Tuesday, May 7, 2013

മാള്‍

മാസത്തിന്‍റെ തുടക്കത്തിലാണ്‌ ഇത്തരം ഒരു ആര്‍ഭാടത്തിനു അയാള്‍ ഒരുമ്പെട്ടത് . തലേന്ന് രാത്രിയില്‍ തന്നെ അയാളുടെ കൊച്ചു മകള്‍ ശരിക്കും ഉറങ്ങിയിട്ടിയില്ല . അവള്‍ അമ്മയോട് പറഞ്ഞു തന്റെ പിറന്നാളിന് അച്ഛന്‍ കൊണ്ട് വന്ന പട്ടു പാവാടയും ജാക്കറ്റും എടുത്തു വെയ്പിച്ചു . രാവിലെ അവളുടെ മുടി നന്നായി എണ്ണയിട്ടു കുളിപ്പിച്ച് അമ്മ ഒരു ചെറിയ മുല്ലമാല അണിയിച്ചു. കയ്യില്‍ പാവാടയുടെ നിറത്തിലുള്ള വളകളും കഴുത്തില്‍ മുത്തുമാലയും ഇടുവിച്ചു . അയാള്‍ ആണെങ്കിലോ അയാളുടെ ഒരേ ഒരു ആനന്ദമായ ദിവസേന അകത്താക്കുന്ന സ്മാള്‍ രണ്ടാഴ്ചത്തേക്ക് വേണ്ട എന്ന് വെക്കേണ്ടി വന്നു . ഒരു ചെറിയ വീട് ഗ്രാമത്തില്‍ പണിതുയര്‍ത്തിയത്തിന്റെ പ്രാരാബ്ധങ്ങള്‍ . അയാളുടെ ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോവുന്നതു കൊണ്ടും കൂടിയാണ് അവര്‍ മാസം അവസാനം വരെ എത്തിക്കുക . പക്ഷെ അയാളുടെ ഓമന മകള്‍ക്കായി അവളുടെ സ്കൂള്‍ അവധിക്കാലം അവര്‍ ഇങ്ങനെ ചിലവഴിക്കാം എന്ന് ചിന്തിച്ചു . അങ്ങനെയാണ് അവര്‍ മഹാനഗരത്തിലെ മാള്‍ കാണാന്‍ എത്തിയത് .
നേരം വെളിച്ചമാവുമ്പോള്‍ തന്നെ അയാള്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട് നഗരത്തില്‍ എത്താറുണ്ട് . എത്ര എത്ര വന്‍ സൌധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായിരുന്നു അയാള്‍ . ഈ കെട്ടിടം ഉയരുമ്പോഴും തുടക്കത്തില്‍ അയാള്‍ ചെറു ജോലികള്‍ക്കായി അവിടെ ഉണ്ടായിരുന്നു . പിന്നീട് ബസില്‍ അതുവഴി പോവുമ്പോഴെല്ലാം അയാള്‍ അതിനെ അഭിമാനത്തോടെ നോക്കി . പക്ഷെ ഇപ്പോള്‍ അത് കാണുമ്പോള്‍ അയാളുടെ മകളെയും ഭാര്യയെയും പോലെ അയാളും അത്ഭുത പരതന്ത്രനായി . എന്തെല്ലാം അത്ഭുതക്കാഴ്ചകള്‍ ! ടി വി യില്‍ കാണുന്നത് പോലെയുള്ള സ്വര്‍ഗീയ ലോകം !! അയാളും ഭാര്യയും മകളും മാളിനുള്ളില്‍ കടന്നു . പേഴ്സില്‍ ഭദ്രമായി മടക്കിയ നൂറിന്റെ അഞ്ചു നോട്ടുകള്‍ മാറ്റി വച്ചിരുന്നു . ആഹ്ളാദഭരിതയായ മകള്‍ അയാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടിരുന്നു . അവള്‍ക്ക് എല്ലാം കാണണം . അവരുടെ ചുറ്റും അതി മനോഹരമായി വസ്ത്രം ധരിച്ച അഴക്‌ നിറഞ്ഞ മനുഷ്യര്‍ തിരക്കോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു . കണ്ണാടിവാതിലുകള്‍ക്ക് പുറകില്‍ മിന്നുന്ന രത്നക്കല്ലുകള്‍ പതിച്ച ആഭരണങ്ങള്‍ കടകള്‍ തോറും വില്പനക്ക് വച്ച സുന്ദരവസ്തുക്കള്‍ . ഗൌരവത്തോടെ ഉലാത്തുന്ന സെക്യൂരിറ്റി ജീവനക്കാര്‍ , ചെകിടടപ്പിക്കുന്ന സംഗീതം . അവര്‍ മൂന്നു പേരും ആ പുരുഷാരത്തിനിടയില്‍ ചെറുപ്രാണികളെ പ്പോലെ നിന്നു. അവര്‍ കൈകോര്‍ത്തു മുറുകെ പിടിച്ചു . സ്വപ്നലോകത്ത് സ്വതന്ത്രയാക്കപ്പെട്ടവളേപ്പോലെഅയാളുടെ ഭാര്യയുടെ കണ്ണുകള്‍ തിളങ്ങി. ഒന്നും ഒരിക്കലും സ്വന്തമാവില്ല എന്നറിയുന്ന അവള്‍ക്ക് നിരാശയൊന്നുമില്ല . തങ്ങളുടെ കൊച്ചുലോകം എപ്പോഴും ഒരു അതിര്‍വരമ്പിട്ടു ജീവിതത്തെ വേര്‍തിരിച്ചിരിക്കുന്നത് അവള്‍ ഓര്മ വച്ചത് മുതല്‍ അന്ഗീകരിചിരിക്കുന്നു ! പക്ഷെ കുഞ്ഞു മകളുടെ മുഖം നോക്കുമ്പോള്‍ നോവുന്നുണ്ട് . അവളുടെ വിലകുറഞ്ഞ പട്ടുപാവാട അവരുടെ കൊച്ചുവീടിനുള്ളില്‍ വച്ചിടുവിക്കുമ്പോള്‍ അത് ചെര്ച്ചയുള്ളതും ഭംഗിയുള്ളതുമായിരുന്നു , എന്നാലിപ്പോള്‍ അത് തീരെ നിറം കേട്ടതും യോജിക്കാത്തതും ആണെന്ന് അവര്‍ക്ക് തോന്നി . വേദനിപ്പിക്കുന്ന താരതമ്യങ്ങളില്‍ പതറാതെ അയാള്‍ എസ്കലെറ്റര്‍ കൈവരിയില്‍ മുറുകെ പിടിച്ചു . മകള്‍ അത്ഭുതത്തോടെ കണ്ണ് മിഴിച്ചു .
'' അയ്യോ അച്ഛാ , ഇത് കണ്ടോ ഓടിപ്പോണ പടികള്‍ !'' അവള്‍ ഉത്സാഹത്തോടെ കാലുകള്‍ മുന്‍പോട്ടു വച്ചു .
വേണ്ട ! അമ്മ അവളുടെ കൈ പിടിച്ചു പുറകോട്ടു വലിച്ചു .'' നീ വീഴും കൊച്ചെ ..''
സത്യത്തില്‍ അവര്‍ ഇരുവരും പേടിച്ചിരുന്നു . എങ്ങനെയാണിതില്‍ കയറുക? അവര്‍ നോക്കിനില്‍ക്കെ ആളുകള്‍ കയറിപ്പോവുകയും , താഴേക്ക് ഇറങ്ങി വരികയും ചെയ്തു . വല്ലാത്ത ഒരു വിഷാദം അയാളെ ബാധിച്ചു . അയാളുടെ കയ്യിലെ അഞ്ഞൂറ് രൂപ ... അതുകൊണ്ട് എന്താണ് മകള്‍ക്ക് വാങ്ങുക? വിലയേറിയ വസ്തുക്കള്‍ അവള്‍ ആഗ്രഹിച്ചാല്‍ താന്‍ എന്ത് ചെയ്യും? ഈ ചിന്തകള്‍ അയാളെ അലട്ടി. മുകളിലേക്കുള്ള നീങ്ങിപ്പോവുന്ന പടികള്‍ കയറാന്‍ പോലും തനിക്കു ഭയമാണ് എന്നയാള്‍ അറിഞ്ഞു ..
ആ സമയം പടികള്‍ക്കു ചുവട്ടില്‍ സെക്യൂരിറ്റി ജോലിക്കാരിയായ ഒരു പെണ്‍കുട്ടി മകളുടെ കൈ പിടിച്ചു പടികള്‍ക്കു മേലെ കാല്‍ വെച്ചു. മകള്‍ അമ്പരപ്പോടെ മുകളിലേക്ക് ഉയര്‍ന്നു പോയി . അയാളും അവളും ഭാരം തോന്നിയ കാലുകള്‍ വലിച്ചു വച്ചു വശത്തുള്ള ഗ്രാനൈറ്റ് വിരിച്ച പടികള്‍ കയറുവാന്‍ തുടങ്ങി . അവരുടെ മകള്‍ മുകളില്‍ നിന്ന് സന്തോഷത്തോടെ കൈകൊട്ടിച്ചിരിച്ചു .



(ചിത്രം കടപ്പാട് - ഗൂഗിൾ )

വി. മീനാക്ഷി

5 comments:

  1. നന്നായെഴുതി വന്നതാണ്, പക്ഷേ, എന്തോ മുഴുവനാകാത്തതു പോലെ

    ReplyDelete
  2. I feel as if we made a sudden break...................
    It is a nice writing...keep it up

    ReplyDelete
  3. മാള്‍ സംസ്കാരം തുടങ്ങി

    ReplyDelete
  4. ഇത്തിരി എന്തോ പ്രശനം ... പൂർണത വന്നില്ലെന്നൊരു തോന്നൽ

    ReplyDelete
  5. കഥ ഇത്രയും മതി. കൂടുതല്‍ വായനക്കാരുടെ ചിന്തകള്‍ക്ക് വിട്ടുകൊടുക്കുക. ...നല്ല കഥയാണ്‌ കേട്ടോ.

    ReplyDelete

Fire Flower