Wednesday, March 12, 2014

ഷുമായി

മാധ്യമ സുഹൃത്തുക്കളുടെ പുതിയ കൂട്ടായിമ ആയ 'വാര്‍ത്താ കേരളം' എന്ന മാസികയുടെ ആദ്യ പ്രതി വനിതാ ദിനത്തില്‍ ഇറങ്ങി. അതില്‍ വന്ന എന്‍റെ കഥ ഇവിടെ ...

"ഷുമായി "
--------------------
അല്ലെങ്കിലും ഇവള്ക്കൊരു പേര് പ്രസക്തമാണോ ? കാരണം ദശാബ്ദങ്ങളിലൂടെ ,ചരിത്രഘട്ടങ്ങളിലൂടെ എത്രയോ പേരുകളില്‍ കടന്നു പോയിരിക്കുന്നു .! പ്രായമോ പേരോ പരിധിയില്ലാത്തവളാണിവള്‍ .ഉച്ചരിക്കാന്‍ എളുപ്പവും അല്ലാത്തതുമായ പേരുകളില്‍ ഭൂഗോളമെങ്ങും വിന്യസിക്കപ്പെട്ടു കിടക്കുന്നവള്‍ .ഇന്നത്തെ വീര ചരിതത്തില്‍ അവള്‍ക്കു വെറും പത്തു വയസ്സ്. അയല്‍ വീട്ടില്‍ നിന്നും കടം വാങ്ങിയ കരികഷ്ണങ്ങള്‍ തീപ്പൊരി ചിതറുന്ന ചൂളഅടുപ്പിനരുകില്‍ മുനിഞ്ഞിരിക്കുന്നു. വിശക്കുന്നുണ്ട്,പക്ഷെ പുറത്തു പോയ അബ്ബിയും ജ്യേഷ്ഠനും വരണം.പിന്നെ ഇഴഞ്ഞു നടക്കുന്ന കുഞ്ഞനുജനും കൂടി കഴിച്ചു കഴിഞ്ഞാലേ അവളുടെ ഊഴം വരൂ. ഷുമായി യുടെ അമ്മിക്ക് അവളും ജ്യേഷ്ഠനുമായിരുന്നു മക്കള്‍ .വീണ്ടും വീണ്ടും കുഞ്ഞുങ്ങളെ ചാപിള്ളകളായി പ്രസവിച്ചു ഒരു നാള്‍ അമ്മി അവസാന ശ്വാസം വലിച്ചു. പിന്നീടാണ് അവളുടെ പിതാവ് വീണ്ടും ജ്യേഷ്ഠനെക്കാളും പ്രായം കുറഞ്ഞ തുമ്മോയെ വിവാഹം ചെയ്തത് .ഷുമായി യെക്കാളും ഏഴു വയസ്സ് മൂത്തവള്‍ ആണ് തുമ്മോ. നഷ്ട്ടപെട്ട കൗമാരത്തിന്റെ പക മുഴുവന്‍ അവള്‍ ഷുമായിയുടെ ഉടലില്‍ കരി പുരട്ടിയും ചെളി തേച്ചും പുകയുന്ന ബിര്‍ച്ച് മരക്കൊമ്പ് കൊണ്ട് അടിച്ചും തീര്‍ത്തു.എന്നും നോമ്പ് നോക്കുന്നവളായിട്ടാണ് ഷുമായി ആ കൂരയില്‍ കഴിയുന്നത്. റോഡിലെ പൊടി പടലങ്ങളെക്കാള്‍ ഇരുണ്ട മഞ്ഞു മൂടിയ രാത്രികളില്‍ അവളുടെ പിഞ്ചു ശരീരം വിറക്കുവാന്‍ പോലും മറന്നു പണി ചെയ്തു തളര്‍ന്നു മയങ്ങുന്നു. പുറം കാലുകൊണ്ട് തട്ടി എഴുന്നെല്‍പ്പിക്കുന്ന പാതി കൂമ്പിയ കണ്ണുകള്‍ക്ക്‌ മുന്‍പില്‍ മരവിച്ച റൊട്ടിയും ഒഴുകുന്ന പരിപ്പ് കറിയും ,അല്ലെങ്കില്‍ കുറച്ചു ഗോതമ്പ് വിരകിയതില്‍ അല്‍പ്പം പാലും പഞ്ചസാരയും തൂകിയതുമാകും. എല്ലാവരും ഉറക്കമാകുമ്പോള്‍ ഷുമായി ആരോ വിളിചിട്ടെന്നപോലെ എഴുന്നെല്‍ക്കാറുണ്ട്. അപ്പോഴെല്ലാം അവള്‍ ആ കുഞ്ഞു വീട്ടിലെ ഒരേ ഒരു ആര്‍ഭാടമായ നിറം മങ്ങിയ പേര്‍ഷ്യന്‍ പരവതാനിയില്‍ ചവിട്ടാതെ മൃദുവായി പാദങ്ങള്‍ വെച്ച് വാതില്‍ തുറന്നു പിന്നിലെ അടച്ചു കെട്ടിയ മുറ്റത്തേക്കിറങ്ങി . മഞ്ഞുകാലമായതിനാല്‍ ആരുമുറങ്ങാത്ത ചൂടികട്ടിലില്‍ ഇരുന്നു എവിടുന്നോ അരിച്ചു വീഴുന്ന വെളിച്ചത്തില്‍ കുത്തുകള്‍ അഴിഞ്ഞു തുടങ്ങിയ നോട്ടുബുക്ക്‌ പുറത്തേക്കെടുത്തു . അമ്മി ഉണ്ടായിരുന്നെകില്‍ ഷുമായിയും സ്കൂളില്‍ പോകുമായിരുന്നു.പക്ഷെ സ്കൂളുകള്‍ പലതും പൂട്ടി ഇടുകയോ ഷെല്ലുകള്‍ വീണു തകരുകയോ ചെയ്തു എന്ന് ജ്യേഷ്ഠന്‍ പറയുന്നത് കേട്ടു. ഷുമായി അവളുടെ കൊച്ചു ക്ലാസ്സ്‌ മുറിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഓര്‍ത്തപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. മഷി തീരാറായപേന കൊണ്ട് അവള്‍ അക്ഷരങ്ങള്‍ ഓര്‍മ്മയില്‍ നിന്നും പെറുക്കി എഴുതിത്തുടങ്ങി . പേരുകള്‍ ..പൂക്കളുടെ ,മരങ്ങളുടെ,മലകളുടെ,ഗ്രാമങ്ങളുടെ,വഴികളുടെ...... എഴുതി എഴുതി ഉറക്കത്തിലേക്ക് വഴുതി വീണു.

