Monday, April 22, 2013

ബലൂണുകൾ

കടും മഞ്ഞച്ചായം പുരട്ടിയ മുളംകമ്പിൽ ചരട് കൊണ്ട് മുറുക്കി ബന്ധിച്ച ബലൂണുകൾ . ചുവപ്പ് , പച്ച , ഓറഞ്ച് , മഞ്ഞ ..... ബലൂണുകൾ കാറ്റിൽ ആടുമ്പോൾ അതിലെ മണൽ ത്തരികൾ ഉതിർന്നു കിലുകിലെ ശബ്ദമുണ്ടാക്കി . മുളംകമ്പ് ഇടം കയ്യാൽ തങ്ങി, നീര് വച്ച പാദങ്ങൾ പെറുക്കി വച്ച് വൃദ്ധൻ നടന്നു . ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ വീതി കുറഞ്ഞ റോഡ്‌ തിമിരം പടർന്നു തുടങ്ങിയ കണ്ണകൾ കൊണ്ട് സൂക്ഷിച്ചു നോക്കി . കുട്ടികളുടെ ശബ്ദമോ തലവെട്ടമോ തിരഞ്ഞു . എവിടെപ്പോയി കുട്ടികളെല്ലാം ? ഈ തെരുവിൽ കുട്ടികൾ ഇല്ല എന്നോ ? വഴിക്കിരുവശത്തും കാണപ്പെട്ട വീടുകളുടെ വാതിലുകൾ ഒട്ടുമുക്കാലും അടഞ്ഞു കിടന്നു . ഇടക്ക് ചില പാതി തുറന്ന വാതിലുകൾക്കുള്ളിൽ ദുരൂഹമായ അന്ധകാരം ആഴങ്ങൾ തീർത്തു . മട്ടുപ്പാവുകളിൽ ഉണങ്ങാൻ വിരിച്ച ഉടുപ്പുകൾ നേരം വൈകുന്തോറും തണുപ്പ് നിറഞ്ഞ കാറ്റിൽ പുതുമ നഷ്ടപ്പെട്ട് തൂങ്ങിയാടിക്കൊണ്ടിരുന്നു. കുട്ടികൾ എവിടെ ?

''ബലൂണുകൾ വില്ക്കാനുണ്ട് '' എന്ന് വിളിച്ചു പറയാൻ അശക്തനായി വൃദ്ധന്‍ വഴിയരികിൽ വടിയും കുത്തി നിന്നു . ഇടയ്ക്കിടെ തിരക്കിട്ട് പഞ്ഞുപോയ വില കൂടിയ കാറുകൾ വകഞ്ഞിട്ട കാറ്റിൽ അയാളുടെ ദുർബല ശരീരം ഉലഞ്ഞു. നൂലറ്റത്തു വിറകൊള്ളുന്ന ബലൂണുകൾക്കുള്ളിൽ കിലുങ്ങുന്ന മണൽ തരികളുടെ ശബ്ദം കാതോര്ക്കുന്ന ബാല്യങ്ങളെ കുറിച്ച് അയാൾ ഓർത്തു നോക്കി . ഇപ്പോൾ ഓർത്തെടുക്കാൻ പറ്റാത്ത അത്രയും മങ്ങിപ്പോയ ചിത്രങ്ങൾ .

പുലര്ച്ച മുതൽ മധ്യാഹ്നം വരെ ബലൂണുകൾ ക്കുള്ളിൽ മണൽത്തരി നിക്ഷേപിച്ച് പ്രാണവായു ഊതി നിറച്ചു ശ്രദ്ധാപൂർവ്വം ചരട് കൊണ്ട് മുറുക്കിക്കെട്ടുകയായിരുന്നു . വായിൽ കൊഴുക്കുന്ന തുപ്പലും , ശ്വാസം മുട്ടലും ,ചുമയും കാരണം ഇടയ്ക്കിടെ അയാൾക്കത് നിർത്തിവെക്കേണ്ടിവന്നു . പക്ഷെ ഏറ്റവും വൃത്തിയോടെയും , നിഷ്ഠയോടെയും ആണ് അയാൾ അത് ചെയ്തത് . അതെല്ലാം കഴിഞ്ഞപ്പോഴേക്കും രാവിലെ കുടിച്ച കാലി ചായയുടെ ഊര്ജം പോയിരുന്നു . ഒരു ചാവാലി പട്ടിയുടെ മോങ്ങൽ പോലെയൊന്ന് തൊണ്ടയിൽ കുടുങ്ങിക്കിടന്നു . 

