Saturday, July 14, 2012

ബാഗലെ


ഉച്ചനേരത്ത് പൊടുന്നനെ മനസ്സിലേക്ക് കടന്നുവന്നതാണീ യാത്ര. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന കവിസമ്മേളനം ചാര്‍ത്തിക്കൊടുത്ത നാട്യങ്ങളുടെ പശപ്പുചേര്‍ന്ന മേലങ്കിക്കുള്ളില്‍ ആയിരുന്നു രവി കൃഷ്ണന്‍ . ആരാധകരും ഉപജാപകരും ചേര്‍ന്ന് രവിയെ പലതവണ പൊന്നാട അണിയിക്കുകയും , താഴേക്ക്‌ വലിച്ചെറിയുകയും നഗ്നനാക്കുകയും ചെയ്ത ദിനങ്ങള്‍ . രാവിലെ വീട്ടിലെത്തി , കവിക്കുപ്പായം ഊരിയെറിഞ്ഞു , കുളിച്ചു , ഊണ് കഴിച്ചു ഉഷയുടെ ഉച്ചയുറക്കതിലേക്ക് മുഖമമര്‍ത്തി കിടക്കുമ്പോള്‍ പടിക്കല്‍ പോസ്റ്റ്‌മാന്‍റെ ബെല്‍ കേട്ടു.
''ആരാധ്യനായ എന്‍റെ കവീ , ഈ ദീപാവലിക്ക് അങ്ങ് വന്നെ പറ്റൂ
എത്രയോ നീണ്ട എന്‍റെ കാത്തിരിപ്പ്....
അതിനൊരവസാനം എനിക്ക് ദാനം തരൂ . റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കാത്തുനില്‍ക്കും ,
ഒരിക്കല്‍കൂടി,
വരാതിരിക്കരുതെ''
പതിവുപോലെ നീണ്ടു വെളുത്ത കവറിനുള്ളില്‍ നാളായി മടക്കിയ ഇളം മഞ്ഞ കടലാസ്സ്‌ ഉണങ്ങിയ ഓലക്കൊടിയുടെ ശബ്ദത്തോടെ മടക്കു നിവര്‍ന്നു. മൂക്ക് വിടര്‍ത്തി മുഖത്തോട് ചേര്‍ത്ത് രവികൃഷ്ണന്‍ ആ കടലാസ്സ്‌ മണത്തു . തുറന്ന കവറിനുള്ളില്‍ നിന്നും പരക്കുന്ന ഈ ഗന്ധം എന്താണ് ഓര്‍മപ്പെടുത്തുന്നത് ? ഉള്ളില്‍ ഇരമ്പി നിറയുന്നത് എന്തെന്ന് തിരയുമ്പോഴെക്ക്കും ആ മനം നേര്‍ത്ത് അലിഞ്ഞില്ലാതെയായി. അതോടൊപ്പം തിരകള്‍ പിന്‍വാങ്ങുന്നതുപോലെ അവ്യക്ത ബിംബങ്ങളും..
''ഛെ ''
ഓരോ തവണയും രവികൃഷ്ണന്‍ ഇങ്ങനെ തോല്‍ക്കാറാണ് പതിവ് .
ഇടത്തേക്ക് വല്ലാതെ ചരിഞ്ഞു വരകളിലേക്ക് വീണലിഞ്ഞുപോകാന്‍ വെമ്പുന്ന അക്ഷരങ്ങള്‍. ചരിച്ചിട്ട ചങ്ങല പോലെയായിരുന്നു അവ .
''സ്നേഹത്തോടെ മഞ്ജു''
manjunath
''മുകേഷ് മഞ്ജുനാഥ് , ദേവിമനെ, ബാഗലെ പോസ്റ്റ്‌, മണിപുര, കര്‍ണാടക.
'' ആരുടെ കത്താണ് ?'' രവിയുടെ കൈ നീട്ടി തലയിണ ആക്കി കിടന്നുകൊണ്ട് ഉഷ കത്ത് പിടിച്ചുവാങ്ങി വായിച്ചു.
''പോവുന്നുണ്ടോ?'
വര്‍ഷത്തില്‍ ഒന്നോ രണ്ടോ കത്തുകള്‍. മിക്കവാറും രവിയുടെ പുതിയ കവിത പ്രസിദ്ധീകരിച്ചതിനു പിന്നലെയവും വരിക . കമ്മല്‍പ്പൂവുകള്‍ ചിതറി വീണതുപോലെയുള്ള അക്ഷരങ്ങളില്‍ വിടരുന്ന ആസ്വാദനം . അത് രവികൃഷ്ണന് എഴുത്തിന്‍റെ പുത്തന്‍ വാതിലുകള്‍ തുറന്നുകൊടുത്തു .
'' ഇവന്‍ ഒരു ഗേ ആണെന്നാ എനിക്ക് തോന്നുന്നത്. നിന്നോടിവന്‍ പ്രണയത്തിലാണ് .''
ഉഷ എണീറ്റിരുന്നു മുടി പൊക്കിക്കെട്ടി അയാളെ ചരിഞ്ഞു നോക്കി .
''ഉം ... ഞാന്‍ പറയാം ... ചുവന്നു തടിച്ച ചുണ്ടുകളും രോമങ്ങള്‍ ഇല്ലാത്ത നെഞ്ചുമുള്ള മഞ്ജു . അവനു നേര്‍ത് മൃദുവായ വിരലുകള്‍ ഉണ്ട് ..''
അവള്‍ ചിരിച്ചുകൊണ്ട് രവിയുടെ നെഞ്ചില്‍ വിരലോടിച്ചു .
അവളുടെ വിചിത്രമായ ഈ കല്പന ഒരുപക്ഷെ ശരിയാവുമോ ? രവി വീണ്ടും കത്ത് വായിച്ചു .
''വരാതിരിക്കരുതെ.''
വരും ദിനങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലാത്തവയാണ്, പോയാലോ ?
''ദീപാവലി നാളെയാണ് '' ഉഷ പറഞ്ഞു
''ഈ ക്ഷണം വേണ്ടെന്നു വക്കാന്‍ തോന്നുന്നില്ല , നീ വരുന്നോ?''
''അയാള്‍ എന്നെ അല്ലല്ലോ ക്ഷണിച്ചത്? നിന്നെയല്ലേ ?'' ഉഷ പരിഭവിച്ചു .'' പോരാഞ്ഞ് ഒരു കൂടി ചേരലിനാണോ എന്നാര്‍ക്കറിയാം ? ആരാധകനല്ലേ? നിന്‍റെയുള്ളിലും ഒരു സ്വവര്‍ഗ അനുരാഗി ഉണ്ടെന്നു എനിക്ക് ഇടയ്ക്കു തോന്നാറുണ്ട് .''
രവികൃഷ്ണനെ ഇങ്ങനെ വാശി പിടിപ്പിക്കുന്നത് ഉഷയുടെ ഒരു കളിയാണ്‌ . അപ്പോള്‍ അയാളിലെ കാമുകന്‍ വല്ലാതെ ഉണരും . പിന്നീട് കാട്ടുപൂച്ചകളെ പോലെ കളിയായി പോരാടി അവര്‍ മുളംകാടുകളില്‍ കരുത്തോടെ ഊളിയിടുന്ന കാറ്റിനെപ്പോല്‍ ഇണചേര്‍ന്നു.