"പോയി ചൂള കത്തിക്ക് കുട്ടി ചെകുത്താനെ " എന്ന അലര്‍ച്ച കേട്ടാണ് ഷുമായി എഴുന്നേറ്റത്‌ . തുമ്മോയുടെ കൂടെ ഉറക്കമെഴുന്നേറ്റു വന്ന കുഞ്ഞു നിലത്ത് വീണ്കിടന്ന ഷുമായി യുടെ പുസ്തകത്തിന്‍ മേല്‍ മൂത്രമൊഴിച്ചു. മഷിപ്പാടുകള്‍ ചാലിട്ടൊഴുകി താളുകള്‍ കുതിര്‍ന്നു . ഷുമായി അത് വാരി എടുത്തു കുപ്പായത്തിന്‍റെ ഞൊറിവിനിടയില്‍ ഒളിപ്പിച്ചു.
സ്വപ്നങ്ങളില്‍ എപ്പോഴോ ഓടിമറഞ്ഞ പേരറിയാത്തൊരു പൂമരം അതിരിട്ട പാതകള്‍ ഓര്‍ത്തുകൊണ്ട് അവളുടെ കുഞ്ഞുവിരലുകള്‍ കരിക്കഷണങ്ങള്‍ അടുപ്പില്‍ നിറക്കാന്‍ തുടങ്ങി . അവളുടെ മനസ്സിലപ്പോള്‍ വലിയ ദ്വാരം നിറഞ്ഞ അരിപ്പ പോലെയുള്ള കെട്ടിടങ്ങള്‍ നിറഞ്ഞ മൃതമായ തെരുവാണ്. സ്വാത്തില്‍ നിന്നും മടങ്ങിവന്ന ജ്യേഷ്ടന്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നു .
'' എന്റെ കണ്മണി , ഷുമി നിന്റെ എല്ലാ ദു:ഖങ്ങളും വലിയവനായ ദൈവം മാറ്റും .''
അതെങ്ങനെ ആണെന്നാണ് ഷുമായിക്ക് മനസ്സിലാകാത്തത് . തുമ്മോ അവളെ സ്നേഹിക്കുമോ ? അവളുടെ പ്രിയപ്പെട്ടതെല്ലാം പിച്ചിക്കീറുകയും കളിപ്പാട്ടമാക്കുകയും ചെയ്യുന്ന പ്രവൃത്തി അനുജന്‍ നിര്‍ത്തുമോ ? പടച്ചവനെ , എന്റെ ലോകത് എവിടെയാണ് സന്തോഷം ഇരിക്കുന്നത് ? ചിലപ്പോള്‍ ഒരു നേരമെന്കിലും വയര്‍ നിറയെ ഉണ്ണുന്നതാണ് സന്തോഷം ; ചിലപ്പോള്‍ തെരുവ് മുഴുവന്‍ ഉറങ്ങുമ്പോള്‍ എഴുതാന്‍ ഇനിയും ബാക്കിയുള്ള താളുകള്‍ സൂക്ഷ്മമായി നിറക്കുന്നത് ; ചിലപ്പോള്‍ കൊടുംതണുപ്പില്‍ അടുപ്പില്‍ വേഗം തീ പൂട്ടാന്‍ പറ്റുന്നത് ; അടിയോ ചവിട്ടോ കിട്ടുമ്പോള്‍ നോവാതിരിക്കാന്‍ ഒരു മന്ത്രചരടു കിനാവ് കാണുന്നത് ... അങ്ങനെ ... ഷുമായി വ്യാമോഹങ്ങളാല്‍ തളര്‍ന്നു പോവുന്നു . വെയിലില്‍ ഉണങ്ങി ലേശം മങ്ങിയ പുസ്തകത്താളുകളില്‍ കളിയാടുന്ന അവളുടെ കൂട്ടുകാരോട് ഒന്നിച്ചു ചേരുന്ന രാവുകള്‍ക്കായി അവള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്തു .
'' ഓ ..ഷുമായീ '' തുമ്മോ അടുക്കളവാതിലില്‍ വന്നു ഉറക്കെ വിളിച്ചു . കഠിനമായ ജീവിതം കൊണ്ട് ഒരു മധ്യവയസ്കയുടെ പാരുഷ്യം നിറഞ്ഞ ശബ്ദമാണ് തുമ്മോയുടെത് . അവളുടെ അടിവയര്‍ വീണ്ടും ഘനം വെച്ച് തുടങ്ങിയിട്ടുണ്ട് .
