കേരളഭൂഷണം വാരാന്ത്യ പതിപ്പില്‍ വന്ന HMT വാച്ചിനെക്കുറിച്ച് എഴുതിയ കുറിപ്പ് .
കുഞ്ഞി പറയുകയാണ് .........
പതിനാലാം പിറന്നാളിന് അഷ്ട ദ്രവ്യങ്ങൾ കണികണ്ടുണരുമ്പോൾ തലയിണച്ചുവട്ടിലോ പുതപ്പിനരുകിലോ കണ്ടേയ്ക്കാവുന്ന ഒരു സമ്മാനപ്പൊതിക്കുവേണ്ടി കുഞ്ഞി തിരഞ്ഞു . ഒന്നുമില്ല ! എവിടെ എന്റെ പിറന്നാൾ സമ്മാനം ? കണ്ണുകൾ നിറഞ്ഞുതുടങ്ങി . ആ നേരം കുഞ്ഞിയുടെ അച്ഛൻ ഒരു ഗൂഡസ്മിതത്തോടെ കിടക്കക്ക് അരുകിലേക്ക് വന്നു .
'' മോൾ കയ്യ് നീട്ടു , എന്നിട്ട് കണ്ണടച്ചോളൂട്ടോ ..''
നീട്ടിയ വലതുകയ്യുടെ മണിബന്ധത്തിൽ ചെറുതണുപ്പോടെ ഒരു തുടിപ്പ് വലയം ചെയ്തു. ആവേശത്തോടെ കുഞ്ഞി കണ്ണ് തുറന്നു .'' ഹായ് എന്റെ പുത്തൻ വാച്ച് !'' സ്വർണ്ണ വർണ്ണത്തിൽ പൊതിഞ്ഞ് വെട്ടിത്തിളങ്ങുന്ന , ബ്രൌണ്‍ ലെതർ സ്ട്രാപ്പുള്ള വാച്ച് അവളുടെ കയ്യിൽ മനോഹരമായി ചേർന്നുകിടന്നു . ചുവന്ന വെൽവെറ്റ് വിരിച്ച പെട്ടിയിൽ ആണത് കൊണ്ടുവന്നത് കുഞ്ഞി സൂക്ഷിച്ച് അതിന്റെ ഡയൽ നോക്കി . സുവർണ്ണ ലിപികളിൽ അതിൽ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ .... എച് . എം . ടി ...!!
'' ദ് നോക്ക്യെമ്മാ .. എന്റെ വാച്ച് . അതും എച് എം ടി വാച്ച് !!'' അവൾ അമ്മയെയും അച്ഛനെയും കെട്ടിപ്പിടിച്ചുമ്മ വെച്ചു . കുഞ്ഞി കാണാതെ ആ രഹസ്യ സമ്മാനത്തിന്റെ സന്തോഷം അമ്മയും അച്ഛനും ഒരു കുസൃതിചിരിയിൽ പങ്കിട്ടു ......
എണ്‍പത് , തൊണ്ണൂറു കാലഘട്ടങ്ങളിൽ എത്രയോ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷം സമ്മാനിച്ചത് ഒരു വേള എച് എം ടി വാച്ച് ആയിരിക്കണം . അത് ആദ്യമായി കൈയ്യിൽ കെട്ടി പത്രാസു കാട്ടി സ്കൂളിലേക്കോ കോളെജിലേക്കോ ഉള്ള യാത്ര . പത്താം ക്ളാസ്സിന്റെ നിർണ്ണായക വലിയ പരീക്ഷയ്ക്ക് ഒന്നാം ബെല്ലടിക്കുമ്പോൾ മുന്കൂറായി 5 മിനുറ്റു മുൻപോട്ടാക്കി വെച്ച വാച്ച് അഴിച്ചു ഡെസ്കിന്റെ പുറത്തു വെച്ച് ഇടയ്ക്കിടെ അതുനോക്കി ഉപന്യാസങ്ങൾക്കും ചെറു ചോദ്യങ്ങൾക്കും സമയം പകുത്തു വെച്ചുള്ള എഴുത്ത്....
കുഞ്ഞി ആണെങ്കിൽ എച് എം ടി വാച്ച് കയ്യിലണിഞ്ഞു ഗമ കാട്ടുക മാത്രമല്ല ചെയ്തത് . അച്ഛന്റെ വലിയ എച് എം ടി വാച്ച് തുറന്നു കാണുകയും ചെയ്തു ! അതിന്റെ മിടിക്കുന്ന ഹൃദയം അവളെ എത്രമാത്രമാണ് അത്ഭുതപ്പെടുത്തിയത് ! പുറകിലെ സ്റ്റീൽ അടപ്പ് തുറക്കുമ്പോൾ ഉള്ളിൽ കാണുന്ന മൊട്ടുസൂചിതലപ്പിന്റെയത്ര വലുപ്പത്തിൽ മിന്നുന്ന രത്നങ്ങൾ . ടിക് ടിക്ക് ടിക് ടിക്ക് എന്ന് നിരന്തരം ചലിക്കുന്ന ഇത്തിരികുഞ്ഞന്മാരായ പൽ ചക്രങ്ങൾ !അവരത്രെ സമയത്തെ മുൻപിലേക്ക് പിച്ച വെയ്പ്പിക്കുന്നത് !. ദിവസേന കാലത്ത് തന്നെ കീ മുറുക്കുക എന്നത് ശ്രദ്ധാപൂർവ്വം ചെയ്യേണ്ടുന്ന പ്രവര്ത്തി ആണെന്ന് അച്ഛൻ പറഞ്ഞു. സ്പ്രിംഗ് മുറുകിയ വാച്ച് ചെവിയോട് ചേർത്തു വെച്ചു അതിന്റെ മൃദുല സ്പന്ദനം കേൾക്കുന്നത് കുഞ്ഞിക്ക് ഇഷ്ടമായിരുന്നു.
