Monday, March 10, 2014

ബുധനില , പിന്നെ പപ്പ്സും ..

ബുധനില

'' അമ്മെ ഇത് കണ്ടോ ?'' 
ജ്യേഷ്ടന്റെ കയ്യില്‍ ഒരു വാഴയിലപ്പൊതി . കര്‍ക്കിടകമഴയില്‍ തണുത്തു വിറങ്ങലിച്ച വിറകിന്‍ മുട്ടികളില്‍ തീ പിടിച്ചു വരുന്നെയുണ്ടായിരുന്നുള്ളൂ . പക്ഷെ അവധിയാണല്ലോ . തീയങ്ങനെ കത്തിപ്പിടിക്കട്ടെ. ചൂടു കിട്ടാന്‍ അടുപ്പിനരുകില്‍ പൂച്ചക്കുട്ടിയടക്കം നാലുപേര്‍ ഹാജര്‍ ഉണ്ട് . അമ്മക്ക് തിരക്കാണ് , അതിനിടയില്‍ ആണ് പുതിയ കാഴ്ച .
'' എന്താത്?''
ജ്യേഷ്ടന്‍ തലേന്ന് രാത്രി ദൂരെയുള്ള കോളേജ് പൂട്ടി അവധിക്കു വന്നതാണ്‌ . അപ്പോള്‍ കൊണ്ടുവന്നതാണ് ഈ വിശേഷപ്പെട്ട പൊതി . 
വാഴയില വിടര്തിയപ്പോള്‍ അതിന്റെ നടുക്ക് പച്ചനിറം കെടാത്ത ഒരു പിടി ഇലകള്‍ ഉണ്ടായിരുന്നു . ഒരു പ്രത്യേക ഗന്ധം അവിടെ നിറഞ്ഞു ..
?
'' ഇതിന്റെ പേരാണ് ബുധനില..!''
അതെന്താത് ? ഇലയ്ക്ക് ആഴ്ചയുടെ പേരാ ..? 
അതെനിക്കറിയില്ല . ഇതിന്‍റെ പേര്‍ അങ്ങനെയാ. ജ്യേഷ്ടന്‍ പ്രഖ്യാപിച്ചു .
'' ഹും ...ഉം..'' അമ്മ ഇലകള്‍ സൂക്ഷ്മമായി പരിശോധിച്ചു .
'' അമ്മെ  ജ്യേഷ്ടന്‍ തുടര്‍ന്ന് പറഞ്ഞു , ഇതെന്താ ചെയ്യന്നറിയ്യോ? ഇതൊണ്ട് ഒന്നാന്തരം ചമ്മന്തിയുണ്ടാക്കാം . ഈ വീട്ടില്‍ എല്ലാവരും ചമ്മന്തി പ്രണയികള്‍ ആണ് , പക്ഷെ ഇന്നുവരെ ഈ ചമ്മന്തി കേട്ടിട്ടുമില്ല കഴിച്ചിട്ടുമില്ല .!
'' അപ്പൊ .. എങ്ങനെയാ ഉണ്ടാക്കുക ?'' 
അതൊക്കെ ഞാന്‍ പഠിച്ചു .. 
ആ നേരം അടുപ്പില്‍ കഞ്ഞി തിളച്ചു തുടങ്ങിയിരുന്നു . ഇലകള്‍ കഴുകി കലത്തിന്റെ അടപ്പിന് മുകളില്‍ വാട്ടിയെടുക്കാന്‍ വെച്ച്  ജ്യേഷ്ടന്‍ പറഞ്ഞു , '' ഇങ്ങനെയേ ഇത് വാട്ടാന്‍ പാടുള്ളൂത്രേ .''
ഒപ്പം അടുപ്പില്‍ കനലിന്റെ ഇടയില്‍ മൂത്ത തേങ്ങ തുണ്ട് ചുടുവാനും വെച്ചു. അതൊരു വല്ലാത്ത അവസ്ഥ തന്നെയാണേ... കൊതി പിടിപ്പിക്കുന്ന മണം ആണതിന്. 
ഇന്ന് കാലത്ത് ഞാന്‍ കഞ്ഞിയാ കുടിക്കുക .! ഞാന്‍ തീരുമാനിച്ചു . നെയ്യിട്ട കഞ്ഞി . ഈ ചമ്മന്തി മോശമാവാന്‍ ഇടയില്ല .
പിന്നീട് മുളക് , ഉള്ളി ഇവയും കനലില്‍ പൊരിഞ്ഞു പുറത്തേക്കു വന്നു . 
ലേശം പുളി കൂട്ടിക്കോളു അമ്മെ .. ജ്യേഷ്ടന്‍ നിര്‍ദ്ദേശിച്ചു. 
വാട്ടിയ ബുധന്‍ ഇല , ചുട്ട തേങ്ങ , മുളക് , ഉള്ളി , കല്ലുപ്പ്, വേപ്പില , പുളി ഇവയെല്ലാം ചേര്‍ന്നു അമ്മിയില്‍ അരഞ്ഞു തുടങ്ങി . കഞ്ഞി വെന്തു പാകമായി . 
ഇളം ചുവപ്പില്‍ പച്ച ചേര്‍ന്ന ഒരു റബ്ബര്‍ പന്ത് പോലെ അമ്മ ചമ്മന്തിയുടെ ഉണ്ട വാഴയിലയില്‍ പകര്‍ന്നു .. നല്ല രസമുണ്ടായിരുന്നു അത് കാണാന്‍ ...  പുറത്ത് കര്‍ക്കിടക മഴ നൂലിഴയിട്ടു പെയ്യുണ്ടായിരുന്നു . കുഞ്ഞിപ്പലകകളില്‍ സ്ഥാനം പിടിച്ച ഞങ്ങളുടെ മുന്‍പില്‍ ചൂടു കഞ്ഞിയും ബുധനില ചമ്മന്തിയും തുള്ളിച്ചാടി ...

... 
കാലം വീണ്ടും പിന്നിട്ടപ്പോള്‍ ഒന്ന് മനസ്സിലായി . ഈ ബുധന്‍ ഇലക്ക് പേര് പുതിനയില എന്നാണ് . അത്രക്കങ്ങട്  സംസ്കൃതമായി പറയേണ്ടതില്ല .... !!
പപ്പ്സിന്റെ കഥ പിന്നെ പറയാം ....

**Facebook page here

2 comments:

  1. കൊതിയാകുന്നു വീണേച്ചി..

    ReplyDelete
  2. ബുധനില പേര് കൊള്ളാലോ. പുതിനയെക്കാള്‍ നല്ലത്

    ReplyDelete

Fire Flower