ഷുമായി തിരികല്ലില്‍ ചോളം പൊടിക്കുന്നത് നിര്‍ത്തി ചാടി എണീറ്റു . രണ്ടാനമ്മയുടെ മുഖം എന്താണിത്ര തെളിയാന്‍ ? ഷുമായിക്ക് ഉത്സാഹം തോന്നി . പുരക്കകത്തു നിന്ന് ജ്യെഷ്ടന്റെയും അബ്ബിയുടെയും സംസാരം കേട്ടു . അടുക്കളയില്‍ ഒരു പാത്രം നിറയെ ചോരയിറ്റുന്ന പുത്തന്‍ ആട്ടിറച്ചിയുണ്ടായിരുന്നു. ഒരു കൂടയില്‍ ഈന്തപ്പഴവും, പലവ്യഞ്ജനങ്ങളും മറ്റും. ഇന്നെന്താണാവോ വിശേഷം ? പെരുന്നാളിന് ഇനിയും മാസങ്ങള്‍ ഉണ്ടല്ലോ ? ഷുമായി അങ്ങനെ ഓര്‍ത്തു എങ്കിലും അവളുടെ കുഞ്ഞുമുഖം തിളങ്ങി. വായില്‍ വെള്ളമൂറുകയും ചെയ്തു . ഉത്സാഹത്തോടെ മസാലക്കൂട്ടുകള്‍ ശരിപ്പെടുത്താനും അടുപ്പില്‍ തീയാളിക്കാനും ഒക്കെ തുമ്മോയെ സഹായിക്കുമ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായില്ല . എന്നാല്‍ ഇടയ്ക്കു ജ്യേഷ്ടന്‍ വാതില്‍ മറ മാറ്റി ഷുമായിയെ സ്നേഹപൂര്‍വ്വം നോക്കിയിട്ട് പിന്‍വാങ്ങുമ്പോള്‍ അവള്‍ക്കു എന്തോ ഒരു മനസമാധാനം തോന്നി .
റൊട്ടിയും ഇറച്ചിക്കറിയും മധുരവും എല്ലാം തയ്യാറാകുന്നതിന്റെ സുഗന്ധം നിറഞ്ഞ വീട് മരിച്ചുപോയ അമ്മിയെപ്പോലെ അവളെ പൊതിഞ്ഞുപിടിച്ചു.
പരവതാനിയില്‍ വിഭവങ്ങള്‍ നിരത്തിവച്ച് എല്ലാവരും അതിനു ചുറ്റുമിരുന്ന് കഴിച്ചു. അബ്ബിയുടെ കണ്ണില്‍ സന്തോഷതിളക്കം ഉണ്ടായിരുന്നു . അയാള്‍ നിറഞ്ഞ കണ്ണുകളോടെ ഇടയ്ക്കിടയ്ക്ക് മൂത്ത മകനെ ചരിഞ്ഞു നോക്കി . ഇവന്‍ തനിക്ക് ഭാഗ്യം കൊണ്ടുവന്നല്ലോ . ഷുമായി രക്ഷപ്പെടട്ടെ ആദ്യം . തന്റെ മകള്‍ വീട്ടില്‍ ഒരു അടിമയെപ്പോലെ പെടാപ്പാട് പെടുന്നത് അയാള്‍ അറിയാഞ്ഞിട്ടൊന്നുമല്ല. ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഒരു കൂട്ടം നിസ്സഹായരായ മനുഷ്യജീവികള്‍ ആണവര്‍ . വെടിമരുന്നു കലര്‍ന്ന ഒന്നും മുളക്കാത്ത മണ്ണില്‍ ചോര നനച്ചു നട്ടു വളര്‍ത്തുന്ന , വെറുതെ ജീവിക്കാന്‍ മാത്രം മോഹിക്കുന്ന ചില ജീവിതങ്ങള്‍ . എന്നാല്‍ ഇന്നത്തെ ദിവസം ആയാലും ഏറെ മോഹിച്ചുപോകുന്നു . ഇടയ്ക്കിടെ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ കഴിഞ്ഞെത്തുന്ന മകന്‍ ഇത്തവണ പുതിയ ശുഭവാര്‍ത്തകളുമായാണ് വന്നത് . കൂടെ പണവും സമ്മാനങ്ങളും . ആഗ്രഹങ്ങള്‍ മന്ഭിത്തികള്‍ക്കപ്പുറം വളരുകയാണ് ; പങ്കു കച്ചവടം ആണത്രേ അവന്‍ ചെയ്യുന്നത് . ഓരോ വരവിലും അവന്‍ കൂടുതല്‍ ദൃഡഗാത്രന്‍ ആവുന്നത് ദൈവം കടാക്ഷിച്ചു തുടങ്ങി എന്നതിനു ദൃഷ്ടാന്തമായി അബ്ബിക്ക് തോന്നി . തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രം തന്റെ പുത്രന്‍ വളര്‍ന്നു . ഉള്ളം കയ്യിലെ ചോരച്ച പാടുകളും , കൈവിരലിലും പള്ളയിലും കാണുന്ന മുട്ടി തഴമ്പുകള്‍ കഠിനമായ അദ്ധ്വാനതിന്റെത് അല്ലായെന്ന് അവന്‍ അബ്ബിയോടു പറയുകയില്ല.

