Sunday, October 7, 2012

നീല സരസ്വതിഇന്‍ ബോക്സില്‍ പ്രണയങ്ങള്‍ നിറഞ്ഞു . നീലിമക്ക് ചെടിച്ചു . അടിവയറില്‍ നിന്നും  പുളിക്കുന്ന ചവര്‍പ്പ് അവളുടെ അന്നനാളത്തില്‍ തിങ്ങി നിറഞ്ഞു . കുറിപ്പുകള്‍ ഓരോന്നായി വായിക്കുംതോറും അതങ്ങനെ രസമാപിനി കണക്കു ഉയര്‍ന്നുയര്‍ന്നു വന്നു. ബോഗൈന്‍ വില്ലകള്‍ ചാഞ്ഞുപടര്‍ന്നു കിടക്കുന്ന മുറ്റത്തിനരുകിലെ പുല്‍ത്തകിടിയില്‍ സ്ഥാപിച്ച  സിമന്‍റ് ബെഞ്ചില്‍ ചാരിക്കിടക്കുകയായിരുന്നു അവള്‍ .
'' അമ്മേ, എനിക്ക് വയ്യ ''
അവള്‍ ഞരങ്ങി . ശബ്ദം പുറത്തു വരാതിരിക്കാന്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ചു. കയ്യിലെ മൊബൈല്‍ ഫോണിന്‍റെ മാന്ത്രിക ചെവികള്‍ കരച്ചില്‍ കേള്‍ക്കരുത് . ഒന്നും കേള്‍ക്കരുത് . നാവില്‍ നിന്നും ഉമിനീര്‍ ചാലിട്ടൊഴുകി . നീലിമ പതിയെ എഴുന്നേറ്റു ഉലഞ്ഞ മുടി വാരിക്കെട്ടി മുഖം കുനിച്ചു . കാല്‍ച്ചുവട്ടില്‍ തിങ്ങി തിളങ്ങുന്ന പുല്‍നാമ്പുകള്‍ . അവയിലേക്കു അവള്‍ മഞ്ഞ വെള്ളം ശര്‍ദ്ദിക്കാന്‍ തുടങ്ങി .ഇന്‍ ബോക്സിലെ പ്രണയ കുറിപ്പുകള്‍ ഒന്നൊന്നായി ഡിലീറ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു . പുല്‍ക്കൊടികള്‍ പിത്തജലത്തില്‍ വാടിത്തളര്‍ന്നു . അണുകീടങ്ങള്‍ മണ്ണു തുരന്നു താഴേക്ക്‌ പാഞ്ഞു .
''അയ്യോ എനിക്ക് വയ്യ ...'' നീലിമ വയര്‍ തടവി , എഴുന്നേറ്റു വേച്ചു വേച്ച് വീടിനുള്ളിലേക്ക് പോയി. അവിടം തണുപ്പ് നിറഞ്ഞതും എന്നോ കാറ്റോട്ടം നിലച്ചു പോയതുമായ ഒരിടമായിരുന്നു . ഇരുട്ടുമുറികളിലൂടെ തപ്പി തടഞ്ഞു അവള്‍ ഓവറയില്‍ എത്തി കുത്തിയിരുന്നു. തികട്ടി വന്ന മഞ്ഞ വെള്ളച്ചാട്ടം പുറത്തേക്കൊഴുക്കി. മുഖത്ത് വെള്ളം തളിച്ച് കുലുക്കുഴിഞ്ഞു സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ചു നീലിമ ഊണുമുറിയില്‍ വന്നു . പാതി തെളിഞ്ഞു കത്തുന്ന ശര റാന്തല്‍  അവളെ അനുകമ്പയോടെ നോക്കി .
'' ഞാനിത്ര വെളിച്ചം തന്നിട്ടും നിനക്ക് പോരായിരുന്നോ നീലിമേ ?''
