"......
അവന്റെ കണ്ണുകള്‍ എന്റെ പ്രിയതരമായ വര്‍ണ്ണചിത്രക്കുഴലുകള്‍ . ഓരോ തവണ ഇമ
ചിമ്മി വിടര്തുമ്പോഴും കണ്ട അത്ഭുതലോകത്തിലേക്ക് ആലീസിനെപ്പോലെ ഞാന്‍
ആഴ്ന്നിറങ്ങി .
ഓരോ കാഴ്ചയും ഒരിക്കല്‍ മാത്രം .
അങ്ങനെയാവുമ്പോള്‍ എത്ര ധ്യാനനിരതമായ നിമിഷങ്ങള്‍ വേണം എനിക്ക് ഓരോന്നും ആസ്വദിച്ച് അതില്‍ ലയിക്കാന്‍ ? ജന്മങ്ങള്‍ തന്നെ വേണം ...''
ഓരോ കാഴ്ചയും ഒരിക്കല്‍ മാത്രം .
അങ്ങനെയാവുമ്പോള്‍ എത്ര ധ്യാനനിരതമായ നിമിഷങ്ങള്‍ വേണം എനിക്ക് ഓരോന്നും ആസ്വദിച്ച് അതില്‍ ലയിക്കാന്‍ ? ജന്മങ്ങള്‍ തന്നെ വേണം ...''
അമ്പലത്തിലെ ഉത്സവ പറമ്പിലെ ചിന്തിക്കടകള്‍ കയറിയിറങ്ങി , കുപ്പിവളയും , മുത്തുമാലയും , അരിചാന്തും , പൂവെച്ച പിന്നും ഒക്കെ വാങ്ങി കഴിഞ്ഞു വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ ആണ് ജ്യേഷ്ടന്‍ ഒരു സമ്മാനം തന്നത്. റോസ് വര്‍ണ്ണ ക്കടലാസു പൊതിഞ്ഞ് , സ്വര്‍ണ നൂല്‍ കൊണ്ട് മുറുക്കിവരിഞ്ഞ ഒരു കുഴല്‍ .
'' ഇതിന്റെ പേര് കാലിഡോസ്കോപ് എന്നാണ് . കണ്ണില്‍ ചേര്‍ത്ത് പിടിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ ഒരു പാട് ചിത്രങ്ങള്‍ കാണാം ..!'' ഞാനത് തിരിച്ചും മറിച്ചും നോക്കി . ചെവിയോട് ചേര്‍ത്ത് വെച്ചു . ഉള്ളില്‍ അതീവ മൃദുലമായി ചില്ലുകള്‍ കിലുങ്ങുന്ന പോലെ . നേരം ഇരുട്ടിയത് കൊണ്ട് ഉള്ളില്‍ എന്താണെന്നു അറിയുവാന്‍ നിവൃത്തിയില്ല . കുറച്ചുകൂടി നേരത്തെ തരമായിരുന്നില്ലേ ? ഇനിയിപ്പോള്‍ നേരം വെളുക്കണം ..!
പിറ്റേന്ന് കാലത്ത് , മലമുകളിലായി സൂര്യന്‍ ഉദിച്ചുയര്‍ന്നത് നീട്ടിപ്പിടിച്ച ഒരു കുഴലിന് നേര്‍ക്ക് ആയിരുന്നു . എന്തൊരു വിസ്മയകരമായ കാഴ്ചയായിരുന്നു അതിനുള്ളില്‍ ! അനേകം സുന്ദരങ്ങളായ ആകൃതികള്‍ കുഴലിന്റെ ഓരോ ചലനത്തിലും മാറി മാറി വന്നു കൊണ്ടിരുന്നു .
'' ഇങ്ങനെ വായ തുറന്നു വെച്ചാല്‍ ഈച്ച വീഴും ..'' അമ്മ പുറകില്‍ വന്നു കളിയാക്കി . ഒരുപക്ഷെ അമ്മയ്ക്കും അതൊന്നു കയ്യിലാക്കി നോക്കിയാല്‍ കൊള്ളാം എന്നുണ്ടായിരിക്കും . അത് നടക്കില്ലല്ലോ . എന്താവാം ഇതിന്റെ ഉള്ളില്‍ ? ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു നോക്കി .
ഒന്ന്. ഇതൊരു മാന്ത്രിക ക്കുഴല്‍ ആണ് , സംശയമില്ല
രണ്ട്. ആരോ ഇതില്‍ പൂക്കളും , രത്നക്കല്ലുകളും ഒക്കെ നിറച്ചു വെച്ചിട്ടുണ്ട് . അതാണ് ഉള്ളില്‍ കിലുങ്ങുന്നത് .