"അബ്ബി,ഷൂമി ക്ക് അവിടെ നിന്ന് പഠിക്കാന്‍ സൗകര്യമുണ്ട് .അവളിനി ഒരല്ലലുമറിയില്ല." അത്ര മാത്രമേ ഉറച്ച സ്വരത്തില്‍ അവന്‍ പിതാവിനോട് പറഞ്ഞുള്ളൂ.അതൊരു അന്തിമവും എതിര്‍ക്കാനാകാത്തതുമായ തീരുമാനമായാണ് അയാള്‍ക്ക് തോന്നിയത്.കാരണം അതിന്റെ പങ്കു അയാളുടെ വിശക്കുന്ന വയര്‍ നിറച്ചിരുന്നു;ഉടുപ്പിന്റെ പോക്കറ്റില്‍ ചുരുളുകളായി വിശ്രമിച്ചു കൊണ്ട് അയാളെ പുളകം കൊള്ളിച്ചു കൊണ്ടിരുന്നു ; തുമ്മോയുടെ കണ്ണുകളില്‍ അതുവരെ കാണാത്ത ഭാവങ്ങളില്‍ അയാളെ ഉണര്ത്തുന്നുണ്ടായിരുന്നു.! ഷുമായി മാത്രം അമ്പരപ്പ് നിറഞ്ഞ കണ്ണുകള്‍ ദ്രുതമായി ചലിപ്പിച്ചു കൊണ്ട് അബ്ബിയെയും ജ്യെഷ്ട്ടനെയും മാറി മാറി നോക്കി കൊണ്ടിരുന്നു .

"കരളേ നീ ഭയ്യാ പറഞ്ഞത് കേട്ടോ,എന്റെ മകള്‍ക്ക് നല്ല കാലം വന്നിരിക്കുന്നു" ഉറക്കെ ചിരിച്ചു കൊണ്ട് അയാള്‍ മകന്‍ കൊണ്ട് വന്ന ചുരുട്ട് ഒരെണ്ണം എടുത്തു ശ്രദ്ധാപൂര്‍വം തീ പിടിപ്പിച്ചു ആസ്വദിച്ചു പുക വലിച്ചെടുത്തു. മേല്‍ത്തരം പുകയിലയുടെ ഗന്ധം നാസികയിലും നെഞ്ചിലും നിറഞ്ഞു അയാളെ സ്വപ്നങ്ങളില്‍ മാത്രമുള്ള ഗൃഹാതുരതയിലേക്ക് കൊണ്ട് പോയി.

ഷുമായിയുടെ കൊച്ചു മെലിഞ്ഞ ശരീരത്തിന് രണ്ടു വര്ഷം മുന്‍പുള്ള പെരുന്നാളിന് വാങ്ങിയ ഉടുപ്പ് അപ്പോഴും പാകം തന്നെ ആയിരുന്നു. "ഒന്നും എടുക്കേണ്ട,എല്ലാം പുതിയത് വാങ്ങാം " ജ്യെഷ്ട്ടന്‍ പറഞ്ഞു, തലേന്ന് ഉണ്ടാക്കിയ റൊട്ടിയും കറിയും ഷുമായിയുടെ ചളുങ്ങിയ അലൂമിനിയം പാത്രത്തില്‍ നിറച്ചു തുമ്മോ കൊടുത്തു.എന്നിട്ട് അവളുടെ ചെമ്പന്‍ മുടിയിഴകള്‍ തടവി ഒതുക്കി .ഒരിക്കല്‍ പോലും തന്നെ പോലെ ഒരു പെന്കുട്ടിയാണിവളും എന്ന് കരുതിയില്ലല്ലോ എന്ന പിടച്ചില്‍ അവളുടെ അടിവയറില്‍ അപ്പോള്‍ തോന്നി .വൃത്തിയായ വേഷം ധരിച്ചു ഷുമായി അബ്ബിയുടെ മുന്‍പില്‍ യാത്ര പറയുവാന്‍ നിന്നു.അവളുടെ കയ്യില്‍ ഭക്ഷണ പൊതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ആരും കാണാതെ തന്‍റെ കൊച്ചുബുക്ക്‌ അവള്‍ കുപ്പായത്തിനടിയില്‍ ഒളിപ്പിച്ചിരുന്നു .പുതിയ സ്കൂളില്‍ ചേരുമ്പോള്‍ അവിടുത്തെ കൂട്ടുകാരികള്‍ക്ക് അഭിമാനപൂര്‍വ്വം അതവള്‍ കാണിച്ചു കൊടുക്കും ! 'പഷ്തൂണ്കളുടെ അഭിമാനം ആകും നീ.' ജ്യെഷ്ട്ടന്‍ മനസ്സില്‍ പറഞ്ഞു.