ഹതാശയോടെ വീണ്ടും ചുവടു വെക്കുമ്പോൾ അയാൾ ആഗ്രഹിക്കുകയാണ് , ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ !ഒരു പക്ഷെ ഈ തെരുവിൽ വലിയ ആൾക്കാർ മാത്രമായിരിക്കാം . എന്നിരുന്നാലും അവർ കാത്തിരിക്കുന്ന കുട്ടികൾ ? അവർക്ക് സമ്മാനിക്കാൻ ഒന്നോ രണ്ടോ ബലൂണുകൾ ?

അപ്പോൾ ആഞ്ഞു വീശിയ ഒരു കാറ്റിൽ ബലൂണുകൾ ആടിയുലഞ്ഞു . ജീവന്റെ മണൽത്തരികൾ വിവശമായ തൊലിക്കുള്ളിൽ ഉരഞ്ഞു കലമ്പി. മുളംകമ്പിന്റെ ഭാരമേറി . ഇനി എത്ര ദൂരം ! ഒന്ന് പോലും വിൽക്കാൻ കഴിയാതെ മടങ്ങിപ്പോവേണ്ടി വരിക . രാത്രിയിൽ തളർന്നുറങ്ങുമ്പോൾ കൂരയുടെ മുകളിൽ പാകിയ തകര തകിടിന്റെ ചൂട് തങ്ങനകാതെ ബലൂണുകൾ ഒന്നൊന്നായി നിശ്ശബ്ദരാകും . യാതൊരു സ്വപ്നങ്ങളും ഇല്ലാത്ത ഉറക്കത്തിനു പേടി സ്വപ്നത്തിലെക്കൊരു ഉണര്ച്ച പോലെ കാറ്റൊഴിഞ്ഞു തൂങ്ങിയാടുന്ന ബലൂണുകളുടെ നീണ്ട നിഴലുകൾ പ്രേതങ്ങളെപ്പോലെ കാണപ്പെട്ടു . 

യൌവ്വന കാലം മുഴുവൻ ബലൂണ്‍ വില്ക്കുന്ന തൊഴിൽ മാത്രമെ അയാൾ ചെയ്തിരുന്നുള്ളൂ . എണ്ണമറ്റ ബലൂണുകൾ , മഴവിൽ നിറങ്ങൾ , വിചിത്ര രൂപങ്ങൾ ... വഴിയുടെ അറ്റത്ത് അയാൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ആർത്തു കൂടുന്ന കുഞ്ഞുങ്ങൾ . കൈവശപ്പെടുത്തുന്ന ഓരോ ബലൂണുകളും അവരുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിരിയിച്ചു. ബലൂണ്‍ കിട്ടാഞ്ഞ കുട്ടികളുടെ മുഖത്തെ ദൈന്യത ഇപ്പോൾ എല്ലാം ഏകാന്തതയിൽ അയാൾക്ക് ഓര്മ വരാറുണ്ട്. വിങ്ങി ക്കരഞ്ഞു കൊണ്ട് വാശിപിടിച്ച കുട്ടി . ഒരു ബലൂണ്‍ പോലും വെറുതെ കൊടുക്കാഞ്ഞ കർക്കശക്കാരനായ ചെറുപ്പക്കാരൻ . അതെ, അയാൾ ഒരു കച്ചവടക്കാരൻ ആയിരുന്നു . 

