Tuesday, October 22, 2013

അമ്പിളി അമ്മാവനും ഞാനും



എഴുപതുകളിലും എണ്‍പതുകളിലും 'അമ്പിളി അമ്മാവന്‍ ' എന്ന ചിത്ര മാസിക വായിച്ച ആരും തന്നെ അത് മറക്കുവാന്‍ ഇടയില്ല.ഞാനടക്കം വായനക്കാരായ കുട്ടികളെ ഏറെ സ്വാധീനിച്ച ഒരു ബാല മാസികയാണത്.അമ്പിളി അമ്മാവന്‍ വീട്ടില്‍ വരുത്താന്‍ അനുവാദമുണ്ടായിരുന്ന കുട്ടികളോട് അസൂയ തോന്നിയിരുന്ന കാലം.അച്ഛന്റെ കര്‍ക്കശമായ വായനാ നിലപാടുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിനെകുറിച്ച് മാത്രമുള്ളതായിരുന്നു.ബാക്കി എല്ലാം വര്‍ജ്യം! കേട്ടുകേള്‍വി പോലുമില്ല!!
മാതൃഭൂമിയിലെ നിലവാരം പുലര്‍ത്തുന്ന കടുകട്ടിയായ സാഹിത്യങ്ങള്‍ വായിച്ചു മനസ്സിലാക്കുക ഒരു ജോലി ആയിരുന്ന കാലത്ത്‌ എപ്പോഴോ ഒരിക്കല്‍ മൂന്നാം നമ്പര്‍ പീടികയില്‍ നിന്ന് ബട്ടന്‍ ബിസ്കെറ്റ്‌ പൊതിഞ്ഞു കൊണ്ട് വന്ന മനോഹര ചിത്രമുള്ള ഒരു പേജ് കൗതുകമുണര്‍ത്തി .ആ ചിത്രം തന്നെ ഒരു കഥ പോലെ വിശദമായിരുന്നു.ആ കഥയുടെ ആദിയുംഅന്തവും അറിയാതെ എന്റെ കൊച്ചു മനസ്സ്‌ എത്രമാത്രം വിങ്ങിയെന്നോ !! പിന്നീട് കുറച്ചു നാളുകള്‍ക്കു ശേഷം എവിടെനിന്നോ കൈ മാറി വന്ന ഒന്ന് കിട്ടി. അതിലെ ഒരോ കഥയും ഓരോ സ്വപ്ന ലോകത്തിലേക്കുള്ള വാതിലുകളായിരുന്നു.എത്രയോ തവണ വായിച്ചു.ഓരോ വാക്കും പെറുക്കി പെറുക്കി ഒരു ചോക്കലേറ്റ്‌ പതിയെ കഴിക്കുന്നത്‌ പോലെ ആസ്വദിച്ചു.ചിത്രങ്ങളില്‍ നോക്കി ഏറെ നേരമിരുന്നു.എന്റെ ഒരു അപരയാഥാര്‍ത്ഥ്യ ലോകമായിരുന്നു അത്. അതിലെ തെരുവുകളിലൂടെ ഞാന്‍ പോയി.കാടും മേടും പൂങ്കാവനവും കണ്ടു.പകിട്ടുകള്‍ ആസ്വദിച്ചു...അങ്ങിനെ അങ്ങിനെ...

ഒരു അമ്പിളി അമ്മാവന്‍ വായിക്കുവാന്‍ ഏതു ശത്രുവിനെയും മിത്രമാക്കുവാനും,ഏതു കളിയിലും തോല്‍വി സമ്മതിക്കുവാനും ഞാന്‍ തയ്യാറായിരുന്നു.ഇടയ്ക്കു വല്ലപ്പോഴും കിട്ടുന്നവ,തുടര്‍ച്ചയായ ലക്കങ്ങള്‍ അല്ലായിരുന്നു.അതുകൊണ്ട് അതിലുണ്ടായിരുന്ന അത്ഭുത മാന്ത്രിക കഥയുടെ 'കഥ ഇതുവരെ 'വായിച്ചു തൃപ്തി അടയുകയും ബാക്കി ഉള്ളവ ആവേശപൂര്‍വം മന:പാഠമാക്കുകയും ചെയിതു.രാത്രി സ്വപ്നങ്ങളില്‍ ഒരു മുറിയില്‍ മച്ചുവരെ ഉയരത്തില്‍ അടുക്കിവെച്ച അമ്പിളിഅമ്മാവനുകള്‍ !സ്വപ്നത്തില്‍ അവ വായിക്കുവാന്‍ കഴിയാതെ എപ്പോഴും ഉണര്ന്നിരുന്നത് എന്താണാവോ?

