Monday, July 16, 2012

ഐസിസിന്‍റെ മുറിച്ച ചിറകുകള്‍


'' എനിക്കുറങ്ങാന്‍ കഴിയുന്നില്ലല്ലോ ?''
പൂന്തോട്ടത്തിലേക്ക് തുറക്കുന്ന കൊത്തുപണികള്‍ ചെയ്ത വിക്ടോറിയന്‍ വാതിലിനരികെ നിന്ന് മാഡം ബ്ലാവറ്റ്സ്കി അസ്വസ്ഥതയോടെ ആലോചിച്ചു . അവരുടെ ശരീരം നിലാവെളിച്ചത്തില്‍ വല്ലാതെ വിളറി യിരുന്നു. വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് അവള്‍ കിടപ്പുമുറിയിലെ ശരറാന്തല്‍ തെളിച്ചു . പുറത്തെ മനോഹരമായ പുല്‍ തകിടി പെട്ടെന്ന് പ്രകാശമാനമായി .
വാതില്‍ മണി മെല്ലെ മുഴങ്ങി , പിന്നെ പാതി തുറന്നു . ഇളം പച്ച രാത്രി ഉടുപ്പ് ധരിച്ചു അന്നലീന മുറിയില്‍ പ്രവേശിച്ചു . ആകാംക്ഷ കൊണ്ട് അന്നയുടെ മുഖം ചുവന്നിരുന്നു .
എന്ത് പറ്റി നിനക്ക് ? എന്താ നീ ഇനിയും ഉറങ്ങാത്തത് ? എല്ലാ വസന്തര്‍തുവിലും ശാന്ത മായിരിക്കാന്‍ പറ്റിയ ഇടം എന്ന് നീ പറഞ്ഞിട്ട് ഇപ്പോള്‍ എന്ത് പറ്റീ കൂട്ടുകാരി നിനക്ക് ?''
അന്നലീന ബ്ലാവറ്റ് സ്കിയുടെ കൈപ്പടം തന്‍റെ കയ്യിലെടുത്തു .
'' ഇവിടെന്തോ ... ഇവിടെന്തോ എന്നെ അലട്ടുന്നു അന്ന. എന്‍റെ ചുറ്റും ഭീതിദമായ ഒരു തേങ്ങല്‍ അലയടിക്കുന്നു .. ഇത് കണ്ടോ ?'' അവര്‍ കഴുത്തിന്‌ പിന്നില്‍ എഴുന്നു നില്‍ക്കുന്ന സ്വര്‍ണ്ണ രോമങ്ങള്‍ അന്നയെ കാട്ടി.
'' ഞാന്‍ വല്ലാതെ അസ്വസ്തയാണ് ...''
അന്ന ചുറ്റുപാടും കണ്ണോടിച്ചു .
'' എല്ലാം അതീവ മനോഹരം, ശാന്തം . അപ്രതീക്ഷിതമോ അസുഖകരമോ ആയ ഒന്നും ഞാന്‍ ഇവിടെ കാണുന്നില്ലല്ലോ എന്‍റെ പെണ്ണെ ..''
'' കാഴ്ചകള്‍ അല്ലല്ലോ അന്ന ...'' ബ്ലാവട്സ്കി കൈകള്‍ നെറ്റിയില്‍ അമര്‍ത്തി പട്ടു തലയിണയില്‍ ചാരിയിരുന്നു .
'' ഈ വീട്ടില്‍ അസാധാരണമായി എന്തോ നടന്നിരിക്കുന്നു , കഴിഞ്ഞ തവണ ഞാന്‍ വന്നു പോയതിനു ശേഷം ....''
പെട്ടെന്ന് ബ്ലാവട്സ്കി ഇരിപ്പിടത്തില്‍ നിന്നും ചാടി എണീറ്റു. ഭൂതാവേശം ബാധിച്ചപോലെ അവരുടെ കണ്ണുകള്‍ ജ്വലിച്ചു .