കിഴവനെ മറികടന്നു ഒരു ചെറിയ ആണ്‍കുട്ടി സൈക്കിളിൽ അതിവേഗം പോയി . അയാളുടെ കയ്യിലെ ബലൂണുകൾ അവൻ ശ്രദ്ധിച്ചതേയില്ല . അവൻ തിരിച്ചുവന്നേക്കുമെന്നാശിച്ചു അയാൾ കുറച്ചു നേരം ആ വഴിവക്കിൽ കാത്തു നിന്നു. ബലൂണിനുള്ളിലെ മണൽത്തരികളുടെ കിലുക്കം വിശന്നു ചുരുങ്ങിയ വയറിലും വിണ്ടു വിങ്ങുന്ന പാദങ്ങളിലും കിരുകിരുപ്പുണ്ടാക്കി. 
ആർക്കും വേണ്ടാത്ത ബലൂണുകൾ !
വൃദ്ധൻ വല്ലാതെ പരിക്ഷീണനായി, എങ്കിലും മുളംകമ്പിൽ നിന്നുമയാൾ പിടി അയച്ചില്ല . അതിപ്പോൾ അയാളുടെ ഊന്നു വടി കൂടെയാണ് . വർണ്ണത്തലപ്പുള്ള ഊന്നുവടി !
തെളിഞ്ഞു തുടങ്ങുന്ന സോഡിയം വിളക്കുകളുടെ മങ്ങിയ നിഴൽ പറ്റി അയാൾ നടന്നു . പ്രാഞ്ചി പ്രാഞ്ചി അയാൾ വീട്ടിലേക്കുള്ള ഇടവഴിയുടെ തുടക്കത്തിലുള്ള ചായക്കടയുടെ മുൻപിൽ ഇട്ട ബെഞ്ചിൽ ഇരുന്നു . തങ്കമ്മുവിന്റെ ചായക്കടയാണത് . ചേരിയിൽ താമസിക്കുന്നവരുടെ വിശപ്പിനു ഭക്ഷണം വിളമ്പുന്ന ഒരു കൊച്ചു ഹോട്ടൽ . തങ്കമ്മുവിനു വൃദ്ധനെ വലിയ കാര്യമാണ് . അയാൾക്ക് വേണ്ടി ഇപ്പോഴും ഒരു പിടി അന്നം അവൾ മാറ്റിവെച്ചു . പ്രതിഫലമായി അയാൾ നീട്ടിയ നാണയത്തുട്ടുകൾ എണ്ണി നോക്കാതെ പെട്ടിയിൽ ഇട്ടു . 