ഒരിക്കല്‍ രണ്ടും കല്‍പ്പിച്ച് പത്രക്കാരനെ കാണുവാന്‍ തീരുമാനിച്ചു.അക്കാലം മാതൃഭൂമിവായന രസമായി തുടങ്ങിയിരുന്നു.എന്നാല്‍ അതില്‍ കുട്ടിക്കഥകള്‍ മരുന്നിനു പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പത്രക്കാരന്‍ വരുന്ന വഴിയില്‍ കാത്തു നിന്നു.വലിയ പത്രകെട്ടും അതിന്റെ കൂടെ മാസികകളും ചുമന്നു കുന്നു കയറി വരുന്ന പത്രക്കാരന്‍. പത്രത്തിന്റെ ചാരനിറത്തിനു അരികു പറ്റി മാസികകളുടെ വര്‍ണ്ണതാളുകള്‍ .ഇടയ്ക്കു അമ്പിളി അമ്മാവന്‍റെ മൂന്നു നാല് പ്രതികളുമുണ്ടാകും.എന്തൊരു ആഹ്ളാദകരമായ കാഴ്ച !!
"അതേയ് ,ഞങ്ങള്‍ടെ വീട്ടിലും അമ്പിളി അമ്മാവന്‍ ഇട്വ്യോ " ഞാന്‍ പ്രതീക്ഷയോടെ ചോദിച്ചു.
"അതെങ്ങിനെ,കുട്ടിയുടെ അച്ഛന്‍ പറഞ്ഞിട്ടില്ലല്ലോ ? മാതൃഭൂമി പത്രവും ആഴ്ച്പ്പതിപ്പും മാത്രമേ തരാന്‍ പറഞ്ഞിട്ടുള്ളൂ.അത് കൊണ്ട് അമ്പിളി അമ്മാവന്‍ ഒന്നും തരാന്‍ പറ്റില്ല." അയാള്‍ പറഞ്ഞു.
"എന്നാല്‍.....ഇപ്പൊ വായിക്കാന്‍ ഒരണ്ണം തര്യോ ?"
അയാള്‍ എന്നെ ഒരു കീടത്തെപ്പോലെ നോക്കി.
"പറ്റില്ല.അത് വേറെ ആളുകള്‍ക്കുള്ളതാ " പത്രക്കാരന്‍ അമര്‍ത്തി ചവിട്ടി നടന്നു പോയി. 'ഹ്ഹും ..' വല്ലാത്ത സങ്കടവും നിരാശയും തോന്നി.
എന്ത് ചെയ്യാനാണ്.? അന്നത്തെക്കാലത്ത് ഒരു കൊച്ചു കുട്ടി വിചാരിച്ചാല്‍ ഒന്നും നടക്കില്ല. എന്ത് വായിക്കണം,വായിക്കണ്ട എന്നുള്ളതെല്ലാം അച്ഛന്റെ കടുംതീരുമാനങ്ങളത്രേ .എങ്കിലും വല്ലപ്പോഴുമെനിക്ക് ഒരു നിധിപോലെ അമ്പിളി അമ്മാവന്‍ കിട്ടി കൊണ്ടിരുന്നു. അതിലെ കഥകള്‍ ഇഴ ചേര്‍ത്ത ഭാവനയുടെ നൂലില്‍ ഊയലാടി ഞാന്‍ എവിടെയെല്ലാം പോയെന്നോ !
ഞാന്‍ മുതിര്‍ന്ന് ഹൈസ്കൂളില്‍ ആയപ്പോഴേക്കും വീട്ടില്‍ ബാലരമ വരുത്തുന്നുണ്ടായിരുന്നു.എങ്കിലും അമ്പിളി അമ്മാവനോടുള്ള ആകര്‍ഷണം അങ്ങിനെ തന്നെ തുടര്‍ന്നു.ഒടുവില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് മാത്രം അമ്പിളി അമ്മാവന്‍ വരുത്തി തന്നു .കാരണം അടുത്ത വര്ഷം പത്താം ക്ലാസ്‌ പരീക്ഷ എഴുതേണ്ടതുണ്ട് .!! അങ്ങിനെ ജനുവരി കാറ്റിന്‍റെ തണുപ്പിനൊപ്പം ഒരു പ്രഭാതത്തില്‍ അമ്പിളി അമ്മാവന്‍ എന്റെ വീടിന്റെ കോലായില്‍ പ്രത്യക്ഷപെട്ടു !!!   :) :)


**ഓര്‍ത്ത്‌ നോക്കുമ്പോള്‍ കുട്ടിക്കാലത്തിന്റെ ചാരുത ഏറെയും നാടോടി കഥകളും ചിത്ര പുസ്തകങ്ങളും നല്‍കിയ സ്വപ്നങ്ങളാല്‍ നിര്‍മ്മിതമാണ്.ഏതൊരു കുട്ടിക്കും എപ്പോഴും അതങ്ങിനെ തന്നെ ആയിരിക്കട്ടെ.