'' വാ , നമുക്ക് ഇപ്പോള്‍ തന്നെ നോക്കാം .'' അവള്‍ മൂക്ക് വിടര്‍ത്തി നായയെ പ്പോലെ എന്തോ മണത്തു തിരഞ്ഞു . അന്നലീനക്ക് ചിരി വന്നെങ്കിലും തന്‍റെ കൂട്ടുകാരിയുടെ മുഖം കണ്ടപ്പോള്‍ നിയന്ത്രിച്ചു . എന്നിട്ട് വെള്ളിയില്‍ തീര്‍ത്ത ആറ് മെഴുകുതിരി പിടിപ്പിച്ച കൈവിളക്ക് കൊളുത്തി എടുത്തു .
'' വരൂ നീ മുന്‍പേ നടക്ക് .'' അന്ന പറഞ്ഞു .
ആ കൂറ്റന്‍ മാളികയില്‍ ജോലിക്കാര്‍ എല്ലാവരും ഉറങ്ങി ക്കഴിഞ്ഞിരുന്നു. മൃദുവായ ഇരു ജോഡി പട്ടു ചെരിപ്പുകള്‍ കിടപ്പ് മുറിക്കു പുറത്തേക്കു നടന്നു . ഇടനാഴിയിലൂടെ വിളക്കുകള്‍ പനിനീര്‍ പൂവുകളുടെ സുഗന്ധവും , പട്ടുടുപ്പുകളുടെ ഉരസലും പരത്തി സഞ്ചരിച്ചു . മാഡം ബ്ലാവട്സ്കിയെ സംബന്ധിച്ചേടത്തോളം അതൊരു അതീന്ദ്രിയ അന്വേഷണമായിരുന്നു . വിശാലമായ കിടപ്പുമുറികളും , മട്ടുപ്പാവും , വായന മുറിയും പിന്നിട്ടു അവര്‍ വീഞ്ഞുകള്‍ സൂക്ഷിക്കുന്ന നിലവറയുടെ വാതില്‍ക്കല്‍ എത്തി . ''ഇവിടെ ... ഇവിടെ ...! ''
മാഡം ബ്ലാവട്സ്കി നിലവിളിച്ചു .
'' കര്‍ത്താവെ .. !'' അന്നലീന കൂട്ടുകാരിയെ താങ്ങിപ്പിടിച്ചുകൊണ്ട് നിലവറയുടെ വാതില്‍ തുറന്നു . കിതച്ചുകൊണ്ട് പടി ഇറങ്ങവേ നിശ്ചല വായുവില്‍ വിളക്കുകള്‍ അണഞ്ഞു തുടങ്ങി . അവസാനം ശേഷിച്ച ഒരു മെഴുകുതിരിയുടെ ക്ഷീണിച്ച വെളിച്ചത്തില്‍ വീഞ്ഞുവീപ്പകള്‍ക്കരികില്‍ പുരാതന വസ്തുക്കളുടെ അമൂല്യ ശേഖരത്തിനടുത്തെത്തി . അന്നലീന ക്ക് പിന്നില്‍ വാടിയ താമര പോലെ ബ്ലാവട്സ്കി കണ്ണുകള്‍ മിഴിച്ചു മയങ്ങി വീണു . വീഴുമ്പോള്‍ അവസാന ഊര്‍ജം സംഭരിച്ചു അവര്‍ പറഞ്ഞു .
'' ഇത് തന്നെ .... ആ പേടകം .!'' അന്നലീന സ്തബ്ധയായി അങ്ങോട്ട്‌ നോക്കി .
സോത്ബി യുടെ ശരല്‍ക്കാല ലേലത്തില്‍ വച്ചാണ് അന്നലീന പ്രഭ്വി ആ പേടകം വാങ്ങിയത് . സ്വര്‍ണ്ണ പ്പാളികളില്‍ ഹൈറോഗ്ലി ഫിക്സ് ആലേഖനം ചെയ്ത പുരാതന ഇജിപ്ഷ്യന്‍ പേടകം . അതിനുള്ളില്‍ അനേക നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മമ്മി ഇളം മഞ്ഞ ലിനനില്‍ പൊതിയപ്പെട്ടു വിശ്രമിച്ചു .
'' റെനെനുട്ടെറ്റ്'' എന്ന പുരോഹിതയുടെ മമ്മീകരിക്കപ്പെട്ട യുവ ശരീരമായിരുന്നു അത് .