ആദ്യമായി കാണാന്‍ പോകുന്ന ആരാധകന് ദീപാവലിക്ക് എന്താണ് കൊടുക്കുക ? അയാള്‍ ആലോചിച്ചു . രവികൃഷ്ണന്‍റെ എല്ലാ കവിതകളും വായിച്ചു ആദ്യം ആസ്വാദന കുറിപ്പയക്കുക മുകേഷ് ആണല്ലോ . പുതുതായി ഇറങ്ങിയ പുസ്തകത്തിന്‍റെ ഒരു കോപ്പി എടുത്തു ' മഞ്ജുവിന് രവി ' എന്നെഴുതി അയാള്‍ തോള്‍ ബാഗില്‍ വച്ചു.
രാത്രി പത്തരക്ക് കുന്താപുരത്തു ട്രെയിന്‍ ഇറങ്ങുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ ഏറെക്കുറെ വിജനമായിരുന്നു . ഉറക്കം തൂങ്ങിയിരിക്കുന്ന ചുമട്ടുകാരും കുറച്ചു യാത്രക്കാരും മാത്രം . അതിഥിയെ കാത്തു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ രൂപം അയാള്‍ പരതി. പെട്ടെന്ന് രവിക്ക് ഓര്‍മ വന്നു . മുകേഷ് മഞ്ജുനാഥിനെ ഇതുവരെ കണ്ടിട്ടില്ല !
ഇവിടെ എവിടെയാവും അയാള്‍ കാത്തുനില്‍ക്കുന്നത് ? അതിഥിയെ കാത്തുനില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ മുഖം അയാള്‍ പരതി. പ്രതീക്ഷയോടെ അവിടെ ബെഞ്ചുകളില്‍ ഇരുന്നവരുടെ മുഖങ്ങള്‍ ശ്രദ്ധിച്ചു . ആരും അയാളെ നോക്കുന്നില്ല . രവികൃഷ്ണന്‍ സ്റ്റേഷന് പുറത്തേക്കു നടന്നു. കണ്ടുമുട്ടലിന്‍റെ ആഹ്ലാദവും അമ്പരപ്പും നിറയുന്ന ഒരു മുഖം അയാള്‍ ചുറ്റും തേടി . ഇല്ല ....
പോലീസ് ബൂതിനടുത്ത് ഒന്ന് രണ്ട ഓട്ടോറിക്ഷകള്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. പോക്കറ്റില്‍ ഇട്ടിരുന്ന കവര്‍ എടുത്തു മേല്‍വിലാസം നോക്കി . ബാഗലെ ?
'' ബാഗലെക്കുള്ള അവസാന ബസ്‌ പോയിട്ട് അരമണിക്കൂറായി'' കന്നടച്ചുവയുള്ള മലയാളത്തില്‍ ഓട്ടോ ഡ്രൈവര്‍ പറഞ്ഞു .
'' സാര്‍ എങ്ങോട്ടാ അവിടെ ?''
''ബാഗലെയില്‍ എന്‍റെ ഒരു സുഹൃത്ത്‌ ഉണ്ട് . സ്റ്റേഷനില്‍ കാത്തുനില്‍ക്കുമെന്ന് എഴുതിയിരുന്നു .'' രവി ഒരു സിഗരറ്റിനു തീ കൊളുത്തി ഓട്ടോയില്‍ കയറിയിരുന്നു .'' സ്ഥലം മനസ്സിലായി . ആളെ അറിയില്ല . നമുക്ക് അന്വേഷിക്കാം ''. ഓട്ടോ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കുന്നതിനിടയില്‍ പറഞ്ഞു . തണുത്ത കാറ്റ് വണ്ടിയിലേക്ക് ചൂഴ്ന്നുകയറി . ഓടുന്തോറും വഴിയിലെ വിളക്കുകാലുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചുവന്നു . ഒടുവില്‍ ഇരുട്ട് നിറഞ്ഞ റോഡിലൂടെയായി യാത്ര . ദൂരെ മങ്ങി മങ്ങി മിന്നുന്ന ദീപാവലി വിളക്കുകള്‍ . എണ്ണ തീര്‍ന്നിട്ടുണ്ടാവാം . കാറ്റിനു എണ്ണ തിരികളുടെ മനം തോന്നി രവിക്ക് . കെട്ടുപോയ സിഗരറ്റ് പുറത്തേക്കെറിഞ്ഞു വാച്ചു നോക്കി . മങ്ങിയ രാവെളിച്ചം സമയം പതിനോന്നാവുന്നു എന്ന് കാട്ടി .
'' ഇന്ന് ട്രെയിന്‍ ലേറ്റ് ആയിരുന്നു . ചെലപ്പോ കാത്തുനിന്നു കാണാതെ അവസാന ബസില്‍ പോയിക്കാണും '' ഡ്രൈവര്‍ പറഞ്ഞു
''ബാഗലെയില്‍ എവിടെയാ ? വീട്ടുപേര് ?''
''ദേവിമനെ''
വഴിയോരത്തെ വീടുകളില്‍ വെളിച്ചം അണഞ്ഞു തുടങ്ങിയിരുന്നു .
'' ഇതാണ് ജങ്ക്ഷന്‍ .'' ഡ്രൈവര്‍ വണ്ടി നിര്‍ത്തി മീറ്റര്‍ നോക്കി '' രാത്രിയല്ലേ സര്‍ പത്തു രൂപ കൂടുതല്‍ വേണം , അതാ ആ ചായക്കടയില്‍ ചോദിച്ചാല്‍ വീട് പറഞ്ഞുതരും , ഞാന്‍ പോട്ടെ സര്‍ , വൈകി ''
ഡ്രൈവര്‍ വണ്ടി തിരിക്കാന്‍ തുടങ്ങി .
ഓട്ടോയുടെ ചുവന്ന വെളിച്ചം അകന്നു പോവുന്നത് നോക്കി രവി നിന്നു. നേരിയ നാട്ടു വെളിച്ചത്തില്‍ ഉറങ്ങുന്ന വീടുകള്‍ . പരിചിതമല്ലാത്ത പൂക്കളുടെ ഗന്ധം . അയാള്‍ക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു . വഴിയരികിലെ ചെറുകടകള്‍ അടഞ്ഞു കിടന്നു. ഓട്ടോ ഡ്രൈവര്‍ ചൂണ്ടിക്കാട്ടിയ ചായക്കടയുടെ അടുത്തേക്ക് രവികൃഷ്ണന്‍ നടന്നു . റോഡരികിലെ കൂറ്റന്‍ വട വൃക്ഷതിനപ്പുറം വഴിവിളക്കിന്‍റെ പ്രകാശം .
താന്‍ തനിച്ചല്ല . ആരോ അകലെയല്ലതെയുണ്ടോ ? മരത്തിനു പിന്നില്‍ നിന്നും ഒരു നിഴല്‍ മുമ്പോട്ടു വന്നു .
പോക്കറ്റിലെ കത്തില്‍ തിരുപ്പിടിച്ചുകൊണ്ട്‌ രവി സൂക്ഷിച്ചുനോക്കി .
'' ഞാന്‍ .... ഒരു മുകേഷ് മഞ്ജു നാഥിനെ....''
വെളിച്ചത്തിന്‍റെ നിഴലില്‍ നിന്നും ഒരാള്‍ രവിയുടെ അടുത്തേക്ക് വന്നു .