സ്നേഹപൂര്‍വ്വം
വി.മീനാക്ഷി 

കഥകള്‍ ഇഷ്ട്ടമായെന്കില്‍ ഇവിടെ ഒരു ലൈക്‌ തരാന്‍ മറക്കല്ലേ :)

13 comments:

  1. അമ്പിളി അമ്മാവന്‍ ഞാനും കുറെ വായിച്ചിട്ടുണ്ട്

    ReplyDelete
  2. ഇങ്ങനൊരു മാസികയെ കുറിച്ച് എനിക്ക് പുതിയ അറിവാണ്...

    ReplyDelete
  3. അമ്പിളി അമ്മാവന്റേതു ഒരു അനിവാര്യമായ പതനം തന്നെയായിരുന്നു എന്നാണ് എൻറെ അഭിപ്രായം. കുറേ ഭൂത പ്രേത മാന്ത്രിക കഥകൾ മാത്രം പ്രസിദ്ധീകരിച്ചിരുന്ന മാസികയായിരുന്നു. കാലത്തിൻറെ മാറ്റം ഉൾക്കൊള്ളാൻ അവർ തയാറായിരുന്നില്ല. ശാസ്ത്ര വിജ്ഞാനത്തിൻറെ വെളിച്ചം നാടാകെ പരന്നപ്പോഴും തട്ടിൻ പുറത്തു യക്ഷിയുണ്ടെന്നും പാതിരാവിൽ ഗന്ധർവൻ വരുമെന്നും ഒക്കെയുള്ള കഥകൾക്ക് മാത്രം സ്ഥാനം നൽകിയാൽ എന്തായിരിക്കും അവസ്ഥ. മറ്റുള്ള ഭാഷകളിൽ ചന്ദാമാമ എന്ന പേരിൽ ആണ് ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നത്

    ReplyDelete
  4. അമ്പിളി അമ്മാവനിൽ നല്ല ഗുണ പാട കഥകളും ഉണ്ടായിരുന്നു .

    ReplyDelete
  5. നല്ല മാസികയായിരുന്നു...വളര്‍ന്ന് കഴിഞ്ഞ് ഒരുപാട് തവണ ആലോചിച്ച് നോക്കിയിട്ടുണ്ട്, എന്നാണ് അത് നിലച്ച് പോയതെന്ന്?? എത് പബ്ലിക്കേഷന്റെതായിരുന്നു എന്നൊക്കെ???

    ReplyDelete
  6. ഇങ്ങനെ ഒരു മാസിക ഉണ്ടായിരുന്നോ.... ? ആദ്യമായി കേള്‍ക്കുന്നു.

    ReplyDelete
  7. ഇപ്പോഴും മധുരമുള്ള ഒരൊർമയായി മനസ്സിൽ 'അമ്പിളി അമ്മാവൻ' മനസ്സിൽ തെളിഞ്ഞ് നില്ക്കുന്നു... അത് പോലെ പാലക്കാട്ട് നിന്നോ മറ്റോ പ്രസിദ്ധീകരിച്ചിരുന്ന മുഴുനീള ചിത്ര കഥകളും....

    ReplyDelete
  8. അമ്പിളി അമ്മാവന്റെ പഴയ ലക്കങ്ങൾ ഉണ്ടെങ്കിൽ pdf രൂപത്തിൽ പോസ്റ്റ്‌ ചെയ്യാമോ

    ReplyDelete
  9. അമ്പിളി അമ്മാവന്റെ പഴയ ലക്കങ്ങൾ ഉണ്ടെങ്കിൽ pdf രൂപത്തിൽ പോസ്റ്റ്‌ ചെയ്യാമോ

    ReplyDelete
  10. പഴയ അമ്പിളി അമ്മാവന്‍ വായിക്കാന്‍ കൊതിയാകുന്നു. പഴയ ലക്കം ഉള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്യുക. ngopan@gmail.com

    ReplyDelete
  11. പഴയ അമ്പിളി അമ്മാവന്‍ വായിക്കാന്‍ കൊതിയാകുന്നു. പഴയ ലക്കം ഉള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്യുക. ngopan@gmail.com

    ReplyDelete
  12. എനിക്കും ഓര്‍മ്മ വരുന്നു ആ പഴയ കാലങ്ങള്‍. എല്ലാ ലക്കവുo വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പഴയ അമ്പിളി അമ്മാവന്‍ വായിക്കാന്‍ കൊതിയാകുന്നു. പഴയ ലക്കം ഉള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയച്ചു തന്നാല്‍ വളരെ ഉപകാരം. ngopan@gmail.com

    ReplyDelete
  13. എനിക്കും ഓര്‍മ്മ വരുന്നു ആ പഴയ കാലങ്ങള്‍. എല്ലാ ലക്കവുo വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പഴയ അമ്പിളി അമ്മാവന്‍ വായിക്കാന്‍ കൊതിയാകുന്നു. പഴയ ലക്കം ഉള്ളവര്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ അയച്ചു തന്നാല്‍ വളരെ ഉപകാരം. ngopan@gmail.com

    ReplyDelete

Fire Flower