ഒരു വിളക്ക് കൂടി അതിലണഞ്ഞു . അപ്പോള്‍ തന്നെ അവളുടെ സെല്‍ ഫോണ്‍ പച്ചവെളിച്ചം തെളിച്ചു നാലഞ്ച് വട്ടം ബീപ് ചെയ്തു . നനഞ്ഞ വിരല്‍ തുമ്പുകള്‍ മെസ്സേജുകള്‍ ഒന്നൊന്നായി തുറന്നു. ഒരായിരം ചുംബനങ്ങള്‍ കൊണ്ട് അവള്‍ പ്രാണനു വേണ്ടി പിടഞ്ഞു . വരിഞ്ഞു മുറുക്കുന്ന നീണ്ട കൈകളില്‍ പെട്ട് എല്ലുകള്‍ നുറുങ്ങെ വേദനിച്ചു .
'' അയ്യോ, എന്നെ വിടൂ '' നീലിമ ദയനീയമായി തേങ്ങി .
അടുക്കളയില്‍ ചായക്ക് വെള്ളം തിളപ്പിച്ചു കൊണ്ടിരുന്ന രേണുക നീലിമയുടെ വിങ്ങിക്കരച്ചില്‍ കേട്ട് പുറത്തേക്കു വന്നു .
'' എന്ത് പറ്റീ നീലിക്കുട്ടീ നിനക്ക് ?'' ചേച്ചി അനുജത്തിയുടെ മുടിയിഴകളില്‍ വാത്സല്യപൂര്‍വ്വം തലോടി .
'' ഏട്ടീ , എന്‍റെ വയറു നിറച്ചും കുട്യോള് , ദേ നോക്യേ വീര്‍ത്തു ശ്വാസം മുട്ടുന്നു എനിക്ക്. കയ്യും കാലുമിട്ടടിച്ചു അവരെന്നെ നോവിക്യാ .!''
'' ഉവ്വോ , എന്‍റെ പൊന്നുമോളെ ...' രേണുക നീലിമയുടെ വടിവൊത്തുപതിഞ്ഞ വയറിനു മീതെ കൈവച്ചു . നീലിമ അനുസരണയോടെ ചേച്ചിയുടെ മാറില്‍ മുഖമണച്ചു.
'' അവര്‍ക്ക് വിശക്കുന്നു ഏ ട്ടീ , അമ്മിഞ്ഞ വേണം . ഏ ട്ടി തരോ ?'' അവള്‍ ഈര്‍പ്പ മിറ്റുന്ന കൈകള്‍ കൊണ്ട് രേണുകയുടെ ഉടുപ്പിന്‍റെ ഹുക്കുകള്‍ വിടര്‍ത്തി .
'' വല്ലാണ്ട് .........ദാഹിക്കണ്....''
നീലിമയുടെ ചുണ്ടുകള്‍ കരിവാളിച്ചു വിണ്ടു കീറിയിരുന്നു .
'' ഹെന്‍റെ കുഞ്ഞേ ..'' എന്ന് രേണുക നെടുവീര്‍പ്പിട്ടു . അവരുടെ മാറിടം ചുരന്നു . കിടപ്പറയില്‍ ഏറെനാള്‍ക്ക് ശേഷം ജനിച്ച അവരുടെ ഇരട്ട ക്കുഞ്ഞുങ്ങള്‍ പൂച്ച യുറക്കത്തില്‍ ആയിരുന്നു . നീലിമയോ , സൌഹൃദ പച്ചപ്പിന്‍റെ തണല്‍ മരങ്ങള്‍ പിഴുതു മാറ്റപ്പെട്ട മണല്‍ക്കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു .
  സ്നേഹ കുറുകലുകള്‍ വന്നുകൊണ്ടേയിരുന്നു . നീലിമക്ക് തടയാന്‍ കഴിയാത്ത ഒരാന്തലോടെ അവള്‍ അതോരോന്നും തുറന്നു വായിച്ചു . ആ വരികള്‍ അവളെ കൊത്തിപ്പറിച്ചു . കയ്പ്പ് രുചിക്കുന്ന മുലപ്പാല്‍ ചുണ്ടിലെ വിള്ളലുകളില്‍ നീറി നിറഞ്ഞു .
'' എന്‍റെ കുരുന്നുകള്‍ക്ക് കയ്ക്കോ ഏ ട്ടീ ?''
 നീലിമ വയര്‍ പൊത്തിപ്പിടിച്ചു രേണുകയുടെ തോളില്‍ തല ചായ്ച്ചു നടന്നു പടിഞ്ഞാറ്റിയില്‍ എത്തി . അവിടെ ഇളം നീല വിരിപ്പുമായി ആകാശം അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു .
'' ഞാന്‍ എന്‍റെ ആകാശത്തിലുറങ്ങാന്‍ പോകുന്നു ...'' മൃദുവായി മന്ത്രിച്ചുകൊണ്ട്‌ അവള്‍ കിടക്കാന്‍ ഭാവിച്ചു . അവളുടെ സെല്‍ ഫോണ്‍ അപ്പോഴും താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല . പ്രേമ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് അതവളെ ആവേശിച്ചു . അതിന്‍റെ ചൂടും, വയലറ്റ് പൂ നിറവും ഏറ്റു അവള്‍ വിവശയായി .
'' ഞാനൊന്നുറങ്ങിക്കോട്ടെ ......''
നീലിമ അതിനോട് കെഞ്ചി . പാല്‍മണമുള്ള ചുണ്ടുകൊണ്ട് അവള്‍ വയലറ്റ് പൂവിനെ ഉമ്മവച്ചു .
                                     രേണുക ഇരട്ട ക്കുഞ്ഞുങ്ങളുടെ നനഞ്ഞു കുതിര്‍ന്ന  നാപ്കിനുകള്‍ ഊരി തുടച്ചു ക്രീം പുരട്ടി. പുതിയവ ഇടുവിക്കാനായി വിടര്‍ത്തി. അവയിലേക്കു കണ്ണുനീര്‍ത്തുള്ളികള്‍ വീണു അപ്രത്യക്ഷമായി . നീലിമയുടെ മാറ്റത്തിന്‍റെ കാരണങ്ങള്‍ അവര്‍ക്ക് ദുരൂഹമായിരുന്നു . സ്വതവേ അധികം ചിരിക്കുകയും സംസാരിക്കുകയും ചെയ്യാത്ത വിഷാദ വതിയായ പെണ്‍കുട്ടി ആയിരുന്നു നീലിമ .ഡിഗ്രിക്കും വിവാഹ ആലോചനകള്‍ക്കും ഇടയിലുള്ള വിടവില്‍ '' വെറുതെയിരിക്കണ്ട നീലീ , നീ കമ്പ്യൂട്ടര്‍ പഠിക്കൂ '' എന്ന ദുരിതാശയം പുറത്തിട്ടത് രേണുക തന്നെയായിരുന്നു . എന്തുകൊണ്ട് ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം നടന്നു പോന്ന കമ്പ്യൂട്ടര്‍ ക്ലാസുകള്‍ നീലിക്കുട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചു എന്ന് രേണുക ക്ക് മനസ്സിലാവുന്നില്ല . അല്ലെങ്കില്‍ തന്നെ സൈബര്‍ ലോകത്തെ ജനാവലിയുടെ പുത്തന്‍ സംസ്കാരവും ജീവിതവും , സര്‍പ്പക്കാവി ന്‍റെയും തെങ്ങിന്‍ തോപ്പിന്‍റെയും നടുവില്‍ ജീവിക്കുന്ന രേണുക ക്ക് അറിയേണ്ട കാര്യമെന്ത് ? അത് വേറെ ലോകം , ഇത് വേറെ ലോകം . പക്ഷെ നീലിമയെങ്ങനെ ഇരു ലോകങ്ങള്‍ക്കും ഇടക്കുള്ള ആഴമുള്ള കൊക്ക താണ്ടി അപ്പുറത്തു പോയി ?
'' എങ്ങനെ എന്‍റെ നീലിക്കുട്ട്യെ ...'' രേണുക നെടുവീര്‍പ്പിട്ടു . ശാന്ത സമുദ്രത്തിലെവിടെയോ കപ്പലില്‍ ജോലി ചെയ്യുന്ന ഭാസ്കരേട്ടനെ ചുമ്മാ ഓര്‍ത്തു .

'' ഓ . നിക്കൊന്നും മനസ്സിലാവ്ന്നില്ല്യ. ഒരു കമ്പൂട്ടറ്. ബാക്കി എല്ലാരും സയന്‍സ് ബാക്ക് ഗ്രൌണ്ട് ഉള്ളോരാ. എനിക്കും സയന്‍സ് എടുത്ത മത്യാര്‍ന്നു .''