'' സര്‍ ! ഞാന്‍ മുകേഷ് മഞ്ജു നാഥ്‌.. സാറിനെങ്ങനെ എന്നെ മനസ്സിലായി ?'' ഉച്ച സ്ഥായിയിലുള്ള സ്വരത്തില്‍ മുന്‍പോട്ടു വന്ന ചെറുപ്പക്കാരന്‍ ചോദിച്ചു . അയാള്‍ രവിയുടെ ബാഗിന് കൈ നീട്ടി .

''മുകേഷ് എന്നെ വിളിച്ചതുകൊണ്ട് !''
വഴിവിളക്ക് അപ്പോള്‍ അണഞ്ഞു . ചെറുപ്പക്കാര ന്‍റെ മുഖം കൂടുതല്‍ ദീപ്തമായി , വെളിച്ചം പ്രതിഭലിക്കുന്ന ഒരു കണ്ണാടി പോലെ .'' വരൂ സര്‍ , ഇവിടെ അടുത്തുതന്നെയാണ്'' അവന്‍ നടന്നു തുടങ്ങി .
റെയില്‍വേ സ്റ്റേഷനില്‍ എന്തെ വന്നില്ല ? അതോ വന്നിരുന്നോ ? എന്തുകൊണ്ട് ഇവിടെ കാത്തുനിന്നു ? താന്‍ വരുമെന്ന് എങ്ങനെ അറിഞ്ഞു ?, പക്ഷെ ഇതൊന്നും ചോദിയ്ക്കാന്‍ പറ്റാത്ത സുഖദമായ ഒരു മൌനം രവിയെ ബന്ധിച്ചു . അതൊക്കെ അപ്രസക്തങ്ങള്‍ ആയിരിക്കുന്നു .
രവികൃഷ്ണന്‍ മുഖം ചരിച്ചു ഒപ്പം നടക്കുന്ന മുകേഷിനെ ശ്രദ്ധിച്ചു . അവന്‍ അറിയാതെ അവനെ നോക്കാന്‍ അയാള്‍ ബദ്ധപ്പെട്ടു . കത്തുകളില്‍കൂടി മാത്രം പരിചയമുള്ള ആരാധകന്‍ . വെളുപ്പിന്‍റെ രൂപാന്തരമായ നിറം. അതോ നിലാവില്‍ തോന്നുന്നതോ ? മെലിഞ്ഞ ഉടല്‍ . ജെല്‍ പുരട്ടി ചീകി വച്ച കറുത്ത് മിന്നുന്ന നീളന്‍ മുടി . കനം കുറഞ്ഞ മീശ . അയഞ്ഞ കുര്‍ത്തയും പൈജാമയും വേഷം .ചിരി തിളങ്ങുന്ന തവിട്ടു നിറമുള്ള കണ്ണുകള്‍ പെട്ടെന്ന് രവിയെ നോക്കി . പിടിക്കപ്പെട്ട കള്ളനെപ്പോലെ അയാള്‍ പരിഭ്രമിച്ചു .
ഒരു സ്വവര്‍ഗ പ്രണയിയുടെ രൂപമോ ഭാവമോ തിരയുകയാണോ താന്‍ ? മുകേഷിന് തന്‍റെ സംശയങ്ങള്‍ മനസ്സിലാവുന്നുണ്ടോ ?
''സര്‍ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു ''
അവന്‍റെ ചുണ്ടുകള്‍ക്ക് നനഞ്ഞ ചുവപ്പ് നിറമായിരുന്നു . സുന്ദരങ്ങളായ പല്ലുകള്‍ കാട്ടി മുകേഷ് പതിയെ ചിരിച്ചു .
'' സ്റ്റേഷനില്‍ വരാന്‍ ബസ്‌ കിട്ടിയില്ല സര്‍ .'' രവികൃഷ്ണന്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം അവന്‍ നടന്നു . നാട്ടുവെളിച്ചം മുറിച്ചുകൊണ്ട് ഇരുള്‍ കനം മൂടിയ വഴിയരികില്‍ മുകേഷ് നടത്തം നിര്‍ത്തി .
''ദാ ഇവിടെയാണ്‌ എന്‍റെ വീട് .''
ഇരുട്ടില്‍ രവി ആദ്യം ഒന്നും കണ്ടില്ല . പിന്നെ ആ ഇരുട്ട് ഒരു പടിപ്പുരയാണെന്നു മനസ്സിലായി . കമാനാകൃതിയിലുള്ള പടിപ്പുര. വഴിക്ക് മുകളിലായിരുന്നു വീട് . പടിപ്പുരയില്‍ നിന്നു ഒരു നെടുമ്പുര ഇരുളിന്‍റെ സാന്ദ്രത കൂടി . മുകേഷ് പടിപ്പുരയുടെ ഒരു വാതില്‍ തുറന്നു രവിയെ ക്ഷണിച്ചു .
'' സൂക്ഷിക്കണേ സര്‍ '' ഇളകുന്ന കരിങ്കല്‍പ്പാളികള്‍ കയറുമ്പോള്‍ ഇരുവശത്തെയും ഭിത്തികളില്‍ നിന്നും പായല്‍മണം ഉയരുന്നുണ്ടായിരുന്നു . പടിക്കെട്ടുകള്‍ കല്ലു വിരിച്ച വിശാലമായ മുറ്റത്ത്‌ അവസാനിച്ചു . പടിപ്പുരയുടെ ആഴം നിറഞ്ഞ ഇരുട്ടിനപ്പുറം നിലാവ് വീണ മുറ്റം ഒരു നിശ്ചല തടാകം കണക്കെ പരന്നുകിടന്നു . അത് താണ്ടി അവര്‍ നീളെ വലിയ ചില്ല് ജനാലകളുള്ള വീട്ടുവാതില്‍ പടിയിലെത്തി .
രവി കിതപ്പടക്കി . മുകേഷ് പോക്കറ്റില്‍ നിന്ന് വലിയൊരു താക്കോല്‍ എടുത്തു വാതില്‍ തുറന്നു .
'' വരണം സര്‍ , അങ്ങേക്ക് സ്വാഗതം .'' മുകേഷ് അകത്തേക്ക് കയറിനിന്നു കൈകള്‍ വിടര്‍ത്തി രവിയെ ക്ഷണിച്ചു . ചിറകു വിരിച്ചു പറക്കാന്‍ ഒരുങ്ങുന്ന ഒരു ഫാല്‍ക്കന്‍ പക്ഷിയെപ്പോലെ ഇരുന്നു അവനപ്പോള്‍ .
ചെരിപ്പൂരി വച്ച് രവി അകത്തു കടന്നു . പുരാതനമായൊരു തണുപ്പ് അയാളെ വലയം ചെയ്തുകൊണ്ട് പാദങ്ങളില്‍ നിന്ന് ശിരസ്സ്‌ വരെ സഞ്ചരിച്ചു . ബാഗ്‌ നിലത്തു വച്ച് മുകേഷ് സ്വിച്ചിട്ടു .