സന്ധ്യ മയങ്ങിയിരുന്നു യാത്ര അവസാനിക്കുമ്പോള്‍.സഹയാത്രികരായി കുറച്ചു സ്ത്രീകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഷുമായിയോട് സംസാരിച്ചില്ല. തന്നെയുമല്ല പുരുഷന്മാര്‍ അവള്‍ക്കു പരിചിതമല്ലാത്ത ഭാഷയായിരുന്നു സംസാരിച്ചത്‌.അതെന്തായാലും പഷ്തൂണ്‍ അല്ല. അവളോര്‍ത്തു.തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും പൊടിയും നിറഞ്ഞ തവിട്ടു നിറമുള്ള മണ്ണിലൂടെയുള്ള യാത്ര അവളുടെ ശരീരം തളര്‍ത്തികളഞ്ഞിരുന്നു .ഉയര്‍ന്ന മതിലുകളാല്‍ മറച്ച ഒരു വീട്ടിലേക്കു അവര്‍ ചെന്ന് കയറുമ്പോള്‍ നേരം ഏറെ രാചെന്നിരുന്നു .

"എപ്പോഴാ ഞാന്‍ സ്കൂളില്‍ ചേരുക ?" വെണ്ണ ചേര്‍ത്ത ചപ്പാത്തിയും മാംസ കറിയും കഴിച്ചു ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഷുമായി മുറിയുടെ വാതില്‍ക്കല്‍ മിന്നായം പോലെ കണ്ട ജ്യെഷ്ട്ടനോട് തിരക്കി . 'നാളെ തന്നെ,'നാളെ തന്നെ,... അയാള്‍ പറഞ്ഞു .

