Saturday, November 3, 2012

"പ്രണയികളുടെ അത്താഴം .

"പ്രണയികളുടെ അത്താഴം .

പൂമ്പൊടികള്‍ പാറിനടക്കുന്ന ഇലഞ്ഞിമരച്ചോട്ടില്‍ ഒരിലക്ക് ഇരുപുറവുമായി അവര്‍ ഇരുന്നു . ഇരുവരുടെയും മിഴികള്‍ ചൊരിഞ്ഞ പ്രണയദീപ്തിയില്‍ നിലാവ് വെറും നിഴലായി പിന്‍വാങ്ങി .
'' ഇത് കഴിക്കു ''
പ്രാണന്‍റെ ഒരു തുണ്ട് തുമ്പ പ്പൂവിതള്‍ ചേര്‍ത്ത് കൈ ക്കുടന്നയില്‍ എടുത്തു അവന്‍ അവളുടെ അധരത്തോട് അടുപ്പിച്ചു . വിദ്യുദ്‌ തരംഗം പോലെ ഒരു ചുംബനത്തിനു അപ്പുറം അവന്‍...
''അതീവ രുചികരം !, എന്ത് സ്വ
ാദാണ് നിന്‍റെ പ്രാണന്? എന്‍റെ ഉള്ളു മുഴുവന്‍ ഞാന്‍ അത് കൊണ്ട് നിറച്ചോട്ടെ ?'', അവളുടെ സ്വരത്തില്‍ തെളിമയാര്‍ന്ന ഒരു കുളിരരുവി ഒഴുകുന്നുണ്ടായിരുന്നു . നിലാതുള്ളികള്‍ വൈര മുത്തുകളായി ചേര്‍ന്ന് മിന്നുന്ന രണ്ടു ഹൃദയങ്ങള്‍ അവര്‍ക്കിടയില്‍ ത്രസിച്ചുകൊണ്ടിരുന്നു . പരസ്പരം വേര്‍തിരിച്ചു അറിയാന്‍ പറ്റാത്ത , ചുവന്നു തിളങ്ങുന്ന രണ്ടു ഹൃദയങ്ങള്‍ .. അവയുടെ ഓരോ ഏകതാള സ്പന്ദനത്തിലും അങ്ങ് അകലെ നക്ഷത്ര ജാലങ്ങള്‍ കണ്ണടച്ച് തുറന്നു .

''നീയിതു കുടിക്കൂ ''
അവള്‍ തന്‍റെ ജീവ രക്തം താമരയിതള്‍ കുമ്പിളാക്കി അതില്‍ നിറച്ചു . എന്നിട്ട് അവന്‍റെ മുഖം തന്‍റെ മാറോടു ചേര്‍ത്ത് ഓരോ മൃത കോശങ്ങളും തന്‍റെ ശോണബിന്ദുക്കള്‍ തൂവി നനച്ചു പുനര്‍ജനിയിലൂടെ പ്രവഹിപ്പിച്ചു.
പ്രണയത്താല്‍ വലിഞ്ഞു മുറുകിയ സിരാതന്തികള്‍ അലൌകിക സംഗീതം പൊഴിച്ചു.
'' എന്‍റെ ദാഹം കണികയില്‍ നിന്ന് സമുദ്രമായി വളര്‍ന്നിരിക്കുന്നു .'' അവന്‍ പറഞ്ഞു . അത് കേള്‍കെ അവള്‍ പുളകത്തോടെ വീണ്ടും വീണ്ടും അവന്‍റെ ദാഹമകറ്റി .
''ഒരിക്കലും ശമിക്കാത്ത വിശപ്പിന്‍റെ അത്താഴമാണിത് .''
അവള്‍ അവന്‍റെ തോളില്‍ തല ചായ്ച്ചു . അവരുടെ ഓരോ തീക്ഷ്ണ ചുംബനങ്ങളും ജീവ കണികകളില്‍ അഗ്നിപര്‍വതങ്ങളുടെ സ്ഫോടന ജ്വാലകള്‍ സൃഷ്ടിച്ചു . ആലിംഗനം സഹസ്ര പദ്മങ്ങള്‍ വിരിയിച്ചു .
നീയെവിടെ ? എന്ന് ചോദിയ്ക്കാന്‍ ആവാത്ത വിധം അവള്‍ അവനിലെക്കും അവന്‍ അവളിലെക്കും അലിഞ്ഞിറങ്ങി . പരസ്പരം നിറയലിന്‍റെ ഉന്നത സൃന്ഗങ്ങള്‍ക്ക് മുകളില്‍ വീണ്ടും അവര്‍ പുതിയ ദാഹങ്ങളും വിശപ്പുകളും അനുഭവിച്ചറിഞ്ഞു .
'' ഇനി നമുക്ക് പറക്കാം  '' അവന്‍ തെക്കന്‍ കാറ്റ് പോലെ അവളുടെ ചെവിയില്‍ പറഞ്ഞു .
'' നമുക്ക് നീന്തുകയും ചെയ്യാം .'' അവന്‍റെ ഉള്ളില്‍ ഇരുന്നു അവള്‍ പറഞ്ഞു .
ശേഷം , സാന്ദ്ര നീല ആകാശത്തിലൂടെ ഒറ്റ വെള്ളി മേഘ ചിറകില്‍ അവര്‍ ഒന്നായി വട്ടം ചുറ്റി പ്പറന്നു . പിന്നെ അനന്തമായ അനുഭൂതിയുടെ സ്വച്ചതടാകത്തില്‍ ഊളിയിട്ടു മുങ്ങി. ആ തുടിക്കും ഉടലുകള്‍ അങ്ങ് താഴെ സുവര്‍ണ മണല്‍ പ്പരപ്പില്‍ ഉരുമ്മി വീണ്ടും വീണ്ടും ഒന്നായി നിറഞ്ഞു ..
( ചങ്ങമ്പുഴ ജന്മ ശതാബ്ദി സ്പെഷ്യല്‍ '' കേരള ഭൂഷണം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് )
വി . മീനാക്ഷി"

1 comment:

  1. അങ്ങനെ അവര്‍ ദീര്‍ഘകാലം സസുഖം വാണു

    ReplyDelete

Fire Flower