ആദ്യത്തെ ദിവസം തിരിച്ചു വന്നു നാലുമണിക്ക് രേണുക അപ്പോള്‍ വറുത്തു കോരിഎടുത്ത ഉഴുന്ന് വടയും ചായയും കഴിക്കുമ്പോള്‍ നീലിമ ഒരു ചെറു പുഞ്ചിരിയോടെ പരാതിപ്പെട്ടു . ചുവന്ന ചുണ്ടും കവിളും അവള്‍ ചമ്മന്തിയുടെ എരിവിനു പുറകില്‍ ഒളിപ്പിച്ചു .എന്നിട്ട് ഉള്ളില്‍ നിന്നും ഒരു ഓര്‍മ്മ പുറത്തെടുത്തു രഹസ്യമായി ഓമനിച്ചു .
'' യുആര്‍ റിയലി ബ്രൈറ്റ് . വല്യ സോഫ്റ്റ്‌ വേര്‍ എഞ്ചിനീയര്‍ ആവേണ്ട ആള്‍ . ഇത്ര മിടുക്കിയായ ഒരു സ്റ്റുഡെന്‍ടിനെ ഞാന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല . നീലിമ ഈ കണക്കിന് രണ്ടു മാസത്തിനുള്ളില്‍ സി പ്ലസ്‌ പഠിക്കും !''
എത്ര സുന്ദരമായ സ്വരം ! ആ വിരല്‍ തുമ്പുകള്‍ കീ ബോര്‍ഡുമായി ചേര്‍ന്ന് സംഗീതം പൊഴിക്കുകയും , മോണിട്ടറില്‍ ഇന്ദ്രജാലം വിരിയിക്കുകയും ചെയ്തു .
ക്ലാസ്സില്‍ ജിനിയസ് എന്ന് പുകഴ്തപ്പെടുമ്പോഴും നീലിമ എന്നും രേണുകയുടെ മുന്‍പില്‍ പരാതി മാത്രം പറഞ്ഞു . എന്തിനായിരുന്നു അത് ?
നീലിമക്ക് അവളുടെതായ കാരണങ്ങള്‍ ഉണ്ടായിരുന്നു ...
ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ പിറന്നാളിന് കിട്ടാവുന്നതില്‍ വച്ച് മുന്തിയ തരം സിസ്റ്റം തന്നെ രേണുക ഭാസ്കരെട്ടനോട് പറഞ്ഞു അവള്‍ക്കു സമ്മാനിച്ചു. ഒരു പരിഭവം കൂര്‍പ്പിച്ച ചുണ്ടുമായി നീലിമ അത് അവളുടെ പഠന മുറിയില്‍ സ്ഥാപിച്ചു . രാത്രി അലസമായൊരു കോട്ടുവായുടെ അകമ്പടിയോടെ അവള്‍ ചേച്ചി കയ്യില്‍ നിര്‍ബന്ധ പൂര്‍വ്വം പിടിപ്പിച്ച ഹോര്‍ലിക്സ് ചേര്‍ത്ത പാല്‍ഗ്ലാസ്സുമായി പഠന മുറിയിലേക്ക് പോയി . അടച്ച വാതിലിനപ്പുരത്ത് ഒരു നവ വധുവിനെ പ്പോലെ ഉന്മേഷവതിയായി. കമ്പ്യൂട്ടര്‍ ക്ലാസ്സിലെ മിടുക്കനും സുമുഖനും അയ ട്യുട്ടര്‍ അവള്‍ക്കു ഒരു പടിവാതിലായിരുന്നു. അത് തുറന്നു അവള്‍ ആയിരക്കണക്കിന് മുറികളിലേക്ക് പ്രവേശിച്ചു യാത്രകള്‍ ആരംഭിച്ചു . പതിയെ പതിയെ അവിടെയുള്ള നിലാക്കാഴ്ചകള്‍ അവളുടെ സെല്‍ ഫോണിലേക്ക് ചേക്കേറി ത്തുടങ്ങി . വിഹ്വലങ്ങളും , കാതരങ്ങളും , ആര്‍ദ്രങ്ങളും ആയ സ്വരങ്ങള്‍ , സന്ദേശങ്ങള്‍ .