കിഴവനെ ഞെട്ടിക്കുന്ന ഒരു ശബ്ദത്തോടെ വക്കടർന്ന പാത്രത്തിൽ തണുത്ത ചോറും കറിയും അവൾ വച്ചു . 
എന്ത് പറ്റി ? കിഴവൻ കുഴിഞ്ഞ കണ്ണുകൾ മിഴിച്ചു . 
'' ദ് കണ്ടോ ? നോക്കിക്കേ ?''
അയാൾ തങ്കമ്മു വിരൽ ചൂണ്ടിയ ഇടത്തേക്ക് നോക്കി . 
'' സൂക്ഷിച്ചു നോക്ക് കെളവാ '' അവൾ ആകെ ഇടഞ്ഞു നില്ക്കുകയാണ് . വഴിവിളക്കിന്റെ വെളിച്ചത്തിൽ അവളുടെ ചായക്കടയുടെ മതിലിൽ കുമ്മായം കൊണ്ട് വരച്ചു അളവുകൾ രേഖപ്പെടുത്തിയിരുന്നത് വൃദ്ധൻ കണ്ടു 
''റോഡ്‌ വരുന്നൂ ..... ഈ ചായക്കടയുടെ മോളീക്കൂടെ ..!'' ആധിയോടെ തങ്കമ്മു പറഞ്ഞു .
പകരമായി ഏതോ ഒരു നാട്ടിൽ ഇതുപോലെയൊരു ചായക്കട ... സാധുക്കളുടെ ജീവിതത്തിൽ ഭരണകൂടം ചെലുത്തുന്ന ഒരു വലിയ മാറ്റം. പ്രതീക്ഷകൾ ഒന്നുമില്ലെങ്കിലും അപ്രതീക്ഷിതമായവ പോലും എത്ര ക്രൂരമാണ് !
മുളംകമ്പ് മൂലയിൽ ചാരിവെച്ച് കിഴവൻ ഭക്ഷണം കഴിച്ചുതുടങ്ങി. മണൽതരികൾ പോലെ അതയാളുടെ അന്നനാളത്തിലൂടെ ഉരസിയിറങ്ങി. ഏറിയാൽ രണ്ടോ മൂന്നോ മാസം ഈ ചോറ് അയാൾ കഴിക്കും . അത് കഴിയുമ്പോൾ ഈ കടയുടെ സ്ഥാനത് ആദ്യം ഇഷ്ടിക ക്കൂനകളും എല്ലിൻ കഷണങ്ങൾ പോലെ പലകകളും കമ്പികളും എഴുന്നു നില്ക്കും . പിന്നീട് അതും ഓരോര്മ്മയാക്കിക്കൊണ്ട് കറുത്ത് നീണ്ട ഒരു പാത അവിടെ പ്രത്യക്ഷപ്പെടും . പറിച്ചു നട്ട ഇടത്ത് തങ്കമ്മു ചിലപ്പോൾ ചായക്കട കെട്ടി ഉയർത്തിയേക്കാം . അത് മാത്രമല്ലെ അവൾക്കറിയു . 
ഊണ് കഴിഞ്ഞു തങ്കമ്മുവിന്റെ നീട്ടിയ കൈകളിലേക്ക് നാണയങ്ങൾക്കും , ചുളുങ്ങിയ നോട്ടിനും പകരം മൂന്നു ബലൂണുകൾ കെട്ടിയ ചരടയാൾ കൊടുത്തു . വിശ്വസിക്കാൻ പറ്റാതെ തങ്കമ്മു മിഴിച്ചു നോക്കി . അവൾക്കു വല്ലാതെ ദേഷ്യം വന്നു . 
'' പരട്ടക്കിളവാ , എനിക്കെന്തിനാ ഇത് ?''
അയാൾ പരുങ്ങി . തൊണ്ടയിൽ നിന്ന് മണൽത്തരികളിൽ ഉരഞ്ഞ കാറ്റു വന്നു . 
'' ഇന്ന് .... ഇന്നൊന്നും കിട്ടിയില്ല മോളെ ...''
ശരി . തങ്കമ്മു കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു . അയാളുടെ കരുവാളിച്ച മുഖവും ബലൂണുകളും മാറിമാറി നോക്കി . 
മൂന്നു ബലൂണുകൾ . ചുവപ്പ്, പച്ച , ഓറഞ്ച് . അവ തങ്കമ്മുവിന്റെ മേശപ്പുറത്തു ഉരുണ്ടുകൊണ്ടിരുന്നു . ഉള്ളിൽ നിറച്ച മണൽത്തരികൾ ഒച്ച വച്ചു . വൃദ്ധന്റെ രൂപം ഇരുട്ടിൽ മറഞ്ഞു . മുളംകമ്പിന്റെ അറ്റത്തെ ബലൂണുകളും കാഴ്ച്ചവട്ടതിനു അപ്പുറം മാഞ്ഞു . 
'' ഛെ !'' തങ്കമ്മുവിനു വല്ലാത്ത ഈര്ഷ്യ തോന്നി . പക്ഷെ, ആ വർണ്ണക്കുമിളകൾ നോക്കിനോക്കിയിരിക്കെ അവളുടെ മുഖം മെല്ലെ ഒരു കൌമാരക്കാരിയുടെതായി . കണ്ണുകളിൽ ഒരു കൊച്ചുപെണ്‍കുട്ടിയുടെ കൌതുകം നിറഞ്ഞു . അപ്പോൾ അവൾ തകർന്നു നിലം പൊത്താൻ പോകുന്ന അവളുടെ ജീവിതാശ്രയത്തെക്കുരിച്ചോ കിട്ടാനുള്ള പണത്തെക്കുറിച്ചോ വ്യസനിച്ചില്ല . 
നനഞ്ഞ കൈകൾ സാരിയിൽ തുടച്ച് അവർ ആ ബലൂണുകൾ എടുത്ത് ഭിത്തിയിൽ വച്ച ഗണപതിയുടെ ചിത്രത്തിന്റെ താഴത്തുള്ള ആണിയിൽ കെട്ടിയുറപ്പിച്ചു . 

