാത്രം നന്ന് . തിന്നുവാന്‍ തീരെ സ്വാദില്ല ..!
പകരം തുളസിയിലകളും മധുരമുള്ള തെച്ചി പ്പൂക്കളും കടിച്ചു തിന്നു . അവളുടെ വിരല്‍ തുമ്പുകള്‍ അപ്പോള്‍ തെചിപ്പൂക്കളെപ്പോലെ തുടുത്തിരുന്നു .
പനിക്കിടക്ക വിട്ടു എഴുന്നേറ്റു അവള്‍ പുഷ്പഗന്ധം തേടി വീണ്ടും യാത്രയായി . വഴിയില്‍ എവിടെയോ പേരറിയാത്തൊരു കാട്ടു ചെടിയുടെ മുള്ള് തട്ടി ചരട് അഴിഞ്ഞു വീണു . അതൊരു നെല്ലി മരക്കൊമ്പില്‍ പിണഞ്ഞു കിടന്നു . നദീതടത്തില്‍ പൂത്തു നിന്ന ചെമ്പക മരം അവളെ ക്ഷണിച്ചു .
ചെമ്പകപ്പൂക്കള്‍ , നിശാഗന്ധികള്‍ , പാരിജാതങ്ങള്‍ , ഇലഞ്ഞിപ്പൂക്കള്‍ ....
നേരിയ കയ്പ്പില്‍ പൊതിഞ്ഞ ലഹരി പിടിപ്പിക്കുന്ന ഒരു സുഗന്ധം അവളില്‍ നിറയാന്‍ തുടങ്ങി.
കാല്‍ വിരലുകള്‍ മണ്ണില്‍ ഊന്നി വേരുകള്‍ പടര്‍ത്തുകയാണവള്‍..
ഓരോ വിരല്‍ത്തുമ്പിലും ഇതള്‍ വിടരുന്ന പൂക്കള്‍ . രോമ രന്ധ്രങ്ങളില്‍ നിന്നും പൂമ്പൊടി പൊഴിയുന്നു . തേന്‍ തുള്ളികള്‍ ഇറ്റി വീഴുന്ന ഇതളുകള്‍ .
അലൌകിക സൌന്ദര്യത്തോടെ ഒരു പൂമരം സ്വച്ഛമായി ഒഴുകുന്ന നദിയുടെ തീരത്ത് ഇലകളും പൂക്കളും പൊഴിക്കുന്നു. ചുറ്റും തിളങ്ങുന്ന നക്ഷത്രചിറകുള്ള ശലഭങ്ങള്‍ വട്ടമിട്ടു പറക്കുന്നു ....
ഒരിക്കല്‍ പൂക്കള്‍ തിന്നുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ....


© v. meenakshy

Saturday, August 31, 2013

കളിമണ്ണ്‍ - ജീവിത ശില്‍പ്പങ്ങളിലേക്ക് ഒരു എത്തിനോട്ടം


            Making movies is a way of understanding myself and the world. 

       (Ang Lee- Director of Life of pi, Crouching Tiger &Hidden Dragon etc ) 

    