       പ്രണയബന്ധങ്ങളുടെ നവീന പ്രോഗ്രാം കോഡ്‌ ചെയ്യുന്ന തിരക്കിലായി നീലിമയുടെ മനസ്സ് . പക്ഷെ , അതി ഗംഭീരമായ ആ പ്രോഗ്രാമിനെ ബാധിച്ച ഏക വൈറസ്‌ അവള്‍ തന്നെയായിരുന്നു ... അഥവാ അവളുടെ മനസ്സ് തന്നെയായിരുന്നു . അതിപ്പോള്‍ ആകെ ചിന്നി ചിതറിയ , അര്‍ത്ഥ ഭംഗം വന്ന വികല ബിംബങ്ങളാല്‍ നിറഞ്ഞ് പുതിയ രൂപ ഭാവങ്ങളിലേക്ക് സ്വയം രൂപാന്തരം പ്രാപിച്ചു അവളെ വിഘടിപ്പിച്ചു തുടങ്ങി . തന്നിലെക്കെത്തിച്ചെര്‍ന്നതും , ചുറ്റിലുമുള്ളതുമായ എല്ലാറ്റിനെയും അതിവിചിത്രമായ രീതിയില്‍ പുതുതായി മൊഴി, രൂപ മാറ്റങ്ങളില്‍ കൈവരിച്ചു നീലിമ എല്ലാവരെയും അമ്പരപ്പിച്ചു .
അവള്‍ തനിക്കു പിന്നിലുള്ള എന്തിനോടോ ആണ് സംസാരിക്കുന്നത് എന്ന് രേണുക ക്ക് തോന്നി . രേണുകയുടെ കണ്ണുനീര്‍ ചില്ലിനപ്പു റത്ത് നീലിമയുടെ കണ്ണുകള്‍ക്ക്‌ ആഴം കൂടുതലായിരുന്നു . അവളുടെ ചുരുണ്ട മുടിയിഴകള്‍ നാഗങ്ങളെപ്പോലെ മുഖത്തിന്‌ ചുറ്റും പിണഞ്ഞുകിടന്നു. ക്ലാസ്സില്‍ പോവും മുന്‍പ് പതിവുപോലെ യാത്ര പറയുമ്പോള്‍ ആ വിരലുകള്‍ രേണുക യിലേക്ക് ആഴ്ന്നിറങ്ങി എന്തോ വലിച്ചെടുക്കും പോലെ ഏറെ നേരം തങ്ങിനിന്നു .
ക്ലാസ്സുകള്‍ .........വീട് ....ക്ലാസ്സുകള്‍ ..............വീട് ...............ക്ലാസ്സുകള്‍ ................വീട്
ഇടയ്ക്കു ബൈനറിയുടെ  പ്രണയ തരംഗങ്ങള്‍  നിറഞ്ഞ നിമിഷങ്ങള്‍ മാത്രമായി ...

ഇരട്ടകളെ പുതപ്പിച്ചു കിടത്തി രേണുക നീലിമയുടെ മുറിയിലേക്ക് ചെന്നു. മുട്ടു മടക്കി കമഴ്ന്നു കിടക്കുകയായിരുന്നു നീലിമയപ്പോള്‍. ഉറങ്ങാത്ത മിഴികള്‍ ക്കപ്പുറത്ത്  അവളുടെ മനസ്സു ഗാഡനിദ്രയിലായിരുന്നു . നീലാകാശ വിരിപ്പിലെ വെളുത്ത പൂക്കള്‍ വിരിഞ്ഞു മുറിയില്‍ സുഗന്ധം നിറച്ചു .
''നീലീ, .. നീലിക്കുട്ടി .. എന്താ മോളെ ..  നീ ഉറങ്ങുകയാണോ ?'' രേണുക ചോദിച്ചു .
