ചിലപ്പോള്‍ മഴ ഭൂമിയിലെ എണ്ണമറ്റ നിസ്സഹായരായ മനുഷ്യരുടെ സങ്കടങ്ങളുടെ കാര്‍മേഘങ്ങള്‍ പെയ്യുന്നതുപോലെയാണ് . അതുകൊണ്ടാവണം ദുരന്തങ്ങള്‍ക്ക് മീതെ എപ്പോഴും മഴ വീണ്ടും പെയ്യുന്നത് ,
മഴക്കാലത്ത് ഒരുണക്കമരം ചില്ലകള്‍ വീണു ചിതലരിച്ചു ഒടിഞ്ഞു നിലം പരിശായി . പശിമയേറിയ മണ്ണ് അതിനെ അവധാനതയോടെ ആവാഹിച്ചു . ഒരമ്മയെപ്പോലെയാണ് ആ മരം . തളിര്‍ത്തു തണല്‍ വിരിച്ചു നിന്ന്, നിസ്വാര്‍ഥതയോടെ പൂക്കള്‍ വിടര്‍ത്തി സൌന്ദര്യം തൂവുകയും , ഫലങ്ങള്‍ അമൃതുപോലെ നല്‍കി പശി അടക്കുകയും ചെയ്ത്, വെയിലും മഴയുമേറ്റ് നിന്ന മരം . കുട്ടികള്‍ അതിന്റെ ശിഖരങ്ങളില്‍ കയറി മറിഞ്ഞു . വിറകു വെട്ടുകാരന്‍ ആരും കാണാതെ വന്നു അയാളുടെ കോടാലിയുടെയും വാക്കത്തിയുടെയും മൂര്‍ച്ച പാകം അല്ലെ എന്ന് വെട്ടി പരിശോധിച്ചു. നോവിന്‍റെ മുറിപ്പാടുകള്‍ ഉണങ്ങുമ്പോഴും ആ മരം പഴങ്ങളും പൂക്കളും ഉതിര്‍ക്കുണ്ടായിരുന്നു .
എവിടെയോ ഒരു അമ്മ അന്തിയാവുമ്പോള്‍ ബസുകള്‍ മാറിക്കയറി , മഴയില്‍ കുതിര്‍ന്നു വീട് അണയുന്നു . കാത്തിരുന്ന കുട്ടിക്ക് ഒരു ചെറു പൊതി സഞ്ചിയില്‍ എങ്ങോ നനവു തട്ടാതെ ഒളിപ്പിചിട്ടുണ്ട്. മഴത്തുള്ളികളുടെ ഈര്‍പ്പം തങ്ങുന്ന ചുണ്ടുകള്‍ കൊണ്ട് കുഞ്ഞു കവിളില്‍ അമ്മ അരുമയോടെ ഉമ്മ വെക്കുന്നു . കുഞ്ഞു കണ്ണുകളില്‍ വിടരുന്ന ആഹ്ലാദത്തിന്റെ വെളിച്ചം തോരാമഴയുടെ ഇരുട്ടിലും നിലാവായി തെളിയുന്നു .
പാതവക്കിലെ കൂറ്റന്‍ മരങ്ങളുടെ പൊത്തുകളില്‍ കൂട്ടില്‍ ചെറു പൈതങ്ങള്‍ കാത്തിരിക്കുന്നുണ്ട് . കൊക്കില്‍ നിറയെ ഭക്ഷണവുമായി വരുന്ന അമ്മക്കിളിയെ കാത്ത് ... മഴയുടെ ഇടവേളകള്‍ വീണ്ടും കുറയുന്നുവോ ?
______© വി. മീനാക്ഷി
കൊക്കില്‍ നിറയെ ഭക്ഷണവുമായി ഒരമ്മക്കിളി
ReplyDeleteവെരി ഗുഡ്
കൊള്ളാം ....
ReplyDelete