മൂന്ന് . കുഴലിന്റെ ഉള്ളില്‍ വേറെ ഒരു ലോകമുണ്ട് . പക്ഷെ അതങ്ങു ദൂരെ കുഴലിന്‍ തുമ്പത്ത് ആണല്ലോ , എന്നോളം വലിപ്പമുള്ള ഒന്നായിരുന്നെന്കില്‍ അടുത്ത് പോയി നോക്കാമായിരുന്നു !.. ഇങ്ങനെ പോയി ഭാവനകള്‍ . ഒരു കാലിഡോസ്കോപ്പിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിയാനുള്ള പ്രായം ആയിരുന്നില്ല. അല്ലെങ്കില്‍ തന്നെ ഭാവനയുടെ ഉജ്വലമായ് ലോകത്ത് അത്തരം അറിവുകള്‍ വേണ്ടായിരുന്നു താനും .
ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അതിന്റെ പുറം കടലാസ് പിഞ്ഞിതുടങ്ങി. നൂലിന്റെ മുറുക്കം കുറഞ്ഞു . എങ്കിലും ഒരിക്കല്‍ പോലും ആവര്‍ത്തനം ഇല്ലാതെ പുതിയ വര്‍ണ്ണ ലോകവുമായി അതെന്നെ എത്രമാത്രം സന്തോഷിപ്പിച്ചുവെന്നോ .
അങ്ങിനെ ഒരു ദിനം കാലിഡോ സ്കോപ് , പുറംചട്ടയൂരി അതിന്റെ അന്തിമനാളിലേക്ക് പ്രവേശിച്ചു . അതിങ്ങനെയായിരുന്നു .
ഒരു കുഴല്‍ , അതിന്റെ ഉള്ളില്‍ ത്രികോണമിതിയില്‍ വെച്ച മൂന്ന് ചില്ല് പാളികള്‍ . അറ്റത്ത് ഒരു ഭൂതകണ്ണാടി യും അതിനു പിറകില്‍ വേറെ ഒരു ചില്ല് കണ്ണാടിയും ഇടക്കുള്ളതോ ചില നുണ്ങ്ങു വളപ്പൊട്ടുകള്‍ , മുത്തുകള്‍ ഒക്കെ ...
ഓ .. ഇതായിരുന്നുവോ ആ അത്ഭുത ലോകത്തിന്‍റെ ഉറവിടം . എനിക്ക് നിരാശ തോന്നിയില്ല , പകരം ഒരു പുതിയ ലോകം ഉണ്ടാവുന്നത് കണ്ടെത്തിയ ഉത്സാഹം ഉണ്ടായിരുന്നു . ഞാന്‍ അത് വീണ്ടും പണിപ്പെട്ടു ഒട്ടിച്ചു ശരിയാക്കി , പക്ഷെ അത്യാഗ്രഹം നോക്കണേ , എന്റെ വകയായി ചില പുതിയ വസ്തുക്കള്‍ കൂടി അതില്‍ നിക്ഷേപിച്ചു . എന്നാല്‍ കാണാന്‍ അത്ര നന്നായിരുന്നില്ല . അമിതമായി അതില്‍ നിറച്ചാല്‍ ഒന്നും കാണാന്‍ പറ്റില്ല എന്നും ഞാന്‍ അറിഞ്ഞു .
അല്ലെങ്കിലും ഭാവനയുടെ ഉജ്വല ലോകത്തിനും അത് തരുന്ന ആഹ്ലാദത്തിനും , അമിതമായി ഒന്നും ആവശ്യമില്ലല്ലോ .
ഇപ്പോഴും കാലിഡോസ്കോപ് കൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കുന്നുണ്ടോ എന്ന് അറിയില്ല . ഒരു പക്ഷെ , ഇപ്പോള്‍ അവരുടെ ലോകം കുത്തി നിറക്കപ്പെട്ട അനേകം വിനോദങ്ങള്‍ കൊണ്ട് കൌതുകം നഷ്ടപ്പെട്ടതയിരിക്കുന്നു എന്നു തോന്നുന്നുണ്ട് . മനസ്സും ലോകവും എല്ലാം എല്ലാം ഒരു വര്‍ണ്ണ ചിത്ര ക്കുഴല്‍ പോലെ തന്നെ . ഒന്നും മുന്‍പേ പോലെ ആവര്‍ത്തിക്കുന്നില്ല , അതുകൊണ്ട് തന്നെ എല്ലാം വളരെ പ്രത്യേകം , സുന്ദരം , അപൂര്‍വം ..
No comments:
Post a Comment