നീലിമയുടെ തുറന്നു പിടിച്ച കണ്ണുകള്‍ക്ക്‌ മുന്‍പില്‍ ഒരു പാട് ശബ്ദങ്ങള്‍  വരികളായി ഒഴുകി നടന്നു . മെസ്സേജുകള്‍ , സ്മൈലികള്‍ , ഇമോട്ടികോണുകള്‍..........അവ അവളുടെ മുമ്പില്‍ നൃത്തം ചെയ്തു നീങ്ങി . പല നിറങ്ങള്‍ .. ചിലപ്പോള്‍ വെളുപ്പും കറുപ്പും . ചില നേരം അവ കുന്ത മുനകള്‍ പോലെ അവള്‍ക്കു നേരെ ആഞ്ഞടുത്തു . അപ്പോഴെല്ലാം നീലിമ വിളറിയ വിരലുകള്‍ കൊണ്ടവ തടുക്കാന്‍ ശ്രമിച്ചു . അടുത്തയിട മാത്രം ഉടുത്തുശീലിച്ച സാരിയുടെ തലപ്പ്‌ വലിച്ചവള്‍ മുഖം മൂടി . അവളുടെ ഉള്ളിലെ പ്രണയ മാത്രയും നിശ്വാസങ്ങളായി ഉരുകി പുറത്തു പോയിക്കഴിഞ്ഞിരുന്നു . ശ്വാസകോശത്തിന്‍റെ അനേകായിരം സൂക്ഷ്മ അറകളില്‍ എരിച്ചിലോടെ പ്രാണവായു പാഞ്ഞു .ശ്വേത രക്താണു ക്കളില്‍ നിന്ന് അതത്രയും  പിടിച്ചെടുക്കാന്‍ ഉള്ളിലെ സ്വപ്ന ക്കുഞ്ഞുങ്ങള്‍ ആര്‍ത്തു ബഹളം വച്ചു.
'' ന്‍റെ വയറു വേവുന്നു ഏട്ടീ '' അവള്‍ പിറുപിറുത്തു .
'' ഈ കുട്ട്യോളെ ഞാന്‍ ശര്‍ദ്ദിച്ചു പുറത്തു കളയും. അതാപ്പോ ഉണ്ടാവാന്‍ പോണേ .'' നീലിമ വിതുമ്പി .
'' ഇല്ല , എന്‍റെ കുട്ടിക്ക് ഒന്നുല്ല്യ .'' രേണുക അവളെ ചേര്‍ത്ത് പിടിച്ചു പുറം തടവി .
'' എന്നെ ഒന്ന് തുറക്ക് ഏട്ടീ. ഞാന്‍ അടഞ്ഞു പോയി . എനിക്കൊന്നും കാണാന്‍ വയ്യ .'' അവള്‍ പറഞ്ഞു .
നീലിമയുടെ ഫോണില്‍ ഇപ്പോള്‍ കറുപ്പ് സ്ക്രീന്‍ മാത്രമായിരുന്നു . ചതുരത്തില്‍ തിളങ്ങുന്ന ഒരു കറുത്ത കൃഷ്ണമണി നീലിമയെ തുറിച്ചു നോക്കി . ആ കൃഷ്ണമണി കുറേശ്ശെ വലുതാകാന്‍ തുടങ്ങി . അവളുടെ ഇരു കണ്ണുകളിലേക്കും ഉറ്റു നോക്കിക്കൊണ്ട്‌  അത് അവളോളം വലുപ്പത്തില്‍ വളര്‍ന്നു . പിന്നെ മുന്‍പിലെ ഭിത്തി മുഴുവന്‍ . അങ്ങനെ നിറഞ്ഞു നിറഞ്ഞ് നാല് ചുവരുകളും , മച്ചും , നിലവും നിറഞ്ഞ് , ത്രിമാനങ്ങള്‍ നിറഞ്ഞ് , ചതുര്‍മാനത്തിലും, പിന്നെ പഞ്ച മാനത്തിലും എത്തി ദ്രവമായി ഒഴുകാന്‍ തുടങ്ങി . നവ ദ്വാരങ്ങളിലൂടെ ഉള്ളിലെക്കരിച്ചിറങ്ങി അവളുടെ ഓരോ കോശങ്ങളെയും സൂക്ഷ്മമായി നോക്കി. ഇനിയൊന്നും ബാക്കിയില്ലാത്ത വണ്ണം ആ ഇരുള്‍കണ്ണ്  അവളെ അറിഞ്ഞു.
നീലിമയുടെ ആകാശം അവളെ വിട്ടു ജാലകക്കീറിലൂടെ പുറത്തേക്കൊഴുകി . ചിറകടര്‍ന്നു ചത്തുമലച്ച ശലഭങ്ങളുടെ ധൂളി അവിടെങ്ങും പാറിനടന്നു . അവള്‍ ഹതാശയായി രേണുകയുടെ കൈകളില്‍ മുറുകെ പ്പിടിച്ചു .