അതിവിചിത്രമായ ജ്യാമിതീയ നിറങ്ങളില്‍ ഇളം നീലയും പച്ചയും പ്രകാശം മുറി നിറഞ്ഞു . രവികൃഷ്ണന്‍ കൌതുകത്തോടെ മുഖമുയര്‍ത്തി . കൂമ്പിയ താമര ഇതളുകള്‍ പോലെ ചില്ലുവിളക്കുകള്‍ . അതിന്‍റെ ചില്ലിതളുകളില്‍ അപൂര്‍വ നേര്‍ രേഖ ചിത്രങ്ങള്‍ . വിളക്കുകള്‍ക്കു കീഴെ അലുക്കുകളായി തൂക്കിയിട്ട അനേകം വെള്ളി മണികള്‍ മൃദുവായി ശബ്ദിച്ചു . പാദസ്വരങ്ങളുടെ കിലുക്കം പോലെ . വിശാലമായ ഒരു നീളന്‍ ഹാളായിരുന്നു അത് . ചുവരിനോട് ചേര്‍ത്ത് കൊത്തുപണികളും പട്ടുകുഷനുകളും കൊണ്ടലങ്കരിച്ച കസേരകള്‍ .
''സര്‍ ഇരിക്കൂ , ഞാന്‍ ഇപ്പോള്‍ വരാം.'' ഹാളിന്‍റെ അറ്റത്തെ ഏതോ ഒരു വാതിലിലൂടെ മുകേഷ് അപ്രത്യക്ഷനായി . ലോലമായ പട്ടുകുഷനില്‍ അമര്‍ന്നു രവി കാല്‍ നീട്ടിയിരുന്നു . ക്ഷീണിതന്‍ അല്ല എങ്കിലും ഉള്ളില്‍ ഉറയുന്ന ഒരു തണുപ്പ് അയാള്‍ക്ക് തോന്നി . ഒന്ന് പുക വലിച്ചാലോ?
സിഗരെറ്റ്‌ പാക്കറ്റ് എടുത്തു . അല്ലെങ്കില്‍ വേണ്ട മുകേഷിന്‍റെ വീട്ടുകാര്‍ എന്ത് കരുതും ? പുകച്ചുരുളുകള്‍ മുറിയുടെ മേഘ പടലങ്ങള്‍ പോലെ തങ്ങി നില്‍ക്കുമെന്ന് അയാള്‍ ഭയന്നു.
ഈ വീട്ടിലുള്ളവര്‍ എവിടെ ? ഇത് വലിയൊരു ഭൂവുടമയുടെ വീട് . ഉള്ളിലെ മുറികളില്‍ ഏറെപ്പേര്‍ ഉറങ്ങുന്നുണ്ടാവും . മുകേഷിന്‍റെ അച്ഛന്‍ , അമ്മ , സഹോദരങ്ങള്‍ ...അവരുടെ കുടുംബങ്ങള്‍ .
അയാള്‍ ചുറ്റും നോക്കി . പാതി ചാരിയ മുന്‍ വാതിലില്‍ കൂടി കാറ്റ് വീശി . പാദസരമണിഞ്ഞ കാലുകള്‍ നൃത്തം ചവിട്ടി നീങ്ങുന്നതുപോലെ ഹാളിലുടനീളം വെള്ളി മണികള്‍ കിലുങ്ങി .
''സാറിന് കവിത എഴുതാന്‍ പറ്റിയ ഇടമാണ് !'' രവി ഞെട്ടി തിരിഞ്ഞു. മുകേഷ് എപ്പോള്‍ വന്നു ? അവന്‍ അടുത്തുവന്നു രവിയെ കൌതുകത്തോടെ ഉഴിഞ്ഞുനോക്കി .
''ദീപാവലി വിളക്കുകള്‍ ഒന്നും കൊളുത്തിയില്ല. സര്‍ വന്നിട്ടാകാമെന്നു കരുതി .'' അവന്‍ പറഞ്ഞു .
'' അപ്പൊ വീട്ടിലെല്ലാവരും?''
''ഇവിടെ ഇപ്പൊ ഞാന്‍ മാത്രമേ ഉള്ളു സര്‍ . അതുകൊണ്ടാണ് സര്‍ വരണം എന്ന് ഞാന്‍ പ്രത്യേകിച്ച് എഴുതിയത്.'' അവന്‍റെ തവിട്ടു കണ്ണുകള്‍ ചിരിച്ചു. ഉഷ പറഞ്ഞത് നേരാവുമോ ? രവി പെട്ടെന്ന് ഓര്‍ത്തു .
'' സര്‍ എന്താണ് ഓര്‍ക്കുന്നത് ?'' മുകേഷ് വാതിലടച്ചു . ചിന്തകള്‍ക്ക് കവചം തീര്‍ക്കു വതെങ്ങനെ എന്ന് രവി അത്ഭുതപ്പെട്ടു . ഈ ആരാധകന്‍ എന്‍റെ എല്ലാ കാഴ്ചകള്‍ക്കും അപ്പുറത്താണ്.
മുകേഷ് ഹാളിനു നടുക്കുള്ള വാതില്‍ തുറന്നു . രവി എഴുന്നേറ്റു അവനെ അനുഗമിച്ചു . പൂജ പാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്ന മുറിയായിരുന്നു അത് . പൊടിയുടെ ഗന്ധം അയാളെ ശ്വാസം മുട്ടിച്ചു . ചുവന്ന കട്ടിതുണിയില്‍ പൊതിഞ്ഞ ഒരു ഭാണ്ടക്കെട്ട് മുകേഷ് ഹാളിലേക്ക് എടുത്തുവച്ചു കെട്ടഴിച്ചു.
'' ഞാന്‍ എണ്ണ കൊണ്ടുവരട്ടെ സര്‍ '' അവന്‍ പുറകിലെ ഏതോ മുറിയിലേക്ക് പോയി . ത്രസിക്കുന്ന ഒരു തിരക്ക് അവന്‍റെ എല്ലാ ചലനങ്ങളിലും ഉണ്ടായിരുന്നു . രവിയെ കണ്ടുമുട്ടിയതിന്‍റെ ആഹ്ലാദവും ആവേശവും നിറഞ്ഞ സ്പന്ദനങ്ങള്‍ .
അഴിച്ച ഭാണ്ട ത്തിനുള്ളില്‍ ചിരാതുകള്‍ ആയിരുന്നു . രവി ഒന്നെടുത്തു നോക്കി . ക്ലാവുമണം പരന്നെങ്കിലും അത് മങ്ങലോടെ തിളങ്ങി . ഉള്ളിലും പുറത്തും കൊത്തുപണികള്‍ നിറഞ്ഞവ . പരുന്തുകള്‍ , മരങ്ങള്‍ , മലനിരകള്‍ , സൂര്യന്‍ , ചെറു ചിത്രപ്പണികള്‍ .. അസാധാരണങ്ങള്‍ ആയ ചിരാതുകള്‍ .ഏതു കാലഘട്ടം , ഏതു തരം കൊത്തുപണി ? ഒന്നും രവിക്ക് മനസ്സിലായില്ല . അയാള്‍ അത്ഭുതാധീനനായി . ആ ചിരാത് രവി പാന്‍റ്സി ന്‍റെ പോക്കെറ്റില്‍ ഇട്ടു .