കളിമണ്ണ്‍ എന്ന് സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് അതിന്റെ സംവിധായകനെപറ്റി ചിലത് പറയേണ്ടതുണ്ട്.അതായത് ,ഈ സിനിമ പല കാരണങ്ങളാലും പ്രദര്‍ശനത്തിനു എത്തുന്നതിനു മുന്പ് വിവാദങ്ങളും വിലക്കുകളും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് . കാണുകയും കേള്ക്കുകയും അനുഭവിക്കുകയും ചെയ്യാത്ത ഒന്നിനെ ചൂണ്ടി വിവാദങ്ങളും കലശലും ഉണ്ടാക്കുന്നത് നമ്മുടെ ഒരു ശീലമായതുകൊണ്ട് അതത്ര കാര്യമാക്കിയില്ല,കാരണം ബ്ലസ്സി എന്നാ സംവിധായകനിൽ വിശ്വാസം തോന്നിയിരുന്നു . 'കാഴ്ച' മുതൽ 'പ്രണയം'വരെയുള്ള സിനിമകൾ പ്രേക്ഷകർക്ക്‌ സമ്മാനിച്ച ഒരു സംവിധായകാൻ നൂതനമായ ഒരു വഴിയിലൂടെ സിനിമയെടുക്കുമ്പോൾ അതിനെ ഗൌരവമായി കാണണം എന്ന് തോന്നുകയും ചെയിതു.മറ്റുള്ളവരിൽ നിന്ന് വേറിട്ട മനുഷ്യമനസ്സിന്റെ അതീവ സങ്കീര്ണ്ണമായ അവസ്ഥകളെക്കുറിച്ചും,ജീവിതം കടന്നു പോകുന്ന പാതകളെക്കുറിച്ചും,വ്യക്തമായ ധാരണകളുള്ള ഒരു ചലച്ചിത്രകാരനാണ് ബ്ലസ്സി എന്ന് ഞാൻ കരുതുന്നു.അതുകൊണ്ട് തന്നെ സ്വാഭാവികമായും അത്തരം നിലപാടുകൾ ഈ സിനിമയിലും പ്രേക്ഷക എന്ന നിലയില്‍ ഞാൻ പ്രതീക്ഷിച്ചു,

കളിമണ്ണ്‍ :

പ്രകൃതിയിലെ ഏറ്റവും സുന്ദരമായ അസംസ്കൃത വസ്തുവാണ് കളിമണ്ണ്‍ .എങ്ങിനെ വേണമെങ്കിലും രൂപപ്പെടുത്താം.അത് ഉദാത്തമാകാം,ശ്രെഷ്ട്ടമാകാം ,നീചമാകാം, വിക്രതമാകാം ; എന്തിനും വഴങ്ങും.ഒരു തരത്തിൽ മനുഷ്യമനസ്സും ജീവിതവും അങ്ങിനെ ആണല്ലോ.സാഹചര്യങ്ങൾ അനുസരിച്ചും ചിന്ത ഗതികൾ അനുസരിച്ചും അത് രൂപപ്പെടുന്നു.എന്ന് പറഞ്ഞാല്‍ ഒരു സിനിമ കാഴ്ചക്കാരിൽ ഉണ്ടാക്കുന്ന പ്രതികരണവും അങ്ങിനെയൊക്കെ തന്നെ.ഒരു കഥയുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് വെളിപ്പെടുത്തുന്ന ചില യാഥാര്‍ത്യങ്ങള്‍ ഈ സിനിമയിൽ ഉണ്ട് . ഒന്നാമത്, സ്ത്രീക്ക് അമ്മയാവുക എന്ന തീവ്രമായ അഭിലാഷം അത് വെറുമൊരു ജൈവിക ത്വരയിലുമുപരി താൻ തീവ്രമായി സ്നേഹിച്ച ഒരാളിന് തന്നിലൂടെ ഒരു പുനര്ജനി -അത് സ്വാഭാവികമായ ഒരാഗ്രഹമാണ്.