Monday, July 16, 2012

പ്രണയ പഞ്ചാക്ഷരി


             'വം ''

സന്ധ്യ മയങ്ങി തുടങ്ങുമ്പോള്‍ തകരം മേഞ്ഞ മേല്‍പ്പുരയുള്ള, കരിങ്കല്ലില്‍ പടുത്തുയര്‍ത്തിയ വീടിന്‍റെ ജനാലയുടെ ചില്ലുകള്‍ക്കു മഞ്ഞു തിരശ്ശീലയിടുന്നു . പാവാട തുമ്പുയര്‍ത്തി പാദസ്വരങ്ങള്‍ കിലുങ്ങെ കാലാട്ടി , പെണ്‍കിടാവ് ജനാലയുടെ വീതിപ്പടിമേല്‍ കയറിയിരിപ്പുണ്ട്. അവളുടെ മനസ്സില്‍ തലേന്നു രാത്രി മുതല്‍ നേരം വെളുക്കും വരെ കണ്ട '' ശ്രീകൃഷ്ണ ചരിതം '' ബാലെയായിരുന്നു . വൈരത്തരികള്‍ കണക്കെ മിന്നിയ നക്ഷത്ര ക്കൂട്ടങ്ങള്‍ക്ക് താഴെ കുളിര്‍ന്നു വിറയ്ക്കുന്ന ശിശിര രാവില്‍ ഇന്ദ്രസദസ്സും ദേവലോകവും ; അതില്‍ ദേവി ദേവന്മാരും അപ്സരസ്സുകളും നൃത്തമാടുന്നു . ആ കാഴ്ചകള്‍ മെല്ലെ മെല്ലെ ഉറക്കം കനം തൂങ്ങുന്ന കണ്‍ പോള കള്‍ക്കുള്ളില്‍ ഒരു മായിക ലോകം സൃഷ്ടിച്ചു . മയങ്ങി ഉണരുമ്പോഴും ബാലെ തുടരുകയായിരുന്നു . അങ്ങ് കിഴക്ക് ആകാശം ചുവന്നു തുടങ്ങിയിരുന്നു. സ്റ്റേജില്‍ കൃഷ്ണന്‍ രാധയോടൊപ്പം കലമ്പുന്ന ആര്‍ദ്ര ഭാവങ്ങളോടെ നൃത്തം ചെയ്തു . പിണങ്ങുന്ന രാധയെ ചിരിപ്പിക്കാന്‍ അവളുടെ അരയന്ന നടത്തം അനുകരിച്ചു കൃഷ്ണന്‍റെ ചടുല പദചലനങ്ങള്‍ . പെട്ടെന്ന്,. വളരെ പെട്ടെന്ന് അതിനൂതനമായ ഒരു വികാരത്താല്‍ പെണ്‍കുട്ടിയുടെ മനസ്സ് പിടഞ്ഞു . എന്താണത് ? ഇതുവരെ ഇങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലല്ലോ . വേദന ഏതുമില്ലാത്ത ഒരു നീറ്റല്‍. പാദം മുതല്‍ മൂര്‍ ദ്ധാവ്  വരെ നിറയുന്ന ഒരു പിടച്ചില്‍ . ഉറക്കമല്ലാത്ത മയക്കം . വിറയ്ക്കുന്ന പുലരി മഞ്ഞിലും ചൂട് പിടിച്ച കവിളുകള്‍ . പാവാട തുമ്പു വലിച്ചു പാദം മൂടി മഞ്ഞു വീണ ചില്ലില്‍ കവിള്‍ ചേര്‍ത്ത് സന്ധ്യയുടെ ശബ്ദങ്ങള്‍ക്ക്‌ കാതോര്‍ക്കുമ്പോഴും മനസ്സില്‍ ഇന്ദ്രനീലക്കല്ല് പോലെ കൃഷ്ണന്‍റെ രൂപം . പേര്‍ത്തും പേര്‍ത്തും ഉള്ളില്‍ ഉരുക്കഴിയുന്ന രംഗങ്ങള്‍ . ഹൃദ്യമധുരമായ നോവില്‍ വിടരുന്ന ദിനങ്ങള്‍ . ഊണിലും ഉറക്കത്തിലും എല്ലാം ചെറുമിന്നല്‍ പിണര്‍ പോലെ ആ മായക്കാഴ്ചകള്‍ . പ്രണയത്തിന്‍റെ ആദ്യ രംഗ പ്രവേശം ...
ഉള്ളിലെ അജ്ഞത വനസ്ഥലിയില്‍ എവിടെയോ അത്രനാള്‍ നിശ്ചലമായിരുന്ന നീലത്തടാകതിലേക്ക് അന്നാദ്യമായി ഒരു നക്ഷത്രമുത്തു വീണ അലയിളക്കം... ആ അലയിളക്കം നൂതന കാലത്തും പുതിയ ബിംബങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കു
ന്നു . കാലവും, ദേശവും , ശീലങ്ങളും മാറിയാലും ഉള്‍പ്രപഞ്ചത്തി ന്‍റെ നിയതമായ ചംക്രമ ണ രേഖയിലെ സുസ്ഥിരമായ ആകാശ ഗംഗകള്‍ . പ്രണയാനുഭൂതികള്‍.
                                                                                 ''ലം''
   