രണ്ട് .കാറ്റിലുലയുന്ന പാപ്പിറസ് പുല്ലുകള്‍ വകഞ്ഞു മാറ്റി റെനെ ധൃതിയില്‍ നടന്നു . വെണ്ണ ക്കല്ലില്‍ കടഞ്ഞെടുത്ത പാത്രത്തിനുള്ളില്‍ നിറഞ്ഞു തുളുമ്പുന്ന ചുവപ്പ് വീഞ്ഞ്, അതായിരുന്നു റെനെ. തേന്‍ തുളുമ്പുന്ന ഇജിപ്ഷ്യന്‍ കന്യക. പുരോഹിതയാവാന്‍ആണ് സ്വയം തീരുമാനിച്ചത് എങ്കിലും അത് പിന്നിട്ട് അഭൌമ പ്രണയത്തിന്‍റെ വഴികള്‍ തേടുകയായിരുന്നു റെനെ . ഒരു കുഞ്ഞു പുല്‍ചാടിയെപ്പോലെ ഇപ്പോള്‍ തുള്ളി തുളുമ്പി പ്പോയത് വെനിഫെര്‍ എന്ന യുവാവിന്‍റെ സവിധത്തിലേക്കു ആയിരുന്നു . കര്‍ണാക്ക് ക്ഷേത്രത്തിലെ ഭീമന്‍ പ്രകാരത്തി ന്‍റെ നിഴലില്‍ ആണ് അവര്‍ ആദ്യമായി കണ്ടുമുട്ടിയത് . വിളക്കില്‍ നിറക്കാനുള്ള എണ്ണ നിറച്ച കല്‍ ഭരണി ഒക്കത്ത് വച്ച് വലം കയ്യില്‍ തിരികള്‍ നിറച്ച കൂടയുമായി തിരക്കിട്ട് വരികയായിരുന്നു അവള്‍ . ഒരു യുവ സ്ത്രീപുരോഹിതക്ക് കര്‍ണാക്ക് ക്ഷേത്രത്തില്‍ ഈ ജോലി തന്നെ ധാരാളം എന്ന് പ്രധാന പുരോഹിതന്‍ ആണ് തീര്‍പ് കല്പിച്ചത്. തൂണിനു പിറകില്‍ നിന്ന് മുന്നോട്ടു വന്ന വെനിഫെറിനെ മുട്ടി കല്ഭരണി താഴേക്ക്‌ തെന്നി , പക്ഷെ അവന്‍റെ കരുത്തുള്ള കൈകള്‍ കല്‍ ഭരണി താഴെ വീഴാതെ പിടിച്ചു .
വെനിഫെര്‍ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍റെ ചെറുമകന്‍ , അടുത്ത കണ്ണി അവന്‍ പരിശീലനം നേടുന്ന അര്‍ഹന്‍ . എന്നാലീ പ്രണയം എല്ലാം മാറ്റി മറിച്ചിരിക്കുന്നു. ക്ഷേത്ര നിലവറയിലെ ധ്യാന മണ്ഡപത്തിലെ ഇരിപ്പിടത്തെക്കാള്‍ പ്രിയം പാപ്പിറസ് പുല്‍ മെത്തയില്‍ പങ്കിടുന്ന നിമിഷങ്ങള്‍ ആയിരിക്കുന്നു . പക്ഷെ രാജ ഗുരുവിന്‍റെ കഴുകന്‍ കണ്ണുകള്‍ അവര്‍ക്ക് മീതെ പറക്കുന്നുണ്ടായിരുന്നു . കര്‍ണാക്ക് ക്ഷേത്രത്തിന്‍റെ നിഗൂഡ പ്രാകാരങ്ങളില്‍ വിള്ളല്‍ തീര്‍ക്കാവുന്ന അശുഭകരമായ ഒന്ന് വെനിഫെറും റെനെയും ചേര്‍ന്ന് ചെയ്തിരിക്കുന്നു . ഇരുവരും പുരോഹിതര്‍ . ഇരുചെവി അറിയാതെ ഇത് പരിഹരിക്കാന്‍ എന്ത് വഴി ? പുരോഹിതര്‍ ചെവിയോടു ചെവി ചേര്‍ത്ത് ആലോചിച്ചു .
പരിഹാരം കണ്ടെത്തി .