മണ്‍ ഭരണിയില്‍ എണ്ണയും കൈയില്‍ നൂല്‍ തിരികളുമായി മുകേഷ് വന്നു . അവര്‍ ഇരുവരും ചേര്‍ന്ന് ചിരാതുകളില്‍ തിരി വച്ച് എണ്ണ പകര്‍ന്നു . ദീപങ്ങള്‍ തെളിയിച്ചു ചിത്രവിളക്കുകള്‍ അണച്ചു. ഉജ്ജ്വല പ്രകാശ ധാരയില്‍ മുറി മുങ്ങി . മുകേഷിന്‍റെ കണ്ണുകളില്‍ ദീപങ്ങള്‍ പ്രതിബിംബിച്ചു .
പുറം തിരിഞ്ഞു നില്‍കുമ്പോള്‍ അവന്‍റെ ആരാധന നിറഞ്ഞ പ്രകാശ ദൃഷ്ടികള്‍ തന്നെ ഉഴിയുന്നത്‌ രവി അറിഞ്ഞു . അയാളുടെ ഉള്ളില്‍ ഉറഞ്ഞ തണുപ്പില്‍ വെളിച്ചപ്പൊട്ടുകള്‍ വീണു .
''ഇവിടെയിരുന്നു ഞാന്‍ അങ്ങയുടെ കവിതകള്‍ ചൊല്ലാറുണ്ട് , പ്രത്യേകിച്ചും ' യക്ഷഗാനം ', സര്‍ യക്ഷഗാനം കാണാറുണ്ടോ ?''
''ഇല്ല ഒരിക്കല്‍ മാത്രം . കാസര്‍ഗോഡ്‌ വച്ച് ''
''രൌദ്രവശ്യം .'' മുകേഷ് മഞ്ജു നാഥ് ചിന്തയിലാണ്ടു .
വെളുത്തുമിനുത്ത കവിളുകളില്‍ ചോരച്ചുവപ്പ് .
രവിയുടെ മനസ്സറിഞ്ഞു അവന്‍ പറഞ്ഞു .
''സര്‍ മണി പന്ത്രണ്ടാവുന്നു . ഊണ് കഴിക്കണ്ടേ ?''
സമയം ! അതെപ്പറ്റി രവി ഇപ്പോള്‍ മാത്രമാണ് ഓര്‍ക്കുന്നത് .
ഹാളിന്‍റെ അറ്റത്തുള്ള വാതില്‍ തുറന്നത് നടുത്തലതിലെക്കായിരുന്നു . നടുമുറ്റത്ത് നിലാവെളിച്ചം തിളങ്ങി . തളത്തിന്‍റെ ഇരുണ്ട കോണില്‍ നിന്ന് മുകേഷ് ഭക്ഷണ പാത്രങ്ങള്‍ കൊണ്ടുവന്നു . നടുമുറ്റത്തിനരുകില്‍ വലിയ ഓട്ടുപാത്രത്തില്‍ ജലം നിറച്ചിരുന്നു . രാമച്ചവും തുളസിയും ചേര്‍ത്ത ജലത്തില്‍ രവി മുഖവും കൈയും കഴുകി ....
തളത്തില്‍ നിലത്തു പലകയില്‍ രവികൃഷ്ണന്‍ ഇരുന്നു . മഞ്ജു നാഥ് തൂഷനിലയിട്ടു ആവി പറക്കുന്ന ഭക്ഷണം വിളമ്പി ,
'' ഇതെല്ലം ആരുണ്ടാക്കി ?''
''ഒക്കെ വരുത്തിയതാണ് . ഇവിടെ ഇന്ന് ഞാന്‍ മാത്രമല്ലെ ഉള്ളു . അങ്ങേക്ക് ഇഷ്ടപ്പെടുമോ ആവോ ?''
ഒരു പൂജ ചെയ്യും പോലെ , ഒരു അനുഷ്ടാനം പോലെ അവന്‍ ഓരോരോ വിഭവങ്ങള്‍ വിളമ്പി രവിയെ ഊട്ടി ..
'' ഇത്ര രുചികരമായ സദ്യ ഞാന്‍ കഴിച്ചിട്ടേയില്ല . മുകേഷ് എന്‍റെ കൂടെ കഴിച്ചില്ലല്ലോ .'' രവി അഭിനന്ദനത്തോടെ മുകേഷിന്‍റെ തോളിലേക്ക് കൈ നീട്ടി . അവന്‍ ഒരു ചിരിയോടെ മുന്‍പേ നടന്നു .
'' സാറിന് ഉറക്കം വരുന്നുണ്ടാവും അല്ലെ ?''
രവിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു . ഇന്ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്‌ മുതല്‍ , ഒരു പക്ഷെ കത്ത് വായിച്ചതു മുതല്‍ മുകേഷ് മഞ്ജു നാഥിന്‍റെ ഇച്ചനിയന്ത്രണത്തില്‍ ആയിരുന്നുവോ താന്‍?
രവിക്ക് ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല
തളത്തില്‍ നിന്ന് ഹാളിന്‍റെ എതിര്‍വശത്തേക്ക് അവര്‍ നടന്നു . ചിരാതുകള്‍ ചിലത് അണഞ്ഞിരുന്നു . കിടപ്പ് മുറിയുടെ ഒത്ത നടുക്ക് കൊത്തുപണി ചെയ്ത ഉയരമുള്ള കട്ടിലില്‍ കനത്ത കിടക്ക . തുറന്നിട്ട ജനാലയിലൂടെ സുഗന്ധം മുറിയില്‍ പരന്നു. എന്താണത് ? അഷ്ടഗന്ധം ? അകില്‍ ? ദേവദാരു?
ഇളം നീല ഇതളുകള്‍ പിടിപ്പിച്ച മേശ വിളക്ക് മുകേഷ് തെളിച്ചു .
'' സര്‍ ഇനി ഉറങ്ങിക്കോളൂ .''
അനുസരണയുള്ള കുട്ടിയെപ്പോലെ രവികൃഷ്ണന്‍ കിടന്നു . പട്ടു തലയിണകളും കിടക്കയും പകര്‍ന്ന സുഖം ഗര്‍ഭപാത്രത്തി ന്‍റെ ദ്രവ്യമായ ഇളം ചൂടുപോല്‍ അയാളെ പൊതിഞ്ഞു . ചരിഞ്ഞു കിടന്ന രവിക്ക് അഭിമുഖാമായിട്ട ചാരുകസേലയില്‍ മുകേഷ് മഞ്ജു നാഥ് ഇരുന്നു . ചിറക് ഒതുക്കിയിരിക്കുന്ന രാജകീയ പക്ഷി .
രവി ചിരിച്ചു .
മുകേഷ് പറയാന്‍ തുടങ്ങി .
രവികൃഷ്ണന്‍റെ കവിതകളെപറ്റി. ഇതുവരെ അറിയാത്ത അനുഭവങ്ങള്‍ , അനുഭൂതികള്‍ , ദര്‍ശനങ്ങള്‍ , ഉള്‍കാഴ്ചകള്‍ . നിദ്ര വരമ്പിട്ട , വിസ്മയത്താല്‍ കാണാം തൂങ്ങുന്ന ഇമകള്‍ ബലമായി തുറന്നു പിടിച്ചു രവി കേള്‍ക്കുകയാണ് . കണ്‍ മുന്‍പിലെ കാഴ്ച ഒരു നിച്ഛല ദൃശ്യമായി നിര്‍ത്തിക്കൊണ്ട് അയാളുടെ ശിരസ്സിനുള്ളില്‍ ബിംബങ്ങളുടെ സ്ഫോടന സങ്കലനം നടന്നുകൊണ്ടിരുന്നു. മുളം കുഴലിന്‍റെ ഈണമായി മുകേഷിന്‍റെ വാക്കുകള്‍ ഇടക്കെപ്പോഴോ അത് മുറിഞ്ഞ വേളയില്‍ , ഏറെ നേരമായി ഉള്ളില്‍ കനത്ത ചോദ്യം രവിയുടെ ഉറക്കം കുഴക്കുന്ന നാവില്‍ നിന്ന് ചിതറി .