പാലമരചില്ലയിലും, ഇലഞ്ഞിമര ചുവട്ടിലും രാത്രി കനത്തുറയുമ്പോള്‍ ഗംഭീരമായ ഇടിമുഴക്കത്തോടെ മഴമേഘങ്ങള്‍ മാനത്തു നിരന്നു . രാത്രിമഴ പുഴയ്ക്കു മീതെയും , പുഴക്കക്കരെ പാടത്തും , ഇടവഴിയിലും പെയ്തു നിറഞ്ഞു . മിന്നല്‍ പിണരുകളുടെ വെളിച്ചത്തില്‍ ആദ്യ പ്രണയ ക്കുറിപ്പിലെ വരികള്‍ തെളിഞ്ഞും മറഞ്ഞും ഉള്ളിലേക്കിറങ്ങി . പ്രിയന്‍റെ വിരല്‍ത്തുമ്പി ന്‍റെ  വിറയല്‍ പേനയിലൂടെ, ഇളം മഞ്ഞക്കടലാസിലൂടെ , അക്ഷരക്കൂട്ടങ്ങളിലൂടെ അവള്‍ തൊട്ടറിഞ്ഞു . മുടിപ്പിന്നലില്‍ ഹര്‍ഷ പ്പൂക്കള്‍ ചൂടി  , ഒരു മിന്നല്‍ക്കൊടി കണ്ണിണയില്‍ ഒളിപ്പിച്ചു , നദിക്കു മീതെ അലയടിച്ച ഒരിടിമുഴക്കം നെഞ്ചില്‍ അടക്കി വച്ച് അവള്‍ അവനു കാതോര്‍ത്തു . അങ്ങകലെ അത് നിനച്ചു അവന്‍റെ ഉടലാകെ പെരുത്തുകയറി . അലിഞ്ഞു നിറയാന്‍ വെമ്പിക്കൊണ്ട്‌ അവന്‍ കാറ്റായി ഉലയുകയും , കടലായി ഇരമ്പുകയും , മഴയായി കൊരിച്ചോരിയുകയും ചെയ്തു . പ്രണയത്തിന്‍റെ ഉന്മാദം പോലെ ആദ്യമായി നുണഞ്ഞ മദ്യം അവന്‍റെ കണ്ണുകള്‍ ചോപ്പിച്ചു . ചുംബന ക്ഷതങ്ങള്‍ പോലെ  ചുണ്ടുകള്‍  വലിച്ചു തള്ളിയ സിഗരറ്റുകളുടെ പുക തട്ടി നീലച്ചു . കൊടും വിരഹ ദുഃഖങ്ങള്‍ അങ്ങനെ അവനിലേക്ക്‌ തന്നെ തിരിച്ചൊഴുകി.
ഇക്കാലം കേള്‍ക്കാതെ പോയ വിളികള്‍ക്ക് ഇരുപുറവുമായി , അപൂര്‍ണമായൊരു പ്രണയ സന്ദേശം തിളങ്ങുന്ന സ്ക്രീനില്‍ നോക്കിയിരിക്കുന്നു അവര്‍ . വര്‍ഷകാല രാത്രി അവര്‍ക്ക് ചുറ്റും പെയ്തൊഴിയുകയാണ്. മഴയുടെ വന്യ സംഗീതത്തെ മായ്ച്ചു കൊണ്ട് ഐ പോഡുകള്‍ പുത്തന്‍ പ്രണയ ഗീതങ്ങള്‍ പാടുന്നു .
                              ''ഹം  ''
തേന്‍ മണമുള്ള വയലറ്റ് പൂക്കള്‍ പൊഴിക്കുന്ന ജകരാന്തക്കു ചുവട്ടില്‍ തൂവാനമേറ്റ് ഇരിക്കുമ്പോള്‍ ആദ്യമായി അവന്‍ അവളുടെ വിരല്‍തുമ്പില്‍ തൊട്ടു . അവള്‍ ഒന്നാകെ ആ സ്പര്‍ശനതുമ്പില്‍ ഒഴുകിയെത്തി പുതു പൂമൊട്ട് പോലെ വിടര്‍ന്നു . അവനോ അവളെ വാരി അണിയാന്‍ മോഹിച്ചു . അവുടെ ഗന്ധങ്ങള്‍ ചേര്‍ന്ന് പുതു സുഗന്ധമുണ്ടായി . സ്പര്‍ശങ്ങള്‍ ചേര്‍ന്ന് പുതുസ്പര്‍ശവും, രുചികള്‍ ചേര്‍ന്ന് പുതുരുചികളും ഉണ്ടായി .
........
ഒരു ''ഡോമിനോ'' പിസ്സ യുടെ രണ്ട റ്റങ്ങളും പങ്കു വക്കവേ അവന്‍ അവളോട്‌ പറഞ്ഞു .
'' നീ വിര്‍ജിന്‍ അല്ല എന്ന് എനിക്ക് മനസ്സിലായി ''
''ശരിയാണത്'' അവള്‍ പറഞ്ഞു .
'' ഞാന്‍ എങ്ങനെ ഉണ്ടായിരുന്നു ?'' അവന്‍റെ സംശയം .
'' യാ . ഗുഡ് . യു വേര്‍ ഗുഡ് ..'' അവള്‍ തൃപ്തയാണ് .
ആ നേരം അപാര്‍ട്ടു മെന്‍റ്ന്‍റെ  ഒമ്പതാം നിലയിലെ കണ്ണാടി വാതിലിനു പുറത്തു പ്രണയ പ്പൂമ്പൊടി പുരണ്ട ഒരു മഞ്ഞ ശലഭം ചിറകടിച്ചു തളര്‍ന്നു വീണു . അങ്ങ് താഴെ പൂന്തോപ്പില്‍ തേനില്ലാത്ത ഹൈബ്രിഡ് പൂക്കളും , വെട്ടിയൊതുക്കി ഭംഗി വരുത്തിയ പുല്‍ത്തകിടികളും മരങ്ങളും മധ്യാഹ്ന വെയിലില്‍ നിസ്സംഗരായിരുന്നു . നിശ്ചിതമായ തലങ്ങളില്‍ വളരാനും വിരിയാനും അനുഭവിക്കപ്പെടാനുമുള്ള പ്രണയ പ്പൂക്കളുടെ നിറം മങ്ങിയ കാഴ്ചകള്‍ .