തന്റെ പ്രിയപെട്ടവന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമക്കുക,നൊന്തു പ്രസവിക്കുക ഇതൊക്കെ അവൾ അഭിമാന പൂര്‍വ്വം ചെയ്യുന്ന കാര്യമാണ് .ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്ന കാര്യം. ഈ ചിത്രത്തിലെ നായികയും വ്യത്യസ്തയല്ല.പക്ഷെ അവളുടെ മുന്നില് എന്നന്നേക്കുമായി അടഞ്ഞു പോയ വഴി തുറക്കാൻ ആധുനിക ശാസ്ത്രത്തിന്റെ കൂട്ട് പിടിക്കുന്നു എന്ന് മാത്രം.ഇതിൽ അസഹിഷ്ണുക്കള്‍ ആകാൻ ഒന്നുമില്ല .വാടക ഗര്‍ഭപാത്രങ്ങളും വാടക ബീജദാധാക്കളും ഉള്ള കാലമാണിത്.വിധി വൈപിരീത്യം കൊണ്ട് മാതാപിതാക്കൾ ആകാൻ ഒരിക്കലും കഴിയ്യാത്തവർ വിവാഹം എന്ന പ്രസ്ഥാനത്തിൽ ക്രൂരമായ ആന്തരിക ദുരിതങ്ങൾ പേറി ജീവിക്കുന്ന ഒരു നാടാണ് നമ്മുടെത് .മാതൃത്വംഎന്നത് ഒട്ടും നിസ്സാരമല്ലാത്ത ഒരു കാര്യമാണ് എന്ന് അക്കൂട്ടർ തറപ്പിച്ചു പറയും .ഈ ചിത്രം പ്രധാനമായും മുന്നോട്ടു വെക്കുന്ന ചില ആശയങ്ങളുണ്ട്.അവയവം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം, അമ്മയാകുക എന്ന സ്ത്രീയുടെ സ്വാഭാവിക അവകാശം ,ആധുനിക കാലഘത്തിൽ സ്ത്രീകള്‍നേരിടുന്ന പ്രശ്നങ്ങൾ ഇവയോക്കെയാണത് .ഇതൊക്കെ പറയുവാൻ ഒരു ഡോക്യുമെന്ററി എടുത്താല്‍ൽ പോരെ ,ഈ സിനിമയും അതുപോലെയല്ലേ എന്നൊക്കെ തോന്നുന്നവർ ഉണ്ടാകാം .പക്ഷെ ,ജീവിതം കേവലമൊരു ഡോക്യുമെന്ററി അല്ല എന്നതാണ് ഇതിനുത്തരം .അത് തന്നെയാണ് ബ്ലസ്സി എന്നാ സംവിധായകന്റെ മികവും.മീര എന്ന ഐറ്റം ഡാന്സറായ സ്ത്രീയുടെ ,പ്രണയ ഭരിതമായ ദാമ്പത്യത്തിന്റെ കഥയിലൂടെ അവളൊരു വ്യക്തി അഥവാ സ്ത്രീ എന്ന നിലയില്‍ സമൂഹത്തിന്റെ ഭാഗമാകുന്നത്,സമൂഹം അവളുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്തുന്നത് ,അവളുടെ അതിജീവനം ഇതെല്ലാം സംവിധായകൻ ഈ സിനിമയിലൂടെ കാണിച്ചു തരുന്നു.