'' മഞ്ജു എങ്ങനെ മലയാളം പഠിച്ചു ?''
മുകേഷ് ശബ്ദമില്ലാതെ ചിരിച്ചു . എന്നിട്ട് പറഞ്ഞു തുടങ്ങി .
അത് മുന്‍പ് ....
രവി നിദ്രയിലാണ്ടു.
ഏറെ നേരം കഴിഞ്ഞപ്പോള്‍ എപ്പോഴോ പാതിയുറക്കത്തില്‍ കണ്ണുതുറന്നപ്പോഴും മുകേഷ് നിച്ചേഷ്ടനായി അയാളെ നോക്കിയിരിക്കുകയായിരുന്നു . അതെ ചിരിയോടെ .....ചുണ്ടുകള്‍ അനങ്ങാതെ , ഇമ ചിമ്മാതെ , ശബ്ദമില്ലാതെ , വാക്കുകളില്ലാതെ അവന്‍ പറഞ്ഞു .
'' ഉറങ്ങൂ , ഞാന്‍ ഇവിടെ തന്നെ ഉണ്ട് .''
അഗാധമായ ഉറക്കത്തിലേക്കു രവി പോയി .
തുറന്നിട്ട ജനാലയിലൂടെ പുലരിക്കാറ്റില്‍ ഇലത്തുമ്പുകളില്‍ നിന്ന് മഞ്ഞുതുള്ളികള്‍ രവികൃഷ്ണന്‍റെ മുഖത്ത് വീണു . അയാള്‍ ഞെട്ടി കണ്ണു തുറന്നു .
കണ്മുന്‍പില്‍ എടുതുകുത്തിയ നീലപ്പവാടക്ക് താഴെ വെളുത്ത കണംകാലുകള്‍ കണ്ടു രവി അമ്പരപ്പോടെ തല ഉയര്‍ത്തിനോക്കി . കരിങ്കല്‍ പ്പടിയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു അയാള്‍ . തലക്ക് താഴെയായി തലയിണയി തോള്‍ ബാഗ്‌ ഉണ്ടായിരുന്നു . അതില്‍ നിന്ന് അയാളുടെ കവിത പുസ്തകം പുറത്തേക്കു തള്ളിനിന്നു . തടിച്ചു വെളുത്ത പെണ്‍കുട്ടി അയാളോട് ഉറക്കെ എന്തൊക്കെയോ പറഞ്ഞു . അവളുടെ ഒരു കയ്യില്‍ ചൂലും , മറ്റേ കയ്യില്‍ രവിയുടെ മുഖത്ത് തളിച്ച വെള്ളത്തിന്‍റെ നനവും കണ്ടു . അവളുടെ മുഖത്ത് ദേഷ്യവും പരിഭ്രമവും ഉണ്ടായിരുന്നു . പറയുന്നത് കന്നടമോ തുളുവോ ആവാമെന്ന് രവി ഊഹിച്ചു .
അയാള്‍ മെല്ലെ എഴുന്നേറ്റിരുന്നു .
പഴകിയ ദ്രവിച്ചു തുടങ്ങിയ കൊട്ടാരക്കെട്ടു പോലെ ഒരു വീടിന്‍റെ പടിയില്‍ കിടക്കുകയായിരുന്നു അയാള്‍ . പെണ്‍കുട്ടി എന്തോ പറയുകയാണ് .
രവികൃഷ്ണന്‍ അറച്ചറച്ചു പറഞ്ഞു .
'' do you know mukesh manjunath ? manju ? He is my friend . He was here yesterday . I came here to see him ....''
പെണ്‍കുട്ടിയുടെ കയില്‍നിന്നു ചൂല്‍ താഴെ വീണു . ഒരു ഭീകര കാഴ്ച കണ്ടതുപോലെ അയാളെ അവള്‍ തുറിച്ചു നോക്കി . പിന്നെ ഉച്ചത്തില്‍ എന്തോ അലറിക്കൊണ്ട്‌ പടിയിറങ്ങി ഓടി .
സ്വപ്നാടനത്തില്‍ എന്നപോലെ രവികൃഷ്ണന്‍ ബാഗും എടുത്ത് പടിയിറങ്ങി . റോഡിനു മറുവശത്ത് , ഓട്ടോയില്‍ കയറുമ്പോള്‍ എതിരെ പടിപ്പുരക്കു വശത്തെ കൊച്ചു ടെറസ് വീടിന്‍റെ വരാന്തയില്‍ രണ്ടു പ്രായം ചെന്ന സ്ത്രീകളും പെണ്‍കുട്ടിയും അയാളെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു . അവരുടെ കണ്ണുകളിലെ ഭയത്തിന്‍റെ കറുപ്പ് രവി കണ്ടു .
'' ഇതെന്തു പറ്റി രവി ? ദീപാവലി ആഘോഷിക്കാന്‍ പോയിട്ട് ഇത്ര വേഗം മടങ്ങിയതെന്തേ ?''
ഉഷ അമ്പരന്നു .
'' മഞ്ജു നാഥ് നെ കണ്ടില്ലേ ? '' അവള്‍ . ചോദിച്ചു .
'' രവി നീ സ്വപ്നം കണ്ടതാവും. ട്രെയിനില്‍ ഇരുന്നു ഉറങ്ങിപ്പോയിട്ട്... ഇതാണ് ഈ കവികളുടെ ഒരു കാര്യം . എന്നിട്ട് സ്വപ്നത്തിലെ കഥയുമായി തിരിച്ചു വന്നിരിക്കുന്നു !'' അവള്‍ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചു .
അങ്ങനെയല്ല . തീര്‍ച്ചയായുമല്ല എന്ന് രവിക്ക് പറയാന്‍ ആവുന്നില്ലല്ലോ .
പെട്ടെന്ന് അയാള്‍ക്ക് ഓര്‍മ വന്നു .
'' ഉഷേ നീ ആ കത്തുകള്‍ എടുത്തു കൊണ്ടുവരൂ . മുകേഷ് മഞ്ജു നാഥ് ന്‍റെ കത്തുകള്‍ .. എനിക്കതിപ്പോള്‍ കാണണം .. വേഗം ...'' രവിയുടെ ശബ്ദം വിറച്ചു ....''