                      ''യം''
ഏഴു തിരിയിട്ട നിലവിളക്കിന്‍റെ സ്വര്‍ണ വെളിച്ചം മുറിയില്‍ നിറഞ്ഞിരുന്നു . ബിന്ദു മധ്യത്തില്‍ ഉപവിഷ്ടയായ തൃപുര സുന്ദരിയെപ്പോലെ അവള്‍ ഇരുന്നു . വെണ്ണ മിനുപ്പുള്ള ഉടലില്‍ പറ്റിച്ചേര്‍ന്ന നനുത്ത പട്ടുപുടവ . പൂര്‍ണ്ണ പ്രണയ സാധകനായി അവന്‍ സമീപം . പ്രേമ മന്ത്രങ്ങള്‍ കൊണ്ട് , അംഗുലീ സ്പര്‍ശം കൊണ്ട് , ഓരോ തന്തുക്കളിലും നിറഞ്ഞൊഴുകുന്ന പ്രണയം കൊണ്ട് അവന്‍ പൂജിച്ചു .
'' വം അപാത്മനെ ജലം കല്പയാമി
ലം പ്രിധ്വത്മനെ ഗന്ധം കല്പയാമി
ഹം ആകാശാത്മനെ പുഷ്പം കല്പയാമി
യം വായുവാത്മനെ ധൂപം കല്പയാമി
രം തെജസാത്മനെ ദീപം കല്പയാമി ,
ഠം  അമൃതാത്മനെ നൈവേദ്യം കല്പയാമി ''
സ്വയം ജലവും ഗന്ധവും പുഷ്പവും ധൂപവും ദീപവും നൈവേദ്യവും ആയി അവന്‍ അവളില്‍ അര്‍ച്ചന ചെയ്തു . യഥാവിധി ആചരിക്കപ്പെട്ട ദേവി സാധകനിലേക്ക് അലിഞ്ഞുചേര്‍ന്നു ഒന്നായി . രതിയുടെ പരമാനന്ദ മൂര്‍ച്ഛയില്‍ വേലി യേറ്റങ്ങളും വേലിയിറക്കങ്ങളും  താണ്ടി അവര്‍ നിര്‍വൃതിയുടെ തീരമണഞ്ഞു ..
............ 

കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചു വേറിട്ട നേരങ്ങളില്‍ അവനും അവളും മനശ്ശാസ്ത്ര വിദഗ്ധനെയോ , ലൈംഗിക വിദഗ്ധനെയോ കാണുവാന്‍ കാത്തിരിക്കുന്നു. അത് പിന്നീടൊരു നാളില്‍ വേര്‍പിരിയലി ന്‍റെ നിയമങ്ങള്‍ പറഞ്ഞ് ഉറപ്പിക്കാനും ആവാം . ഉള്ളിലപ്പോള്‍ വേറെ മരുപ്പച്ചകള്‍ തേടുന്നതി ന്‍റെ പ്രതീക്ഷകളും കുളിരി ചൊരിയുന്നുണ്ട് ..പക്ഷെ..

                                ''രം ''

        വൈശാഖത്തിലെ പൌര്‍ണമി യില്‍ പൈന്‍മരങ്ങള്‍ ജാഗരൂകരായ പടയാളികളെ പ്പോലെ പാതയ്ക്ക് ഇരുവശത്തും നില കൊണ്ടു. ആത്മാന്വേഷ ണത്തിന്‍റെ വെളിച്ചം ഉള്ളില്‍ നിലാവ് പോലെ തിളങ്ങുന്നുണ്ടായിരുന്നു . രണ്ടു പ്രകാശ വലയങ്ങള്‍ കൈ കോര്‍ത്ത്‌ പിടിച്ചു മുന്‍പോട്ടു നടന്നു . വാക്കുകളാല്‍ പറയപ്പെടാന്‍ ആവാത്ത അലൌകിക പ്രണയം ഹൃദയത്തില്‍ കാട്ടുതേന്‍ പോലെ മധുരിച്ചു . നാസാ രണ്ധ്രങ്ങളില്‍ ശ്വാസ നിശ്വാസങ്ങളുടെ കസ്തൂരിഗന്ധം . മല മുകളില്‍ നിന്നും അരിച്ചെത്തിയ കാറ്റില്‍ ധര്‍മ, അര്‍ഥ, കാമങ്ങളുടെ ഇലകള്‍ അവര്‍ക്ക് പിന്നിലായി കൊഴിഞ്ഞു വീണു .
'' എല്ലാം പിന്നിടുകയാണ് നമ്മള്‍ അല്ലെ ?'' അവന്‍ ചോദിച്ചു
'' അതെ ഇപ്പോള്‍ എനിക്ക് മുളം കാടിനപ്പുറത്തെ നദിക്കരയില്‍ ഒരു ചെറു പുല്‍നാമ്പ് മുളച്ചു പൊന്തുന്ന ശുദ്ധ സംഗീതം കേള്‍ക്കാം . എത്ര മനോഹരം !''
'' ഞാനും അത് കേള്‍ക്കുന്നു . ഇനി എന്ത് , ഏത്, എങ്ങനെ  ഇവയില്ല . സര്‍വം ശാന്തം ..''
നിലാവ് അസ്തമിച്ചപ്പോള്‍ ഒരേ നിഴലായി മാറിയ അവര്‍ പുണര്‍ന്നുറങ്ങി . കാമത്തിനും രതിക്കും അപ്പുറത്ത് ബോധ ജ്ഞാനത്താല്‍ ഉണര്‍ത്തിയ പ്രണയത്തിന്‍റെ പരമാനന്ദ അനുഭൂതിയില്‍ ഒരു ദീപ നാളം പോലെ , കാറ്റില്‍ ഉലയാതെ .....
അവള്‍ ഇല്ല . അവനും .
സമയം കാലത്തിനു മുന്‍പേ നിശ്ചലമായി . എന്നാല്‍ കാലമോ സമയത്തിനും മുന്‍പേ നിശ്ചലമായിരുന്നു .

                              ''ഠം ''
ഇതു പ്രണയത്തിനു വേണ്ടി സ്വയം നിവേദി ക്കുന്നവര്‍ക്കുള്ള നൈവേദ്യം . ഇതെടുത്തു കൊള്ളുക .

1 comment:

  1. ഈ പ്രണയവര്‍ണ്ണനകള്‍ നന്നായിരിക്കുന്നു
    നാലാമത്തെ വിവരണം ഏറ്റമിഷ്ടപ്പെട്ടു

    ReplyDelete

Fire Flower