ലൈവ് പ്രസവം :

ആഗോള സിനിമയിൽ പ്രസവം യഥാര്‍ത്ഥ സാഹചര്യത്തിൽ ചിത്രീകരിച്ചതിന് ഉദാഹരണങ്ങളുണ്ട് 2012 -ഇൽ റിലീസായ ഫിലിപ്പൈൻ ചിത്രമായ 'തൈ വോംബ് ' എന്ന ചിത്രത്തിൽ പ്രസവരംഗം അതേപോലെ തന്നെ കാണിച്ചിരുന്നു.ആ ചിത്രത്തിലെ അഭിനയത്തിന് നോറ ഓണറിന് ഏഷ്യൻ ഫിലിം അവാര്ഡ് ലഭിക്കുകയുണ്ടായി.എന്നാൽ കളിമണ്ണ്‍ എന്ന സിനിമ കോളിളക്കം സൃഷ്ട്ടിച്ചത് ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചു എന്നതിലൂടെയാണ്‌.. ; ക്യാമറ ഏതു കോണിൽ വെച്ച് എങ്ങിനെ ചിത്രീകരിച്ചു എന്ന് അറിയാതെ സ്ത്രീ സംഘടനകളും സാമൂഹ്യ സദാചാരപാലകരും കൊടിപിടിച്ച് ഹാലിളകിയത് എന്തിനായിരുന്നു എന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ അതിശയിപ്പിച്ച ഒരു കാര്യമാണ്.പ്രസവം ശരിക്കും സംഭവിക്കുകയായിരുന്നു,അത് അഭിനയമല്ലയിരുന്നു എന്നതൊക്കെയാണോ എല്ലാവരെയും ചൊടിപ്പിച്ച കാര്യം !!!??? എന്തായാലും തിയറ്ററിൽ കുറെയേറെ പേര് ആ രംഗം കണ്ട്പ്രതീക്ഷിച്ചത് ഒന്നും കാണുവാൻ കഴിയാത്തതിനാൽ കൂവുന്നുണ്ടായിരുന്നു. വൈകാരിക പട്ടിണി അത്രയേറെ ആണെന്ന് വേണം അനുമാനിക്കാൻ..!പക്ഷെ ഒന്നുണ്ട്, ആ രംഗങ്ങൾ ഒരു സ്ത്രീക്ക് മനസ്സിലാകുന്നതുപോലെയോ അവൾക്കു താതാത്മ്യം പ്രാപിക്കാൻ കഴിയുന്നത്‌ പോലെയോ ഒരു പുരുഷന് കഴിയുകയില്ല എന്നത് വാസ്തവം തന്നെയാണ്.പ്രകൃതിയുടെ അത്ഭുത പ്രതിഭാസമാണ് ഏതൊരു സസ്തനിയുടെയും സ്വാഭാവിക പ്രസവം.മനുഷ്യരിൽ അത് അസംഖ്യം പേശികളുടെയും സന്ധിബന്ധങ്ങളുടെയും വികാസത്താലാണ് സാധ്യമാകുന്നത് .ഓരോ പ്രസവത്തിലും ഒരു പുതു ജീവൻ ഉടലെടുക്കുന്നു എന്നതുപോലെ തത്തുല്യമായ ആപൽഘട്ടവും പതിയിരിക്കുന്നുണ്ട് എന്നതും ഓര്ക്കണം .ഒരു പെണ്‍കുട്ടി മാതാവാകുമ്പോൾ മാത്രമാണ് അവൾ പോലും സ്വന്തം അമ്മ കടന്നു പോയ അവസ്ഥഎന്താണെന്നറിയുക.അപ്പോൾ പിന്നെ ബാക്കിയുള്ളവരുടെ കാര്യം എന്ത് പറയാൻ.ഇത്തരം വസ്തുതകൾ വളരെ കയ്യൊതുക്കത്തോടെയാണ് ബ്ലസ്സി പറഞ്ഞിരിക്കുന്നത്.കേവലമായ അകര്ഷണങ്ങളും യഥാര്‍ത്ഥപ്രണയവും അതിന്റെ തീവ്രതയും അതിനെ അനശ്വരമാക്കുവാൻ ഒരു കുഞ്ഞിന്റെ ജന്മം ആഗ്രഹിക്കുന്നതുമെല്ലം തന്നെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.ഒരു പ്രസവം ഇത്തരത്തിൽ ചിത്രീകരിച്ചത് കൊണ്ട് സദാചാരത്തിന്റെയും സംസ്ക്കാാരത്തിന്റെയും മതിൽകെട്ടുകൾ ഒന്നും ഇടിഞ്ഞു വീഴുമെന്നു തോന്നുന്നില്ല.കാരണം ഒന്നാമത് നടിയുടെയും അവരുടെ ഭാര്ത്തവിന്റെയും പൂര്ണ സമ്മതം അതിനുണ്ടായിരുന്നു.രണ്ടാമാത് കാണികള്‍ക്ക് അപമാനം തോന്നത്തക്കതായ ഒരു രംഗം പോലുംഅതിലുണ്ടായിരുന്നില്ല. ഈ സിനിമ കണ്ടു ഇറങ്ങിയപ്പോൾ എനിക്കെന്റെ സ്ത്രീത്വത്തെക്കുറിച് അഭിമാനമാണ് തോന്നിയത്.ഞാനും അമ്മയാണ് എന്നതില്‍ ഏറെ സംത്ര്പ്തിയും . തിരിച്ചു വന്നു എന്റെ മകന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ നിറഞ്ഞ മനസ്സോടെ ഞാൻ എടുത്തു നോക്കി .എന്റെ കൂടെയുണ്ടയിരുന്നവൾ വിതുമ്പിക്കൊണ്ട് അവളുടെ ഇളയ കുഞ്ഞിന്റെ പിറവി അനുസമരിചു.അങ്ങിനെ എത്രയോ ആളുകള് ഒര്ത്തിട്ടുണ്ടാകാം , ഏറെപ്പേർ അവരുടെ അമ്മയെ ആ നേരം ഈറന്‍ കണ്ണുകളോടെ സ്മരിചിട്ടുണ്ടാകാം ,അതേപോലെ ചിത്രം തീര്‍ന്നപ്പോള്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ച അനേകം പുരുഷന്മാരും ഉണ്ടായിരുന്നു.അവര്‍ ഭാര്യമാരെ അഭിമാനത്തോടെ പുറത്തേക്ക് ആനയിക്കുന്നതും കണ്ടു.അത് തീര്ച്ചയായും ബ്ലസ്സി എന്ന സംവിധായകന്റെ വിജയം തന്നെയാണ്.