അതെല്ലാം വർഷങ്ങൾക്കു മുൻപ് . ഇന്ന് ഹിന്ദുസ്ഥാൻ മെഷിൻ ടൂൾസ് അതിന്റെ ഗതകാല പ്രതാപത്തിന്റെ ഭാരം പേറുന്ന ജീർണിച്ച ഒരു കമ്പനി മാത്രം . അതിന്റെ എല്ലാ കാമ്പസുകളും നിർജീവമായിക്കൊണ്ടിരിക്കുന്നു . എന്നാൽ ഒട്ടേറെ ഓർമ്മകളുടെ സ്നേഹ സ്പന്ദനവുമായി കുഞ്ഞിയുടെ കയ്യിൽ ഇപ്പോഴും താളത്തിൽ മിടിക്കുന്നുണ്ട് അന്നത്തെ എച് എം ടി വാച്ച് ! മറ്റനേകം ഉന്നത കുല ജാതരായ വാച്ചുകൾ വരുകയും കളമൊഴിഞ്ഞുപോവുകയും ചെയ്തിട്ടും , നിതാന്തജാഗ്രതയോടെ ഇപ്പോഴുമത് കുഞ്ഞിയുടെ സമയത്തിന് കാവൽ നിൽക്കുന്നു . നിരവധി വാച്ച് കടക്കാരുടെ പ്രലോഭനം അതിജീവിച്ചുകൊണ്ട് തലമുറകൾ കൈ മാറാൻ തയ്യാറെടുക്കുന്നു ആ വാച്ച് .
കുഞ്ഞി തുടരുകയാണ് ...
'' ഇന്നെന്റെ മോൾ അതു കെട്ടീട്ടാ സ്കൂളിൽ പോയത് . പരീക്ഷയ്ക്ക് അതു കയ്യിൽ കെട്ടിയാൽ ചോദ്യങ്ങൾ ഏറ്റവും എളുപ്പമത്രേ !'' തലമുറയിൽ നിന്നും തലമുറയിലേക്ക് പകരുന്ന ഊഷ്മളമായ ഒരു വിശ്വാസം !!
എച് എം ടി വാച്ചുകൾ കേവലം സമയം അറിയാനുള്ള ഉപാധി മാത്രമായിരുന്നില്ലല്ലോ . ജനതതി നെഞ്ചിലേറ്റിയ , ഇപ്പോഴും താലോലിക്കുന്ന ഒരു വികാരതുടിപ്പാണ് . അതും പറഞ്ഞ് എഴുന്നേറ്റുപോകുമ്പോൾ നിറയുന്ന കണ്ണുകൾ തുളുമ്പാതെ ഒരു കൌമാരക്കാരിപെണ്‍കുട്ടിയെപ്പോലെ കുഞ്ഞി ചിരിച്ചു .
Facebook Link Here
കഥ പോലെ പറഞ്ഞ സത്യം. മിനിഞ്ഞാന്ന് പോലും എച്ച് എം ടി യുടെ പഴയകാലത്തെകുറിച്ചും ഇന്നിനെ കുറിച്ചും ചില ചർച്ചകൾ ചെറുതിൻറെ സുഹൃത്തുക്കൾക്കിടയിൽ നടന്നിരുന്നു. അതിനു കാരണം “ബ്ലേഡ്” കമ്പനിയുടെ ഒരു അടിപൊളി വാച്ച് കൊടുത്തപ്പൊ ഇതിൻറെയത്ര പവറൊന്നും ഈ സാധനത്തിനില്ലെന്ന് പറഞ്ഞ് വല്യ ഡയലുള്ള എച്ച് എം ടി എടുത്ത് കാണിച്ച കൂട്ടുകാരൻറെ അപ്പനും.
ReplyDeleteനന്നായിട്ടുണ്ട് ചേച്ചി ഈ കുറിപ്പ്. ആദ്യമായി കിട്ടിയത് ഒരു എച്ച്.എം ടി വാച്ചായിരുന്നു. പത്താം ക്ലാസ്സ് പാസ്സായപ്പോള്‍....
ReplyDeleteഹായ് എച്ച്.എം.ടി വാച്ച് ...! :) എനിക്കും പത്താം ക്ലാസ് പാസായപ്പോ കിട്ടിയത് എച്ച് .എം. ടിയാ , അതിന്റെയൊരു ഗമ വേറൊന്നിനും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു... നല്ല പോസ്റ്റിനു അഭിനന്ദനങ്ങൾ ...!
ReplyDelete