'' എന്നെ വിടരുതേ ഏ ട്ടീ , എന്നെ വിടരുതേ .....''
നീലിമയുടെ കൈ മുറുക്കത്തില്‍ രേണുകയുടെ മാര്‍ത്തടം ഞെരിഞ്ഞമര്‍ന്നു , ഉടല്‍ വിങ്ങി ; എങ്കിലും അവര്‍ അനുജത്തിയെ ചേര്‍ത്തുപിടിച്ചു .
നീലിമക്ക് ചുറ്റും ഐക്കണുകള്‍ സ്മശാന താണ്ഡവമാടി. പ്രണയ സല്ലാപങ്ങളുടെ നേര്‍ രേഖകള്‍ സൂചി മുനകളായി രോമപ്പഴുതുകള്‍ തേടി . അവളുടെ റിംഗ് ടോണുകള്‍ അശരീരികളായി നിര്‍ത്താതെ വിളിച്ചു കൊണ്ടിരുന്നു .
'' നീലിക്കുട്ടീ ഏ ട്ടിയെ ഒന്ന് വിടൂ '' രേണുക അവളെ മെല്ലെ അടര്‍ത്തി മാറ്റാന്‍ നോക്കി . ഓര്‍മ്മയില്‍ നിന്നും അത്യാവശ്യം വിളിക്കെണ്ടുന്ന ഒരു  നമ്പര്‍ തപ്പിയെടുത്തു .
'' മോള്‍ ഏ ട്ടിയെ ഒന്ന് വിട് . ഇപ്പൊ വരാം. ഒന്ന് ഫോണ്‍ ചെയ്യട്ടെ ...''
'' ഏഹ് ?'' നീലിമ ഞെട്ടി കണ്ണു തുറന്നു . അവളുടെ മിഴികള്‍ തീ പിടിച്ച പോലെ തിളങ്ങി .
'' ഏട്ടീ , ഒരു രഹസ്യം പറയട്ടെ ?'' അവള്‍ തന്‍റെ പൊള്ളച്ച ചുണ്ടുകള്‍ രേണുകയുടെ ചെവിയില്‍ ചേര്‍ത്തു .'' ഞാന്‍ എന്നെ റീ -ഫോര്‍മാറ്റ്‌ ചെയ്യാ ! കുറെ പുതിയ സോഫ്റ്റ്‌ വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും . പിന്നെയീ ഫോണിന്‍റെ ആവശ്യമേയില്ല . ഏട്ടി എല്ലാം എന്നോട് മാത്രം പറഞ്ഞാല്‍ മതി , ആര്‍ക്കു വേണമെങ്കിലും കേള്‍ക്കാം . ദാ ഇപ്പൊ ശരിയാവൂട്ടോ.....'' നീലിമ ഒന്നുകൂടി രേണുകയെ ചേര്‍ത്തുപിടിച്ചു .
ആകാശവും , പൂക്കളും , വെളിച്ചവും , സുഗന്ധങ്ങളും  എല്ലാം, എല്ലാമിപ്പോള്‍ അതി വിദൂരത്തായിരുന്നു . ആ സ്ഥാനത്തു ചാരകണികകള്‍ പെരുകി നിറഞ്ഞ് അതിദ്രുതം സ്പന്ദിച്ചു .

ഇരട്ട കുഞ്ഞുങ്ങള്‍ ഉറക്കമുണര്‍ന്നു ഉറക്കെക്കരഞ്ഞു.
............................................................

വീണാദേവി മീനാക്ഷി 

2 comments:

 1. വീണേ ...
  മനോഹരം ...
  ചില വരികള്‍ ശരിക്കും മാന്ത്രികം ...
  ആശംസകള്‍

  ReplyDelete
 2. ഈ ബ്ലോഗില്‍ ഞാന്‍ ആദ്യം വായിച്ച ആ കഥ പോലെ തന്നെ ഇതും മനോഹരം

  ‘ഏട്ടീ’ എന്ന വിളി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്
  എവിടെയെങ്കിലും അങ്ങനെ വിളിക്കാറുണ്ടോ?

  ReplyDelete

Fire Flower