സാങ്കേതികം :
തനിക്ക്‌ ഐറ്റം സോങ്ങും ത്രില്ലര് സീനും വഴങ്ങുമെന്ന് ബ്ലസ്സി ഈ ഫിലിമിൽ കാട്ടിത്തന്നു.ബ്ലസിയുടെ മുന്ക്കാല ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചു സീനുകൾ ഒഴികെ മറ്റുള്ളിടത്തു എവിടെയും ഫോടോഗ്രഫി മികവ് കണ്ടില്ല.പക്ഷെ എഡിറ്റിംഗ് ടേബിളിൽ ഏറക്കുറെ അത് പരിഹരിക്കുവാൻ ശ്രമിച്ചിട്ടുണ്ട് .മറ്റൊന്ന് ചിത്രത്തിൻറെ അവസാനം അതിനു ഡോക്യുമെന്ററിസ്വഭാവം വന്നുഎന്നുള്ളതാണ്.തീര്ച്ചയായും ഒരു കലാകാരൻ അയാളുടെ നിലപാടുകൾ ന്യയീകരിക്കേണ്ടി വരുന്ന നിലയിൽ സമൂഹത്തിന്റെയും മാധ്യമത്തിന്റെയും ഇടപെടലുകളും വിമര്ശനങ്ങളും വിപരീത പ്രചാരണങ്ങളും ഉണ്ടാകുന്നത് നിര്ഭാഗ്യകരമാണ്.അത് ലോകത്ത് എവിടെ ആണെങ്കിലും ശരി വ്യക്തിയുടെ ക്രിയാത്മകതയും ഏകാഗ്രമായ അര്പ്പണ ബോധത്തെയും ദുര്ബലപ്പെടുത്തും.അത്തരം അവസ്ഥ ഈ സിനിമ ചെയ്യുമ്പോൾ ബ്ലസ്സിയും അഭിമുഖീകരിചിട്ടുണ്ടാകും എന്നെനിക്കു തോന്നി.ഏതൊരു കലാകാരനായാലും കാലത്തിനും സമൂഹത്തിനും മുൻപേ നടന്നവർ എന്നും വിമര്‍ശിക്കപെട്ടിട്ടുണ്ട്,അവമതിക്കപെട്ടിട്ടുണ്ട്പില്ക്കാലത്ത് കൊണ്ടാടപ്പെടുകയും ചെയിതിട്ടുണ്ട്.ബ്ലസ്സിയിൽ നിന്നും ഇനിയും നലല ചിത്രങ്ങൾ ഉണ്ടാകുന്നതിനായി കാത്തിരിക്കാം .