'' അയ്യോ എന്‍റെ രവി ...'' ഉഷ നിസ്സഹായതയോടെ തലയില്‍ കൈ വച്ചു. '' നീ പോയപ്പോള്‍ ഞാന്‍ മുറി വൃത്തിയാക്കിയ കൂട്ടത്തില്‍ എല്ലാ കത്തുകളും കത്തിച്ചു കളഞ്ഞു !
ഛെ ! തെളിവുകള്‍ എന്ന് മോഹിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഇത്രവേഗം വിസ്മ്രിതിയിലേക്ക്, ജടാവസ്തയിലേക്ക്, പ്രകൃതിയിലേക്ക് പോകുന്നു . എന്ത് ചെയ്യാന്‍ ? ഇനി എന്ത് ചെയ്യാന്‍ ?
അയാള്‍ കൈപ്പടങ്ങള്‍ നിവര്‍ത്തി . ഇത് തന്‍റെ കൈകള്‍ തന്നെയോ ? ശരീരം തന്നെയോ ? അടുത്ത ഉഷ തന്നെയോ ?
അടുത്ത നിമിഷാര്‍ധത്തില്‍ ഇതുവരെ അന്യമായിരുന്ന ഒരു പുതിയ യാഥാര്ദ്ധ്യത്തിലേക്ക് തന്‍ പോയിപോകുമെന്നു രവികൃഷ്ണന്‍ ഭയന്നു. വേഷപ്പകര്ച്ചകള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെടാതിരിക്കാന്‍ ഒരു പിടി വള്ളിയെപ്പോലെ അയാള്‍ ഉഷയെ മുറുകെ കെട്ടിപ്പിടിച്ചു . അവളുടെ നെഞ്ചില്‍ മുഖം മറച്ചു . ഉള്ളില്‍ ഉറഞ്ഞ തണുപ്പില്‍ രവി വിറച്ചു . പിന്നെ ഉറങ്ങി .
രാവിലെ ഉണര്‍ന്നെഴുന്നേറ്റു രവികൃഷ്ണന്‍ പതിവുള്ള പ്രഭാത നടതക്കിറങ്ങി. ഉന്മേഷവാനായിരുന്നു അയാള്‍ . കുളിര്‍പ്പിക്കുന്ന പുലരി തണുപ്പില്‍ , ഇടയ്ക്കിടെ സൂര്യകിരണങ്ങള്‍ നീട്ടുന്ന ഇളം ചൂട് തലോടല്‍ ഏറ്റു വീടിനു പുറകിലെ പുരയിടത്തില്‍ ചുറ്റി നടന്നു രവി . അതിരിലുള്ള പഴയ ആഴ കിണറിന്‍റെ ആള്‍ മറയില്‍ ദൂരെ വയലില്‍ നിന്ന് വരുന്ന കാറ്റ് ഏറ്റു ഇരിക്കവേ അയാള്‍ പാന്‍റ്സ് ന്‍റെ പോക്കറ്റില്‍ സിഗരറ്റ് തിരഞ്ഞു .
എന്താണത് ? സിഗരറ്റു കൂടിന്‍റെ കൂടെ എന്തോ തടിച്ച ഒന്ന് .
രവി അത് കയ്യിലെടുത്തു .
ഇളം പച്ച ക്ലാവ്പാടക്ക് കീഴെ തിളങ്ങുന്ന പിത്തള ചിരാത് . അതില്‍ അത്യപൂര്‍വമായ കലാപാടവത്തോടെ ഒട്ടേറെ വിചിത്ര രൂപങ്ങള്‍ ചിത്രണം ചെയ്തിരുന്നു . സൂര്യ കിരണങ്ങള്‍ തട്ടി ആ ചിത്രങ്ങള്‍ തിളങ്ങി.
രവികൃഷ്ണന്‍ ആ ചിരാത് കൈക്കുമ്പിളില്‍ എടുത്തു ഏറെ നേരം എല്ലാ ചിന്തകളും ഓര്‍മകളും വിട്ടൊഴിഞ്ഞ മനസ്സുമായി കണ്‍ പൂട്ടിയിരുന്നു .
പ്രാചീനമായ തണുപ്പിന്‍റെ നിഴല്‍ അകന്നു പോയി . ശേഷം തര്‍പ്പണം ചെയ്യുമ്പോലെ കൈക്കുടന്നയിലെ ചിരാത് അയാള്‍ അവധാനപൂര്‍വം കിണറി നുള്ളിലേക്ക് ഇട്ടു . കേള്‍ക്കാന്‍ കഴിയാത്ത പാദസ്വര ധ്വനികളുടെയും , മുരളീരവത്തിന്‍റെയും , മറ്റനേകം ശബ്ദങ്ങളുടെയും അകമ്പടിയോടെ ആ ചിരാത് ജല സമാധിയില്‍ ലയിച്ചു .