ഉഗ്രവും ശാന്തവും കൃത്യതയും ഉള്ള വിഷവിദ്യ . അന്നാട്ടുകാരുടെ അഗ്രഗണ്യ പാടവങ്ങളില്‍ ഒന്ന് .വിളക്ക് എണ്ണയില്‍ കൊടും വിഷമായ ആര്‍സെനിക് കലര്ത്തിയത് രാജ ഗുരു തന്നെ . ആയിരം കുതിരകളെ കൊള്ളാന്‍ പോന്ന ശേഷിയുള്ളത്ര അളവ് ചേര്‍ത്ത് ഭരണിയില്‍ നിറച്ചു .
അമവാസിയായതുകൊണ്ട് റെനെ നേരത്തെ പുറപ്പെട്ടു . ഇന്ന് വിളക്കുകള്‍ സൂര്യന്‍ അസ്തമിക്കും മുന്‍പേ തെളിയിക്കേണ്ടതുണ്ട് . പതിവ് ക്ഷേത്ര അനുഷ്ടാനങ്ങള്‍ക്ക് ശേഷം നൈല്‍ കരയില്‍ കണ്ടുമുട്ടണമെന്നു വെനിഫെര്‍ അടിമയുടെ കയ്യില്‍ സന്ദേശം അയച്ചിരുന്നു . എന്തോ പ്രത്യേകമായി അറിയിക്കാനുണ്ട് പോലും ! അതോര്‍ത്തപ്പോള്‍ റെനെയുടെ വേഗം കൂടി . അവള്‍ കര്‍ണാക്കിന്‍റെ അള്‍ത്താരയുടെ താഴെ കല്‍ ഭരണി വച്ച് എന്നതിരികള്‍ എടുത്തു വീണ്ടു ഒന്ന് കൂടെ തെറുത്തു എണ്ണയില്‍ മുക്കി വച്ചു തുടങ്ങി . തിരി തെരുക്കുമ്പോള്‍ എന്തോ മൂര്‍ച്ചയുള്ള പൊടി തട്ടി മൃദുലമായ വിരല്‍ തുമ്പുകള്‍ പോറി. അവള്‍ അത് ഉടുപ്പിന്‍റെ മീതെ തുടച്ചു . സൂചിമുനയോളം പോന്ന ചോരപൊടിപ്പു ഉള്ളിലെ നേരിയ ഇരുട്ടില്‍ ആ സാധു പെണ്‍കുട്ടി കണ്ടില്ല, എങ്കില്‍ ആ അശുഭ സൂചന തിരിച്ചറിഞ്ഞു അവള്‍ ദേവാലയത്തിന് പുറത്തു കടക്കുമായിരുന്നു. അവള്‍ അറിഞ്ഞില്ലല്ലോ നൈല്‍ നദീ തീരത്തെ കൂര്‍ത്തുമൂര്‍ത്ത മണല്‍ ചില്ലുതരികള്‍ ആ തിരികളില്‍ കലര്‍ത്തിയിരുന്നു എന്ന് . ആ മുറിപ്പാടിലൂടെയാണ് ഇനി കൊടും വിഷം ശീഘ്ര മരണം വിതക്കുക എന്ന് . വേച്ചും ഇഴഞ്ഞും കര്‍ണാക്കിന്റെ പുറത്തെത്തുമ്പോള്‍ അവള്‍ക്കു മീതെ സ്ഫിങ്ക്സ് ഉയര്‍ന്നു നില്‍ക്കുന്നത് റെനെ അവസാനമായി ഒരു നോക്ക് കണ്ടു . കൊഴുത്തു ചുവന്ന രക്തം മണല്‍ തരികള്‍ കുതിര്‍ത്തു കൊണ്ട് താഴേക്ക് കിനിഞ്ഞിറങ്ങി ..
വെനിഫെരിനു താങ്ങാന്‍ ആയില്ല കേട്ട വാര്‍ത്ത‍ . എന്തിനു റെനെ ആത്മ ഹത്യ ചെയ്തു ? അവന്‍റെ കയ്യില്‍ അപ്പോഴും ചുരുട്ടി പ്പിടിച്ച നിലയില്‍ ഒരു മോതിരം ഉണ്ടായിരുന്നു . അവന്‍ സ്വയം കൊത്തുപണി ചെയ്തു രത്നങ്ങള്‍ ഉറപ്പിച്ചത് ....