പിന്കുറിപ്പ് :

ഈ സിനിമയുടെ വസ്ത്രാലന്കാരത്തെ കുറിച്ച പറയാതെ ഇരിക്കുവാൻ കഴിയില്ല,പ്രതേകിച്ചു മീര എന്ന നായികാ കഥാപാത്രത്തിന്റെത് .ഒരു കോസ്റ്യൂമർ വസ്ത്രം രൂപ കല്പ്പന ചെയ്യുമ്പോൾ അത് ക്യാമറക്കണ്ണിൽ എങ്ങിനെയുണ്ടാകും,അത് താരത്തിന്റെ ശരീരഘടനക്കും സർവോപരി ആ സിനിമയുടെ പശ്ചാത്തലം യോജിക്കുന്നുവോ എന്നും ആലോചിക്കേണ്ടതുണ്ട്.കളിമണ്ണിലെ വസ്തലങ്കാരങ്ങളെ 'PATHETIC'എന്നെ പറയുവാൻ കഴിയു. തരക്കെടില്ലത്തത് സുഹാസിനിയുടെത് മാത്രം .

ORIGINAL LINK CLICK HERE

Sunday, August 25, 2013

ഒരു സര്‍ റിയലിസ്ടിക് കഥ

മെട്രോ നഗരത്തില്‍ രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തേക്കിറങ്ങിയതായിരുന്നു അവര്‍ . 
‘’ എന്നെ മാംസാഹാരം കൊതിപ്പിക്കുന്നു ..’’ അവരില്‍ പുരുഷന്‍ പറഞ്ഞു .
‘’ എന്നാല്‍ ആവാം ‘’ സ്ത്രീ ശരിവച്ചു. മുന്തിയ ഒരു ഭക്ഷണശാലയ്ക്ക് യോജിച്ച വിധം ആധുനിക വസ്ത്രങ്ങള്‍ ധരിച്ച അവര്‍ ഇരുവരും നഗരത്തിലെ പേര് കേട്ട ഹോട്ടലില്‍ പ്രവേശിച്ചു .
‘’ ഞങ്ങള്‍ ചപ്പാത്തിയും കോഴിയിറച്ചി വറുത്തതും , നെയ്ച്ചോറും 
ആണ് വിളമ്പുന്നത് .’’ വെയിറ്റര്‍ അറിയിച്ചു. അതിന്റെ കീര്‍ത്തി ഭക്ഷണ പ്രിയരായ ഏവര്ക്കും അറിയാവുന്നതാണ് !
''ഹാവൂ, കാര്യങ്ങള്‍ എത്ര എളുപ്പം ! ദീര്ഘവും സങ്കീര്ണ്ണവുമായ ഒരു മെനു തരുന്ന ആശയക്കുഴപ്പത്തില്‍ നിന്നും നാം മുക്തരായിരിക്കുന്നു. നമുക്ക് മൂന്നിനവും വാങ്ങി പങ്കു വെക്കാം..''
അവര്‍ മൂന്നും പങ്കുവെച്ച് ആസ്വദിച്ചു കഴിച്ചു
‘’ നല്ല മൃദുത്വവും സ്വാദും ഒത്തിണങ്ങിയ പക്ഷികള്‍ ...’’ അവര്‍ തലകുലുക്കി യോജിച്ചു.

ബില്ലും ടിപ്പും കൊടുത്ത് പുറത്തിറങ്ങി അവര്‍ തിരക്കേറിയ പാതയുടെ വക്കിലൂടെ പോവുമ്പോള്‍ രാത്രി ഭക്ഷണം വിളമ്പുന്ന തട്ടുകട കണ്ടു.
‘’ ഹോട്ടലിനെക്കാളും വൃത്തിയും സ്വാദും ഉണ്ടിവിടെ ..’’ അവളുടെ പുരുഷന്‍ പറഞ്ഞു.
കഴുകിവെച്ച തളിക വീണ്ടും സമോവറില്‍ തിളച്ചുമറിയുന്ന വെള്ളമൊഴിച്ചു വീണ്ടും കഴുകി നനവ്‌ കുടഞ്ഞ്കളഞ്ഞു. ഒന്ന്, രണ്ട്, മൂന്ന്, നാല്...പപ്പടവട്ടത്തില്‍ കുഞ്ഞുദോശകള്‍ അതിലേക്കു പറന്നുവീണു , മീതെ പാകം പോലെ എരിവ് ചേര്ന്ന തേങ്ങാചമ്മന്തി യഥേഷ്ടം ഒഴിച്ച് , കൂടെ മുളകും ഉള്ളിയും ചേര്ത്തു കറിവേപ്പിലയും വെളിച്ചെണ്ണയും തൂവിയ ചമ്മന്തിയും. ഐ . ടി . കമ്പനികളില്‍ നിന്നും രാത്രിജോലി തീര്ത്തു പുറത്തുവന്ന ചെറുപ്പക്കാര്‍ പാതയോരത്ത് വിശേഷങ്ങള്‍ പങ്കുവെച്ചു ദോശ കഴിച്ചു . ചിലര്‍ കുരുമുളക്പൊടി അകമ്പടി ചേര്ത്ത ഓംലെറ്റും കഴിച്ചു.
‘’ ദോശ കൂടി കഴിച്ചു വയര്‍ വല്ലാതെ നിറഞ്ഞു . ഇനിയിപ്പോ വീട്ടിലേക്ക്‌ നടന്നു പോവാം.’’ അയാള്‍ പറഞ്ഞു,’’ രാത്രി ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ലതാണ് .’’ അവളും ശരി വച്ചു .