--വി. മീനാക്ഷി

14 comments:

  1. വ്യത്യസ്തനായ ഒരാരാധകനാനല്ലോ ഈ മഞ്ജുനാഥ്.
    കത്തനാരെ വിളിക്കേണ്ടിവരുമോ?

    കഥാവിഷയം വലിയ താല്പര്യമില്ലെങ്കിലും എഴുത്തുശൈലി ഇഷ്ടപ്പെട്ടു


    (ഞാനും കൂടി കമ്പനിയില്‍)

    ReplyDelete
    Replies
    1. ഹ ഹ ഹ ...ഒരു സ്വപ്ന കഥയാണ് ..അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇനിയും അറിയിക്കണേ

      Delete
  2. ബൂലോകത്തേക്ക് സ്വാഗതം ,,കഥയും കവിതയുമായി ഈ ബ്ലോഗും നിറഞ്ഞു നില്‍ക്കട്ടെ ..എല്ലാ ആശംസകളും

    ReplyDelete
  3. വായിച്ചു.ഇഷ്ടമായി

    ReplyDelete
  4. വീണേച്ചി...... ആശംസകള്‍....

    ReplyDelete
    Replies
    1. താങ്ക്സ് മുബി :) :) :)

      Delete
  5. This comment has been removed by the author.

    ReplyDelete
  6. ചില ഭാഗങ്ങൾ ഒന്നുകൂടി നന്നാക്കാമായിരുന്നു. കഥാനായകൻ പുലർച്ചെ പാന്റുമിട്ട് തൊടിയിൽ നടക്കാനിറങ്ങുന്നതുപൊലെയുള്ള ഭാഗങ്ങൾ. അക്ഷരത്തെറ്റുകളും ധാരാളം. പാദത്തിൽ സരിക്കുന്നത്(ചലിക്കുന്നത്) പാദസരം(പാദസ്വരം അല്ല).

    നല്ല ഭാഷ ഇടയ്ക്കിടെ തലനീട്ടുന്നുണ്ട്. കൂടുതൽ എഴുതുക.

    ReplyDelete
  7. എന്റമ്മോ... കഴിവു എഴുത്തിൽ പ്രകടമാണു..

    നന്നായിരുന്നു.. വിചാരിച്ചിടത്തൊന്നും നിന്നില്ല...
    ഇംഗ്ലീഷിനു പകരം കന്നഡ ചേർക്കാമായിരുന്നു,

    ചൂലുമായി വ്യത്തിയാക്കാൻ വരുന്ന പെൺകുട്ടിക്കൊക്കെ ഇംഗ്ലീഷ് പറഞ്ഞത് പെട്ടെന്ന് മനസ്സിലാകുക എന്നതൊക്കെ.... ഒരഭംഗി ...

    ReplyDelete
  8. മഞ്ജുനാഥ് എന്ന പേര് മാത്രം കേട്ടാല്‍ മതി പറഞ്ഞുകേട്ട കഥ ഓര്‍മ്മകള്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടാവാന്‍ . അതിനു ഭാഷ അറിയണം എന്നില്ല . അവിടെയും അതാണുണ്ടായത്.

    ReplyDelete
  9. Really a very good story.I read the same story from a story book and I wrote a short review in a little magizine.
    good language...
    good presentation...
    best wishes...

    ReplyDelete
  10. നാസര്‍ പറഞ്ഞത് തന്നെ. ഒരു പാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.കന്നഡ പ്രയോഗം ഒട്ടുമില്ലാത്ത കഥാകൃത്ത് ആ വായ്‌ ഭാഷാ പരിസരത്തെത്തുന്നതിലും ലക്ഷ്യസ്ഥാനം കണ്ടെത്തുന്നതിലും എന്തോ ഒരു ദഹനക്കേട്. അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ.. "മണം" എല്ലാ ഇടങ്ങളിലും "മനം" ആണ്...!

    ReplyDelete

Fire Flower