അവശമായ കാലുകൾ പെറുക്കിവച്ച് കുടിലിൽ എത്തുമ്പോഴേക്കും രാത്രി ഏറെയായിരുന്നു . ചാരുപലക . തുറന്നു കിഴവാൻ അകത്തെ ഇരുട്ടിലേക്ക് നൂണ്ടു കയറി . വഴിവിളക്കിന്റെ പാളി വീണ വെളിച്ചത്തിൽ മുറിയുടെ കോണിൽ മുളംകമ്പ് ചാരിവച്ച് ദ്രവിച്ചുതുടങ്ങിയ പലകകട്ടിലിൽ ജീര്ണിച്ച ശരീരം ചായ്ച്ചു കണ്ണുകൾ അടച്ചു. മണൽതരികൾ നേരിയ കാറ്റിൽ കലമ്പി . അയാൾ വീണ്ടും അയാസത്തോടെ വലിഞ്ഞ് എഴുന്നേറ്റു . തപ്പിത്തടഞ്ഞു വീണ്ടു മുളംകമ്പ് കയ്യില എടുത്തു . നെഞ്ഞ് പൊട്ടിപ്പോവും എന്ന് തോന്നും വരെ ഊതി വീര്പ്പിച്ച ബലൂണുകൾ . അയാൾ അതുമായി കട്ടിലിൽ വന്നിരുന്നു. തറയിൽ വിരിച്ച കീറചാക്കിന്റെ അടിയിൽ നിന്നും ചെറിയ പേനാക്കത്തി എടുത്തു . ഓരോ ബലൂണുകളും കുത്തി കാറ്റ് പുറത്തുവിട്ടു . വൃദ്ധന്റെ പ്രാണവായു ആ കുടുസ്സു മുറിയിൽ ചുറ്റിത്തിരിഞ്ഞു . ഒടുവിൽ എല്ലാ ബലൂണുകളും ദൃഡ നിശ്വാസമുതിർത്തു കൊണ്ട് പൊട്ടിത്തീർന്നു . മുളംകമ്പും പേനക്കത്തിയും താഴെ എറിഞ്ഞ് തടസ്സങ്ങൾ ഏതുമില്ലാതെ വൃദ്ധന്‍ ഉറങ്ങാൻ കിടന്നു ........




(ചിത്രം:കേരളഭൂഷണം ദിനപ്പത്രം ഞായറാഴ്ച പതിപ്പില്‍(21-04-2013) വന്നതിന്റെ സ്ക്രീൻ ഷോട്ട്) 
facebook page 

7 comments:

  1. മുളംകമ്പും പേനക്കത്തിയും താഴെ എറിഞ്ഞ് തടസ്സങ്ങൾ ഏതുമില്ലാതെ വൃദ്ധന്‍ ഉറങ്ങാൻ കിടന്നു ........

    അവസാനത്തെ ഉറക്കം !!!

    ReplyDelete
  2. വൃദ്ധന്‍ അങ്ങനെ രക്ഷപ്പെട്ടു
    തങ്കമ്മ എവിടെ പോകും?

    നല്ല കഥ

    ReplyDelete
  3. കഥ നന്നായി പറഞ്ഞു . മനോഹരം .
    -------------
    പിന്നെ അലൈൻമെന്റ് ഒന്ന് ശ്രദ്ധിക്കൂ . ഇതിൽ വാക്കുകൾ എല്ലാം സെൻട്രൽ അലൈൻട് ആണ് , സാധാരണ കവിതകൾ ആണങ്ങനെ കാണിക്കുക . ലെഫ്റ്റ് , അല്ലെങ്കിൽ justify അലൈൻമെന്റ് കൊടുത്ത് നോക്കൂ

    ReplyDelete
  4. നല്ല കഥ , ഒത്തിരി ഇഷ്ടായി..

    ReplyDelete
  5. നിസ്സഹായതയുടെ മുളങ്കമ്പുകളില്‍
    പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങിയ
    ബലൂണുകള്‍ക്കു ജീവിതത്തിന്റെ
    വിവിധങ്ങളായ നിറങ്ങള്‍ ...!
    നിറങ്ങളും കഥപറയുന്നു...
    ആശംസകള്‍....

    ReplyDelete

Fire Flower