അവര്‍ നടന്നു. നഗരവഴികള്‍ പിന്നിട്ടു. കെടുത്തിയ വീട്ടുവിളക്കുകള്‍ ഇരുള്‍ നിറച്ച വഴിയില്‍ നിലാവിന്റെ വെളിച്ചം പരന്നു. ഇലഞ്ഞിപ്പൂക്കള്‍ വീണ വഴിയിലൂടെ അവര്‍ കൈകോര്ത്ത്നടന്നു. പാലപ്പൂക്കളുടെ മാദകഗന്ധത്തിന്റെ പിന്‍ വിളി കേള്ക്കാതെ , കാറ്റിലെ പാദസ്വര ധ്വനികള്ക്ക് കാതോര്ക്കാതെ മുന്നോട്ടു പോയി. അപ്പോള്‍ കണ്ണുകളില്‍ ഉറക്കം നിഴല്‍ വിരിച്ചു തുടങ്ങിയ പ്രേയസിയെ അയാള്‍ ചേര്ത്തു പിടിച്ചു.
‘’ ഉറങ്ങാതെ... വീടെത്താറായി’’
പുതിയതായി വരമ്പെടുത്ത പാടത്തുകൂടി പാല്‍ നുര കിനിയുന്ന നെല്‍ കതിരുകളുടെ മണം ശ്വസിച്ചു അവര്‍ വീട്ടില്ച്ചെന്ന് കയറി. മിഴിചിമ്മാതെ കാത്തിരുന്ന ഓട്ടുവിളക്ക് അപ്പോള്‍ പതിയെ കണ്ണടച്ചു.

‘’ ഹോ.. ഇന്നലെ എന്തായിരുന്നു ഒരു കോഴിഫ്രൈ ...!’’
ചാണകം മെഴുകി മിനുക്കിയ തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന പ്രിയതമന് പാല്കഞ്ഞിയും തേങ്ങാ ചുട്ടരച്ച ചമ്മന്തിയും വിളമ്പിക്കൊണ്ട് അവള്‍ അതിശയത്തോടെ പറഞ്ഞു.
‘’ അദന്നെ .. അദന്നെ.. ദോശേം കേമായിരുന്നു..!” അയാള്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്ത്തു .
കഞ്ഞികുടിച്ച്, ഇറയത്തു ചാരിവച്ച കൈക്കോട്ടും, ചാരുപടിയില്‍ വെച്ച പാളതൊപ്പിയും എടുത്ത്, കൈലിമുണ്ട് മാടിക്കുത്തി അയാള്‍ പാടത്തേക്ക് യാത്രയായി. ഉച്ചക്ക് അയാള്ക്കുള്ള പൊതിച്ചോറിനു പച്ചക്കറികള്‍ ശേഖരിക്കാന്‍ ഒരു കൊച്ചു മുറവുമായി അവള്‍ അടുക്കളതോട്ടത്തിലേക്കും പോയി.




                                          *******

© -- വി. മീനാക്ഷി
Fire Flower