മൂന്ന്.
റെനെ അവളുടെ പ്രതികാരം തുടങ്ങി ക്കഴിഞ്ഞിരുന്നു . പുരോഹിതന്മാരുടെ രാവുകള്‍ പേടിസ്വപ്നങ്ങള്‍ വേട്ടയാടി . മമ്മിയെ അടക്കം ചെയ്യാനുള്ള കര്‍മങ്ങള്‍ തുടങ്ങിയതും രാജഗുരു തന്നെ വെള്ളത്തില്‍ വീണു മരിച്ചു . നൈല്‍ നദിയില്‍ മുങ്ങി താഴവേ അയാള്‍ ഞെട്ടലോടെ പ്രാണവേദന യില്‍ കണ്ടു, തന്‍റെ കഴുത്തില്‍ അമരുന്ന അവളുടെ കൈകള്‍ , അവളുടെ പൈശാചികമായ തേങ്ങലില്‍ നൈല്‍ നദിയിലെ ഓളങ്ങള്‍ പോലും മരവിച്ചു ..ഒട്ടേറെ ദുര്‍നിമിത്തങ്ങള്‍ തരണം ചെയ്തു ഒടുക്കം മന്ത്ര ചിത്രങ്ങള്‍ ആലേഖനം ചെയ്ത പാതാള നിലവറയില്‍ റെനെയുടെ മമ്മി പെട്ടകത്തില്‍ ആക്കിയപ്പോള്‍ മാത്രമാണ് , നൈലിന് മീതെ സൂര്യന്‍ എന്നത്തേയും പോലെ സുവര്‍ണ്ണ രാശി വീശിയത്.
നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ അറ തുറന്നു ആ പെട്ടകത്തില്‍ കൈ തൊടുമ്പോള്‍ പുരവസ്തുഗവേഷകന്‍ സര്‍ ഫിലിപ്പ് വൂല്‍ വര്‍ത്തി ന്‍റെ വിരലുകള്‍ അപായ സൂചനയാല്‍ പ്രകമ്പിതമായി. എത്ര ദിനരാത്രങ്ങള്‍ കഴിഞ്ഞിരുന്നു വെന്നോ ആ സംഘം ഈ കല്ലറ തുറക്കാന്‍ ശ്രമിച്ചു തുടങ്ങിയിട്ട് !. ഓരോ തവണയും അവര്‍ക്ക് ഏറെ പ്രശ്നങ്ങളും ആപത്തുകളും നേരിടേണ്ടി വന്നു . പിരമിഡ് കൂട്ടങ്ങളെ വലയം ചെയ്യുന്ന പുതുതായി ഉണ്ടാക്കിയ മണ്‍ പാതയില്‍ കൂടെ ട്രക്ക് ഓടിക്കയായിരുന്നു മസൂദ് അഹമെദ്. അയാളുടെ വണ്ടിയില്‍ റെനെയുടെ മമ്മി ലണ്ടന്‍ നഗരത്തിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു . മസൂദിന്‍റെ തല പെരുക്കുകയാണ്, കാഴ്ച മങ്ങുന്നത് പോലെ . ആ ട്രക്ക് പിരമിഡ് പണിയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉപേക്ഷിച്ചിട്ടിരുന്ന ഒരു കൂറ്റന്‍ പാറക്കഷണത്തില്‍ ഇടിച്ചു തകര്‍ന്നു . സര്‍ ഫിലിപ്പ് ഒട്ടേറെ വിപത്തുകള്‍ സഹിച്ചു അവസാനം ലണ്ടന്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു . ഇതെല്ലാം ഈ ജോലിയിലെ സാധാരണ സംഭവങ്ങള്‍ . ദുര്നിമിത്തങ്ങളില്‍ വിശ്വസിക്കുന്ന ആളായിരുന്നില്ല സര്‍ ഫിലിപ്പ് . അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹം ബ്രിട്ടീഷ്‌ രാജ്ഞി ക്ക് പോലും പ്രിയപ്പെട്ട ഒരു ഗവേഷകന്‍ ആകുമായിരുന്നില്ല .
പക്ഷെ മാസങ്ങള്‍ക്ക് ശേഷം സോത്ബി റെനെയുടെ പെട്ടകം ലേലത്തില്‍ വക്കുമ്പോള്‍ സര്‍ ഫിലിപ്പ് അദ്ദേഹത്തി ന്‍റെ വെസ്സെക്സ് ലെ വേനല്‍ ക്കല വസതിയില്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു .

നാല്.
അന്നലീന പെട്ടകം അമേരിക്കയിലെ ഒരു ധനികനായ ബാങ്കര്‍ ക്ക് വിട്ടു എന്നുറപ്പാക്കിയിട്ടാണ് മാഡം ബ്ലാവട്സ്കി ആ വസന്തകാലം അവിടെ നിന്ന് യാത്ര പറഞ്ഞത് . അത് അവസാനമായി തുറമുഖത്തെക്കുള്ള വാഹനത്തില്‍ കയറ്റുമ്പോള്‍ ബ്ലാവട്സ്കി ഒരു ദീര്‍ഘ നിശ്വാസത്തോടെ അന്നയുടെ തോളില്‍ കൈ ചുറ്റി , അവര്‍ ഇരുവരുടെയും മുഖങ്ങള്‍ അപ്പോള്‍ സന്തോഷ ഭരിതം ആയിരുന്നു .
അഞ്ച് .
ടൈറ്റാനിക് അതിന്റെ കന്നിയാത്രക്ക് നങ്കൂരം ഉയര്‍ത്തി . അതി ഗാംഭീര്യം നിറഞ്ഞ ചൂളം മുഴക്കി അത് സതാംപ്ടന്‍ തുറമുഖം വിട്ടു . എത്ര പ്രൌഡി നിറഞ്ഞ യാത്രയായിരുന്നു അത് . ഏറ്റവും താഴെ നിലയില്‍ താഴ്ന്ന ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഭാഗ്യന്വേഷികള്‍ നിറഞ്ഞിരുന്നു . അമേരിക്കയിലെ സ്വര്‍ണ ഖനികളും എണ്ണ ഖനികളും അവരെ കാത്തിരിക്കുന്നു എന്ന കിനാവില്‍ അവര്‍ നൃത്തം ചവിട്ടി . ആ താളത്തില്‍ ലോകം അന്ന് വരെ കണ്ടതില്‍ വച്ചു മനോഹരവും വലുതുമായ ടൈറ്റാനിക് ഓളപ്പരപ്പുകള്‍ പിന്നിട്ടു . ആ കൂറ്റന്‍ കപ്പലിന്‍റെ അടിത്തട്ടില്‍ ചരക്ക് പെട്ടികള്‍ ക്കൊപ്പം ഒരു വിചിത്ര പെട്ടകം കൂടി ഉണ്ടായിരുന്നു . റെനെയുടെ മമ്മി അടക്കം ചെയ്ത പെട്ടകം . മഞ്ഞു മലയുടെ മരവിച്ച തണുപ്പും , ആഴക്കടലി ന്‍റെ അടിതട്ടും കാത്ത് റെനെയുടെ പെട്ടകം അതി ന്‍റെ അവസാന യാത്രയിലായിരുന്നു ......


------
വീണദേവി മീനാക്ഷി.

5 comments:

  1. ഇതാര്

    ഇന്‍ഡ്യാനാ ജോണ്‍സ് മാതിരി വീണാദേവി ജോണ്‍സ്...??!!
    ദൈവമേ, ഇന്റര്‍നാഷണല്‍ ത്രില്ലറുകളൊക്കെയാണല്ലോ ഇവിടെ.

    ReplyDelete
  2. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

    ReplyDelete
  3. നല്ല അവതരണം..
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍..

    ReplyDelete
  4. ബ്ലോഗ്‌ എഴുതുന്നു എന്ന
    ധിക്കാരത്തിന്, ബ്ലോഗര്‍
    എന്നെന്നെ പുച്ഛിച്ചുതാണ്,
    ഈ ലോകം......
    http://velliricapattanam.blogspot.in/2012/07/blog-post_17.html

    ReplyDelete
  5. നല്ല അവതരണം. പരിചയമില്ലാത്ത ഒട്ടേറെ കാഴ്ചകള്‍ കാട്ടിത്തന്നു.

    ReplyDelete

Fire Flower