കാലത്ത് എഴുന്നേറ്റപ്പോള്‍ അവള്‍ക്കായി പുതു വസ്ത്രങ്ങളും മേല്‍കുപ്പായവും തയ്യാറായിരുന്നു. തന്‍റെ പുസ്തകം മാറോട് ചേര്‍ത്തു പിടിച്ചു ഷുമായിയും പുറത്തേക്ക് വന്നു. താനൊരു രാജകുമാരി ആണെന്ന് അവള്‍ക്കു തോന്നി .അവള്‍ കടന്നു പോകവേ ഇടനാഴിയില്‍ സംസാരം നിലച്ചു. ശിരസ്സുകള്‍ ബഹുമാനപൂര്‍വ്വം കുനിഞ്ഞു ആരാധനയുടെ തിളക്കമുള്ള കറുത്ത മിഴികള്‍ മൂട്പടങ്ങളില്‍ നിന്നു നീണ്ടു.അവര്‍ കയറിയ വണ്ടി ഒരു വലിയ കെട്ടിടത്തിനു മുന്‍പില്‍ നിന്നു.ഇത്രയും വലിയ സ്കൂളോ !!! ഷുമായി അത്ഭുതപരതന്ത്രയായി ! ജ്യെഷ്ട്ടന്‍ അവളുടെ കയ്യില്‍ മുറുകെ പിടിച്ചു.എന്നിട്ട് മേല്‍ക്കുപ്പായം ഉയര്‍ത്തി നെഞ്ചിനു താഴെയായി ഒരു കറുത്ത ബെല്റ്റ് കുറുകെ ധരിപ്പിച്ചു.മുന്‍പില്‍ ചുവന്ന ബട്ടനുള്ള ഭംഗിയുള്ള ,കനമുള്ള ബെല്റ്റ് .
"പൊന്നെ ,നീ മുന്‍പില്‍ നടക്കു.ഞാന്‍ പുറകെ ഉണ്ട്. സ്കൂളിനുള്ളില്‍ ചെന്ന് ഈ ബട്ടന്‍ അമര്‍ത്തിയാല്‍ മതി.ഭയ്യാ ഓടി വരാം കേട്ടോ " ജ്യെഷ്ട്ടന്‍ അവളോട്‌ മൃദുവായി പറഞ്ഞു.ഇതൊരു രസകരമായ കളിയാണല്ലോ ,അവള്‍ക്കു ചിരിവന്നു .പക്ഷെ അയാളുടെ കണ്ണുകളിലെ രൂക്ഷമായ തിളക്കം ഷുമായിയെ അമ്പരപ്പിച്ചു.ശരി ,അവള്‍ തലയാട്ടി .ഷുമായിക്ക് പുറകില്‍ വണ്ടിയുടെ വാതില്‍ ശബ്ദമില്ലാതെ അടഞ്ഞു.
ഷുമായി പൂന്തോപ്പിനു നടുക്കുള്ള വഴി കടന്നു പ്രധാന വാതിലിനു നേര്‍ക്ക്‌ പ്രസരിപ്പോടെ നടക്കുകയാണ്.വാതില്‍പ്പടി കടക്കുന്നതിനു മുന്‍പ് അവളോര്‍ത്തു,അകത്ത് കയറിയാലുടന്‍ ജ്യെഷ്ട്ടനെ വിളിക്കണമെന്നല്ലേ പറഞ്ഞത്.വലംകയ്യില്‍ നോട്ട്ബുക് ചേര്‍ത്തു പിടിച്ചു അവള്‍ ഇടം കയ്യാല്‍ ഉടുപ്പിനുള്ളിലെ ചുവന്ന ബട്ടണ്‍ അമര്‍ത്തി........

ഒരു ഘോര സ്ഫോടനത്തിലും പൊലിയാത്ത ജീവനുമായി ഒരു പുസ്തകകടലാസ് --ചോരയുംമാംസവും എല്ലുകളും ചിതറിയ ഭൂമിയില്‍ ത്രസിച്ചു കൊണ്ട് പറക്കുന്നു .അതില്‍ വടിവൊത്ത അക്ഷരങ്ങളില്‍ പേരുകള്‍,പൂക്കളുടെ ,നദികളുടെ ,മരങ്ങളുടെ,പര്‍വ്വതങ്ങളുടെ .............


* © വീണാദേവി മീനാക്ഷി Veenadevi Meenakshy 

No comments:

Post a Comment

Fire Flower